ഫിർദൗസിനെ കൊതിച്ചവൾ
മില്ലത്ത് ഇഖ്ബാൽ
2004 സെപ്റ്റംബറിൽ ആണ് ഞാൻ വിവാഹം കഴിഞ്ഞ് പാടൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വിരുന്ന് സൽക്കാരത്തിനായി ഞങ്ങളെ ക്ഷണിക്കുകയും വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കി ഞങ്ങളെ സൽക്കരിച്ചു. അന്നാണ് ആദ്യമായി ഞാൻ ഹഫ്‌സത്തയെ കാണുന്നത്. എത്ര സ്നേഹത്തോടെയായിരുന്നു ആ ഭക്ഷണം ഞങ്ങൾക്ക് വിളമ്പിത്തന്നത്. നിറഞ്ഞ പുഞ്ചിരിയും സ്നേഹം തുളുമ്പുന്ന സംസാരവും ആ ചേർത്തു പിടിക്കലും ഇന്നലെകൾ എന്നപോലെ ഞാൻ ഓർക്കുന്നു.
2009 ലാണ് പാടൂർ സെൻ്ററിൽ ഞങ്ങൾ സ്ഥിരതാമസം ആക്കുന്നത് .ഒരു ദിവസം അപ്രതീക്ഷിതമായി ഒരു അടുക്കുപാത്രത്തിൽ മട്ടൻ കറി, മീൻകറി, പത്തിരി ഉൾപ്പെടെ കുറെ ഭക്ഷണവുമായി അബ്ദുറഹിമാൻക്ക വീട്ടിലേക്ക് വന്നു. ഞാൻ എൻ്റെ മോളെ എട്ടാം മാസം ഗർഭിണി ആയതിനാൽ എനിക്ക് അത് വളരെ ആശ്വാസമായിരുന്നു.
2015,16 ...കാലയളവിൽ ഒരു രണ്ടര വർഷത്തോളം ഹഫ്‌സത്തയോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. ആ നാളുകളിലെ സുന്ദരമായ ഓർമ്മകൾ ഞാനിവിടെ കുറിക്കട്ടെ.പാടൂർ കാരക്കോസ് ഭാഗത്ത് ഹഫ്‌സത്തയുടെ ആഗ്രഹപ്രകാരം ഒരു ഹൽഖയും കൂടി രൂപീകരിച്ചു. ഞാൻ, സുൽഫത്ത്,സഫ്ന റഹിയ,നസീറ,ഹസീന ഷംഷാദ്,ബുഷ്റ തുടങ്ങിയവരാണ് ആ ഹൽഖയിൽ ഉണ്ടായിരുന്നത്.
ഞാനും ഹഫ്‌സത്തയും മാറിമാറി ക്ലാസ് എടുക്കുമായിരുന്നു. എന്നെ നാസിമത്ത് സ്ഥാനം ഏൽപ്പിച്ചിരുന്നു എങ്കിലും ക്ലാസ് എടുക്കൽ മാത്രമായിരുന്നു എൻ്റെ ഉത്തരവാദിത്വം.എന്നാൽ ഒരു ഹൽഖയുടെ കീഴിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും അതിനുള്ള ഫണ്ടുകൾ ശേഖരിച്ചിരുന്നതും ഹഫ്‌സത്തയാണ്. ഞങ്ങളുടെ ഹൽഖാപരിധിയിൽ വന്നിരുന്ന വൃദ്ധർ,അനാഥകൾ,അഗതികൾ, വിധവകൾ അവർക്കെല്ലാം സഹായ സേവനങ്ങൾ നൽകുകയും അവരെ ഹൽഖയിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു. കുന്നേറകായിൽ, തൊയക്കാവ്, കാരാക്കോസ് എന്നീ സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഖുർആൻ പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. സാധാരണ സ്ത്രീകളുടെ ഹൃദയത്തിൽ ഖുർആനിന്റെ വെളിച്ചം എത്തിക്കാനുള്ള വ്യഗ്രത അസാധാരണ കഴിവ് തന്നെയായിരുന്നു. പാടൂരിൽ ആരെങ്കിലും എന്നെ അറിയുമെങ്കിൽ അല്ലെങ്കിൽ എനിക്ക് ആരെയെങ്കിലും അറിയാമെങ്കിൽ അത് ഇത്തയുമായുള്ള പ്രവർത്തനത്തിൽ നിന്നും സൗഹൃദത്തിൽ നിന്നും മാത്രം കിട്ടിയതാണ്. ജനമനസ്സുകളെ സൗഹൃദത്തിലൂടെ കീഴടക്കാനുള്ള ഹഫ്‌സത്തയുടെ കഴിവ് അസാധാരണമാണ്.
