ഓർമകൾക്ക് മരണമില്ലാതെ...
നഹ്‌ല സുഹൈല്‍
ഈയടുത്ത് നമ്മളിൽ നിന്ന് വിട്ടുപിരിഞ്ഞുപോയ പ്രിയ സഹോദരി ഹഫ്‌സത്തയെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന ഉദ്ദേശത്തോടെയാണ് എഴുതാൻ ഇരിക്കുന്നത്....
ഞാൻ ആഗ്രഹിക്കുന്നത് എന്റെ വിരൽത്തുമ്പിൽ എത്തുമോ എന്നറിയില്ല... എന്നിരുന്നാലും പരമാവധി ശ്രമിക്കും..
ഒരുപാട് കാലത്തെ പരിചയമൊന്നുമില്ല ഹഫ്സത്തെയുമായിട്ട്.. എന്നിരുന്നാലും ഞാൻ ഈ നാട്ടിലേക്ക് കല്യാണം കഴിഞ്ഞു വന്നത് മുതൽ, പ്രത്യേകിച്ച് പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ സ്ഥിരമാക്കിയത് മുതൽ...
ഒന്നുകൂടി അടിവരയിട്ട് പറയുകയാണെങ്കിൽ പ്രസ്ഥാന മാർഗത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു കൊണ്ടാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്. ഏതൊരു പരിപാടി സംഘടിപ്പിക്കുമ്പോഴും അതിന്റെ സംഘാടകർ എന്ന നിലയിൽ ഏറ്റവും ആദ്യം ആ പരിപാടിയിലേക്ക് സംഭാവന കൊണ്ടും ആളുകളെ അറിയിക്കുന്ന കാര്യത്തിലും എന്നുവേണ്ട എല്ലാ മേഖലകളിലും സാന്നിധ്യം ഒരു പടി മുന്നിലായിരുന്നു. തന്റെ അസുഖത്തിന്റെ അവശതകൾ മറന്നുകൊണ്ട് എങ്ങനെയാണ് ഹഫ്‌സത്താക്ക് ഇങ്ങനെയൊക്കെ സാധിക്കുന്നു എന്ന് പലപ്പോഴും ഞങ്ങൾ സഹചാരികൾ പരസ്പരം തമ്മിൽ പറയാറുണ്ട്. പ്രത്യേകിച്ചും ഖുർആൻ വാർഷിക പരീക്ഷ നടക്കുന്ന സമയത്ത് എന്തെന്നില്ലാത്ത ആവേശമാണ് ഹഫ്സത്താക്ക്.. അതിലേക്ക് ആളുകളെ എത്തിക്കുവാൻ ഒരു വർഷം മുന്നേ തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കും.. ഓരോരുത്തരെയും വ്യക്തിപരമായി ഉണർത്തിക്കൊണ്ടും മോഡൽ ക്വസ്റ്റ്യൻ ഇട്ടുകൊടുത്തു കൊണ്ടും ഖുർആൻ പഠനത്തിന്റെ പ്രാധാന്യം പറഞ്ഞുതന്നു കൊണ്ടും എപ്പോഴും നിറഞ്ഞു നിന്നിരുന്നു ഞങ്ങളുടെ വാട്‌സാപ്പുകളില്‍ ഹഫ്‌സത്ത..
വ്യക്തിപരമായി ഹഫ്‌സത്ത എല്ലാവരുമായും ഒരു പ്രത്യേക ബന്ധം സൂക്ഷിച്ചു പോന്നിരുന്നു, അത് വിയോഗത്തിനു ശേഷമാണ് എല്ലാവരുമായും ഇതേ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്, കാരണം ഞങ്ങൾ ഓരോരുത്തരും കരുതിയിരുന്നത് ഹഫ്‌സത്താക്ക് എന്നോട് പ്രത്യേക താൽപര്യമുണ്ട് എന്നായിരുന്നു.. പക്ഷേ എല്ലാവരോടും ഒരു പ്രത്യേക അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. ഇങ്ങനെയൊക്കെ സാധിക്കുക ഹഫ്സത്താക്ക് മാത്രമാണ്..
ഇസ്ലാമിൽ മറ്റുള്ളവർക്ക് ഹദിയ അഥവാ സമ്മാനങ്ങൾ കൊടുക്കൽ ഏറെ പുണ്യകരമായ കാര്യമാണ്, ആ ഒരു നബിചര്യ ഏറ്റവും അധികം ജീവിതത്തിൽ പകർത്തിയിരുന്ന ഒരു വ്യക്തി കൂടിയാണ് പ്രിയ ഹഫ്‌സത്ത..
ഈ ഒരു പാടൂര് നാട്ടിൽ ഹഫ്സത്തയുടെ ഹദിയ കിട്ടാത്തവർ വിരളമായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും വീട്ടിൽ ഉള്ളതാവട്ടെ ഇല്ലാത്തതാവട്ടെ എന്തുതന്നെയായാലും അത് മാങ്ങയായിട്ടും ചക്കയായിട്ടും വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ ആയിട്ടും ഹഫ്സത്താടെ പ്രിയ മകൾ സെബി പറഞ്ഞപോലെ അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന വ്യത്യസ്തമായ വിഭവങ്ങൾ ആവട്ടെ, പൊടി കൈ മരുന്നുകൾ ആയിട്ടും എന്തും, തന്നാലാവും വിധം ഓരോരുത്തരിലേക്കും എത്തിച്ചു പോന്നിരുന്നു.
ഏതൊരു കാര്യവും ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന ഒരു നിശ്ചയദാർഢ്യം എടുത്തു പറയേണ്ട ഹഫ്‌സത്താടെ ഒരു സ്വഭാവമഹിമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് .
ഇനിയും എഴുതിയാൽ തീരാത്തത്ര അനുഭവങ്ങളും ഓർമ്മകളും ബാക്കി വെച്ചാണ് ഞങ്ങളുടെ പ്രിയ ഹഫ്‌സത്ത യാത്രയായത്.. തൽക്കാലം ഞാനീ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ്. അള്ളാഹു അവരുടെ കബറിടം വിശാലമാക്കിക്കൊടുത്തു ജന്നാത്തുൽ ഫിർദൗസിൽ ഏറ്റവും ഉന്നത പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ.. എന്ന് പ്രാർത്ഥനയോടെ.....
നഹ്‌ല സുഹൈല്‍





