ദൗത്യം നിർവ്വഹിച്ചു, ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു
ആർ പി സിദ്ധീഖ്
ഒരു സ്‌മരണിക രചിക്കുന്നത് ആരുടെ പേരിലാണോ അവരെ സമൂഹത്തിന് പരിചയപ്പെടുത്തുക, അവരുടെ ജീവിതമാതൃകകൾ വരുന്ന തലമുറകൾക്ക് പാഠമാക്കുക, ഒരു സന്ദേശമായി ജനമനസ്സുകളിൽ നിലനിൽക്കുക എന്നീ ഉദ്ദേശങ്ങളിലായിരിക്കുമല്ലൊ. ആനിലക്ക് എല്ലാവർക്കും മാതൃകയാവേണ്ട അഥവാ മാതൃകയാക്കേണ്ട ഒരു മഹാ വ്യക്തിത്വമായിരുന്നു ഈയിടെ പാടൂരിൽ നിന്ന് വിട പറഞ്ഞ സഹോദരി ഹഫ്‌സ.
കൊടുങ്ങല്ലൂർ മാടവന പ്രദേശത്തു നിന്ന് വർഷങ്ങൾക്കു മുമ്പ് ജനാബ് അബ്‌ദു റഹ്‌മാന്റെ മണവാട്ടിയായാണ് അവർ പാടൂരിൽ എത്തുന്നത്.അങ്ങിനെ അവർ പാടൂരിൻ്റ മരുമകളായി. മാത്രമല്ല പാടൂരിൻ്റെ മാനസപുത്രി കൂടിയായി.പാടൂരിനെ അവർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയായിരുന്നു. താൻ വളർന്നതും പഠിച്ചതും ഉൾക്കൊണ്ടതും എത് സംസ്കാരമായിരുന്നോ അതിലേക്ക് ആളുകളെ ക്ഷണിച്ചു, ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അഹോരാത്രം പണിയെടുത്തു.
വെയിൽ കൊണ്ടു, മഴ നനഞ്ഞു, മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണക്കാക്കി, ചുറ്റി നടന്നു, മുക്കു മൂലകൾ കയറിയിറങ്ങി, അവരെ സ്വാന്തനപ്പെടുത്തി. ഒന്നിനും ജാതിയും മതവും പ്രശ്നമല്ലായിരുന്നു. തന്നാൽ കഴിയുന്നത് ചെയ്യുക, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുക. അതിനായി ആത്മാർത്ഥമായി പ്രവർത്തിച്ചു.വനിതകളുടെ ഇടയിൽ ഒരു അനുയായി വൃന്ദം ഉണ്ടാക്കിയതിന് ശേഷമാണ് സംതൃപ്തിയോടെ അവർ വിട പറഞ്ഞിരിക്കുന്നത്.
ഈയുള്ളവൻ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്താണ് അവരുടെ വിവാഹം നടന്നത് .അബ്‌ദു റഹ്‌മാന്‍ സാഹിബ് എൻ്റെ കൂട്ടുകാരനാണ്.അയൽപക്കത്തായിരുന്നു താമസിച്ചിരുന്നത്.ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ വെളിച്ചം കിട്ടിക്കൊണ്ടിരിന്ന സമയവും കൂടിയായിരുന്നു അന്ന്. പരിചയപ്പെട്ട കാലം മുതൽ ആശയവിനിമയം നടത്താനും നാട്ടിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. പിന്നീട് അവർ താമസം അൽപം ദൂരത്തേക്ക് മാറ്റി. എന്നാലും ആ കുടുംവുമായുള്ള സൗഹൃദം തുടർന്നു.
2009 ൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ പ്രസ്ഥാന പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം കൈവന്നു.തന്മൂലം കുടുതൽ അറിയാനും അടുക്കാനും ഇട വന്നു.
അനുഭവങ്ങൾ ഒരുപാടുണ്ട് അതൊക്കെ കുറിച്ചിടുവാനുള്ള വിസ്തര ഭയത്താൽ തൽക്കാലം മുതിരുന്നില്ല.ഖുർആൻ പഠിക്കലും പഠിപ്പിക്കലും ഒരു തപസ്യയായി കണ്ട അവർ ക്ലാസുകൾ എടുത്തു കൊടുക്കാനായി ഗൃഹങ്ങളിൽ നിന്ന് ഗൃഹങ്ങളിലേക്ക് ഓടി നടന്നു.അവർ പഠിപ്പിച്ച നിത്യജീവിതത്തിൽ പാലിക്കേണ്ട പല പ്രാർത്ഥനകളും ഹൃദിസ്ഥമാക്കിയ പല സഹോദരിമാരും കണ്ണീരോടെ അതെല്ലാം ഓർത്തെടുക്കുന്നതായി മനസ്സിലാക്കുന്നു.
