സ്‌നേഹ നിധിയായ ഉമ്മ
ഷബീര്‍ ബഷീര്‍
ഉമ്മയെ കുറിച്ചുള്ള സ്‌മരണികയിലേക്ക് എന്തെങ്കിലും എഴുതണം എന്ന് ആവശ്യപ്പെട്ടത് സെബി ആയിരുന്നു.അവളുടെയോ കൂട്ടത്തിലുള്ള മറ്റാരുടെയങ്കിലുമോ അത്രയൊന്നും എഴുത്തിൽ മികവില്ല എന്ന ബോധ്യം ഉള്ളതിനാൽ അതിനുള്ള ധൈര്യം വന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം യാസിർ കൂടി ആവശ്യപ്പെട്ടപ്പോൾ എഴുതിനോക്കാം എന്ന് കരുതി.
------------------
ഷബീര്‍ ബഷീര്‍ (സബീഹയുടെ പ്രിയതമന്‍)
എന്റെ ഉമ്മാ;എന്റെ സെബിയെ ഉദരത്തിൽ ചുമന്ന എന്റെ ഉമ്മ;എന്നെ എന്നും "ഷബീർമോനെ"എന്ന് മാത്രം വിളിക്കാറുള്ള ഉമ്മ;സ്‌നേഹാര്‍ദ്രമായി അങ്ങനെ വിളിക്കുന്ന ഏക വ്യക്തിയെ കുറിച്ച് ഞാൻ എവിടെ നിന്ന് തുടങ്ങും?
നാട്ടിൽ എത്തും മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും ആദ്യമായി നേരിൽ എന്നെ കാണാൻ തളിക്കുളം വീട്ടിൽ വന്ന ദിവസം; അന്നോളം ഞാൻ ആരിലും കാണാത്ത ആത്മവിശ്വാസത്തോടെ "മോൻ ധൈര്യമായിരുന്നോ എന്റെ മകളായത് കൊണ്ടല്ല അവൾ നല്ല കുട്ടിയാണ്" അല്‍പം കണ്ണീരിന്റെ നനവിൽ പുഞ്ചിരിച്ച് എന്നോട് പറഞ്ഞു തന്ന നിമിഷത്തിൽ നിന്നോ..?
അതോ "ഉമ്മാ പോയി മോനെ" എന്ന് എന്റെ വാപ്പ ടലഫോണിലൂടെ അറിയിച്ച നിമിഷത്തിലെ ശൂന്യതയിൽ നിന്നോ ...?
വാപ്പയുടെ ടലഫോണ്‍ കോൾ നൽകിയ ഞെട്ടലിനു ശേഷം എനിക്ക് തോന്നിയ വികാരം എന്തു കൊണ്ടോ ഒരര്‍ഥത്തില്‍ അല്ലാഹുവിനോട് കടുത്ത പരിഭവമായിരുന്നു.കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ പ്രാര്ഥിച്ചിരുന്നത് "എനിക്ക് നേരിട്ട് അറിയുന്നതും അല്ലാത്തതും ആയ നിരവധി അർഹരായ മനുഷ്യരിലേക്ക് സഹായത്തിന്റെ താങ്ങും തണലും വെളിച്ചവുമായി നിന്നിരുന്ന ആ വിളക്ക് നീ കെടുത്തി കളയല്ലേ അള്ളാഹ്"എന്നായിരുന്നു.
എന്റെ പരിഭവങ്ങളൊക്കെ ഉള്ളിലൊതുക്കി തലേന്ന് രാത്രി വരെ ശക്തമായ പനി കാരണം ബാത്‌റൂമിൽ തലകറങ്ങി വീണ് കിടന്ന് പോയ സെബിയുടെ ഉമ്മയുടെ ദീർഘായുസ്സിനായുള്ള ദുആക്ക് ആമീൻ പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോള്‍ ഞാനും അറിയാതെ ഇവളുടെ പ്രാർത്ഥന കേട്ട് അള്ളാഹു ഉമ്മയെ തിരികെ തരും എന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.
പലപ്പോഴും ഉമ്മാ എനിക്ക് ഒരു അവസാന ആശ്രയമായിരുന്നു.എന്റെ എല്ലാ വഴികളും അടയുമ്പോള്‍ ഏതു പൂട്ടും തുറക്കാൻ കഴിയുന്ന പ്രാർത്ഥന പഠിപ്പിക്കുന്ന എന്റെ അവസാനത്തെ താക്കോലാണ് ഈ പൊന്നുമ്മ.
