The paths of glory lead but to the grave...'

എനിക്ക് കിട്ടിയ ഭാഗ്യം

  എനിക്ക് കിട്ടിയ ഭാഗ്യം

ഡോ.സുമയ്യ റഹ്‌മാന്‍

രോഗികൾ ഒഴിഞ്ഞ ഒരു ഇടവേളയാണിത്. ഇന്ന് ഡോക്ടറുടെ കസേരയിൽ ഇരിക്കുന്ന ഞാൻ എന്റെ മേശയിലെ കുറിപ്പടിയിൽ ഉമ്മയെ പറ്റി കുറച്ചെങ്കിലും എഴുതാൻ ശ്രമിക്കുമ്പോൾ ചിരിച്ചും സ്നേഹിച്ചും ശാസിച്ചും പ്രാർത്ഥിച്ചും മനസ്സിന്റെ ഓരം പറ്റി നിന്ന ഒരാൾ ഇനിയില്ല ഭൂമിയിൽ എന്ന സത്യം നെഞ്ചിൽ കുരുങ്ങി വാക്കുകൾ മുറിയുന്നു. ഉമ്മയെ പറ്റി ഓർമ്മകൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് എപ്പോളും ഖുർആൻ മടുക്കാത്ത ഓതി പഠിക്കുന്ന ഉമ്മയുടെ മുഖമാണ്. നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എന്ന നബിവചനം ആവേശിച്ച ജീവിതം. ഉമ്മയെ അറിയുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും. എന്നാൽ ഉമ്മയോടൊപ്പമുള്ള എന്റെ അനുഭവങ്ങൾ ഒരു പക്ഷെ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ്. 

'ഉമ്മാ' എന്നെനിക്ക് മുഴുവൻ മനസ്സോടെ എന്റെ ഉമ്മയെ പോലെ എനിക്ക് വിളിക്കാൻ കഴിഞ്ഞത് എന്റെ മനസ്സിന്റെ വലിപ്പം കൊണ്ടല്ല. ഉമ്മ എന്നെ സെബിയെ പോലെ തന്നെ പരിഗണിച്ചും പരിചരിച്ചും ശരിക്കും ഉമ്മ ആയി മാറിയത് കൊണ്ടാണ്. 

സാധാരണ കൂട്ടുകാർ വഴി കൂട്ടുകാരുടെ ഉമ്മമാരോട് അടുപ്പം ഉണ്ടാകാറാണ് പതിവ്.  എന്നാൽ ഉമ്മ വഴിയാണ് എന്നോട് കോളേജിൽ വെച്ച് സൗഹൃദത്തിന്റെ ഒരു നോട്ടം പോലും പങ്കുവെക്കാത്ത ഒരാൾ പിന്നീട് എന്റെ മൂന്ന് സഹോദരികളെ പോലെ ഒരു സഹോദരിയായി മാറിയത്. 

ബി.ഡി.എസിനു അഡ്മിഷൻ കിട്ടി കോതമംഗലം ഇന്ദിരാഗാന്ധി കോളേജിൽ കയറിയ ആദ്യത്തെ ദിവസങ്ങളിൽ ഹോസ്റ്റൽ ജീവിതത്തിലെ അനിഷ്ടകരമായ അനുഭവങ്ങളും വീട്ടിൽ നിന്ന് ആദ്യമായി വിട്ട് നിന്ന വിഷമം കൊണ്ടും കോളേജ് ട്രാൻസ്ഫെറിനായി ഉപ്പയും ഉമ്മച്ചിയും ഓഫീസ് കയറിയിറങ്ങി മടുത്തു. ഡെന്റൽ കൗൺസിൽ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയവയിലെ എല്ലാ പ്രമുഖരെയും അപേക്ഷയുമായി പോയി കണ്ടു. ഒരു അനക്കവും ഉണ്ടായില്ല. പഠനം നിർത്താമെന്ന് പോലും മനസ്സിലുറപ്പിച്ചു. എന്റെ ഉപ്പാടെ പ്രാർത്ഥനക്ക് ഉത്തരം പോലെ 'ഉമ്മ' എന്റെ ഉപ്പയെ വിളിക്കുകയായിരുന്നു.. 

''സുമിയെ എന്റെ അടുത്ത് നിർത്താം..ഞാൻ നോക്കിക്കോളാം'' എന്ന് പറഞ്ഞു. വാക്കുകൾക്കതീതമാണ് അന്ന് ഞങ്ങൾ അനുഭവിച്ച സന്തോഷം. അന്ന് സെബിക്ക് വേണ്ടി ഉമ്മയും കുടുംബസമേതം കോളേജിന് സമീപം നെല്ലിക്കുഴി എന്ന സ്ഥലത്ത് താമസം മാറിയിരുന്നു. 

ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെ കുറിച്ചോ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ അന്ന് എനിക്ക് അറിയില്ലായിരുന്നു. ഉമ്മാന്റെ കൂടെ ജീവിച്ച് തുടങ്ങിയപ്പോൾ ഞാൻ പ്ലസ് ടു വരെ പഠിച്ച മതവിദ്യാഭ്യാസം വട്ടപ്പൂജ്യമായി തോന്നി. ഉമ്മ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ദിവസവും നിസ്കരിക്കുമെങ്കിലും അതിലെ ദുആകളും ദിക്റുകളും എന്താണെന്ന് മദ്രസയിൽ എക്സാമിന് എഴുതിയിട്ടേയുള്ളൂ. മനസ്സറിഞ്ഞ് നിസ്കരിക്കാനും ഖുർആൻ പഠിക്കാനും ഉമ്മയാണ് പഠിപ്പിച്ചത്. 

ഉമ്മാടെ ഭക്ഷണം കഴിക്കാൻ കോളേജിൽ നിന്ന് ഓടി വന്നിരുന്ന ഞങ്ങളെ തീരെ വിഷമിപ്പിക്കാതെ എത്ര വയ്യെങ്കിലും ഭക്ഷണമുണ്ടാക്കി വിളമ്പി തന്നിരുന്നു. സുമി ചിക്കൻ കൊതിച്ചിയാണ് എന്ന് പറഞ്ഞ് എനിക്കിഷ്ടപ്പെട്ടതും, പലഹാരങ്ങളും ഒരുപാട് വാങ്ങിക്കൊണ്ടുവരാൻ ഉപ്പയും കൂടെയുണ്ടായിരുന്നു. മിക്കിക്കയും ആച്ചുക്കയും ഒക്കെ കൂടിയപ്പോ എനിക്ക് പിന്നെ ഉമ്മ സമ്മാനിച്ചത് ഒരു വീട് തന്നെയായിരുന്നു. ഇപ്പോഴും ഓടിപ്പോയി അടുക്കളയിൽ കയറി ഉമ്മച്ചിയുടെ അടുത്തെന്ന പോലെ കഴിക്കാനും കിടക്കാനുമുള്ള ഇടം. 

ജീവിത സാഹചര്യങ്ങൾ മാറിയപ്പോഴും ഉമ്മ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഖുർആൻ പഠിക്കാനും ജീവിതത്തെ കൂടുതൽ ചിട്ടപ്പെടുത്താനും ആയിരുന്നു ഉമ്മാക്ക് ഇപ്പോഴും പറയാനുണ്ടായിരുന്നത്. അതിലുപരി ഉമ്മയുടെ ദുആ കൂടെയുണ്ടാവും എന്ന വിശ്വാസം എനിക്ക് തന്നിട്ടുള്ള ധൈര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 

ഉമ്മയാണ് എന്നെയും സെബിയെയും അടുപ്പിച്ചത്. ഉമ്മയിലൂടെ കിട്ടിയതാണ് സെബിയെ. ഉമ്മ മരണപ്പെട്ട ദിവസം അടുക്കളയിലിരുന്ന് ഉപ്പ ചോറ് കഴിക്കുമ്പോൾ സെബിക്ക് വാരിക്കൊടുത്തു. ഒപ്പം എനിക്കും രണ്ട് പിടി വാരിത്തന്നു. ഉമ്മ അങ്ങനെയാണ് ഞങ്ങളെ രണ്ടു പേരെയും നോക്കിയതെന്ന് ഉപ്പ ഓർമിപ്പിച്ചത് പോലെ തോന്നിയെനിക്ക്.. 

നഷ്‌ടമായത് ധൈര്യമായിരുന്ന പ്രാർത്ഥനയാണ്. എന്നാലും ഉമ്മ എന്ന് വിളിക്കാനുള്ള ഭാഗ്യമുണ്ടായല്ലോ..  സബീഹായെ പോലെ ഒരു കൂടെപ്പിറപ്പിനെ തന്നല്ലോ.. 'ഉമ്മാ' എന്ന് നീട്ടിവിളിച്ച് ഇനിയും ഓടിച്ചെല്ലാൻ, ഉമ്മാടെ കൂടെ സ്വർഗ്ഗത്തിലെത്താൻ എനിക്കും ഭാഗ്യമുണ്ടാവണേ എന്ന പ്രാർത്ഥനയിൽ മനസ്സ് നിറഞ്ഞൊഴുകുന്നു.

ഡോ.സുമയ്യ റഹ്‌മാന്‍