ഹഫ്‌സത്ത് – ദീനി പ്രവർത്തനത്തിന്റെ പ്രോജ്ജ്വലതാരകം
ബി.എം മുസ്തഫ, പാടൂർ.
എല്ലാവർക്കും പ്രിയങ്കരനായ അബ്ദുറഹ് മാൻക്കയുടെ ജീവിതപങ്കാളിയായ ഹഫ്‌സത്ത് , വിശ്വാസത്തിന്റെ വെളിച്ചം കൈമുതലാക്കി സമൂഹത്തെ ഉണർത്തിയ ദീനി പ്രവർത്തകയായിരുന്നു. അവർ നടത്തിയ മതപഠന ക്ലാസുകളും ആത്മീയ സംഗമങ്ങളും അനേകം മനസ്സുകളിൽ ഈമാനികമായ ഒരു നവ ചൈതന്യത്തിന്റെ വിത്തുകൾ വിതറുക യുണ്ടായി.സഹജീവികൾക്കൊപ്പം ചേർന്ന് കരുണയും സേവനവും വിതറിയ അവരുടെ കര്‍മസാക്ഷ്യം, സമൂഹത്തിന് ഒരു പ്രബോധനമായിരുന്നു. ഹഫ്സത്തിന്റെ ജീവിതം, ദീനി വഴിയിലെ സമർപ്പണത്തിന്റെയും സഹാനുഭൂതിയുടെയും ഒരു ശാശ്വത സ്മാരകമായിവരും നാളുകളിൽ തുടർന്നുകൊണ്ടേയിരിക്കും.
ജീവിതകാലം മുഴുവൻ ആ സഹോദരി ദീനി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മതപഠനവും സാമൂഹ്യസേവനവും ഒത്തുചേർത്ത് മാതൃകയായിരുന്ന അവർക്കു, സമീപവാസികളുടെ മനസ്സിൽ സ്‌നേഹത്തിൻറെയും കരുണയുടെയും അടയാളം പതിഞ്ഞിരിക്കുന്നു. വിശ്വാസത്തോടും നിസ്വാർത്ഥതയോടും ചേർന്ന് പ്രവർത്തിച്ച അവരുടെ ജീവിതം, അടുത്ത തലമുറയ്ക്കും പ്രചോദനമാണ്.
ഹഫ്‌സത്തുമായി ഇടപഴകിയിട്ടുള്ള ഏതൊരു വ്യക്തിയോട് ചോദിച്ചാലും ഏതൊരു കുടുംബത്തോട് ചോദിച്ചാലും അവരെ കുറിച്ച് ഒരു പാട് നല്ല അനുഭവങ്ങൾ പറയാനുണ്ടാവും എന്നതാണ് സത്യം. ഹഫ്‌സത്തിന്റെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഇടപെടലുകളിലോ ഇന്നോളം അവരുടെ അയൽവാസികൾക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഒരാക്ഷേപവും പറയാനുള്ള പഴുതു അവരിൽ നിന്ന് ഉണ്ടായിട്ടില്ല.
ഒരായുഷ്കാലം ഒരു വ്യക്തിക്ക് ഇങ്ങിനെ കഴിച്ചുകൂട്ടാൻ കഴിയുമെങ്കിൽ അത് അവർ ആർജ്ജിച്ച അറിവിന്റെയും കരുതി വെച്ച ഈമാനിന്റെയും ബലം ഒന്ന് കൊണ്ട് മാത്രമാണ്. നാട്ടിലെ ഒട്ടേറെ മക്കൾക്ക് അവരുടെ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങൾ മുതൽ മാസാന്ത ഫീസു വരെ മുടക്കമില്ലാതെ സംഘടിപ്പിച്ചു കൊടുത്തിരുന്ന ഹഫ്‌സത്ത് നല്ലോരു വിദ്യാഭ്യാസ പ്രവർത്തകയായിരുന്നു. ആരുമാരും അറിയാതെ നിശബ്ദമായി എന്നാൽ സജീവമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്ന അവർ കരുണാർദ്രമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു.പല കുടുംബങ്ങളിലെയും അറ്റുപോകുമായിരുന്ന കണ്ണികളെ കൂട്ടിച്ചേർക്കാൻ ഹഫ്‌സത്തിന്റെ ശ്രമങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.
ഒരു പൊതു പ്രവർത്തക എന്ന നിലയിൽ മേൽ പറയപ്പെട്ട ആവശ്യങ്ങളുടെ സാഫല്യത്തിനായി, ഞാൻ മഹല്ല് പ്രസിഡന്റ് ആയിരുന്ന നാളുകളിൽ പലപ്പോഴും എന്നെ സമീപിച്ചിരുന്നത് ഞാൻ ഓർക്കുന്നു. ഞാൻ തറവാട്ടിലായിരുന്ന കാലത്തും പിന്നീട് പുതിയ വീട് വെച്ച് മാറിയപ്പോഴും ഹഫ്‌സത്തും ജീവിതപങ്കാളിയായ അബ്ദുൽറഹുമാൻക്കയും ഞങ്ങളുടെ കുടുംബ സുഹൃത്ത് തന്നെയായിരുന്നു. നാട്ടിലെ സ്ത്രീ സമൂഹത്തിനു വിശേഷിച്ചും ഖുർആനിന്റെ വാതായനങ്ങൾ തുറന്ന് വെച്ചുകൊടുത്ത ഹഫ്‌സത്ത് എന്റെ മക്കൾക്കും പ്രത്യേകമായി ഖുർആൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.കാരുണ്യ പ്രവർത്തന രംഗത്ത് അനാഥരെയും അഗതികളെയും വിധവകളെയും രോഗികളെയും പരിഗണിക്കുന്നതിൽ അവർ ജാതിയോ മതമോ സമുദായമോ ഒന്നും നോക്കിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരുടെ ആകസ്മികമായ വേർപാടിൽ നാട്ടുകാർക്കൊപ്പം ഞാനും എന്റെ അകൈതവമായ ദുഃഖം രേഖപ്പെടുത്തുന്നു.റബ്ബിന്റെ വജ്ഹു മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ള അവരുടെ സകല സൽകർമങ്ങൾക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...
ബി.എം മുസ്തഫ, പാടൂർ.
(മുൻ മഹല്ല് പ്രസിഡന്റ് )