വിജ്ഞാനത്തിന്റെ ഒരു ഖനി തന്നെയായിരുന്നല്ലോ ഹഫ്‌സത്താ നിങ്ങൾ. ഇത്ത വായിക്കാത്ത ഐ.പി.എച്ച് ഇസ്ലാമിക സാഹിത്യങ്ങൾ ഉണ്ടോ ? പ്രബോധനം, ആരാമം, പത്രമാധ്യമങ്ങൾ എല്ലാത്തിന്റെയും മുടങ്ങാതെയുള്ള വായന ഇത്തക്ക് നിർബന്ധമായിരുന്നു.പ്രാദേശിക, രാഷ്ട്രീയ അന്താരാഷ്ട്രവുമായ എല്ലാ വിവരങ്ങളും ഹഫ്‌സത്താക്ക് അപ്ഡേറ്റ് ആയിരുന്നു. ഇത്തയുടെ അടുത്ത് ഇരുന്ന് സംസാരിക്കാൻ നല്ല വിവരം വേണമായിരുന്നു. കാരണം സ്ത്രീകളുടെ അടുക്കള വർത്തമാനത്തേക്കാൾ ഇത്തക്ക് താല്പര്യം പ്രസ്ഥാനിക, രാഷ്ട്ര അന്താരാഷ്ട്ര വിഷയങ്ങൾ ആയിരുന്നു.
എല്ലാവരും എന്റെ മക്കളാണ് ഞാൻ പ്രസവിക്കാത്ത എൻ്റെ മക്കൾ എന്നാണ് ഇത്ത പറയാറുള്ളത്. ഇത്തയെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും തോന്നും തങ്ങളോടാണ് കൂടുതൽ ഇഷ്ടം എന്ന്. അവരുടെ വേദന ഇത്തയുടെ വേദന ആയിരുന്നു. അങ്ങനെ വേദനിച്ചിരിക്കാൻ മാത്രമായിരുന്നില്ല തന്നാൽ കഴിയും വിധം അത് പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ എത്രയെത്ര ആളുകളുടെ പ്രയാസങ്ങളാണ് ഇത്താ നിങ്ങൾ പരിഹരിച്ചു കൊടുത്തിട്ടുള്ളത് .എത്ര മനസ്സുകളുടെ വേദനയാണ് നിങ്ങൾ മുഖേന നീങ്ങിയത്. എത്ര വയറുകളെയാണ് നിങ്ങൾ ഊട്ടിയത്.
ലോക മുസ്ലിംകളുടെ വേദന ഇത്തയുടെ വേദന ആയിരുന്നു. പ്രത്യേകിച്ച് ഫലസ്തീൻ (ഗസ്സ) കുഞ്ഞുങ്ങളുടെ വേദന. ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിൽ ഇത്തയുടെ നിലപാട് വളരെ കടുത്തതായിരുന്നു. ഖുർആൻ ക്ലാസ് കഴിഞ്ഞുള്ള ഇത്തയുടെ പ്രാർത്ഥനയിൽ ഇസ്ലാമിന്റെ ശത്രുക്കളെ നീ നശിപ്പിക്കണേ എന്ന് പ്രത്യേകം ഉൾപ്പെടുത്തുമായിരുന്നു.
