പ്രിയപ്പെട്ട ഉമ്മ
നിവ്യ സത്യൻ
ഞാൻ നിവ്യ. കോഴിക്കോട് ജില്ലക്കാരിയാണ്. 2022 ലാണ് ഞാൻ ഹഫ്‌സത്ത് എന്ന് പേരുള്ള എന്റെ ഉമ്മയെ ആദ്യമായി കാണുന്നത്.അന്ന് ഞാൻ msw വിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.എനിക്ക് അഭിനയത്തിൽ പ്രത്യേക താല്പര്യമുണ്ട്. അങ്ങിനെ യാസർകാക്കാടെ മുടി എന്ന ടെലിഫിലിമിൽ അഭിനയിക്കാനാണ് അന്ന് പാടൂരിലെത്തിയത്. കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആ ദിവസം ഉമ്മാടെ സ്നേഹം നിറഞ്ഞ സൽക്കാരം സ്വീകരിച്ചു അവിടെ താമസിച്ചു. പിറ്റേന്ന് രാവിലെ അച്ഛൻ നാട്ടിലേക്ക് പോയി. എനിക്കും അമ്മക്കുമായി അവർ വീടിന്റെ മുകള്‍ഭാഗത്ത് ഏർപ്പാടാക്കി തന്നു. ആ താമസം ആറേഴു ദിവസം നീണ്ടു നിന്നു. സമയാസമയങ്ങളിൽ ഉമ്മ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിത്തന്നിരുന്നു. വീടിന്റെ തട്ടിൻപുറം ഞങ്ങളുടെ ലോകമായിരുന്നു. അലക്കും തോരയിടലും എല്ലാം അവിടെ തന്നെ. അപ്പോഴൊക്കെ ഞങ്ങൾക്ക് ഒരാശങ്കയുണ്ടായിരുന്നു. ഇങ്ങിനെ ഒക്കെ അധികാരം കാണിച്ചാൽ ആ വീട്ടുകാർക്ക് എന്ത് തോന്നും. അവർക്ക് അതൃപ്തി ഉണ്ടാവുമോ എന്നൊക്കെ. എന്നാൽ അങ്ങനെ ചിന്തിച്ചത് തന്നെ പാപമായിരുന്നുവെന്ന് തുടർന്നുള്ള ദിവസങ്ങളിലെ ഉമ്മാടെ സ്നേഹ വായ്പ്പും ആദിത്യമര്യാദകളും അനുഭവിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്. എന്തിനധികം, ഞാനും അമ്മയും ദിവസങ്ങൾക്കു ശേഷം അവിടെന്ന് മടങ്ങുന്നേരം ആ പ്രിയപ്പെട്ട ഉമ്മാനെ കെട്ടിപ്പുണർന്നു കരഞ്ഞിട്ടാണ് മടങ്ങിയത്. തുടർന്നുള്ള നാളുകളിൽ ഫോൺ വഴിയും വാട്‌സാപ്പ് വഴിയും ഉമ്മയുമായി ബന്ധം ഉണ്ടായിരുന്നു. ഞാൻ പരീക്ഷയിൽ ജയിച്ചതും അധികം വൈകാതെ കണ്ണൂരിലൊരിടത്തു ജോലിയിൽ കയറിയതും എല്ലാമെല്ലാം ഉമ്മയെ അറിയിക്കാറുണ്ടായിരുന്നു.മാത്രമല്ല ഞങ്ങൾ കുടുംബസമേതം ഉമ്മാനെ സന്ദർശിക്കാൻ ഒരു നാൾ വരികയുണ്ടായി. കൂടാതെ പല പല പ്രാവശ്യങ്ങളിലും ഞാൻ ഉമ്മാടെ സ്നേഹ വാത്സല്യം ആസ്വദിക്കാൻ പാടൂരിൽ എത്താറുണ്ടായിരുന്നു.
ഉമ്മാടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും എനിക്ക് വിലപ്പെട്ടതായിരുന്നു. ഉമ്മാക്ക് അസുഖമാണെന്ന് അറിഞ്ഞതിനാൽ മരിക്കുന്നതിന്റെ രണ്ടു മാസം മുമ്പ് ഞാൻ ഉമ്മാനെ കാണാൻ എത്തിയിരുന്നു. എന്റെ വീട്ടിലേക്ക് ഒരു ദിവസം പാർക്കാൻ ഉമ്മ വരാമെന്ന് പറഞ്ഞതായിരുന്നു. ഉമ്മ ഒന്നുരണ്ട് പ്രാവശ്യം ഉപ്പയെയും മിക്കിയെയും കൂട്ടി വരാൻ ശ്രമിച്ചിരുന്നതായും അറിഞ്ഞിരുന്നു. ഞങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ട് ഉമ്മ യാത്രയായി. ആ വിവരം ഞെട്ടലൂടെയാണ് അറിഞ്ഞത്. അന്നെ ദിവസം എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ ഉമ്മാടെ അനുശോചനയോഗത്തിൽ എനിക്കെത്താൻ കഴിഞ്ഞതിൽ ഞാൻ കൃഥാർത്തയാണ്. അന്നവിടെ ഉമ്മാടെ കൂട്ടുകാരികൾ എന്നെ സവിശേഷമായ നിലയിൽ സ്വീകരിച്ചത് അവർക്ക് എന്റെ ഉമ്മയോടുള്ള അടുപ്പത്തിന്റെ ആഴം കൊണ്ടാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഹഫ്‌സത്ത് എന്ന എന്റെ ഉമ്മാക്ക് ആത്മശാന്തി നേരുന്നു.
നിവ്യ സത്യൻ
കോഴിക്കോട്.





