The paths of glory lead but to the grave...'

മരിക്കാത്ത ഓര്‍‌മകള്‍

മരിക്കാത്ത ഓര്‍‌മകള്‍

ഉസ്‌മാന്‍ തറയിൽ (അലെെന്‍)

''മരിച്ചയുടനെ നിങ്ങൾ മറക്കപ്പെടാതിരിക്കാൻ ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്നവ വല്ലതും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നവ ചെയ്യുക''

- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ഈ വരികള്‍ ഞാനിന്ന് ഓര്‍ക്കുന്നത് അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കി അവനിലേക്ക് തിരിച്ചു പോയ ഹഫ്‌സത്ത് എന്ന ഇത്തയെകുറിച്ച് നാലു വാക്ക് എഴുതാനിരിക്കുമ്പോഴണ്. കാരുണ്യം, ദയ ,ആർദ്രത, സ്നേഹം...ഇതെല്ലാം ഒരു മനസ്സിന്റെ ഉള്ളില്‍ നിന്നും തന്റെ സഹജീവികളിലേക്കെത്തിക്കുകയും അവിടെ മനുഷ്യരെ വേര്‍തിരിവില്ലാതെ കാണാന്‍ കഴിയുന്നു എന്നുള്ളതും ഹഫ്‌സത്തയെ സംബന്ധിച്ചിടത്തോളം എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.

കനിവിന്റെ കടലായി ഓരോ പാടൂര്‍ക്കാരുടെയും അടുത്തേയ്ക്ക് അവരെത്തുമ്പോള്‍ ആശ്രയത്തിന്റെയും ആശ്വാസത്തിന്റെയും ആ സുഗന്ധമറിയാത്തവര്‍ പാടൂരില്‍ വിരളമായിരിക്കും. വിശേഷിച്ചും വീട്ടമ്മമാരില്‍.

ദീര്‍ഘകാലമായി പ്രവാസിയായ ഞാനും ഭാര്യ ഹസീനയും മകനും കൂടി ലീവിന് നാട്ടിൽ വന്ന നാള്‍  ഏറെ കാലത്തെ പരിചയവും സ്നേഹവുമുള്ള കേലാണ്ടത്ത് അബ്ദുറഹ്‌മാന്‍ക്ക ഞങ്ങളെ ഒരു നേരം വീട്ടിലേക്ക് ക്ഷണിച്ചു.അന്നാ വീട്ടിൽ നിന്ന് ഹഫ്‌സത്ത ഞങ്ങൾക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിത്തന്നു  ഞങ്ങളെ യാത്രയയക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ ഭാര്യ പങ്കുവയ്ക്കുകയുണ്ടായി.

അന്നാണ് സത്യത്തില്‍ ഞാന്‍ ഹഫ്‌സത്ത് എന്ന ഇത്തയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.ഈ കൂടിക്കാഴ്ച്ച കഷ്ടിച്ച് മൂന്നു വർഷങ്ങൾക്ക് മുമ്പാണ് എന്നാണെന്റെ ഓർമ. പിന്നീട് ഭാര്യ ഹസീന ഹഫ്‌സത്തയുടെ ഉറ്റ സുഹൃത്തും പറഞ്ഞറിയിക്കാനാവാത്ത വിധം സഹോദര്യ ബന്ധത്തിലുമായി.തുടർന്ന് നിരന്തരം അവർ തമ്മിൽ ആശയവിനിമയം നടത്തികൊണ്ടിരുന്നു. അവയിൽ കൂടുതലും ദീനീ വിഷയങ്ങളായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.

ഹഫ്‌സത്താക്ക് മാറി മാറി അസുഖങ്ങൾ ഇടയ്ക്കിടെ വരാറുണ്ട് എന്ന വിവരമൊക്കെ അബ്ദുറഹ്‌മാൻക്കയുമായുള്ള സംഭാഷണങ്ങളിൽ ഞാനറിയാറുണ്ട്. അതങ്ങ് ഭേദമായെന്നും പറയാറുണ്ട്. ഏതായാലും

ജീവിച്ചിരുന്ന കാലമത്രയും സ്വന്തമായ അസുഖം മറച്ചുവച്ച് ദീനിയായ കാര്യങ്ങള്‍ക്കുവേണ്ടി സമൂഹത്തിലിറങ്ങി പ്രവര്‍ത്തിച്ച ഹഫ്‌സത്തയുടെ ഖബര്‍ വിശാലമാക്കി അള്ളാഹു അവര്‍ക്ക് സ്വര്‍ഗ്ഗപൂങ്കാവനം നല്‍കുമാറാകട്ടെ, ആമീന്‍.