എത്ര എത്ര നല്ല മാതൃകകളാണ് ഇത്താ നിങ്ങൾ ഇവിടെ ബാക്കിയാക്കിയത്. ഇഹലോക വിരക്തി,പരലോകാസക്തി, ഇഖ്‌ലാസ് (നിഷ്കളങ്കത) ഇതെല്ലാം ഇത്തയുടെ സവിശേഷ സ്വഭാവമായിരുന്നു. ഇത്തയുടെ അടുത്തെത്താൻ ഞങ്ങൾ ഇനി എത്ര ദൂരം സഞ്ചരിച്ചാൽ മതിയാകും. മരണക്കിടക്കയിലും മരിച്ചുകിടക്കുമ്പോഴും ഇത്തയുടെ സഹായം ആവശ്യക്കാർക്ക് എത്തിക്കൊണ്ടേയിരുന്നു. ആർക്കാണ് ഇത് സാധ്യമാവുക? മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സ്വന്തത്തിന് നേരിട്ട പരീക്ഷണങ്ങളെ മറികടന്ന് ജീവിതാനന്ദം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നോ നമ്മുടെ ഹഫ്‌സത്ത?
ഹഫ്‌സത്ത മരിച്ചു കിടക്കുമ്പോൾ സഫിയത്ത സുനിത എന്ന സ്ത്രീക്ക് കുറച്ചു പണം കൈമാറുന്നതിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു.ആശുപത്രിയിലേക്ക് പോകുമ്പോൾ തരാനായി എത്തിച്ചതാണ് എന്ന് പറയുകയും ചെയ്തു. അവർക്ക് കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അതുല്യയായ ഒരു വ്യക്തിക്ക് അല്ലാതെ ഇത് ആർക്കാണ് സാധ്യമാവുക? സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ സമർത്ഥയായിരുന്നു. ഖുർആൻ പഠിപ്പിക്കാനും പരീക്ഷകൾ നടത്താനും ആണ് കൂടുതലായും ഉപയോഗിച്ചത്. ബാത്റൂമിൽ വീണ് റസ്റ്റിലായ സമയത്ത് ഞാനും സബിതയും (ജേഷ്ഠന്റെ ഭാര്യ)കാണാൻ പോയി. എണീറ്റ് ഇരിക്കാൻ കഴിയാതെ കിടന്നുകൊണ്ട് ഖുർആൻ പഠന ക്ലാസ് നിയന്ത്രിക്കുന്ന ഇത്തയെയാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ഇത്തയുടെ കയ്യിൽ നിന്നും എന്തെങ്കിലും കിട്ടാത്തവർ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഹദിയ കൊടുക്കുന്ന കാര്യത്തിൽ ഉള്ളവർ എന്നോ ഇല്ലാത്തവർ എന്നോ നോക്കാറില്ല. ഫിർദൗസിനെ കൊതിച്ചവളാണ് എൻ്റെ ഹഫ്‌സത്ത,സൽകർമ്മങ്ങൾ ചെയ്ത്, നാഥന് തൃപ്തിപ്പെട്ടവളായി ഫിർദൗസ് കരസ്ഥമാക്കാൻ ഓരോ ദിവസവും ഇത്ത മത്സരിക്കുകയായിരുന്നു.
ഞാൻ സമ്പൂർണ്ണമായി അവളിൽ തൃപ്തനാണ് എന്ന് നല്ല പാതി വിളിച്ചു പറഞ്ഞുവെങ്കിൽ ഫിർദൗസ് തന്നെയാണ് നാഥൻ ഹഫ്‌സത്തക്ക് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സ്വാർത്ഥമായ ഈ ലോകത്ത് നിസ്വാർത്ഥമായി ദീനീ സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താൻ എൻ്റെ ഹഫ്‌സത്തയെ പ്രേരിപ്പിച്ചത് പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസവും റസൂൽ (സ) യോടുള്ള അടങ്ങാത്ത സ്നേഹവും ഫിർദൗസ് പുൽകാനുള്ള വ്യഗ്രതയുമാണ്.
