വിനയത്തിന്റെ പര്യായം
ഹിബ മഞ്ഞിയില്‍
മനസ്സിൽ മായാത്ത, മറയാത്ത ഓർമകളുമായി എന്നും എപ്പോഴും ഒരു നൊമ്പരമാണ് പാടൂരിന്റെ ഹഫ്‌സത്ത എന്നറിയപ്പെടുന്ന ഞങ്ങളുടെ മൂത്തുമ്മായുടെ വേർപാട്.തനിക്ക് ചുറ്റുമുള്ളവരോട് ആത്മാര്‍ഥമായ സ്നേഹവും സൗഹാര്‍ദ്ദവും പരിഗണനയും ത്യാഗസന്നദ്ധതയും അലിഞ്ഞു ചേര്‍ന്നത് തന്നെയായിരുന്നു അവരുടെ വ്യക്തിത്വം.
എളിമയാര്‍ന്ന ശബ്‌ദത്തില്‍, തെളിമയാര്‍ന്ന വാക്കുകള്‍ കൊണ്ട് ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള കഴിവ് അവര്‍ക്കുണ്ടായിരുന്നു.ശബ്ദ ഗരിമ കൊണ്ടല്ല എന്നാല്‍ അപരന്റെ മനസ്സ് തൊടുന്ന മണിമുഴക്കമുള്ള സ്വര മാധുരി അവരുടെ സവിശേഷതയായിരുന്നു.
ശബ്‌ദ ഗാംഭീര്യം കൊണ്ടുള്ള വാഗ്‌ധോരണിയെക്കാള്‍ അവരുടെ സാരോപദേശങ്ങള്‍, തന്നെ കേള്‍ക്കുന്നവരിലേക്ക് സംവേദനം ചെയ്യാനുള്ള മാന്ത്രികത മൂത്തുമ്മയെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തയാക്കിയിരുന്നു.
പരിഭവങ്ങൾ ഒട്ടും ഇല്ലാതെ പ്രവർത്തന നിരതയായിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.അല്ലാഹുവില്‍ എല്ലാം ഭരമേല്‍പിച്ച് പടച്ചവന്റെ പടപ്പുകള്‍ക്ക് വേണ്ടി സാധ്യമാകുന്നത്ര നന്മയുടെ മാര്‍ഗത്തില്‍ ഓടിക്കിതച്ച, പരാതികളൊന്നുമില്ലാതെ രാപകലെന്ന വ്യത്യാസമില്ലാതെ അധ്വാനിച്ച സുകൃതവതിയാണ് മൂത്തുമ്മ.
ഒരു പ്രദേശത്തിന്റെ വിളക്കും വെളിച്ചവുമായിരുന്നു അവര്‍.പൂനിലാവ് പോലെ ജീവിതത്തെ ശാന്ത സുന്ദരമാക്കിയ പ്രതിഭാസമാണ് മൂത്തുമ്മ.
പ്രാര്‍ഥനയോടെ...
ഹിബ മഞ്ഞിയില്‍





