എല്ലാ അർഥത്തിലും സാത്വികനായ ഒരു വ്യക്തിയായിരുന്നു ഉപ്പ. തൻ്റെ മക്കളെല്ലാം ഉയർന്ന ഭൗതികവിദ്യാഭ്യാസവും നല്ല ഗവർമെൻ്റ് ജോലിയും നേടി വാർധക്യകാലത്ത് മാതാ - പിതാക്കൾക്ക് ഉപകാരപ്പെടുംവിധം സമ്പന്നരായിത്തീരണമെന്ന് ഉപ്പ ഒരിക്കൽ പോലും ആഗ്രഹിച്ചില്ല! അദ്ദേഹം സ്വപ്നം കണ്ടത് മക്കൾ ഇസ്‌ലാമികപ്രസ്ഥാനത്തിന് പ്രയോജനപ്പെടുന്നവരും, അതുവഴി പരലോക വിജയം നേടുന്നവരുമായിത്തീരണം എന്നു മാത്രമായിരുന്നു. അതിനു തക്കതായ ഗാർഹികാന്തരീക്ഷവും, പ്രസ്ഥാനിക വിദ്യാഭ്യാസവും മക്കൾക്കെല്ലാം നൽകുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
വിശേഷിച്ചും പെൺമക്കളുടെ കാര്യത്തിൽ. അതിൽ പ്രഥമ ഗണനീയയായിരുന്നു ഉപ്പയുടെ രണ്ടാമത്തെ മകളായ ഹഫ്‌സ.
ബാല്യകാലത്തു തന്നെ ഉപ്പയുടെ സ്നേഹം താരതമ്യേന കൂടുതൽ അനുഭവിച്ചവളായിരുന്നു അവൾ. അതിനൊരു കാരണമുണ്ട്. ഉപ്പയുടെ എട്ടു മക്കളെക്കാളും ആരോഗ്യപരമായി അൽപം പിന്നിലായിരുന്നു അവൾ. ആജന്മ വൈകല്യം എന്നൊന്നും പറയാനാവില്ലെങ്കിലും, ശാരീരികമായ ഒരു ശേഷിക്കുറവ് അവൾക്കുണ്ടായിരുന്നു. മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്ഥയായി വളരെ വൈകിയാണ് അവൾ പിച്ചവെച്ചു തുടങ്ങിയത്. അഞ്ചുവയസ്സുവരെ മുട്ടിലിഴഞ്ഞും ഇരുന്നു നിരങ്ങിയുമാണ് അവൾ തൻ്റെ കാര്യങ്ങൾ നിർവഹിച്ചു പോന്നത്. വീട്ടിനകത്ത് അറയും അറയ്ക്കു താഴെ നിലവറയും മറ്റുമുണ്ടായിരുന്നതുകൊണ്ട് ഉമ്മയ്ക്ക് അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയും വന്നു. ഇഴഞ്ഞിഴഞ്ഞ് അവളെങ്ങാനും നിലവറയിൽ ചെന്നു വീണാലോ? പണ്ട് ഞങ്ങളുടെ വലിയമ്മായി നിലവറയിൽ വീണ് വെട്ടിയിട്ട തേങ്ങയുടെ കമ്പ് തുളഞ്ഞു കയറി ഒരു കണ്ണ് എന്നെന്നേക്കുമായി അടഞ്ഞുപോയതിൻ്റെ ഓർമ പങ്കുവെച്ചു കൊണ്ട് അപ്പോഴും വീട്ടിൽ തന്നെയുണ്ടായിരുന്നു.
വറുതിയുടെയും ദാരിദ്ര്യത്തിൻ്റെയും കാലമായിരുന്നല്ലോ? ഒരേക്കറോളും വരുന്ന പറമ്പിലെ കുറേ തെങ്ങുകളും, തൻ്റേതായ മദ്രസാ ജോലിയും, ഇടവേളകളിലെ കൈത്തൊഴിലും (ബീഡി തെറുപ്പ്), ഉമ്മയുടെ പായനെയ്ത്തും കൊണ്ട്, ഞങ്ങൾ എട്ടുമക്കളും, ഉപ്പയുടെ രണ്ടനിയന്മാരും രണ്ടു പെങ്ങന്മാരുമടങ്ങിയ വലിയൊരു കുടുംബത്തെ പട്ടിണിക്കിടാതെ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മാതാ - പിതാക്കൾക്കു ഒരു വിധം സാധിച്ചെങ്കിലും വയറു നിറയെ ആഹാരം കഴിച്ച ദിനങ്ങൾ അന്ന് വളരെ കുറവായിരുന്നു.
