സ്‌പന്ദിക്കുന്ന വിരാമങ്ങള്‍
നാസറുദ്ദീന്‍ തങ്ങള്‍ എ.എസ്
ഹഫ്‌സടീച്ചറെ കുറിച്ചുള്ള ഓര്‍മ കുറിപ്പ് എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല.അബ്‌ദുറഹ്‌മാന്‍ക്ക എന്റെ അയൽ പാക്കത്താണ് താമസിച്ചിരുന്നത്. അബ്‌ദുറഹ്‌മാന്‍ക്കയും ജ്യേഷ്ഠന്‍ അഹമ്മദ് മുസ്ലിയാരും അവരുടെ മാതാപിതാക്കളും ആണ് എനിക്ക് ഓര്‍മ വെച്ച കാലത്ത് ആ വീട്ടില്‍ ഉണ്ടായിരുന്നത്. എല്ലാ അര്‍ത്ഥത്തിലും നല്ല അയല്‍ക്കാര്‍, ദീനിയായ അയല്‍ക്കാര്‍.അന്ന് നാട്ടില്‍ കൊള്ളക്കൊടുക്കകൾ വ്യാപകമായിരുന്നു. അടുക്കളയില്‍ എന്തെങ്കിലും സാധനങ്ങളുടെ കുറവ് വന്നാൽ അയല്‍ പക്കത്തേക്ക് ഓടും, വായ്പ വാങ്ങും. അബ്ദു റഹ്‌മാന്‍ക്കാടെ ഉമ്മ ഇപ്പോളും മനസ്സില്‍ ഉണ്ട്. അവരുടെ വീട്ടില്‍ ചെന്നാല്‍ ഞങ്ങൾ കുട്ടികള്‍ക്ക് തരുന്ന മധുരം ശര്‍ക്കരഅച്ച് ആയിരുന്നു.
അബ്ദുള്‍റഹ്‌മാന്‍ക്കയുടെ വാപ്പ സൂക്ഷ്മമായ നീണ്ട കാല്‍ വെപ്പുകളുമായി ഞങ്ങളുടെ മുറ്റത്ത് കൂടെ ശാന്തനായാണ് നടന്ന് പോകാറുള്ളത്.റമദാൻ മാസം ആയാല്‍ , നോമ്പ് തുറ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍, അബ്ദു റഹ്‌മാന്‍ക്ക വീട്ടില്‍ വരും. ഉമ്മയുടെ ബാപ്പ, മർഹൂം കോയഞ്ഞി തങ്ങൾ എന്നറിയപ്പെടുന്ന ഞങ്ങളുടെ ഉപ്പാപ്പയുടെ അടുത്ത് ഇരിക്കും. കുറച്ച് കഴിഞ്ഞാല്‍ തറാവീഹിന് കമ്പി റാന്തലുമായി മണലൂപള്ളിയിലേക്ക്, ഇപ്പോഴത്തെ മസ്ജിദുൽ ഹംസിയ്യയിലേക്ക് പുറപ്പെടും. അന്നൊക്കെ കമ്പിറാന്തൽ ആയിരുന്നു രാത്രി യാത്രകളിലെ 'ആധുനിക' പ്രകാശം.
എന്റെ ഓര്‍മയിലെ ആദ്യമരണങ്ങളില്‍ ഒന്ന് നടക്കുന്നത് അബ്‌ദുറഹ്‌മാൻക്കാടെ ആ വീട്ടില്‍ ആണ്. "അല്ലാഹുവേ, നമ്മുടെ മൊയ്‌ലിയാർ മരിച്ചു ". തൊയക്കാവ് പള്ളിയില്‍ വെച്ചാണ് മരിച്ചത്. വർഷങ്ങളോളമായി അവിടെയായിരുന്നു അദ്ദേഹം ഖത്തീബ് ആയി ജോലി ചെയ്തിരുന്നത്.ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ കൂടി യാണ് അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ട് വന്നത്.അബ്‌ദുറഹ്‌മാൻക്കാടെ അടുത്തേക്ക് ആളെ അയച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ആദ്യം കേട്ടത് കമ്പി അടിച്ചിട്ടുണ്ട് എന്നായിരുന്നു. അദ്ദേഹം ഫാറൂഖ് കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു ആ നാളിൽ.കോളേജിൽ നിന്ന് സന്ധ്യയോടെ വാപ്പാടെ മയ്യിത്തിനടുത്തേക്ക് തലതാഴ്ത്തി കൊണ്ടുള്ള അദ്ദേഹത്തിന്റെ വരവിന്റെ ആ ദൃശ്യം ഇപ്പോഴും മനസ്സില്‍ ഉണ്ട്.
