മറക്കാനാകാത്ത മഹതി
ഫാറൂക്ക് കാട്ടെപറമ്പിൽ
ഹഫ്‌സത്തയെ കുറിച്ചുള്ള സ്മരണിക തയ്യാറാക്കുന്ന വിവരം അറിഞ്ഞു. ഇങ്ങിനെ ഒരു ആദരവ് അവർക്ക് നൽകുന്നതിൽ ഏറെ സന്തോഷം നൽകുന്നു.
പ്രായം കൊണ്ട് വലിയ വ്യത്യാസം ഇല്ലെങ്കിലും,മോനെ ഫാറൂക്കെ ,ഞാൻ ഹഫ്‌സതയാണ് എന്ന് പറഞ്ഞുള്ള സംബോധന രീതിയാണ് ഫോൺ ചെയ്യുമ്പോഴും,വാട്സ്ആപ് ശബ്ദ സന്ദേശത്തിലൂടെയായാലും തുടങ്ങാറ്.
അപ്രതീക്ഷിതമായ വേർപാടാണ് ഹഫ്‌സത്താടേത്.നാമെല്ലാവരും മരണത്തെ മുന്നിൽ കാണുന്നവരാണ്.ഏതു നിമിഷവും വന്നുചേരാവുന്നത്. എങ്കിലും ചില മരണങ്ങൾ ഏതു ഹൃദയത്തിനും താങ്ങാൻ പറ്റാത്ത വിധം വേദനയുണ്ടാക്കുന്നതാണ്.അത്തരത്തിലുള്ള ഒരു മരണവാർത്തയായിരുന്നു ഹഫ്‌സത്താടേത്.നടുക്കത്തോടെയാണ് ആ വാർത്ത ശ്രവിച്ചത്.
വീട്ടിൽ സുഖമില്ലാതെ കിടക്കുമ്പോൾ ഞാനും,എന്റെ പാതിയും കൂടി ഇത്താനെ സന്ദർശിച്ച സന്ദർഭം ഞാൻ ഓർത്തുപോകുന്നു.ബഡ്‌ഡിൽ നിന്നും എഴുനേൽക്കാൻ കഴിയുന്നില്ല ഫാറൂക്കെ,എന്ന് പറഞ്ഞുകൊണ്ടാണ്
സംസാരിച്ചു തുടങ്ങിയത് തന്നെ.
ഔപചാരികതയൊന്നുമില്ലാതെ ആദ്യം തന്നെ ,ഞാൻ ആ കുട്ടിയുടെ കാര്യം പറഞ്ഞതെന്തായി ? മറന്നോ?എന്ന ചോദ്യത്തോടെയായിരുന്നു. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമായിരുന്നു അത്.ഇന്ഷാ അല്ലാഹ് ഒരു വർഷത്തെ ഫീസ്,അല്ലെങ്കില്‍ സാമ്പ്ത്തിക സഹായം.ഞങ്ങൾ (DPWC) ഏറ്റെടുത്തോളാമെന്ന ഉറപ്പ് കൊടുത്ത ശേഷം മാത്രമാണ് മറ്റ് കുശലാന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചത്.താൻ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനുള്ള അവരുടെ സേവനതല്പരത വളരെയേറെ മതിപ്പോടെയല്ലാതെ നമുക്ക് കാണാൻ കഴിയുകയില്ല.
ദുബായ് കേന്ദ്രമായി UAE യിൽ പ്രവർത്തിക്കുന്ന ദുബായ് പാടൂർ വെൽഫയർ കമ്മിറ്റി (DPWC) എന്ന സംഘടനക്ക് ഞങ്ങളുടെ നാട്ടിലെ സേവനപ്രവർത്തനങ്ങൾക്ക് ,ഞങ്ങളുടെ ശ്രദ്ധയിൽ പെടാത്ത അർഹരെ കണ്ടുപിടിക്കാൻ,ചൂണ്ടികാണിച്ചുതരാൻ സഹായികളായ വിശ്വാസയോഗ്യരായ മഹതികളിൽ പ്രഥമ സ്ഥാനീയയായി രുന്നു ആദരണീയയായ ഹഫ്‌സത്ത.
