ഓര്‍മകളിലൂടെ
സുബൈദ യൂസുഫ്
എന്റെ മദ്രസ്സാ പഠനകാലത്താണ് ഹഫ്‌സത്തയുടെ വിവാഹം നടക്കുന്നത്.വീട്ടില്‍ വെല്ലിമ്മ പറയുന്നത് കേട്ടു കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍ വിവാഹം കഴിച്ചത് ഒരു ടീച്ചറിനെയാണെന്ന്.ഒരു ദിവസം മദ്രസ്സ വിട്ട് വരുമ്പോള്‍ നവദമ്പതികള്‍ സ്‌കൂട്ടറില്‍ വരുന്നത് കണ്ടു.വളരെ കൗതുകത്തോടെയാണ് ഞാനത് നോക്കി കണ്ടത്.കാരണം ഇണകള്‍ ഒരുമിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് വിരളമായിരുന്നു.പോരാത്തതിന് ഇസ്‌ലാമിക വേഷത്തിലും.
എന്റെ പതിനഞ്ചാമത്തെവയസ്സിലാണ് ഹഫ്‌സത്തയെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരനായ മകനെയും (മിഖി) എടുത്ത് ക്ലാസില്‍ വരുന്ന ഒരു ഉമ്മയിലൂടെയാണ് ഹഫ്‌സത്തയെ കാണുന്നത്.ഒട്ടേറെ പരിമിതികളുള്ള ആകുട്ടിയെ കഷ്‌ടപ്പെട്ട് പരിപാലിക്കുന്ന ഉമ്മ എല്ലാ ഉമ്മമാര്‍ക്കും മാതൃകയായിരുന്നു.
ആകര്‍ഷകമായ വ്യക്തിത്വത്തിന് ഉടമയായ ഹഫ്‌സത്ത എന്റെ എല്ലാമായിരുന്നു. അവരുമായി ഇടപഴകിയ എല്ലാവരുടെയും എല്ലാമായിരുന്നു. ആദ്യമൊക്കെ മിഖ്‌ദാദിന്റെ അധ്യാപിക എന്ന നിലയിലാണ് പരിചയപ്പെടുന്നത്.കുടുംബപരമായി പരസ്‌പരം അറിയുന്നതിനാല്‍ താമസിയാതെ തന്നെ ആ കുടുംബത്തിലെ ഒരു അംഗമാവാന്‍ എനിക്ക് കഴിഞ്ഞു.പ്രത്യേകമായി എന്ത് പാകം ചെയ്‌താലും എനിക്കൊരു വിഹിതം തീര്‍ച്ചയായും ഉണ്ടാകുമായിരുന്നു.
മിഖിയെ നടക്കാനും സംസാരിപ്പിക്കാനും പ്രാപ്‌തനാക്കാനുള്ള സകല ശ്രമങ്ങളും അശ്രാന്തം നടന്നുകൊണ്ടിരുന്നു.വൈകുന്നേരങ്ങളില്‍ പ്രോത്സാഹ ജനകമായ ചെറിയ ചെറിയ ഉദ്യമങ്ങള്‍ മുടക്കമില്ലാതെ നടന്നിരുന്നു. രണ്ട് വശങ്ങളില്‍ കയറ് കെട്ടി അതില്‍ പിടിച്ച് നത്താനുള്ള ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു.നഴ്‌സറികാലം മുതലുള്ള കടുത്ത ശ്രമങ്ങളില്‍ മിഖ്‌ദാദിന് നടക്കാനും വാക്കുകള്‍ ഉച്ചരിക്കാനും കഴിയുമാറ് മാറ്റങ്ങളുണ്ടായി.മിഖ്‌ദാദ് ഒരുവിധം ഭേദപ്പെട്ട രീതിയില്‍ സംസാരിച്ചു തുടങ്ങിയത് എപ്പോഴാണെന്നു ഓര്‍ക്കുന്നില്ല.ഏതായാലും ഒരു ഉമ്മയുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍ വിവരണാതീതമാണ്.
ഏകദേശം 3 വര്‍ഷക്കാലത്തെ ഹഫ്‌സത്തയോടൊപ്പമുള്ള ആധ്യാപക ജീവിതം ജീവിത വീക്ഷണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായ കാലമായിരുന്നു.ഒരു പാരമ്പര്യ മുസ്‌ലിം കുടുംബാന്തരീക്ഷത്തിലെ കേവല നാട്ടു നടപ്പ് മതചിന്താ രീതിയില്‍ നിന്നും മാറി ഉണര്‍വും ഊര്‍ജ്ജവും പകരുന്ന പുതിയൊരു ദിശാബോധത്തിലേക്ക് അഥവാ ഹഫ്‌സത്തയുടെ ശിഷ്യയായി മാറാന്‍ കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നു.
1995 ലായിരുന്നു എന്റെ വിവാഹം.ബന്ധുമിത്രാധികളുടെ സന്തോഷം പോലെ ഹഫ്‌സത്തയുടെ കുടുംബവും സന്തോഷത്തില്‍ പങ്കുചേര്‍ന്നു.വിവാഹ ശേഷവും പാടൂരില്‍ തന്നെ ആയതിനാല്‍ ഊഷ്‌മളമായ ബന്ധം തുടര്‍ന്നും പരിപാലിച്ചു പോന്നു.