കൃഷിയിൽ തൽപരയായിരുന്ന അവർ വീട്ടുമുറ്റത്ത് അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും നട്ടുവളർത്തിയിരുന്നു. വിളവെടുപ്പ് സമയത്ത് എല്ലാവർക്കുമെന്ന പോലെ ഒരു പങ്ക് എൻ്റെ വീട്ടിലും പലപ്പോഴും എത്തിക്കാറുണ്ട്. വിത്തുകളും തൈകളും തന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. വിശേഷപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിയാൽ ഒരു വിഹിതം ഉറപ്പായും വിട്ടിൽ എത്തും.
സിദ്ധിക്കാ... എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.പ്രാസ്ഥാനികമായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ആദ്യം വിളിക്കുക ഈ യുള്ളവനെയായിരിക്കും. പരിപാടികൾക്കായുള്ള ദീർഘയാത്ര, ടൂർ, മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര എല്ലാത്തിലും ഹഫ്‌സത്തിൻ്റെ കയ്യൊപ്പുണ്ടായിരിക്കും. ഇസ്‌ലാമിക ചൈതന്യം ഉക്കൊള്ളുന്ന തരത്തിലായിരിക്കും യാത്രകൾ എല്ലാം. എന്തെങ്കിലും അപാകതകൾ കണ്ടാൽ തിരുത്താനും പറഞ്ഞു മനസ്സിലാക്കുവാനും ആർജ്ജവം കാണിക്കും. ഭക്ഷണം വിതരണം നടത്തുമ്പോൾ എല്ലാവർക്കം കിട്ടി തൃപ്‌തരായി എന്ന് മനസ്സിലാക്കിയിട്ടേ മഹതി ഭക്ഷണം കഴിക്കാറുള്ളൂ.
ഈ കുറിപ്പ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ്. ഒരു പാട് ഇനിയും പറയാനുണ്ട് എന്നിരുന്നാലും.ആരോഗ്യപരമായി കുറച്ചു നാളായി പല പ്രയാസങ്ങളും അനുഭവിച്ചു കൊണ്ടിരിക്കയായിരുന്നു. അതൊന്നും പലരെയും അറീച്ചിരുന്നില്ല.പലപ്പോഴും ആശുപത്രകളിൽ പ്രവേശിപ്പിക്കാറുണ്ട് പുറത്തു വരുമ്പോൾ വളരെ ഊർജ്ജ്സ്വലയായിട്ടാണ് തിരിച്ചു വരാറാണ് . പക്ഷെ അവസാനത്തെ ചേതനയറ്റുള്ള ആ വരവ് ഓർക്കാൻ പോലും ഞങ്ങൾക്ക് ആർക്കും കഴിയുന്നില്ല.
അങ്ങിനെ പാടൂരിൻ്റ മണ്ണിൽ നിന്ന് പടച്ച റബ്ബിൻ്റെ സന്നിധാനത്തിലേക്ക് യാത്രയായി. അവർ അവിടെ ആദരിക്കപ്പെടട്ടെ. നാഥൻ്റെ വിരുന്നിൽ പങ്കുകൊള്ളട്ടെ. അവൻ്റെ തൃപ്തിക്ക് അർഹയായി സുഖലോക സ്വർഗ്ഗത്തിൽ എത്തുമാറാകട്ടെ........
മരണ വിവരം അറിഞ്ഞതുമുതൽ വീടും പരിസരവും ജന നിബിഢമായിരുന്നു.ജനാസ നമസ്കാരത്തിനും നിരവധിയാളുകള്‍ എത്തിയിരുന്നു.തൻ്റെ പ്രവർത്തങ്ങൾക്കെല്ലാം താങ്ങും തണലുമായി നിന്ന സഹോദരന്‍ അബ്‌ദു റഹ്‌മാന്‍ സാഹിബിനും ഭിന്നശേഷിക്കാരനായ മിഖ്‌ദാദിനും ,യാസർ, സബീഹ കുടുംബത്തിനും പടച്ച റബ്ബ് സഹനവും ക്ഷമയും നൽകി അനുഗ്രഹിക്കുമാറാകട്ടെ.
സഹോദരിയോടൊപ്പം പടച്ച റബ്ബ് നാമെല്ലാവരെയും അവൻ്റെ ജന്നാതുൽ ഫിർദി സിൽ ഒരു മിച്ചുകൂട്ടുമാറാകട്ടെ. ആമീൻ....
അവരുടെ പ്രവർത്തനങ്ങൾ നമുക്കെല്ലാം പ്രചോദനമായി ഭവിക്കട്ടെ.
ആർ പി സിദ്ധീഖ്





