ഞാനറിഞ്ഞ ഹഫ്‌സത്ത...
പി എം മുഹ്‌സിന്‍ മാസ്റ്റർ
പ്രിയ സുഹൃത്തിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു.എൻ്റെ ടലഫോണ്‍ കോളാണ് എന്നറിഞ്ഞാൽ തല്‍ക്ഷണം എടുക്കാറുള്ള അദ്ദേഹം എന്തുകൊണ്ടോ ഫോൺ എടുത്തില്ല.പലതും ചിന്തിച്ചു നിരാശയോടെ ഇരിക്കുമ്പോൾ അതാ അദ്ദേഹം എന്നെ തിരിച്ചു വിളിക്കുന്നു.
ഹാവൂ എന്തൊരാശ്വാസം.....
- മനസ്സ് മന്ത്രിച്ചു
'ഹഫ്‌സത്ത മരിച്ചതറിഞ്ഞില്ലേ?'
- അദ്ദേഹം ആരാഞ്ഞു.
'നമ്മുടെ ഹഫ്‌സത്തയോ?'
- എന്റെ മറു ചോദ്യം
'അതേ ....'
- സുഹൃത്ത് സ്ഥിരീകരിച്ചു.
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങളും ദുഃഖങ്ങൾക്ക് വഴി മാറി.തുടര്‍ന്ന് നിമിഷാര്‍ദ്ധത്തിലെന്ന പോലെ ജീവിതത്തിലെ ചില അനുഭവ സാക്ഷ്യങ്ങളിലേക്ക് ചിന്തകള്‍ ചിറകടിച്ചു പോയി....
ഒരു ജീവിതം ശിഥിലമാവാൻ ഏറെ സമയമൊന്നും വേണ്ട. പ്രത്യേകിച്ച് ദമ്പതികള്‍ തമ്മിൽ തെറ്റിയാൽ....
രണ്ട് ഭാഗത്തും ആളുകൾ ചേരും. അടുപ്പിക്കാനല്ല..... അടിപിടിയുടെ ഊഴവും കാത്തുകൊണ്ട്.അതാണ് ലോകം.
ഇങ്ങനെയുള്ള ദൗര്‍ഭാഗ്യകരമായ ബന്ധങ്ങളുടെ കഥകളും അതൊക്കെ സര്‍ഗാത്മകമായി പരിഹരിച്ച ധന്യ മുഹൂര്‍ത്തങ്ങളും വിശിഷ്യാ അതിലെ നിത്യ ഹരിത നായികയും മനസ്സില്‍ ഓടിയെത്തി..
പ്രിയപ്പെട്ട എന്റെ സുഹൃത്തിന്റെ ജീവിതത്തിന്റെ പാതയും പാളവും തകിടം മറിഞ്ഞു പോകുമായിരുന്ന ഘട്ടത്തില്‍,അവരുടെ കുടുംബ ബന്ധം വിളക്കിച്ചേർത്തത്തിൽ ഹഫ്‌സത്തയുടെ പങ്ക് മാതൃകാപരമായിരുന്നു. ഭാര്യയേയും മക്കളേയും എന്നെന്നേക്കുമായി നഷ്ടപ്പെടാതിരുന്നതിന് അവർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്.
ഒരിക്കൽ പരസ്പരം തെറ്റി നിൽക്കുന്ന ദമ്പതികളുടെ ഒരു മകൾ മരിക്കാൻ ഇടയായതിൽ ആ മാതൃഹൃദയം ഒരുപാട് വേദനിച്ചു. അവർക്ക് സഹായം എത്തിക്കുന്നതിൽ അവര്‍ നടത്തിയ പരിശ്രമം ശ്ലാഘനീയമായിരുന്നു.
എന്നോട് പലപ്പോഴും ആ തെറ്റിനിൽക്കുന്ന ഭർത്താവിനെ കണ്ടെത്താനും അയാളുമായി സംസാരിക്കാനും ഹഫ്‌സത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഇടക്കിടക്ക് വിളിച്ച് അദ്ദേഹത്തെ ഫോണിൽ കിട്ടിയോ എന്നന്വേഷിക്കും. അങ്ങനെ അയാളുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു വരുത്തുകയും മഹല്ല് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കി രമ്യതയിൽ ആ വിഷയത്തിൽ പരിഹാരം കണ്ടെത്താന്‍ ഹഫ്‌സത്താക്ക് സാധിക്കുകയുണ്ടായി.
ഭാര്യക്ക് ഭർത്താവിനേയും മക്കൾക്ക് ഉപ്പയേയും അങ്ങനെ തിരിച്ചു കിട്ടാൻ കാരണമായത് ഈ മഹതിയുടെ ഇടപെടലിലൂടെയുള്ള കർമ്മങ്ങളില്‍ ഒന്നു മാത്രമാണ്.
ഭർത്താവ് ആ സഹോദരിയെ വളരെ മാന്യമായി സ്വീകരിക്കുന്നത് വരെയും തുടർന്നുള്ള നാളുകളിൽ ആ വീട്ടുകാർക്കുള്ള മുഴുവൻ ചെലവുകൾ ഹഫ്‌സത്തയുടെ നേതൃത്വത്തിലുള്ള ഒരു ടീം വഹിച്ചു പോരുന്നത് വരെയും ഹഫ്‌സത്ത ആ ദമ്പതിമാർക്കൊപ്പമുണ്ടായിരുന്നു.ഒരു കുടുംബത്തിന്റെ ഈ പുനഃസമാഗമം ഇന്നും എൻ്റെ ഹൃദയത്തിൽ ഏറെ മതിപ്പുളവാക്കിയ മരിക്കാത്ത ഓർമയാണ്.