അബ്‌ദുറഹ്‌മാന്‍ക്ക ഡിഗ്രി കഴിഞ്ഞ് കുറച്ച് ആയപ്പോൾ ഞങ്ങളുടെ ആ അയൽപക്കം അവിടന്ന് വീട് മാറിപ്പോയി. ഞങ്ങളുടെ വീട്ടില്‍ ആരും ആ വീട് മാറ്റം മനസ്സാ സമ്മതിച്ചിട്ടില്ല. എന്തിനാണ് അവര്‍ വീട് മാറിപ്പോയതു എന്ന് ഉമ്മ ഇടക്കിടക്ക് ചോദിക്കാറുണ്ട്. ഈ കുറിപ്പ് എഴുതുന്നത് വരെ അബ്‌ദുറഹ്‌മാന്‍ക്കയുടെ വീടിന്റെ ഭാഗത്തേക്ക് പിന്നെ ഞാന്‍ പോയിട്ടില്ല.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ അടക്കം പലരും അവിടെ നിന്ന് കൂട് മാറി. എന്ത് കൊണ്ട്?. അതങ്ങിനെയാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ തട്ടി മാറ്റി കാലം പലതും നമ്മെ കൊണ്ട് ചെയ്യിപ്പിക്കും. ആദം നബിയും ഹവ്വാബീവിയും അറഫയിൽ കണ്ടു മുട്ടുന്നു. അവരുടെ പരമ്പരകള്‍, കണ്ണി മുറിച്ചു, ഇടം മാറി പുതിയ ജനപഥങ്ങള്‍ സൃഷ്ടിക്കുന്നു...
ഈ വരികള്‍ക്ക് ഒരു അനുസ്മരണ കുറിപ്പിന്റെ രുചിക്കൂട്ട് ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അബ്‌ദുറഹ്‌മാന്‍ക്കയുമായുള്ള ബന്ധം വീട് മാറി പ്പോയിട്ടും തുടര്‍ന്ന് കൊണ്ടേയിരുന്നു.
ഇസ്ലാമിക യുവ ജന പ്രസ്ഥാനം പാടൂരില്‍ തളിരിടുമ്പോള്‍ അബ്‌ദുറഹ്‌മാന്‍ക്കയുടെ കൈകുമ്പിളിലായിരുന്നു അതിന്റെ മണ്ണ്. ഓര്‍മ ശലഭങ്ങള്‍ ഓരോന്നായി ആ വസന്തത്തിലേക്ക് പറന്നു പോവുകയാണ്.
അബ്‌ദുറഹ്‌മാന്‍ക്ക തിരഞ്ഞെടുത്ത ഇണയും തന്റെ ആശയ സ്വപ്നങ്ങളുമായി ഒത്തുപോകുന്ന വനിത യായിരുന്നു. ഇസ്ലാമിക പശ്ചാത്തലമുള്ള കുടുംബത്തു നിന്നാണ് ഹഫ്‌സടീച്ചർ വരുന്നത്. നല്ലത് മാത്രമേ അവരെ കുറിച്ച് പറയാന്‍ ഉണ്ടായിരുന്നുള്ളൂ.
