The paths of glory lead but to the grave...'

കുഞ്ഞുപെങ്ങൾ

എൻ്റെ കുഞ്ഞുപെങ്ങൾ

വി.എസ്.സലീം

"കുഞ്ഞു പെങ്ങൾ" എന്നു പറഞ്ഞത് പ്രായം നോക്കിയല്ല. എന്നെക്കാൾ പ്രായം കുറഞ്ഞവരാണ് എല്ലാ പെങ്ങന്മാരും. ഹഫ്‌സയ്ക്കു താഴെ രണ്ടു പെങ്ങന്മാർ കൂടിയുണ്ട്. മുകളിൽ ഒരാളും. പക്ഷെ, കുഞ്ഞുപെങ്ങളെന്ന് നന്നെ ചെറുപ്പം മുതൽ ഞാൻ കരുതിപ്പോന്നത് ഇവളെയായിരുന്നു.

കാരണങ്ങൾ പലതുമുണ്ട്. ഈ ഭൂമിയിൽ പിറന്നുവീണ നാൾ മുതൽ കായികക്ഷമതയിലും ആരോഗ്യാവസ്ഥയിലും മറ്റെല്ലാവരെക്കാളും പിറകിലായിരുന്നു അവൾ. മാസം തികയാതെ പ്രസവിച്ച ചില കുട്ടികളെപ്പോലെ! 

സാധാരണ കുട്ടികൾ പിച്ച വെച്ചു തുടങ്ങുന്നത് രണ്ടു വയസ്സു മുതൽക്കാണല്ലോ? ഇവൾ പക്ഷേ അതിൻ്റെ ഇരട്ടിയിലധികം കാലമെടുത്തു രണ്ടു കാലിൽ നിവർന്നു നടക്കാൻ. ഓടിച്ചാടി നടക്കാൻ തുടങ്ങിയത് പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞാണ്. 

അതുവരെ അവളുടെ സഞ്ചാരം വീടിൻ്റെ പരുക്കൻ സിമൻ്റിട്ട തറയിലൂടെ സ്വന്തം ശരീരഭാരം മുഴുവൻ തൻ്റെ ശോഷിച്ച കൈകളിൽ ആവാഹിച്ച് നിരങ്ങി നിരങ്ങിയായിരുന്നു. നിലത്തു വിരിച്ച തഴപ്പായിൽ കിടന്നുറങ്ങിയ കുഞ്ഞിൻ്റെ ഉറക്കം തടസ്സപ്പെടുത്താതെ ഉമ്മ പതുക്കെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം നിർവഹിച്ച ശേഷം അടുക്കളയിൽ കയറും.

കുഞ്ഞ് ഉണർന്നു നോക്കുമ്പോൾ ഉമ്മയെ കാണാത്തിനാൽ ബഹളം വെക്കാനൊന്നും നിൽക്കാതെ തൻ്റെ പതിവു സഞ്ചാരരീതിയനുസരിച്ച് ഇഴഞ്ഞിഴഞ്ഞ് അടുക്കളപ്പടി വരെയെത്തും. സമുദ്രനിരപ്പിൽ നിന്ന് രണ്ടടി താഴ്ചയിലുള്ള അടുക്കളയിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചാൽ തീർച്ചയായും അവൾ ഉരുണ്ടു വീഴും. ഏതു ദുഃഖത്തിനിടയിലും തൻ്റെ അസാമാന്യമായ നർമബോധം കൈവിടാത്ത ഉമ്മ "ദേ വരണ് മുത്തപ്പൻ്റെ വഞ്ചി" എന്നു പറഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവളെ വാരിയെടുക്കും. അടുപ്പിനടുത്ത് അവൾ ഉമ്മയുടെ മടിത്തട്ടിൻ്റെയും വിറകടുപ്പിൻ്റെയും ഇളം ചൂടനുഭവിച്ചു കൊണ്ട് അൽപ നേരം കൂടി മയങ്ങും...

അതു കഴിയുമ്പോഴേക്കും ഉമ്മ അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കിയിരിക്കും. അതു കൊടുത്തു കഴിഞ്ഞാൽ വീണ്ടും ഒരുറക്കമുണ്ട്. അത് ചായ്പിൽ കെട്ടിത്തൂക്കിയ തുണിത്തട്ടിലിൽ ആയിരിക്കും. അവൾ ഗാഢനിദ്രയിലാകും വരെ ഏതെങ്കിലും ഒരു സിനിമാ താരാട്ടിൻ്റെ അകമ്പടിയോടെ തൊട്ടിൽ പതുക്കെ ആട്ടിക്കൊണ്ടിക്കുന്നത് എൻ്റെ ജോലിയായിരുന്നു.

മറ്റൊരു സഹോദരിയുടെ മകൾ പറഞ്ഞപോലെ ആരോഗ്യ പ്രശ്നങ്ങളായിരുന്നില്ല അവളുടെ യഥാർഥ പ്രശ്നം. അതൊന്നും അവളെ കാര്യമായി അലട്ടിയിരുന്നു പോലുമില്ല.അവളുടെ ദുഃഖത്തിൻ്റെ യഥാർഥ കാരണം "മിഖ്‌ദാദ്" ആയിരുന്നു, നാൽപതു വർഷം മുമ്പാണ് അതു തുടങ്ങിയത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിന്നുശേഷം. 

പത്തു മാസം ഗർഭം ചുമന്ന് എന്തെല്ലാം പ്രതീക്ഷകളോടെ ആയിരിക്കണം അവൾ ആ കടിഞ്ഞൂൽ പുത്രനു ജന്മം നൽകിയിട്ടുണ്ടാവുക? ജീവിതത്തിൽ തനിക്കു താങ്ങും തണലുമായിരിക്കേണ്ട ആ മകൻ, ശരീരവളർച്ചയും ബുദ്ധി വളർച്ചയുമില്ലാത്ത ഒരു കുട്ടിയായി പിറന്നാൽ അധികപേരും അതോടെ തകർന്നു പോവില്ലേ? പക്ഷെ, വിശ്വാസം ആ കുഞ്ഞിനെ അരുമയായി വളർത്താൻ അവൾക്കു കരുത്തേകി. ഇപ്പോൾ തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് ആ കുട്ടി തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.താൻ എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുവയസ്സുവരെ തന്നെ ചുമന്നു നടന്നിരുന്ന ആ ഉമ്മ ഇനിയില്ലല്ലോ?

എത്ര വലിയ ജീവിത പ്രാരബ്‌‌ധങ്ങളുള്ളപ്പോഴും ഇസ്‌ലാമികപ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനു മുൻഗണന നൽകാൻ സഹായിച്ച വിശ്വാസദാർഢ്യത്തെക്കാൾ ഈ ഒരൊറ്റ ത്യാഗം മാത്രം മതി അവളുടെ സ്വർഗപ്രവേശം ഉറപ്പുവരുത്താൻ എന്ന് ഞാൻ കരുതുന്നു. അതങ്ങനെതന്നെ സംഭവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

വി.എസ്.സലീം