ഹഫ്‌സത്ത ഇടയ്ക്കിടെ പറയുമായിരുന്നു സച്ചരിതരായ ഖുലഫാഉ റാഷിദുകളെയും ഉമ്മഹാത്തുൽ മുഅ്മിനീൻ (പ്രവാചകപത്നിമാർ )മറ്റു സ്വഹാബികൾ ഇവരെയെല്ലാം സ്വർഗ്ഗത്തിൽ കണ്ടുമുട്ടണ്ടേ!അവരോടൊപ്പം നമുക്ക് ഇരിക്കണ്ടേ! ചുളുവിൽ സ്വർഗ്ഗത്തിൽ പോകാം എന്ന് ആരും കരുതണ്ട എന്നെല്ലാം....
ഇത്തയുടെ അവസാന ദിനങ്ങളിൽ ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല എന്ന വേദന ഞാൻ പങ്കുവെക്കുന്നു. രണ്ടു പ്രാവശ്യം ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല ചിലപ്പോൾ നല്ലതിനായിരിക്കാം എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടുതൽ നന്മകൾ ചെയ്ത് അടുക്കാൻ ആയിരിക്കാം ആ ഖേദം എന്നിൽ അവശേഷിക്കുന്നത്.
അഞ്ചു നേരം നമസ്കരിച്ച്, ഖുർആൻ പാരായണം ചെയ്ത്, നോമ്പെടുത്ത് ഇസ്ലാമിലെ ആരാധനാകർമങ്ങൾ എല്ലാം അനുഷ്ഠിച്ച് ഞാൻ മുസ്ലിമാണ് എന്ന് പറയാൻ വളരെ എളുപ്പമാണ്. എന്നാൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് താൻ പഠിച്ചതും വായിച്ചതുമായ അറിവുകൾ പകർന്നു നൽകി അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ട് അവരുടെ വേദനയെ സ്വന്തം വേദനയായി കണ്ടു തന്നാൽ കഴിയും വിധം സ്വന്തമായി പരിഹരിച്ചും അതിന് കഴിഞ്ഞില്ലെങ്കിൽ തൻ്റെ പരിചയത്തിലുള്ള വ്യക്തികളുമായി നിരന്തരമായി ബന്ധപ്പെട്ട് അവരുടെ സഹായത്തിലൂടെ ആയിരക്കണക്കിന് പ്രശ്നങ്ങൾ ഹഫ്‌സത്തക്ക് പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അസാമാന്യമായ ഈമാനിന്റെ കരുത്തും നല്ല പാതിയുടെ ശക്തമായ പിന്തുണയും കൊണ്ട് മാത്രമാണ്. എന്തെങ്കിലും സേവനങ്ങൾ ചെയ്തു അത് സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിച്ചു താൻ പോരിമ നടിക്കുന്ന ഈ കാലത്ത് ഹഫ്‌സത്തയെ പോലെയുള്ളവരുടെ പ്രസക്തി വാക്കുകൾക്ക് അതീതമാണ്.
സ്ത്രീയുടെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് തന്റേതായ ഒരു ഇടം കെട്ടിപ്പടുത്ത് റസൂൽ(സ) സാക്ഷിയായതുപോലെ ജനങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചു എങ്കിൽ ഇരുലോകവിജയം വരിച്ചവരിൽ മുൻനിരയിൽ തന്നെ ഞങ്ങളുടെ ഹഫ്‌സത്ത ഉണ്ട് എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് .അത് അങ്ങനെ തന്നെ ആവണേ നാഥാ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എൻ്റെ വാക്കുകൾക്ക് വിരാമം കുറിക്കുന്നു
മില്ലത്ത് ഇഖ്ബാൽ