കാലം നീങ്ങുന്നതിനേക്കാൾ വേഗത്തിൽ ഹഫ്‌സടീച്ചർ പാടൂരിലെ നിറസാന്നിധ്യം ആയി മാറുകയായിരുന്നു.ഉള്ളവരും ഇല്ലാത്തവരും ജ്ഞാനികളും അജ്ഞരും മുതിർന്നവരും കുട്ടികളും ഒരേ പോലെ സ്നേഹിക്കുന്ന ഉത്തമമായ ഒരു മഹതി യായി ഹഫ്‌സടീച്ചർ മാറിക്കഴിഞ്ഞിരുന്നു. സഹോദരിമാരെ അടുത്ത്നിർത്തിയും, ചേര്‍ത്തുപിടിച്ചും ഇന്നാട്ടിലെ വീടകങ്ങളിലേക്ക് ടീച്ചർ നടന്നു കയറി. അതും രോഗാതുരമായ നാൾ വഴികളിലൂടെ! മാത്രല്ല, കുടുംബത്തിന്റെ പരിമിതമായ വരുമാനത്തിൽ ക്ഷമാ പൂർവ്വം ഒതുങ്ങിക്കൂടി നിന്ന് കൊണ്ടുള്ള ജീവിതപ്രയാണങ്ങൾക്കിടയിൽ..... എങ്ങിനെ ഇതെല്ലാം സാധിക്കുന്നു? എന്നിട്ടും നാട്ടിലെ തുറക്കാത്ത പല മനസ്സുകളും ദീനുൽ ഇസ്ലാമിന്റെ താക്കോൽ കൊണ്ട് അവർ തുറന്നു.ഖുർആനിന്റെ വിശാലതയിലേക്ക് അവർ പലരെയും കൂട്ടി കൊണ്ട് വന്നു. വിശക്കുന്ന വയറുകൾക്ക് ഹഫ്‌സ ടീച്ചർ ആഹാരമായിരുന്നു. രോഗപീഠയിൽ കഴിഞ്ഞിരുന്നവർക്ക് അവർ മരുന്നായിരുന്നു. കിടപ്പാടമില്ലാത്തവർക്ക് അവർ മേൽക്കൂരയായിരുന്നു.
ഇസ്ലാമിക നാഗരികതയുടെ ശിലാസ്ഥാപനത്തില്‍ ഒരു എത്യോപ്യന്‍ മഹിള യുടെ നിശ്വാസത്തിന്റെ പാദചലനങ്ങള്‍ ഒരു സൈന്ധവം സൃഷ്ടിച്ചത് ഇവിടെ ഓര്‍മ വരുന്നു.
പല സഹോദരി മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങുകയും അവരെ അല്ലാഹുവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ട് പോകുകയും ചെയ്ത ആ സഹോദരി മരിച്ചിട്ടും ഇവിടെ തന്നെ ജീവിക്കുകയാണ്. ഇസ്ലാമിക നിയമ സമഹിതകൾക്കനുസൃതമായി ജീവിക്കുകയും ജീവിതം പഠിപ്പിക്കുകയും ചെയ്തു കൊണ്ട് തന്നയാണ് ഹഫ്‌സ ടീച്ചർ ഇവിടം വിട പറഞ്ഞിട്ടുള്ളത്.
എന്റെ മൂത്ത രണ്ട് മക്കളുടെയും ദീനി അധ്യാപികയാണ് ഹഫ്‌സ ടീച്ചർ. ഇടയ്ക്ക് തോമസ് ഗ്രേയ് മനസ്സിലേക്കു കയറി വരുന്നു. 'The paths of glory lead but to the grave.'
നമുക്കൊക്കെ ഓര്‍മ്മകളുടെ പൂക്കാലം തന്ന്, നന്മയുടെ പുഷ്പങ്ങള്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടം തന്ന്. അല്ലാഹുവിന്റെ ചാരത്തേക്ക് വിശുദ്ധിയുടെ വെള്ള ചിറകിലേറി ടീച്ചർ നമ്മോട് വിട പറഞ്ഞു.
നാഥാ, സ്വര്‍ഗ്ഗ വാതിലുകള്‍ ആ സോദരിക്കായി നീ തുറക്കണ മേ, ആമീന്‍.
നാസറുദ്ദീന്‍ തങ്ങള്‍ എ.എസ്