ഹഫ്‌സത്ത നമ്മളെവിട്ട് പോയതിനുശേഷം അനുശോചനാര്‍ത്ഥം ഒരു ഗൂഗിള്‍ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ ദേശങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും പല മേഖലയിലും പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. എനിക്കും അതില്‍ പങ്കെടുക്കാന്‍ സാധിച്ചു. പലരുടെയും വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സില്‍ തട്ടിയ വിങ്ങലുകളായിരുന്നു.

ഇടക്കെപ്പഴോ ചിലരുടെ കണ്ഠമിടറി വാക്കുകള്‍ കണ്ണുനീരായി പ്രവഹിക്കുന്നത് കണ്ടപ്പോള്‍ കരയരുത് എന്ന് എപ്പോഴും എല്ലാവരോടും പറഞ്ഞിരുന്ന എന്റെയും കണ്ണുകൾ നിറഞ്ഞു.

പലരും പറയാറില്ലേ മരിച്ചു കഴിഞ്ഞാലേ അവരുടെ നന്മകള്‍ പുറത്തു വരൂ എന്ന്. എത്ര ശരിയാണത്. ചിലര്‍ ഓര്‍ക്കാന്‍ വിട്ടു പോയതാവാം. അവിടെ പങ്കെടുത്തവരില്‍ പലരും സഹോദര മതങ്ങളിലുള്ളവരായിരുന്നു. ജാതി മത ഭേദമെന്യേ സ്വന്തം സത്വത്തിലും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലും ഉറച്ചുനിന്നുകൊണ്ടുതന്നെ മനുഷ്യരെ ഒന്നായി കാണാനും അവരെ ചേര്‍ത്തു നിര്‍ത്താനും ഹഫ്‌സത്ത കാണിച്ചുതന്ന ആ പാത നമ്മള്‍ ഓരോരുത്തര്‍ക്കും മാതൃകയണ്.

'' അനുസ്‌മരണ മീറ്റില്‍ പങ്കെടുത്തില്ല എങ്കില്‍ ഇത്രയും ആഴത്തില്‍ മനുഷ്യ മനസ്സുകളെ കീഴടക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ കാണതെ പോകുമായിരുന്നു ''. ഞാനറിയുന്ന ഒരാള്‍ പിന്നീട് ഫോണില്‍ വിളിച്ച് എന്നോട് ഇത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് ഇനിയും കുറേയേറെ ജീവിക്കണ്ടവരായിരുന്നു ഈമഹതി എന്നാണ്.

ഹഫ്‌സത്ത കാര്യമായ അസുഖബാധിത ആയിരുന്നെങ്കിലും അതാരേയും അറിയിക്കാതെയാണ് ഈ സഹജീവി സ്നേഹം അവര്‍ പ്രകടമാക്കിയിരുന്നത്. വീട്ടിലെ അടുക്കള തോട്ടത്തില്‍ വിളയെടുത്ത പച്ചക്കറികള്‍ എന്റെ വീട്ടിലേയ്ക്കും അവര്‍ കൊുത്തു വിട്ടിരുന്നു.

''നമുക്കൊരാള്‍ നമ്മളെ ഓര്‍ക്കുന്നു എന്ന തെളിവ് ഇതില്‍പരം എന്തു വേണം''ഒരു ദിവസം ഭാര്യ ഹസീന ഇതു പറഞ്ഞപ്പോള്‍ അന്നത്ര കാര്യമാക്കിയില്ലെങ്കിലും ഇന്ന് ഹഫ്‌സത്തയെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു  നമുക്കതിനല്ലേ കഴിയൂ..

ഹ‌ഫ്‌സത്ത ഇന്ന് നമ്മളോടൊപ്പമില്ലെങ്കിലും മറക്കാനാവാത്ത ആ മുഖവും ജീവിതവും നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാവും..അള്ളാഹു അവരുടെ ആത്മാവിന് അനുഗ്രഹം ചൊരിയുമാറാവട്ടെ.

ഉസ്‌മാന്‍ തറയിൽ (അലെെന്‍)