ഹഫ്‌സത്ത് - ഞങ്ങളുടെ ഹബീബത്ത്
രഘു & ലത, മണലൂർ.
എന്റെ പേര് രഘു എന്നാണ്. ഭാര്യയുടെ പേര് ലത എന്നും.എന്റെ വിദ്യാഭ്യാസകാലത്തിനിടയിൽ വെച്ചാണ് ഞാനെന്റെ അയൽ നാട്ടുകാരനായ അബ്ദു റഹ്‌മാൻ എന്ന ഹബീബിനെ പരിചയപ്പെടുന്നത്. കോളേജിലെ ബിരുദപഠന കാലത്ത് ഞങ്ങൾ സഹപാഠികളായിരുന്നു.അവിടം മുതൽക്ക് തുടങ്ങിയ അടുപ്പവും സൗഹൃദവും ഇന്നും തനതു രൂപത്തിൽ നില നിന്ന് പോരുന്നു.
ഞാൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള MPEDA യുടെ അക്വകൾച്ചർ വിഭാഗത്തിന്റെ ഓൾ ഇന്ത്യ ഹെഡ് ആയി സേവനമനുഷ്ഠിച്ചു വിരമിച്ച വ്യക്തിയാണ്.ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ MSc യും Phd യും ഒക്കെ പഠിക്കുന്ന കാലത്തും ശേഷം ഇന്നെ തീയതി വരെയും അബ്ദു റഹ്‌മാൻ എന്ന ഹബീബുമായി തികഞ്ഞ ആത്മ ബന്ധം നിലനിർത്തി പോരുന്നു.സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ജല കൃഷി വിഭാഗത്തിന്റെ തലവനായിരിക്കവേയാണ് ഞാൻ സർവീസിൽ നിന്ന് വിരമിച്ചത്.
ഇത്രയും എഴുതിയത് എന്റെ പഠനകാലം മുതൽ റിട്ടയർമെന്റ്കാലം വരെയും ശേഷമുള്ള എന്റെ ജീവിതത്തിലെ എല്ലാ സംഭവവികാസങ്ങളും അറിഞ്ഞിരുന്ന വ്യക്തിയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ട ഹബീബ് എന്ന് പറയാൻ വേണ്ടിയാണ്. ഞങ്ങൾ എല്ലാ വിഷയങ്ങളും 'ഹബീബെ' എന്ന അഭിസംബോധനയോടെ പരസ്പരം ഷെയർ ചെയ്യാറുള്ളവരാണ്.സോഷ്യൽ മീഡിയ ഒക്കെ ഇപ്പോൾ അടുത്ത കാലത്തല്ലേ വന്നത്. അതിനു മുമ്പ് തപാൽ വഴിയായിരുന്നു ഞങ്ങളുടെ ആശയവിനിമയങ്ങൾ. എന്റെ സർവീസ് അധികവും വടക്കെ ഇന്ത്യയിലായിരുന്നു.
പറയാൻ പോകുന്നത് ഹബീബിന്റെ ഹബീബത്തിനെ കുറിച്ചാണ്. ഹഫ്സത്തു എന്ന ആ ഹബീബത്ത് എന്റെ ഭാര്യയായ ലതയുടെ ഇഷ്ടഭാജനമായിത്തീരാൻ അധികനാൾ ഒന്നും വേണ്ടി വന്നില്ല.ഹബീബത്തുമായുള്ള ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ പ്രിയതമക്ക് അവർ പ്രിയങ്കരിയായി മാറിയിരുന്നു. അതിനുള്ള അവസരം ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങളിൽ അനേക തവണ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഫാമിലി അടക്കം ഹബീബിന്റെ വീട്ടിൽ പലപ്പോഴും പോയിട്ടുണ്ട്. ഹബീബത്തിന്റെ ഊഷ്മളമായ വിരുന്നു സൽക്കാരം ഏറെ ആസ്വദിച്ചിട്ടുണ്ട്.