കൊടുങ്ങല്ലൂരിൽ നിന്നും വന്ന് പാടൂരിൻ്റെ മരുമകളായ ഒരു ചിത്രമല്ല ഹഫ്‌സത്തയെ കുറിച്ച് ഈ കുറിപ്പ് എഴുതുമ്പോൾ എനിക്ക് ഓർമ വരുന്നത്,മറിച്ചു പാടൂരിൻ്റെ സ്വന്തം മകളായിതന്നെ മാറിയ ചിത്രം മാത്രമാണ്.
ഞങ്ങൾ തമ്മിൽ ആദര്‍ശപരമായ ചർച്ചകളും കര്‍മശാസ്‌ത്രപരമായ സംവാദങ്ങളും രാഷ്ട്രീയമായ വാദപ്രതിവാദങ്ങളു മൊക്കെ പലഘട്ടങ്ങളിലും സന്ദർഭങ്ങളിലും നടക്കാറുണ്ട്.ഒര്‍മയില്‍ ഹരിതാഭമായി നില്‍ക്കുന്ന ക്രിയാത്മകമായ ബുദ്ധിപരമായ മാന്യമായ സൗഹൃദ സംഭാഷണങ്ങള്‍ മാത്രമായിരുന്നു തത്വത്തിൽ അവ. അനര്‍ഘനിമിഷങ്ങളായി മനസ്സില്‍ പതിഞ്ഞു നില്‍ക്കുന്നു ആ രംഗങ്ങളെല്ലാം.
ഹഫ്‌സത്തയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നതില്‍ പ്രധാനപ്പെട്ടത്, ഇണ തുണ ബന്ധങ്ങളെ ഇണക്കി ചേര്‍ക്കുന്നതിലെ നൈപുണ്യവും,സന്നദ്ധ സേവന പ്രവർത്തനങ്ങളിലെ കാര്യക്ഷമതയുമാണ്. ക്ഷമയും സഹനവും ത്യാഗ സന്നദ്ധതയും ഏറെ അനിവാര്യമായ പ്രസ്‌തുത വിഷയങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള സൗഭാഗ്യം കൊണ്ട് അനുഗ്രഹീതയായിരുന്നു പ്രിയപ്പെട്ട സഹോദരി.
ഹഫ്‌സത്തയുടെ മക്കളായ യാസിറും സബീഹയും എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കാലയളവിൽ രണ്ടുപേരെയും അവർക്ക് എത്തിപ്പെടാവുന്ന വേദികളിലൊക്കെ കൊണ്ടുപോവുകയും അര്‍ഹമായ പുരസ്‌കാരങ്ങളും ബഹുമതികളും അവർക്ക് നേടി കൊടുക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. അതിലെല്ലാം എന്റേതായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനും കൃതാർഥനുമാണ് ഞാൻ.അതിന്റെയെല്ലാം കൃതഞ്ജത ഹഫ്‌സത്തയുടെ സമീപനങ്ങളിൽ എനിക്ക് ദർശിക്കാനും കഴിഞ്ഞിട്ടുണ്ട്. ഹഫ്‌സത്തയുടെ ഭർത്താവ് അബ്‌ദുറഹ്‌മാന്‍ക്കയുമായി പണ്ടേയുള്ള ഹൃദ്യമായ ബന്ധമാണ് എന്റേത്.
നല്ല ഒരു എഴുത്തുകാരനും സരള പ്രിയനുമായ എൻ്റെ പ്രിയപ്പെട്ട കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍ക്ക ഞങ്ങളുടെ കുടുംബ സുഹൃത്താണ്.മിഖ്‌ദാദും,യാസിറും സബീഹയും, എല്ലാം അടങ്ങുന്ന ആ കുടുംബത്തിന് സ്നേഹനിധിയായ ഉമ്മയുടെ വേർപാടിൽ ക്ഷമിക്കാനുള്ള കരുത്ത് അല്ലാഹു പ്രധാനം ചെയ്യട്ടെ.
ഈ മാതൃകാ ദമ്പതികള്‍ കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിത്വങ്ങൾ ആണ് എന്ന് അടിവരയിടപ്പെടേണ്ട സംഗതിയാണ്.എൻ്റെ കുടുംബവുമായി ഏറെ സൗഹൃദ ബന്ധം പുലർത്തിയിരുന്ന ഹഫ്‌സത്ത, കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിൽ ഒരു വലിയ കണ്ണിയായിരുന്നു.കുടുംബങ്ങളിൽ ഇളകി നിൽക്കുന്ന കണ്ണികൾ കണ്ടെത്തി അവ വിളക്കിച്ചേർക്കുന്നതിൽ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ഒരാളായിരുന്നു എന്ന് നിസ്സംശയം അവരെ പറ്റി പറയാനാകും.
അവരുടെ വിയോഗത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തിന് ക്ഷമിക്കാനുള്ള സഹന ശേഷി അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.ഒപ്പം ഹഫ്‌സത്തയുടെ പരലോക ജീവിതം അല്ലഹു സ്വർഗ്ഗീയമാക്കി അനുഗ്രഹിക്കുമാറാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പി എം മുഹ്‌സിന്‍ മാസ്റ്റർ
പാടൂർ.





