അല്ലാഹുവുമായുള്ള കരാർ പാലിച്ച സഹോദരി
കെ.അബ്‌ദുല്‍ വാഹിദ് - പാടൂർ
40 കൊല്ലങ്ങൾക്ക് മുമ്പ് സഹോദരൻ കേലാണ്ടണ്ടത്ത് അബ്‌ദുറഹിമാന്റെ മണവാട്ടിയായി എത്തിയ സഹോദരി ഹഫ്‌സത്തിന് ജനിച്ചു വളർന്ന അനുഭവങ്ങളുമായി മുഴുവൻ ചേർന്നിണങ്ങുന്നതായിരുന്നില്ല പാടൂരിലെ അന്നത്തെ അന്തരീക്ഷം. എങ്കിലും പരിചയപെടുന്നവരും അയൽവാസികളുമായുള്ള ഊഷ്മള സ്നേഹ സൗഹൃദ ബന്ധങ്ങൾ ഉപയോഗിച്ച് വനിതകൾക്കിടയിൽ ഖുർആൻ പഠന ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവരുമായുള്ള ഇട പഴകലിലൂടെ സഹോദരി നേടി പ്രാവർത്തികമാക്കി.
റമദാനിൽ വീടുകളിൽ വനിതകൾക്കായി തറാവിഹ്‌നമസ്കാരം നടത്തുന്ന കാര്യത്തിലും ശ്രദ്ധിച്ചു.ഏറിയാട് ബനാത്ത് മദറസയിലെ ഖുർആൻ പഠനവും സ്വന്തം പിതാവിന്റെ മാതൃകാപരമായ ഇസ്ലാമിക ജീവിതവും കണ്ടു വളർന്ന സഹോദരിക്ക് അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന്നവരുടെ ശാരീരികാരോഗ്യമാേ , സ്വകാര്യ ദു:ഖങ്ങളൊന്നും തടസ്സമായില്ല. പ്രിയതമയുടെ നിശ്ചയദാർഢ്യന്ന് സർവ പിന്തുണയും പ്രോത്സാഹനവുമായി അബ്‌ദുറഹിമാനും കൂടെ നിന്നു.
2-3 സ്കൂളുകളിൽ ടീച്ചറായി ജോലി ചെയ്തതുവഴി വിദ്യാർത്ഥികളും രക്ഷിതാക്കളുമായുളള ബന്ധങ്ങൾ നിലനിർത്തിയതിലൂടെ പാടൂരിലും പരിസര പ്രദേശത്തും വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നു. ഇസ്ലാമിക സന്ദേശങ്ങൾ പകർന്നു നൽകുന്നതിന്നായി ഈ ബന്ധങ്ങളെല്ലാം സമർത്ഥമായി ഉപയോഗിച്ചു.
പാടൂരിലെ ഏതാനും സഹോദരികളെ സംഘടിപ്പിച്ച് 1998 ൽ ജമാഅത്തെ ഇസ്ലാമി ഘടകം രൂപീകരിച്ച് നേതൃത്വം നൽകി.1992 മുതൽ നിലവിലുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി പാടൂർ പുരുഷ ഘടകത്തിന് ഊർജ്ജവും പ്രോത്സാഹനവും പിന്തുണയുമായി വിപുലമായ ദീനീ പ്രഭാഷണ സദസ്സുകൾ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചിരുന്നു.
സഹോദരികളുമായി വീടുകൾ കയറിയിറങ്ങി ഇസ്ലാമിക സന്ദേശങ്ങൾ കൈമാറുക മാത്രമല്ല അവരുടെ ക്ഷേമാന്വേഷണത്തിലും ശ്രദ്ധിച്ചു. അർഹരായവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സ്വന്തം നിലക്കും മറ്റുള്ളവരെ പ്രചോദിപ്പിച്ചും എത്തിച്ചു കൊടുക്കുന്നതിൽ സ്വകര്യത സൂക്ഷിച്ചു.
