സേവനസന്നദ്ധയായ ഹഫ്‌സത്ത
അബ്‌ദുല്‍ ലത്തീഫ്, വാക്കയിൽ.
നമ്മുടെ നാടിനെയും സമൂഹത്തെയും നിറഞ്ഞ മനസ്സോടെ സേവിച്ച ഹഫ്‌സത്തയുടെ വേർപാട് വേദനയോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു.ഏറ്റവും അടുത്ത അയൽവാസി ആയിരുന്നതുകൊണ്ടാവും ഒരു സഹോദരിയുടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും സമീപനവുമായിരുന്നു ഞങ്ങളോട് ഹഫ്‌സത്ത പുലർത്തിയിരുന്നത്. അടുത്ത ഏതാനും വർഷങ്ങളായി ഹഫ്‌സത്തയുമായുള്ള ആശയവിനിമയം സജീവമായിരുന്നു. എപ്പോൾ വിളിക്കുമ്പോഴും ജാതി മത ഭേദമെന്യേ കഷ്ടപ്പെടുന്നവരുടെ വിവരങ്ങൾ പറയാനും അവർക്ക് എന്തെങ്കിലും സഹായമെത്തിക്കുവാനുമുള്ള കാര്യങ്ങൾ സംസാരിക്കാനുമാണ് അവർ കൂടുതൽ താല്‍പര്യം കാണിച്ചിരുന്നത്. ആ നാളുകളിലെല്ലാം ഇത്ത ഗുരുതരമായ രോഗ പീഡയാൽ പ്രയാസം അനുഭവിക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ ഒരിക്കൽ പോലും സ്വന്തം ശാരീരിക അസ്വസ്ഥതകളെ കുറിച്ചോ താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകളെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല. എല്ലായിടത്തും മറ്റുള്ളവരുടെ ദുഃഖം കുറക്കാനും അവരെ ഉയർത്തി പിടിക്കാനുമായി അവരുടെ സമയവും ആരോഗ്യവും ചിലവഴിച്ചത്.
ഇസ്ലാമിക പ്രവർത്തനങ്ങളിലും അതോടനുബന്ധിച്ചു ള്ള ചാരിറ്റി പ്രവർത്തനങ്ങളിലും അവർ പുലർത്തി പോന്ന പ്രതിബദ്ധത അനവധി കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രതീക്ഷയുടെ വിളക്കായി മാറിയിട്ടുണ്ട്.
ഇന്ന് അവരെ നഷ്ടപെട്ടപ്പോൾ മനസ്സിലായി,അവരുടെ അസാന്നിധ്യം നികത്താൻ ആവാത്ത ഒരു വിടവ് തന്നെയാണെന്ന്. എങ്കിലും അവർ വിതച്ച കരുണയുടെ വിത്തുകൾ നമ്മുടെ ഇടയിൽ നിരന്തരം വിശ്വാസവും കര്‍മോത്സുകതയും നനമ്യോടുള്ള ആഭിമുഖ്യവും വളർത്തി കൊണ്ടിരിക്കും.
അള്ളാഹു അവരെ അനുഗ്രഹീതരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ.സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ.ഒട്ടേറെ ജന്മങ്ങൾക്ക് പ്രചോദനം ആവുന്നിടത്തോളം സ്വന്തം ജീവിതത്തെ ഉന്നതിയിലെത്തിച്ച ഹഫ്‌സത്തയോടുള്ള ഓർമകളും സ്നേഹാദരവുകളും എന്നുമെന്നും നില നിൽകുമാറാവട്ടെ എന്ന പ്രാർത്ഥനയോടെ....
അബ്‌ദുല്‍ ലത്തീഫ്, വാക്കയിൽ.





