എന്റെ ഓർമ്മയിലെ നിലാവ്
മിസ്‌രിയ - പെരുമ്പിലാവ്
ان مع العصر يسرا എന്ന ആപ്തവാക്യത്തെ ജീവിതം കൊണ്ട് മാതൃകയായി ജീവിച്ചു കാണിച്ചു തന്ന ഹഫ്‌സത്തയെ അല്ലാഹു സ്വാബിരിങ്ങൾക്കുള്ള പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.
1991- ൽ ജോലി സംബന്ധമായി പാടൂരിൽ എത്തിയ എന്നെ സ്വന്തം അനുജത്തിയെ പോലെ ചേർത്തുപിടിച്ച ഒരേ ഒരു സഹോദരിയാണ് ഹഫ്‌സത്ത.
ഇടുക്കി ജില്ലയിൽ നിന്ന് വന്ന എനിക്ക് അന്നവിടെ ആരും പരിചയക്കാരില്ലായിരുന്നു. അറിയപ്പെടാത്ത ഒരു നാട്ടിൽ വന്ന് ഞാനെങ്ങനെ ജോലി ചെയ്യും. എവിടെ കഴിഞ്ഞു കൂടും. എന്ന ആവലാതി ആയിരുന്നു എനിക്ക്. എന്ന് വെച്ച് ചെറുതാണെങ്കിലും കിട്ടിയ ഒരു ജോലി കളയുന്നതെങ്ങിനെ. പ്രയാസപ്പെട്ടു ദൂരെന്ന് ബാപ്പാനേം കൂട്ടി വന്നതാണല്ലോ. അങ്ങിനെ എന്റെ ആശങ്ക മനസ്സിലാക്കിയ ഹഫ്‌സത്ത അവരുടെ വീട്ടിൽ ഒരു അംഗത്തെ പോലെ എന്നെ താമസിപ്പിക്കുകയാണുണ്ടായത്.ഹഫ്‌സത്തയും ഞാൻ ജോലി ചെയ്യുന്ന നഴ്സറി സ്കൂളിലെ അധ്യാപികമാരായിരുന്നു. ഞാൻ ആരാന്നെന്ന് പോലും ചോദിക്കാതെ എന്റെ ഒരു വിലാസവും അറിയാതെ എന്നെ ചേർത്ത് പിടിച്ച ഹഫ്‌സത്ത എനിക്കും എന്റെ മാതാപിതാക്കൾക്കും എന്തൊരു ആശ്വാസമാണ് നൽകിയതെന്നു വിവരിക്കാനാവില്ല. ഹഫ്‌സത്തയുമായുള്ള ആ കുറഞ്ഞ കാലത്തെ കൂട്ട് ജീവിതം ഒരു ജേഷ്ഠസഹോദരിയുടെ സ്നേഹം എന്താണെന്ന് എനിക്ക് കാണിച്ചു തന്നു.ആ ബന്ധം എൻ്റെ വിവാഹം കഴിഞ്ഞിട്ടും മക്കൾ വളർന്നു വലുതായിട്ടും ഇന്നോളം തുടർന്നു പോന്നത് ഇത്തയുടെ അഗാധമായ ആ ആത്മബന്ധം ഒന്നു കൊണ്ട് മാത്രമാണ്.
ഏതൊരു പ്രയാസത്തിലും എനിക്ക് താങ്ങും തണ ലുമായിരുന്നു എനിക്കെൻ്റെ ഹഫ്‌സത്ത.എന്ത് പ്രതിസന്ധിയുണ്ടായാലും അതിലെല്ലാം തളരാതിരിക്കുന്ന ഒരു സുന്ദരമായ മനസ്സിൻ്റെ ഉടമയായിരുന്നു ഇത്ത. മാത്രവുമല്ല നമ്മുടെ ഏതു പ്രശ്നത്തിനും ഇത്തയുടെ കയ്യിൽ ആശ്വാസത്തിൻ്റെതായ വാക്കുകളും, ഒപ്പം പ്രാർത്ഥനയും ഉണ്ടായിരുന്നു. ഇനി ആ കൈകൾ നമുക്ക് വേണ്ടി ഉയരാനില്ല. എന്നതാണ് ഇപ്പോൾ എന്നെ തളർത്തുന്നതും എനിക്ക് സഹിക്കാൻ കഴിയാത്തതും.....
ഇത്തയുടെ ജീവിതത്തിൽ നിന്നാണ് ക്ഷമ എന്താണെന്ന് ഞാൻ പഠിച്ചത്.ജീവകാരുണ്യ പ്രവർത്തനത്തിലും ഞാൻ കണ്ട മാതൃക എൻ്റെ വിവാഹസമയത്ത് ഇത്ത എനിക്ക് വേണ്ടി ഓടി നടന്ന ചിത്രമാണ് എൻ്റെ ഓർമയിൽ വരുന്നത്.ആദർശബന്ധം / സുഹൃദ്ബന്ധം എന്നതല്ലാതെ ഞങ്ങൾ തമ്മിൽ മറ്റു മുലകുടിബന്ധം പോലും ഇല്ലാത്ത എനിക്ക് വേണ്ടി ആ കാലത്ത് കുറെ ഏറെ ത്യാഗം സഹിച്ചവരാണവർ.എനിക്കെന്നപോലെ എന്റെ മാതാപിതാക്കൾക്കും ഹഫ്‌സത്ത പ്രിയപെട്ടവളായിരുന്നു. അവർ പല വട്ടവും ഹഫ്‌സത്തടെ വിരുന്ന് കാരായിട്ടുണ്ട്.അത് പോലെ ഹഫ്‌സത്തയും കുടുംബവും പല വട്ടവും ഞങ്ങളുടെ വീട്ടിലും അതിഥികളായിരുന്നു.ഇങ്ങിനെയുള്ള ഊഷ്മള ബന്ധം തുടങ്ങാനും നിലനിന്നു പോവാനും നിമിത്തമായത് ഹഫ്‌സത്താടെ വ്യക്തിത്വം ഒന്ന് കൊണ്ട് മാത്രമാണ്.
ഒരാളുടെ ആയുഷ് കാലയളവിൽ ചെയ്തു തീർക്കേണ്ടതിനേക്കാൾ കൂടുതൽ കർമങ്ങൾ ചെയ്തു അല്ലാഹുവിൻ്റെ തൃപതി മാത്രം കാംക്ഷിച്ച ഹഫ്‌സത്താക്ക് എല്ലാകർമങ്ങളും സ്വീകരിച്ച് അർഹമായ പ്രതിഫലം ജന്നാത്തുൽ ഫിർദൗസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. യാ റബ്ബൽ ആലമീൻ. ഇത്തയോടൊപ്പം ഇത്തയുടെ കുടുംബത്തേയും നമ്മളേയും അല്ലാഹു സ്വർഗ പുന്തോപ്പിൽ ഒരു മിച്ചു കൂട്ടുമാറാകട്ടെ.
പ്രാത്ഥനയോടെ,
മിസ്‌രിയ - പെരുമ്പിലാവ്