മറ്റുള്ളവരുടെ അവശ്യങ്ങൾക്കായി സുമനസ്സുകളെ വിളിക്കുകയോ പറയുകയോ ചെയ്താൽ എന്തിനെന്ന് ചോദിക്കുകയോ ആലോചിക്കുകയോ ചെയ്യേണ്ടതില്ലാത്ത വിധം വിശ്വാസം നേടിയിരുന്നു.അത്തരം സ്വാതത്ര്യം സഹോദരിക്ക് അവരിലുമുണ്ടായിരുന്നു.സ്വന്തം സ്വകര്യ ദു:ഖങ്ങളും ദുർബലമായ ശാരീരികാരോഗ്യത്തിലും ക്ഷമയും തവക്കലുമർപിച്ച് മറ്റുള്ളവരുടെ ദു:ഖങ്ങൾ സ്വന്തം ദു:ഖമായി കണ്ട് അതു് പരിഹരിക്കുന്നതിൽ സന്തോഷിക്കുന്ന സുഹോദരിയുടെ സഹായങ്ങൾക്ക് ജാതിമത ഭേദമുണ്ടായിരുന്നില്ല.
കുടുംബിനി എന്ന നിലയിലും പൊതുപ്രവർത്തകയെന്ന നിലയിലും തിരക്ക് പിടിച്ച ജീവിതത്തിന്നിടയിലും പ്രകൃതി സ്നേഹിയും കൂടിയായിരുന്നു. വീടിന്ന് ചുറ്റും പലവിധ പച്ചക്കറികളും കായ്കനികളും വെച്ച്പിടിപ്പിച്ച് വിളവെടുക്കുമ്പോൾ സുഹൃദ് വലയത്തിലുള്ളവർക്ക് എത്തിച്ചിരിക്കും.
1999 ൽ മസ്‌ജിദുറഹ്‌മ നിലവിൽ വന്നതിന് ശേഷം അതിന്റെ ദൈനംദിനപുരോഗതിയിൽ സജീവ ശ്രദ്ധവെച്ചിരുന്നു.പള്ളിയുടെ കാര്യത്തിലും വരുമാന മാർഗത്തെ കുറിച്ചും മറ്റുമായി ഈ കുറിപ്പുകാരനുമായി ചർച്ച ചെയ്യുമായിരുന്നു.പലരുമായും ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് പള്ളിക്ക് വേണ്ടി വരിസംഖ്യയും സംഭാവനയും വാങ്ങിയിരുന്നു.
സഹോദരിയുടെ വേർപാടിന്ന് കുറച്ചു ദിവസം മുമ്പ് രോഗശയ്യയിലായിരിക്കെ തന്റെ സുഹൃത്തുക്കളെ ഫോണിലുടെ ബന്ധപ്പെട്ട 4 പേരിൽ നിന്ന് സംഭാവന വാങ്ങി അയച്ചു തന്നത് വേദനയോടെ ഓർക്കുന്നു.
പ്രവർത്തന മേഖല തന്നിലൊതുക്കാതെ സഹപ്രവർത്തകർക്ക് വേണ്ട പരിശീലനവും അറിവും പകർന്ന് കൊടുത്ത് അതിന്നവരെ പ്രാപ്തരാക്കി പരേതയുടെ ദൗത്യം ഭാഗികമായെങ്കിലും കൂട്ടുകാരികൾ നടത്തുന്നത് കണ്ട് തൃപ്തിയടയാനുള്ള ഭാഗ്യവും പരേതക്കുണ്ടായി. അൽഹംദുലില്ലാഹ്...
അവർ ചെയ്ത സൽകർമവും അവരുടെ പാത പിന്തുടർന്ന് പിൻതലമുറ ചെയ്യുന്ന സൽകർമങ്ങളിലൂടെയെല്ലാം അവരുടെ ഖബറിടം പ്രകാശ പൂരിതമാക്കി നാളെ ജന്നാത്തുൽ ഫിർദൗസിൽ നമുക്കെല്ലാം ഒത്തുചേരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ .
കെ.അബ്‌ദുല്‍ വാഹിദ് - പാടൂർ