ഇതിന്നിടയില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ ഹഫ്‌സത്ത അഭിമുഖീകരിച്ചു.എന്നാല്‍ ഇതൊന്നും തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ പാഠം വെച്ചു നില്‍ക്കാനുള്ള ഉപാധിയായി അവര്‍ കണ്ടില്ല.ഒരു വിശ്വാസി വിശ്വാസിനി എങ്ങനെ ജീവിക്കണം നമുക്ക് കരണീയമായത് എന്തൊക്കെ എന്ന് പറഞ്ഞും ഫലിപ്പിച്ചും അതിലുപരി പ്രവര്‍ത്തിച്ചും കാണിച്ചു തന്നിരുന്ന മഹദ് വ്യക്തിത്വമായിരുന്നു ഹഫ്‌സത്ത.സ്‌നേഹ സൗഹാര്‍ദ്ദത്തോടെ ആരോടും ഇടപഴകുകയും സംസാരിച്ചും സംവദിച്ചും വൈജ്ഞാനികമായ നുറുങുകള്‍ കഴിയും വിധം പര്‍ചരിപ്പിച്ചും പ്രസരിപ്പിച്ചും അവര്‍ നാടു നീളെ നടന്നു.ചിലപ്പോള്‍ ഒറ്റക്കും മറ്റു ചിലപ്പോള്‍ അതിന് തയാറായവരുമായും അവര്‍ ഇറങ്ങി നടന്നു.ആരൊക്കെ എന്തൊക്കെ ചെയ്‌തു എന്നതല്ല തനിക്ക് എന്തു ചെയ്യാനാകും എന്നതിലായിരുന്നു അവരുടെ ശ്രദ്ദ.ഒരു പക്ഷെ ഇതായിരിക്കണം എന്നെ ആകര്‍ഷിച്ച ഘടകവും.
8 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പരീക്ഷണത്തിന് വിധേയയായപ്പോള്‍ ഒരു ഉമ്മയെപ്പോലെയായിരുന്നു ഹഫ്‌സത്തയെ എനിക്ക് അനുഭവപ്പെട്ടത്.എന്നെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ആവശ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും അന്വേഷിക്കുകയും നിവര്‍ത്തിച്ചു തരികയും ചെയ്യുമായിരുന്നു.എന്ത് സഹായം വേണമെങ്കിലും ഒരു മടിയും കാണിക്കാതെ പറയാനും ചോദിക്കാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു വരെ എന്നെ ഉണര്‍ത്തുമായിരുന്നു.എന്റെ മെസ്സേജുകള്‍ കാണാതെവന്നാല്‍ ഇങ്ങോട്ട് കാര്യം തിരക്കി അന്വേഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു പ്രിയപ്പെട്ട ഹഫ്‌സത്ത.ഇനിയില്ല ആ അന്വേഷണം എന്നോര്‍ക്കുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല.
ലോകമെമ്പാടും സ്‌തംഭിച്ചു നിന്ന കൊറോണക്കാലം വലിയ സാന്ത്വനവും ആശ്വാസവുമായിരുന്നു.ഉമ്മയെപ്പോലെയല്ല ഉമ്മ തന്നെയായിരുന്നു അവര്‍.
ധാനദര്‍മങ്ങളും ബൈത്തുല്‍ മാലും കൃത്യമായി പിരിച്ചെടുക്കുന്നതിലും അര്‍ഹരായവര്‍ക്ക് കൊടുക്കുന്നതിലും ശുഷ്‌കാന്തി കാണിക്കുമായിരുന്നു. ഒരിക്കല്‍ എന്റെ വിഹിതം ലഭിക്കാത്തതിനെ ചൊല്ലിയുള്ള വര്‍ത്തമാനത്തില്‍ അതിന്റെ മതപരമായ ധര്‍മം അംഗങ്ങളെ ഉണര്‍ത്തിയത് ഓര്‍മയില്‍ വരുന്നുണ്ട്.
നന്മയുടെ മാര്‍ഗത്തിലെ പ്രവര്‍ത്തന നൈരന്തര്യം എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുകയും അതുവഴി പലരുമായും കാര്യങ്ങള്‍ ഗ്രഹിപ്പിക്കാനും വിശുദ്ധ ഖുര്‍ആനിന്റെ പഠിതാക്കളാക്കാനും സാധിച്ചതും ജീവിതത്തിലെ വലിയ നേട്ടങ്ങളാണ്.പാടൂര്‍ എന്ന ഗ്രാമത്തിന്റെ മുക്ക് മൂലകളില്‍ നന്മയുടെ സേവനത്തിന്റെ വിളക്കും വെളിച്ചവും കൊണ്ട് പുതിയ വഴികള്‍ തെളിയിച്ച ഹഫ്‌സത്തയെ കുറിച്ച് എത്ര കുറിച്ചാലും മതിയാവുകയില്ല.
നാളെ നമ്മെ എല്ലാവരെയും ഹഫ്‌സത്തയോടൊപ്പം ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ എന്ന പ്രാര്‍ഥനയോടെ
സുബൈദ യൂസുഫ്