എഴുത്തുകാരനും, പ്രഭാഷണത്തിലും, സോഷ്യൽമാധ്യമ കുറിപ്പുകളിലും, തന്റെ തനതായ നർമ്മാവിഷ്ക്കാര സിദ്ധികൊണ്ട് പ്രശസ്തനായ കേലാണ്ടത്ത് അബ്ദുൽ റഹ്‌മാൻക്കാടെ പ്രിയതമയായിവന്ന ഹഫ്‌സത്ത പാടൂരിലെ ആബാലവൃദ്ധം ജനങ്ങളുമായി ഇടപെടുകയും, അവരുടെയൊക്കെ സ്നേഹവും, ആദരവും, ഏറ്റു വാങ്ങിയ പാടൂരിന്റെ മണവാട്ടിയും, സ്ത്രീരത്നവുമാണവർ.
അവരുടെ സഹോദരൻ അബ്ദുല്ലസാഹിബ് (اللهم اغفر له ) കേരള ഹജ്ജ് ഗ്രൂപ്പിന്റെ അമീറായ വർഷം ഈയുള്ളവനും, കുടുംബത്തിനും,ഉമ്മാക്കും,അനുജൻ അബ്ദുസ്സലാമിനും ഒരുമിച്ച് ഹജ്ജിന് പോകാൻ കഴിഞ്ഞ സന്ദർഭം ഞാൻ ഓർക്കുന്നു..ആത്മീയവിശുദ്ധിയുടെ നേരനുഭവമായിരുന്നു അദ്ദേഹം.
വേദനയെല്ലാം ഉള്ളിലൊതുക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ ഏത് വിഷമങ്ങളിലും, വേദനകളിലും,ദുഖങ്ങളിലും,പങ്കുചേർന്നുകൊണ്ട് ആ വ്യക്തിയുടെ അല്ലെങ്കിൽ ആ കുടുംബത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരോഗ്യമുള്ള സമയത്ത് ഓടിനടക്കുന്ന ഹഫ്‌സത്ത എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. എളിമയുടെയും,സ്നേഹത്തിന്റെയും,ലാളിത്യത്തിന്റെയും നിറകുടമായിരുന്ന അവർ ആരോഗ്യം പരിഗണിക്കാതെ ശയ്യാവലമ്പിയായിട്ടുപോലും, കർമ്മനിരതയായിരുന്നു എന്നത് ഏറെ അത്ഭുതവും, അതിലേറെ അസൂയയും, ജനിപ്പിക്കുന്നതായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ വനിതാവിഭാഗം പ്രവർത്തകയായും പാടൂരിലെ ഹല്‍ഖാ നാസിമത്തായും, സംഘടയുടെ വിവിധ തലങ്ങളിലെ പദവികൾ ലാഭേച്ഛയില്ലാത്ത പ്രവർത്തനപ്പെരുമകൊണ്ട് വിരുദ്ധചേരിയിലുള്ളവര്‍ പോലും അവരെ ഏറെ ബഹുമാനത്തോടെയാണ് നോക്കികണ്ടിരുന്നത്.എല്ലാ ബന്ധങ്ങളെയും കണ്ണിചേർത്ത് കൊണ്ടുപോകാനുള്ള അവരുടെ കഴിവും,മികവും ഏറെ ശ്രദ്ധേയമാണ്.
മത-സാമൂഹിക- സംസാരിക മേഖലയിലെ അവരുടെ പ്രവർത്തനങ്ങളും,സേവനങ്ങളും ശ്ലാഘനീയവും,പ്രശംസനീയവുമാണ്.
