വിശ്വാസത്തിന്റെ പ്രതിരൂപം
ലബീബ. എ
പാനായിക്കുളം
ഒരു നാടിൻ്റെ മുഴുവൻ സ്നേഹാദരങ്ങളും പ്രാർത്ഥനകളും ഏറ്റുവാങ്ങിക്കൊണ്ട് അല്ലാഹുവിലേക്ക് യാത്രയായ വ്യക്തിത്വമാണ് ഹഫ്‌സ പാടൂർ എന്ന ഞങ്ങളുടെ മൂത്തുമ്മ.ദീർഘകാലം പ്രസ്ഥാനത്തിൻ്റെ നേത്യനിരയിൽ നിന്നു കൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.പാടൂരിൻ്റെ ഓരോ മുക്കിലും മൂലയിലും ക്ലാസുകൾ സംഘടിപ്പിക്കുക വഴി ധാരാളം വനിതകൾ പ്രസ്ഥാനത്തിൽ അണിചേർന്നു. മൂത്തുമ്മയുടെ സംസാരത്തിലെപ്പോഴും പാടൂരും പാടൂക്കാരും നിറഞ്ഞു നിന്നിരുന്നു.അപ്പോഴൊക്കെയും ഞങ്ങൾ ഓർക്കുമായിരുന്നു ഇതിനും മാത്രം എന്ത് ബന്ധമാണ് ഇവർക്കിടയിൽ ഉള്ളത് എന്ന്. പക്ഷേ, ആ നാട്ടുകാർക്ക് മൂത്തുമ്മ എത്ര പ്രിയങ്കരിയായിരുന്നു എന്ന് മനസ്സിലായത് ആ ജനാസ കാണാൻ വന്ന ജനബാഹുല്യം കണ്ടപ്പോഴാണ്. മരണവാർത്തയറിഞ്ഞു വന്ന ഒരു സഹോദരി പറഞ്ഞത് , തൻ്റെ മാതാവ് മരണപ്പെട്ട ദുഃഖാർത്തമായ ആ ദിനങ്ങളിൽ കൂടെക്കൂടെ വീട്ടിൽ വന്ന് തന്നെ പരിചരിച്ച ഹഫ്‌സത്തയിലൂടെ ഉമ്മയുടെ സാമീപ്യം തനിക്ക് അനുഭവിച്ചറിയാനായി എന്നാണ്.ഒരു സഹപ്രവർത്തക എന്നതിനേക്കാൾ സന്ദർഭങ്ങൾക്കനുസരിച്ച് ഉമ്മയുടെയും സഹോദരിയുടേയും സുഹൃത്തിൻ്റെയും റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഹഫ്‌സ സാഹിബ എന്നാണ് അനുസ്മരണ യോഗത്തിൽ പലരും സൂചിപ്പിച്ചത്.
ജീവിച്ചിരുന്ന കാലമത്രയും പടച്ചവൻ്റെ പല വിധ പരീക്ഷണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു മൂത്തുമ്മ. കടിഞ്ഞൂൽ കൺമണി വൈകല്യങ്ങളോടെ പിറന്നു വീണിട്ടും അവർ തളരാതിരുന്നത് എല്ലാം നാഥനിൽ ഭരമേല്പിച്ചതു കൊണ്ടു മാത്രമാണ്. ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും രോഗ പീഢകളാൽ പ്രയാസപ്പെട്ടിട്ടും ഇസ്ലാമിക പ്രവർത്തനത്തിന് അതൊരു തടസ്സമാകാതെ നിന്നത് അചഞ്ചലമായ ഈമാൻ ഒന്നു കൊണ്ടു മാത്രമാണ്. രോഗശയ്യയിൽ ആയിരിക്കുമ്പോൾ ആകെയുണ്ടായിരുന്ന സങ്കടം വായനയും എഴുത്തും പഠനവും നടക്കുന്നില്ലല്ലോ എന്നായിരുന്നു.
പ്രസ്ഥാന പ്രവർത്തനത്തോടൊപ്പം തന്നെ കുടുംബ കാര്യങ്ങളിലും വളരെ ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മൂത്തുമ്മ. മക്കളെ ദീനീചിട്ടയിൽ വളർത്തി. കുടുംബ ബന്ധങ്ങൾ ചേർത്ത് പിടിക്കുന്നതിൽ താല്പര്യം കാണിച്ചിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് കുടുംബത്തിലെ ചില വിവാഹാഘോഷങ്ങൾ ഒക്കെ ഒഴിവാക്കിയിരുന്നെങ്കിലും അവരെ ഫോണിൽ ബന്ധപ്പെട്ട് വിശേഷങ്ങൾ തിരക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. രുചികരമായ ഭക്ഷണമുണ്ടാക്കി അതിഥികളെ സൽക്കരിക്കുന്നതിലും യാത്ര പറഞ്ഞ് പോരുമ്പോൾ നട്ടുനനച്ച് പരിപാലിച്ച അടുക്കളത്തോട്ടത്തിൽ നിന്ന് പച്ചക്കറികൾ പറിച്ച് പൊതിഞ്ഞ് തരുന്നതിലും ഒട്ടും മടി കാണിച്ചിരുന്നില്ല മൂത്തുമ്മ. മൂത്തുമ്മയുടെ മരണം ഒരു നോവായി മനസ്സിലുണ്ടെങ്കിലും, ദുനിയാവിലെ പരീക്ഷണങ്ങളിൽ പതറാതെ ക്ഷമ കൈക്കൊണ്ട മൂത്തുമ്മയെ ആഖിറത്തിലെ അപാരമായ ആനന്ദം അനുഭവിപ്പിക്കാൻ അല്ലാഹു നേരത്തെ ക്ഷണിച്ചതാകാം എന്ന് കരുതി സമാധാനിക്കുകയാണ് ഞങ്ങൾ കുടുംബാംഗങ്ങൾ.
അല്ലാഹു മൂത്തുമ്മയുടെ വീഴ്ചകൾ പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ. സൂറത്തു സുമറിൽ പറഞ്ഞതു പോലെ, സ്വർഗ്ഗത്തിന്റെ കാവൽക്കാർ സലാം പറഞ്ഞുകൊണ്ട് സ്വീകരിച്ചാനയിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹു മൂത്തുമ്മയെയും നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..
ആമീൻ
ലബീബ. എ
പാനായിക്കുളം