ഒരിക്കല്‍ യുഎയിലെ മരുഭൂമി കാണാൻ പോയി,യാത്രയില്‍ പാസ്പോര്ട്ട് നഷ്ടപ്പെട്ടിരുന്നു,അതാകട്ടെ പെട്ടെന്ന് പുതുക്കാൻ പോലും എളുപ്പമല്ലാത്ത പ്രത്യേക സാഹചര്യത്തിലുമായിരുന്നു.ഈ പ്രതിസന്ധിയുടെ തിരിച്ചറിവിൽ ഏറെ അസ്വസ്ഥനായി നട്ടുച്ചക്ക് റൂമിൽ തിരിച്ചെത്തി പൊട്ടിക്കരഞ്ഞ ശേഷം വെറുതെ ഒരു നിമിഷം ഉമ്മയുടെ മെസ്സേജ് ശ്രദ്ദയില്‍ പെട്ടു.നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കാനുള്ള പ്രാർത്ഥനയായിരുന്നു അത്.തല്‍ക്ഷണം തന്നെ പ്രാര്‍ഥന ഹൃദിസ്ഥമാക്കി.ഒരു തവണ ചൊല്ലിക്കഴിഞ്ഞ് ഒരു മിനിറ്റു പോലും തികയും മുമ്പ് എന്റെ നഷ്‌ടപ്പെട്ട പാസ്പോര്ട്ട് മരുഭൂമിയിൽ നിന്ന് വീണു കിട്ടിയെന്ന് പറഞ്ഞു ഒരു പോലീസുകാരന്റെ ഫോണ്‍വിളി വന്നത്.ഇതു പോലെയുള്ള അനുഭവങ്ങൾ ജീവിത മുഹൂര്‍ത്തങ്ങള്‍ പലതും ഓര്‍ത്തെടുക്കാനാകും.
രാവിലെ എന്റെ മെസ്സേജ് കേട്ട് തുടങ്ങുന്ന ദിവസം ഏറ്റവും നന്നാവാറുണ്ടെന്ന് സ്നേഹത്തോടെ എന്നോട് പറയാറുള്ള ഉമ്മാ,രാഷ്ട്രീയമായുള്ള ഞങ്ങളുടെ അഭിപ്രായ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന സംവാദങ്ങളിൽ ഒരിക്കൽ പോലും ഒരു ദാക്ഷിണ്യവും കാണിക്കാതെ എന്റെ എല്ലാ വാദങ്ങൾക്കുമുള്ള ശക്തമായ മറുപടി നൽകി തന്റെ ബോധ്യങ്ങളും അറിവുകളും സ്നേഹവാത്സല്യങ്ങൾക്ക് മുമ്പിൽ പോലും അടിയറ വെക്കരുതെന്ന ധീരമായ നിലപാടായിരുന്നു സ്‌നേഹനിധിയായ ഉമ്മയുടേത്.
ഇത്തവണ ആശുപത്രി ഐസിയുവില്‍ നിന്ന് വന്ന ദിവസം കിടന്ന് കൊണ്ട് "നാളെ ഖുർആൻ എക്സാം ഉണ്ട് പ്രാർത്ഥിക്കണം"എന്ന് എന്നോട് പറഞ്ഞപ്പോൾ; മൂന്നു ദിവസങ്ങൾക്കകം വടിയും കുത്തി എണീറ്റു നടന്നപ്പോൾ;അതിനടുത്ത ദിവസം ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി തൃശൂർ ഭാരത് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ; അവസാനം വിടപറയുന്നതിന് ഒരു ദിവസം മുമ്പ് യാസിറിനോട് "ഷാഹിദത്താടെ കാര്യം തിരിച്ച് വന്ന ശേഷം നോക്കാം"എന്നൊക്കെ പറയുമ്പോൾ എല്ലാം ഇത്ര മാത്രം ആത്മവിശ്വാസവും ധൈര്യവും ആ കുഞ്ഞു ശരീരത്തിൽ എവിടെ നിന്നാണ് വരുന്നതെന്ന് ആശ്ചര്യപ്പെടാറുണ്ട്.
യാത്ര പറഞ്ഞു യുഎഎയിലേക്ക് വരുമ്പോള്‍ ഉമ്മ പുഞ്ചിരിയോടെ പറഞ്ഞത് "ഇത്തവണ വയ്യാത്തത് കൊണ്ടാണ് അടുത്ത തവണ ഈ ക്ഷീണം ഞാൻ തീർക്കും"എന്നായിരുന്നു,ഉമ്മാ;ഉമ്മയെന്ന പ്രാർത്ഥന മാത്രം മതി എനിക്ക്, എന്ന് അപ്പോൾ വെറും വാക്ക് പറഞ്ഞതായിരുന്നില്ല.
കണ്ണീർ തടയാൻ കഴിയാത്തത് കൊണ്ട് നിർത്തുന്നു.ഉമ്മയെന്ന വിളക്കിൽ നിന്ന് സ്‌നേഹ സമാശ്വാസത്തിന്റെ സാന്ത്വനത്തിന്റെ സഹായത്തിന്റെ വെളിച്ചം ലഭിച്ചിരുന്ന നിരവധിപേർക്ക് ആ തൂവെളിച്ചം ഇനിയുള്ള നാളുകളിൽ പകര്‍ന്നു നല്‍കാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയണേ... എന്ന പ്രാർത്ഥനയോടെ കണ്ണീരോടെ...
ഷബീര്‍ ബഷീര്‍