മദ്രസാധ്യാപനം കഴിഞ്ഞ് കണക്കെഴുത്തും മറ്റുമായി ഉപ്പ മിക്കവാറും പള്ളിയിൽ തന്നെയായിരിക്കും. അതും കഴിഞ്ഞ് ഊണു കഴിക്കാനായി വീട്ടിലെത്തുമ്പോൾ മിക്കവാറും രണ്ടു മണി കഴിയും. പന്ത്രണ്ടു പന്ത്രണ്ടരക്ക് ഉമ്മയെ അലട്ടി ഭക്ഷണം കഴിച്ച കുട്ടികളായ ഞങ്ങളിൽ അപ്പോഴേക്കും ജഠരാഗ്നി പുകയാൻ തുടങ്ങിയിരിക്കും. ഉപ്പ ഭക്ഷണം കഴിക്കുമ്പോൾ, അന്ന് ഭൂമിയിലുണ്ടായിരുന്ന ഞങ്ങൾ നാലുപേർ ചെന്ന് വാതിൽപ്പടിയിൽ കൊതിയോടെ കാത്തുനിൽക്കും. ഉപ്പയുടെ ഒരു പിടി ചോറിനാണ്. ഉള്ളതിൽ ഇളയവളായ ഹഫ്‌സയെയാണ് ആദ്യം വിളിക്കുക. എല്ലാവരുടെയും കഴിഞ്ഞാണ് ഏറ്റവും മുതിർന്നവനായ എൻ്റെ ഊഴം. അതുകൊണ്ടു തന്നെ അൽപം ലജ്ജയോടെയാണ് ഞാൻ ഉപ്പയെ സമീപിക്കുക. ഈ വർഷം സ്കൂളിൽ ചേരാനിരിക്കുന്ന എൻ്റെ ഈ സൗഭാഗ്യം കഴിയാൻ പോവുകയുമാണല്ലോ?
പിഞ്ഞാണത്തിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ ഹഫ്‌സയ്ക്ക ഒരു പിടികൂടി കൊടുക്കാനും ഉപ്പ മടിക്കാറില്ല. അതിനായുള്ള വിളിക്ക് കാതോർത്ത് അവളപ്പോഴും വാതിൽപ്പാളിയിൽ മറഞ്ഞു നിൽപുണ്ടാവും.
"ഇപ്പെണ്ണിൻ്റെ വിശപ്പ് ഒരാനയെ തിന്നാലും മാറില്ലേ" എന്ന് ശകാരിച്ചു കൊണ്ട് ഉമ്മയപ്പോൾ അവളെ എടുത്തു കൊണ്ട് അവിടന്ന് പോകും!
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും 21-ാം വയസ്സിൽ, തൃശൂർ ജില്ലയുടെ വടക്കേ അറ്റത്തെ ചാവക്കാട് താലൂക്കിൽ പെട്ട പാടൂർ എന്ന ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയക്കുമ്പോൾ അവൾ ഉത്സാഹവതിയായ ഒരു കുട്ടിയായിരുന്നു. കേലാണ്ടത്ത് അബ്ദുറഹ്മാൻ എന്ന പുതിയാപ്ല നല്ല മതബോധവും പ്രാസ്ഥാനിക കാഴ്ചപ്പാടുമുള്ള വ്യക്തിയായതിനാൽ അവൾക്കു തികച്ചും യോജിച്ച ഒരു ഭർത്താവായിരുന്നു.
വിവാഹം കഴിച്ചു ചെന്ന നാട്ടിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ഉതകും വിധം പ്രാസ്ഥാനിക ബോധമുള്ള അധികം യുവതികളെയൊന്നും ഞാൻ കണ്ടിട്ടില്ല. തിളങ്ങുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഗൃഹോപകരണങ്ങളിലും മാത്രം യുവത്വം പരിമിതപ്പെട്ടു പോകുന്ന അത്തരം യുവതികളിൽപെട്ടവളായിരുന്നില്ല ഇവൾ. ഉൽപതിഷ്ണുക്കളായ പണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ട് മൗലിദ് പാരായണവും മാമൂലുകളും മറ്റും വർഷങ്ങൾക്കു മുമ്പേ നാടു നീങ്ങിയ കൊടുങ്ങല്ലൂരിൽനിന്ന്, അതൊക്കെ ഇപ്പോഴും സജീവമായി നിലനിൽക്കുന്ന പാടൂർ പോലുള്ള ഒരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചയച്ച ഒരു പെൺകുട്ടി ആ സാമൂഹികാന്തരീക്ഷത്തിൽ പകച്ചു നിൽക്കുന്നതിനുപകരം തൻ്റെ സ്വതസ്സിദ്ധമായ ബഹിർമുഖത്വം കൊണ്ട് അയൽപക്കത്തുനിന്നും ബന്ധുക്കളിൽനിന്നും ആദർശസുഹൃത്തുക്കളെ കണ്ടെത്തി പുതിയൊരന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിൻ്റെ പൂർണപിന്തുണയും അവൾക്കുണ്ടായിരുന്നു.
ഹഫ്‌സയുടെ ജീവിതത്തിലെ ദുഃഖപർവം ആരംഭിക്കുന്നത് അവളുടെ ആദ്യത്തെ കൺമണി (മിഖ്ദാദ്) തൻ്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വിരുദ്ധമായി ശാരീരികവും
മാനസീകവുമായ വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയായി പിറക്കുന്നതോടെയാണ്. ഈ സന്ദർഭത്തിലും അവളുടെ ക്ഷമയും സഹനവും വിശ്വാസപരമായ ശക്തിയുമാണ് നമുക്ക് കാണാനാവുക. ദാമ്പത്യജീവിതത്തിൻ്റെ വസന്തകാലത്തു തന്നെ തങ്ങളെ നേരിട്ട ഈ ദുർവിധിയെ സമചിത്തതയോടെ നേരിടാൻ ആ മാതാപിതാക്കൾക്കു സാധിച്ചു.
സഹോദരന്‍
---------------