പാടൂരിന്റെ മുക്കുമൂലകളിലും വ്യക്തികളിലും,കുടുംബങ്ങളിലും സ്വഭാവ മഹിമകൊണ്ടും, മാനവമൂല്യങ്ങളെ മുറുകെപിടിച്ചു കൊണ്ടുള്ള അവരുടെ സേവനസന്നദ്ധതകൊണ്ടും എല്ലാ വിഭാഗം മനസ്സുകളിലും സ്ഥിരപ്രതിഷ്ഠ നേടിയവരാണവർ.പടൂരിൽ ജന്മം കൊണ്ടവർക്കുപോലും കഴിയില്ല ഇങ്ങിനെ ഒരു സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാനും, അത് മരണം വരെ കാത്തു സൂക്ഷിക്കാനും. അതിന്റെ നേർകാഴ്‌ചയായിരുന്നു മരണാനന്തരം,
നാടിന്റെ നാനാഭാഗത്തു നിന്നും,മറ്റു പ്രദേശങ്ങളിൽ നിന്നും ഇടതടവില്ലാതെ അവരുടെ ഭൗതികശരീരം ഒന്ന് കാണാനും,കുടുംബത്തെ ആശ്വസിപ്പിക്കാനുമായി സഞ്ചാരതടസ്സങ്ങൾ ഏറെ ഉണ്ടായിട്ടും
ആ ഭവനത്തിലേക്കുള്ള ജനപ്രവാഹം.
ഇത്തയെ പറ്റി ഓർക്കുമ്പോൾ എന്റെ ഉമ്മയേയും,സഹോദരി മൈമൂനയേയും,ഓർക്കാതെ തരമില്ല.ഉമ്മാക്ക് ഏറെ പ്രിയങ്കരിയായിരുന്നു ഹഫ്‌സത്ത. അതുപോലെ എന്റെ പ്രിയതമക്കും അടുപ്പമുള്ള വ്യക്തിത്വമായിരുന്നു അവർ.റമളാൻ മാസത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തികൊണ്ട് നൽകുന്ന സംഖ്യയിൽ നിന്ന് പ്രസ്ഥാനത്തിനും, വിവിധ സ്ഥാപനങ്ങൾക്കും,എല്ലാം ഉള്ളത് പോലെ വീതിച്ചുകൊടുത്തിട്ടുള്ള
റസീതി കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായ അവരുടെ പ്രവത്തന മികവ് നമുക്ക് ബോധ്യമാവും.അള്ളാഹു അവരുടെ പരലോകം സമാധാനപൂരിതമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് ഹഫ്‌സത്താടെ ഓർമ്മകളോടൊപ്പം അവർ നമുക്കും സമൂഹത്തിനും സമ്മാനിച്ച പ്രവർത്തന പാതയിലൂടെ,താഴെ തട്ടിലുള്ള ആർക്കെങ്കിലും എന്തെങ്കിലും കർമ്മ പരിപാടിക്ക് അവർ തുടക്കം കുറിച്ചതുണ്ടെങ്കിൽ അത് പൂർത്തീകരിക്കാൻ നമുക്കൊത്തുചേർന്ന് പ്രവർത്തിക്കാം, നമുക്കൊന്നിച്ചണിചേരാം. നാഥൻ അനുഗ്രഹിക്കട്ടെ .ഓർക്കുമ്പോൾ കുറിക്കാൻ ഒരുപാടുണ്ട്.തൽക്കാലം വിട.
അള്ളാഹു അവരുടെ എല്ലാ സൽകർമ്മങ്ങളും സ്വീകരിക്കട്ടെ,എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ,അവരെയും നാളെ നമ്മെയും ,നമ്മിൽ നിന്ന് വേർപിരിഞ്ഞാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ .ആമീൻ,ആമീൻ യാ റബ്ബൽ ആലമീൻ.
ഫാറൂക്ക് കാട്ടെപറമ്പിൽ,
പ്രസിഡന്റ് : ദുബായ് പാടൂർ വെൽഫയർ കമ്മിറ്റി.(DPWC)





