ഓർമകളിൽ ഹഫ്സത്ത…
ഉമ്മർ പെരിങ്ങാട്
-------
സ്നേഹത്തിന്റെ അടയാളമായി, നന്മയുടെ വഴിവിളക്കായി…
എന്റെ ശ്രീകൃഷ്ണ കോളേജിലെ സുഹൃത്തായ അബ്ദുൽ റഹ്മാന് സാഹിബിന്റെ പ്രിയപത്നി ഹഫ്സത്തയെ, അവർ വിവാഹം കഴിഞ്ഞ് പാടൂരിലേക്ക് വന്ന കാലം മുതൽക്കേ എനിക്ക് അറിയാം. ആ പരിചയം കാലം കടന്നപ്പോൾ സ്നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും മനോഹരമായൊരു ബന്ധമായി വളർന്നു...
നല്ല ദീനീ ചിട്ടയും ഹൃദയം നിറഞ്ഞ സ്നേഹവും വിനയവും ഒത്തുചേർന്ന വ്യക്തിത്വമായിരുന്നു ഹഫ്സത്തയുടേത്.
എന്നെ സ്വന്തം സഹോദരനു തുല്യം സ്നേഹിച്ചിരുന്ന അവർ, എന്റെ കുടുംബത്തെയും എന്നും സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്നു. എന്റെ ഭാര്യക്കും അവർ ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഹഫ്സത്താത്തയുടെ ഖുർആൻ ക്ലാസുകളാണ് തന്നെ ദീനിലേക്ക് കൂടുതൽ അടുപ്പിച്ചതെന്ന് അവൾ പലപ്പോഴും പറയാറുണ്ട്....ഒരു മനുഷ്യന്റെ ജീവിതത്തിൽ മറ്റൊരു മനുഷ്യന് എത്രത്തോളം നല്ല സ്വാധീനം ചെലുത്താൻ കഴിയുമെന്നതിന്റെ മനോഹരമായ ഉദാഹരണമായിരുന്നു ഹഫ്സത്ത....
ഹഫ്സത്തയെക്കുറിച്ച് എടുത്തുപറയേണ്ട ഏറ്റവും വലിയ കാര്യം, പാടൂരിലെ സ്ത്രീകളുടെ ജീവിതത്തിൽ അവർ കൊണ്ടുവന്ന മാറ്റങ്ങളാണ്... മതത്തിന്റെയോ ജാതിയുടെയോ വേർതിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ കാണാനും സ്നേഹിക്കാനും അവർക്ക് കഴിഞ്ഞിരുന്നു.... മനുഷ്യരെ മനുഷ്യരായി കാണുന്ന ആ വിശാലമനസ്സായിരുന്നു അവരുടെ ഏറ്റവും വലിയ മഹത്വം... സ്ത്രീകളെ ദീനിന്റെ വെളിച്ചത്തിലേക്ക് അടുപ്പിക്കുന്നതിലും പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നതിലും അവർ വഹിച്ച പങ്ക് ഒരിക്കലും വിസ്മരിക്കാനാവില്ല.
സ്വന്തം പ്രയാസങ്ങളേക്കാൾ പാവപ്പെട്ടവന്റെ വിഷമങ്ങൾക്ക് മുൻഗണന നൽകിയിരുന്ന മനസ്സായിരുന്നു ഹഫ്സത്തായുടേത്. മറ്റൊരാളുടെ കണ്ണീരൊപ്പാൻ കഴിയുമെങ്കിൽ അതിനുവേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യാൻ അവർ സന്നദ്ധയായിരുന്നു. തന്റെ കൈയിലുള്ളതുകൊണ്ട് പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളാണെങ്കിൽ, മറ്റുള്ളവരെ ആ വിഷമങ്ങൾ ബോധ്യപ്പെടുത്തി അവരെയും സഹായത്തിന്റെ ഭാഗമാക്കും. അങ്ങനെ ഒരാളുടെ നന്മയെ പലരിലേക്കും പടർത്താൻ അവർക്കു കഴിഞ്ഞിരുന്നു...
സ്വദഖ ചെയ്യാനും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൊടുക്കാനുള്ള മനസ്സാണ് യഥാർഥ സമ്പത്തെന്ന് സ്വന്തം ജീവിതത്തിലൂടെ അവർ നമ്മെ പഠിപ്പിച്ചു. നന്മ ചെയ്യാൻ വലിയ സമ്പത്തോ വലിയ സ്ഥാനമോ ആവശ്യമില്ല; മറ്റൊരാളുടെ വേദന മനസ്സിലാക്കുന്ന ഒരു ഹൃദയവും സഹായിക്കാനുള്ള സന്നദ്ധതയും മതിയെന്ന് ഹഫ്സത്താത്തയുടെ ജീവിതം നമ്മോട് പറയുന്നു.
ഇന്ന് ഹഫ്സത്ത നമ്മോടൊപ്പമില്ല.... ഭൗതികമായ ആ വേർപാടിന് ഒരു വർഷം പിന്നിട്ടിരിക്കുന്നു. പക്ഷേ, അവർ പകർന്ന സ്നേഹവും ദീനീ ബോധവും കരുണയും സേവനമനോഭാവവും ഇന്നും അനേകം ഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെന്നതിൽ സംശയമില്ല. ഒരു മനുഷ്യന്റെ യഥാർഥ ജീവിതം അവസാനിക്കുന്നത് അയാളുടെ വിയോഗത്തോടെയല്ല; അയാൾ ചെയ്ത നന്മകൾ മറ്റുള്ളവരുടെ ജീവിതങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്നിടത്തോളം ആ ജീവിതം അണയാതെ നിലനിൽക്കും....
ഹഫ്സത്തായുടെ ഓർമ്മകൾ പങ്കുവെക്കുന്ന ഈ പുസ്തകം അവരുടെ ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം മാത്രമല്ല, അവർ കാണിച്ചുതന്ന നന്മയുടെ വഴിയിലൂടെ മുന്നോട്ടു നടക്കാനുള്ള ഒരു പ്രചോദനം കൂടിയാകട്ടെ....
പ്രിയപ്പെട്ട ഹഫ്സത്തായ്ക്ക് വേണ്ടി ഹൃദയം നിറഞ്ഞ ദുആ ഞാനെന്റെ റബ്ബിലേക്ക് സമർപ്പിക്കുന്നു.…
-------
ഉമ്മർ പെരിങ്ങാട്





