The paths of glory lead but to the grave...'

പകരം വെക്കാനില്ലാത്ത ബന്ധം

 പകരം വെക്കാനില്ലാത്ത ബന്ധം

 റഹിയ ലത്തീഫ്

എനിക്ക് 11 വയസ്സുള്ളപ്പോഴാണ് ഹഫ്‌‌സത്ത വിവാഹം കഴിഞ്ഞ് എൻ്റെ അയൽവാസിയായി എൻ്റെ ഉമ്മയുടെ തറവാടിന്റെ അടുത്ത് എത്തുന്നത്. അന്നുമുതൽ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു. ഇത്ത വന്ന് ആറുമാസത്തിനുശേഷം എൻ്റെ ഉമ്മ മരണപ്പെട്ടു. ഹഫ്‌സത്താക്ക് ഒരു പ്രത്യേക വാത്സല്യമായിരുന്നു ഞങ്ങൾ കുട്ടികളോട്.

എൻ്റെ വിവാഹം, ഹഫ്‌സത്തയുടെ വീട് മാറൽ, മറ്റുമായി കുറച്ചുകാലം ഞങ്ങൾ തമ്മിലെ ബന്ധത്തിന് വിടവുണ്ടായി. കഴിഞ്ഞ തുടർച്ചയായുള്ള എട്ടു വർഷമായി പ്രാസ്ഥാനിക പ്രവർത്തനവും മറ്റുമായി കൂടപ്പിറപ്പിനെക്കാളും അഗാധമായ ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. എൻ്റെ മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇസ്‌ലാഹിയാ കോളേജിൽ അഡ്മിഷൻ വാങ്ങിത്തരുകയും മൂന്നുവർഷത്തെ പഠനത്തിലും ഫീസ് അളവിലുമെല്ലാം ഇത്തയുടെ പങ്ക് മറക്കാൻ കഴിയില്ല. എൻ്റെ മകളുടെ വിവാഹം എൻ്റെ മകൻ ഷാഫിയുടെ ഉപരിപഠനം ഇതിലൊക്കെയുള്ള ഇത്തയുടെ സഹായം വിലമതിക്കാനാവാത്തതാണ്. ഇത്ത മുഖേനയാണ് എനിക്ക് നല്ല നല്ല ബന്ധങ്ങൾ ഉണ്ടായത്. സഫിയത്ത, ബായിത്ത,ശരീഫത്ത,റഷീദത്ത അങ്ങനെ ബന്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായി.  

എൻ്റെ ആരാധനാ കർമ്മങ്ങളിൽ നിഷ്ഠ പുലർത്താൻ കഴിഞ്ഞത് ഇത്തയുമായുള്ള സഹവാസത്തിലൂടെയാണ്. പ്രാർത്ഥന ബുക്കിൽ നിന്ന് കുറേ നിത്യജീവിതത്തിലെ പ്രാർത്ഥന പഠിക്കാൻ കഴിഞ്ഞു. പ്രഭാത പ്രദോഷങ്ങളിലെ പ്രാർത്ഥനയും, ഓരോ വിഷമഘട്ടത്തിലും പ്രത്യേകമായ ചില സൂറത്തുകൾ ഓതാൻ ഇത്ത പറയുമായിരുന്നു. അതെല്ലാം നല്ല ഫലവും ചെയ്തിട്ടുണ്ട്. ഹല്‍‌ഖയിൽ പഠിക്കാൻ പറഞ്ഞ എന്തെങ്കിലും പഠിച്ചില്ല എങ്കിൽ ഇത്ത വഴക്ക് പറയുമായിരുന്നു. ഒരു ഉമ്മ പറയുന്നതായി മാത്രമെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ . ഇത്തയുടെ നല്ല നല്ല ഉപദേശങ്ങൾ ഇന്നലെ എന്നപോലെ ഞാൻ ഓർക്കുന്നു. ഇത്തയുടെ സംസാരവും ആ ചേർത്തുനിർത്തലും എളുപ്പം മറക്കാൻ കഴിയുന്ന ഒന്നല്ല. എൻ്റെ ഉമ്മയും വല്ലിമ്മയും മരണപ്പെട്ടതിനുശേഷം എനിക്കുള്ള ഒരു കൈത്താങ്ങ് ആയിരുന്നു ഹഫ്‌സത്ത.  എൻ്റെ അനിയത്തിയുടെ  ആദ്യ വിവാഹമോചനത്തിന് ശേഷം  അവളെ ഞാൻ എൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവരം അറിഞ്ഞ ഹഫ്‌സത്ത അവളുടെ ഇദ്ദ ക്ക് ശേഷം പുതിയൊരു ബന്ധത്തിനു വേണ്ടി മുൻകൈയെടുക്കുകയും അത് വളരെ ഭംഗിയായി നടത്തുന്നതിൽ പരിശ്രമിക്കുകയും  ചെയ്തു. ഇന്നും എൻ്റെ അനിയത്തി വളരെ സന്തോഷത്തോടുകൂടി ആ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

 ആറുമാസം മുമ്പുള്ള ഇത്തയുടെ വീഴ്ചയ്ക്കുശേഷം ഇത്ത പതുക്കെ സാധാരണ നിലയിലേക്ക് വന്നെങ്കിലും ഒന്നിന് പുറകെ ഒന്നായി എന്നും അസുഖമായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന സമയത്ത് ഇത്താക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു.

അബ്‌ദുറഹിമാൻക്കാനെ ഹജ്ജിന് പറഞ്ഞയക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമായിരുന്നു ഇത്താക്ക്. ഇക്കാക്ക് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ സാധനങ്ങളും എൻ്റെ കയ്യിൽ പൈസ തന്നു ഇത്ത വാങ്ങിപ്പിച്ചു. ഇക്ക ഹജ്ജിനു പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്നുദിവസം വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഇക്ക ഹജ്ജ് കഴിഞ്ഞ് എത്തിയ ശേഷമാണ് അവസാനമായി അഡ്മിറ്റ് ആവുന്നത്. ഇത്തവണ പതിവിന് വിപരീതമായി സംഭവിച്ചു. യൂറിൻ തടസ്സം അനുഭവപ്പെട്ട് ശരീരത്തിൽ നീർക്കെട്ട് വരുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൻ്റെ അലംഘനീയമായ വിധിക്ക് ഉത്തരം നൽകി ഇത്ത ഈ ലോകത്തോട് വിട പറഞ്ഞു. അവസാന സമയത്തും ഇത്തയെ പരിചരിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥത്തിൽ ഞാൻ നാഥനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്. 

റഹിയ ലത്തീഫ്