കണ്ണീര്‍ മഴയത്ത്
ആഷിഫ ഷാഫി
ഞാന്‍ ആഷിഫ ഷാഫി,ഞാൻ ജനിച്ചും വളര്‍ന്നതും പെരിങ്ങാട് ആണ്. ഗുരുവായൂർ കോട്ടപ്പടിയിലാണ് ഇപ്പോള്‍ താമസം.എൻ്റെ ഉമ്മയിൽ നിന്നാണു ഹഫ്‌സത്താനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.വളരെ ചെറിയ പ്രായത്തില്‍,ആരോടെന്നോര്‍മയില്ല ഉമ്മ ഹഫ്‌സത്തെയെ കുറിച്ച് അവരുടെ പ്രിയതമനെ കുറിച്ച് അത്യാദരവോടെ സംസാരിച്ചത് മനസ്സില്‍ കൊത്തിയിട്ടു.ഹഫ്‌സത്തയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശിഷ്യാ അവരുടെ ഔദാര്യമനസ്സും വിസ്‌തരിച്ച് ഉമ്മ വാചാലമാകുമായിരുന്നു.
ഹഫ്‌സത്താനെ കാണുമ്പോഴൊക്കെ നന്മയും അതിന്റെ പ്രസാരണവും പ്രചാരണവും സേവന സന്നദ്ധതയും ഒക്കെയാണ് മനസ്സിലേക്ക് ഓടിയെത്തുക.
ക്ഷണിക്കപ്പെട്ട ഒരു വിധം പഠന പരമ്പരകളിലൊക്കെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല അത്തരം വിജ്ഞാന സദസ്സുകളില്‍ നിന്നും പകര്‍ന്നു കിട്ടിയതൊക്കെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നുമുണ്ട്.പ്രബോധനം വാരിക ഹഫ്‌സത്ത വഴിയാണ് എനിക്ക് അയച്ചു കിട്ടിയിരുന്നത്.ടലഫോണ്‍ സൗകര്യങ്ങള്‍ ആയപ്പോള്‍ ടലിഫോണിലൂടെ കൂടെ കൂടെ ബന്ധപ്പെടുമായിരുന്നു.
വിവാഹാനന്തരം ഒരിക്കല്‍ ഞാനും മോനും കൂടെ ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ യാത്രപറയാന്‍ ഹഫ്‌സത്തയെ വിളിച്ചിരുന്നു.യാത്ര പുറപ്പെടുന്ന ദിവസം ഹഫ്‌സത്ത ഒരു കത്ത് എഴുതി കൊടുത്തയച്ചിരുന്നു.അത് വായിച്ചപ്പോള്‍ വലിയ സമാധാനവും സന്തോഷവും ഉന്മേഷവും ഒക്കെ അനുഭവപ്പെട്ടു.പ്രത്യേകം സൂക്ഷിച്ചു വെച്ച പ്രസ്‌തുത കത്ത് ഗള്‍ഫിലുള്ളപ്പോള്‍ ആവര്‍ത്തിച്ചു വായിക്കുകയും ആശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുമായിരുന്നു.വ്യക്തിപരമായ മാനസിക പ്രയാസങ്ങള്‍ സ്വന്തം ഉമ്മയോടെന്നപോലെ അവരോട് പങ്കുവെക്കാനാകുമായിരുന്നു. അപ്പോഴെക്കെ അവരില്‍ നിന്നും ലഭിച്ചിരുന്ന സമാശ്വാസങ്ങള്‍ ഏറെ ഉപകാരപ്പെടുന്നതും വിലപ്പെട്ടതുമായിരുന്നു.
ഒരിക്കല്‍ തൃശൂരില്‍ ഒരു ഡോക്‌ടറെ കാണാന്‍ മകനുമായി പോയപ്പോള്‍ തികച്ചും അവിചാരിതമായി പ്രിയപ്പെട്ട ഹഫ്‌സത്തയെയും പ്രിയതമനെയും കണ്ടു.പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു.മറ്റൊരിക്കല്‍ പരസ്‌പരം കണ്ടുമുട്ടിയപ്പോള്‍ ഹഫ്‌സത്താടെ കത്ത് സൂക്ഷിക്കുന്ന വിവരവും ആവര്‍ത്തിച്ച് വായിക്കാറുള്ള കാര്യവും അറിയിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞിരുന്നു.എന്നിട്ട് അവരുടെ മകളോടായി അഭിമാനത്തോടെ പങ്കുവെക്കുന്നുണ്ടായിരുന്നു.ഒപ്പം ഇനി ഒരു കത്ത് കൂടെ എഴുതി കൊടുത്തയക്കാമെന്ന വാഗ്‌ദാനവും.പുതിയ കത്തിന്റെ പ്രതീക്ഷയിലാണൊ എന്നറിയില്ല ആദ്യത്തെ കത്ത് നഷ്‌ടപ്പെട്ടു.കനപ്പെട്ട നിധി നഷ്‌ടപ്പെട്ട പോലെ അതീവ ദുഃഖിതയാണ്.
ഹഫ്‌സത്ത പഠിപ്പിച്ചു തന്ന ജീവിതത്തിലെ ദൈനം ദിന പ്രാര്‍ഥനകള്‍ പലതും പതിവാക്കുമ്പോളൊക്കെ പ്രിയപ്പെട്ട ഹഫ്‌സത്താനെ ഓര്‍മ വരും.അറിവ് പകര്‍ന്നു കൊടുക്കുക എന്നതിനോടൊപ്പം സാന്ത്വന സേവന കര്‍മങ്ങളിലും അത്യധ്വാനം ചെയ്‌തിരുന്നു.ഏറ്റവും ഒടുവില്‍ ഒരു പെണ്‍കുട്ടിയുടെ കല്യാണവുമായി ബന്ധപ്പെട്ട മെസ്സേജ് എനിക്കും വന്നിരുന്നു.
വീട്ടുകാര്യങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ഓര്‍മപ്പെടുത്തുന്ന ഹഫ്‌സത്ത ഇന്ന് നമ്മോടൊപ്പമില്ലല്ലൊ എന്ന സങ്കടം വാക്കുകളില്‍ ഒതുങ്ങുകയില്ല.ഉമ്മയുടെ മക്കളുടെ ഇണതുണകളുടെ ഒക്കെ പരിപാലനങ്ങളുടെ പ്രാധാന്യം അവര്‍ ഓര്‍മിപ്പിക്കുകായിരുന്നു.
വായനയും അതിന്റെ പ്രാധാന്യവും ഖുര്‍ആന്‍ പഠനവും അതുമായി ബന്ധപ്പെട്ട ഇതര വിജ്ഞാനങ്ങളും പഠിക്കാനും പകര്‍ത്താനുമുള്ള ഹഫ്‌സത്തയുടെ വസ്വിയത്ത് പ്രാര്‍ഥനാ പൂര്‍വം എപ്പോഴും ഓര്‍ത്തിരിക്കുന്നു.
ഉമ്മയെപ്പോലെയുള്ള ഉമ്മയെ കുറിച്ചുള്ള ഓര്‍മകളുടെ കണ്ണിര്‍ മഴയത്ത് പ്രാര്‍ഥനയോടെ
ആഷിഫ ഷാഫി