അതിഥികളെ സ്വീകരിക്കുന്നതിലും അവരെ സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുന്നതിലും ആ ഇത്തായിൽ അസാമാന്യമായ മികവ് കാണാൻ കഴിഞ്ഞിട്ടുണ്ട്. പക്വമായ പെരുമാറ്റവും സ്പുടമായ സംസാര ശൈലിയും അവരുടെ സ്വന്തമായിരുന്നു.അത് കൊണ്ടാവണം, ഒരിക്കൽ ഞാൻ ഹബീബിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്, തന്നോടുള്ളതിനേക്കാൾ ഞങ്ങൾക്ക് ഒരു പണതൂക്കം കൂടുതൽ സ്നേഹാദരവും ബഹുമാനവും ഹഫ്‌സത്തിനോടാണ് എന്ന്. അവർക്ക് തീരെ നിസ്സാരമല്ലാത്ത ഒന്നിലധികം സ്ഥായിയായ രോഗങ്ങൾ ഉണ്ടായിരുന്നു എന്നെനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ നാളുകളിലും അവർ നല്ലൊരു കുടുംബിനിയായി ഭർത്താവിനെയും മക്കളെയും പരിചരിച്ചു പോന്നിരുന്നു. ത്യാഗം ഏറെ സഹിച്ചാണെങ്കിലും ഒട്ടും പരിഭവമില്ലാതെയാണ് മിഖ്ദാദു എന്ന ഭിന്നശേഷിക്കാരനെ നാല്പത് കൊല്ലത്തോളം അവർ പോറ്റിയത് എന്നറിയുമ്പോൾ അതിശയം തോന്നുന്നു.
ഹബീബും ഹബീബത്തും പല തവണ ഞങ്ങളുടെ വീട്ടിലേക്കും വന്നിട്ടുണ്ട്. ഞങ്ങളുടെ സദ്യയിൽ അവരും പങ്ക് കൂടിയിട്ടുണ്ട്.എന്റെ അച്ഛനും അമ്മക്കും അവർ ഇഷ്ടക്കാരായിരുന്നു. തിരുവോണത്തിന് പല വട്ടവും ഞങ്ങളവവരെ ക്ഷണിക്കാറുണ്ടെങ്കിലും ഒരു ഓണത്തിന് മാത്രമെ അവർ എത്തിയിരുന്നുള്ളു. ഒരു പകൽ മുഴുവൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അന്ന് വൈകീട്ട് ഞങ്ങൾ എല്ലാവരും കൂടി കണ്ടശ്ശങ്കടവിലെ വള്ളം കളി മത്സരം കണ്ടതിന് ശേഷമാണു അവർ മടങ്ങിയത്. ഓർമയിൽ നിന്ന് മായാത്ത ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾക്കത്.
ഞാനും കുടുംബവും ഒടുവിലായി പാടൂരിലെ അവരുടെ വീട്ടിൽ വന്ന ദിവസവും മറക്കാനാവാത്തതായിരുന്നു. ഹബീബും ഹബീബത്തും അവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും എല്ലാവരെയും ഒരുമിച്ചു കാണാനും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനും അന്നാണ് സാധിച്ചത്. പിന്നീട് ഞാനും ലതയും വന്നത് ഹഫ്‌സത്തു മരിച്ച വിവരം അറിഞ്ഞിട്ടാണ്. ഏതായാലും മയ്യത്ത് കാണാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെയാണ് മടങ്ങിയത്. വിധിയെ ആർക്കും തടുക്കാനാവില്ലല്ലോ. ഭാവത്തിലും പെരുമാറ്റത്തിലും തന്റെതായ ഉറച്ച വിശ്വാസവും ഭക്തിയും നില നിർത്തി പോരുന്നതോടൊപ്പം സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിപോന്നിരുന്ന ഒരു വനിത യായിരുന്നു അവർ എന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ആ ഹബീബത്തിന് ആത്മ ശാന്തി നേർന്നുകൊണ്ട് ഈ വരികൾ ഇവിടെ അവസാനിപ്പിക്കട്ടെ.
രഘു & ലത, മണലൂർ.





