നിയോഗം പൂര്‍ത്തിയാക്കിയ മഹതി
ഷരീഫ് ത്വാഹ പാടൂര്‍
അബ്ദുറഹ്‌മാന്‍, ഹഫ്‌സത്ത് ദമ്പതികളുടെ, പകിട്ടും പത്രാസുമില്ലാത്ത മനോഹാരമയ കൊച്ചു വീട് ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.ആ വീടിന്റെ അകത്തളത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ ആദരവും ആതിഥ്യ രീതിയും സ്നേഹവും സൗഹൃദവും മനസ്സിനെ വല്ലാതെ സ്‌പര്‍ശിച്ചതു കൊണ്ടാണ് വിശേഷിച്ച് എടുത്തുദ്ധരിക്കുന്നത്.
അത്യാകര്‍ഷകമായ അവരുടെ ആതിഥ്യമര്യാദ അക്ഷരാര്‍ഥത്തില്‍ ആശ്ചര്യപ്പെടുത്തി.വീട്ടിലെത്തിയ വിരുന്നുകാരന് എന്തൊക്കെ കൊടുത്താലും മതിയായില്ല എന്ന് തോന്നുന്ന ആതിഥേയരുടെ വിരുന്നൂട്ടലില്‍ വിളമ്പിയതിനെക്കാള്‍ മധുരമുള്ളതായിരുന്നു പ്രിയപ്പെട്ട ദമ്പതികളോടൊപ്പമുള്ള കുറച്ചു സമയത്തെ സഹവാസം.
ഹഫ്‌സത്ത അകത്തും പുറത്തും ഒരു യഥാർത്ഥ വിശ്വാസി/വിശ്വാസിനിയുടെ തല്‍ സ്വരൂപമായിരുന്നു. പൂര്‍ണാര്‍ഥത്തില്‍ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച മാതൃകാ വനിതയായിരുന്നു.
പറഞ്ഞു ഫലിപ്പിക്കുന്നതിനെക്കാള്‍ ഭംഗിയായി പ്രവര്‍ത്തിച്ച് പ്രസരിപ്പിക്കുന്നതായിരുന്നു ഈ മഹതിയുടെ സവിശേഷമായ സ്വഭാവ ശൈലി.
അറിവാണ് ആയുധം അതു തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യവും എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം തങ്ങളുടെ മക്കളെ കഴിയാവുന്നത്ര വിദ്യാഭ്യാസം നല്‍കി വളര്‍ത്തി വലുതാക്കിയത്. അംഗപരിമിതനായ മൂത്ത മകനെയും സകലവിധ യാതനകള്‍ക്കിടയിലും പരിപാലിക്കാനും പരിചരിക്കാനും അവര്‍ക്ക് കഴിഞ്ഞു.
തന്റെ നിയോഗം പൂര്‍ണാര്‍ഥത്തില്‍ പൂര്‍ത്തീകരിക്കാനുള്ള അശ്രാന്ത ശ്രമം അവര്‍ നടത്തി എന്നതിന് അല്ലഹു സാക്ഷിയാണ്. അവരുടെ കര്‍മ മണ്ഡലത്തില്‍ വര്‍ണഭംഗിയില്‍ പൊഴിച്ചിട്ട പൊന്‍ തൂവലുകള്‍ സാക്ഷിയാണ്. അവരുടെ നാടും അവര്‍ക്ക് ചുറ്റുമുള്ളവരും ഭാവി പിന്മുറക്കാരും സാക്ഷികളാണ്.
അബ്‌ദു റഹ്‌മാൻ കേലാണ്ടേത്തിന്റെ ഇണയായി പാടൂരിലെത്തി നിര്‍വഹിക്കാനുണ്ടായിരുന്ന എല്ലാ നിയോഗവും അവിരാമം നിവര്‍ത്തിച്ച് നാഥനിലേക്ക് ആത്മ നിര്‍വൃതിയോടെ തിരിച്ചു പോകാനുള്ള സൗഭാഗ്യം സിദ്ധിച്ച ആദരണിയയായ മഹതിയാണ് ഹഫ്‌സത്ത്.
നന്മയുടെ പ്രസാരണത്തിനുതകുന്ന നിരവധി സൃഷ്‌ടിളുടെ രചയിതാവായ അബ്‌ദുറഹ്‌മാൻ, സാധ്യമാകുന്നത്ര വിവരവും വിദ്യാഭ്യാസവും കലാലയാന്തരീക്ഷത്തില്‍ നിന്നും വിശാലമായ വായനയില്‍ നിന്നും സ്വായത്തമാക്കി.തനിക്ക് കിട്ടിയ തൂവെളിച്ചം പകരാന്‍ പഴുതുള്ള സകല മുക്കു മൂലകളിലും സോദ്ധേശത്തോടെ അദ്ദേഹം പ്രസരിപ്പിച്ചു കൊണ്ടേയിരുന്നു.വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലർത്തി.
സാത്വികനായ അദ്ദേഹത്തിന് അനുയോജ്യയായ ഇണയേയും അല്ലാഹു അനുഗ്രഹിച്ചു നല്‍കി.
ഈ ജീവിതത്തിൽ സംയുക്തമായ ഒരു ദൗത്യനിർവഹണ ജീവിതം നയിക്കാൻ ഇത്തരം പ്രതിജ്ഞാബദ്ധരായ വ്യക്തികളെ മാത്രമേ ലോകരക്ഷിതാവായ തമ്പുരാന്‍ ഒരേപാശത്തില്‍ ബന്ധിപ്പികുകയുള്ളു അതെ, അവർ ഇണയും തുണയും സമർപ്പിത ദമ്പതികളാണ്, അവർ ഒരിക്കലും വിസ്‌മൃതരാകുകയില്ല.എന്നും എപ്പോഴും ഓർമിക്കപ്പെടും. ചരിത്രത്താളുകളിലെ തങ്കപ്പതക്കം പോലെ.
ഷരീഫ് ത്വാഹ പാടൂര്‍





