The paths of glory lead but to the grave...'

സ്‌മരണിക

സ്‌മരണികയുടെ ഉള്ളടക്കത്തിന്‌ അനുയോജ്യമായ അവതാരിക ഉണ്ടായിരിക്കണം.പ്രസ്ഥാനത്തിന്റെ നേതൃനിരയിലുള്ളവരില്‍ നിന്നും എഴുതിവാങ്ങണം

===========

01. കുട്ടിക്കാലം 

ഈ വിഭാഗത്തിൽ എഴുതേണ്ടത് ഹഫ്‌സത്തായുടെ ചെറുപ്പ കാലത്തെ കുറിച്ചുള്ള വിവരങ്ങളാണ് , വീട്ടിലെ കാര്യങ്ങൾ  , സ്കൂൾ വിദ്യഭ്യാസം , കൗമാരകാലം , പ്രസ്ഥാന ബന്ധം ഉണ്ടായിരുന്നോ മറ്റു കുട്ടികളിൽ നിന്ന് ഹഫ്‌സ എന്തെകിലും വ്യത്യസ്തത പുലർത്തിയിരുന്നോ എന്നിങ്ങനെയുള്ള വിവരങ്ങൾ , കല്യാണം വരെയുള്ള ജീവിതത്തിലെ ഭാഗങ്ങൾ ഇവിടെ ഉൾപ്പെടുത്താം

 

എഴുതേണ്ടത്

സഹോദരി - സഹോദരന്മാർ

കൂട്ടുകാരികൾ

അധ്യാപകൻ

കുടുംബത്തിലെ മറ്റു അംഗങ്ങൾ

--------------

ഹഫ്‌സ

സഹോദരന്‍

ഹഫ്‌സയെക്കുറിച്ചുള്ള ഏതു സംസാരവും ഞങ്ങളുടെ ഉപ്പയിൽ നിന്നേ തുടങ്ങാനാവൂ. ഉപ്പയുടെ സ്വഭാവങ്ങളും സ്വപ്നങ്ങളുമായി അത്രയും ചേർന്നുനിൽക്കുന്ന ഒരു വ്യക്തിത്വമായിരുന്നു അവളുടേത്. ഉപ്പ ആഗ്രഹിച്ച പോലെ ആയിത്തീർന്ന മകൾ!

എല്ലാ അർഥത്തിലും സാത്വികനായ ഒരു വ്യക്തിയായിരുന്നു ഉപ്പ. തൻ്റെ മക്കളെല്ലാം ഉയർന്ന ഭൗതികവിദ്യാഭ്യാസവും നല്ല ഗവർമെൻ്റ് ജോലിയും നേടി വാർധക്യകാലത്ത് മാതാ - പിതാക്കൾക്ക് ഉപകാരപ്പെടുംവിധം സമ്പന്നരായിത്തീരണമെന്ന് ഉപ്പ ഒരിക്കൽ പോലും ആഗ്രഹിച്ചില്ല! അദ്ദേഹം സ്വപ്നം കണ്ടത് മക്കൾ ഇസ്‌ലാമികപ്രസ്ഥാനത്തിന് പ്രയോജനപ്പെടുന്നവരും, അതുവഴി പരലോക വിജയം നേടുന്നവരുമായിത്തീരണം എന്നു മാത്രമായിരുന്നു. അതിനു തക്കതായ ഗാർഹികാന്തരീക്ഷവും, പ്രസ്ഥാനിക വിദ്യാഭ്യാസവും മക്കൾക്കെല്ലാം നൽകുന്നതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

വിശേഷിച്ചും പെൺമക്കളുടെ കാര്യത്തിൽ. അതിൽ പ്രഥമ ഗണനീയയായിരുന്നു ഉപ്പയുടെ രണ്ടാമത്തെ മകളായ ഹഫ്‌സ.

ബാല്യകാലത്തു തന്നെ ഉപ്പയുടെ സ്നേഹം താരതമ്യേന കൂടുതൽ അനുഭവിച്ചവളായിരുന്നു അവൾ. അതിനൊരു കാരണമുണ്ട്. ഉപ്പയുടെ എട്ടു മക്കളെക്കാളും ആരോഗ്യപരമായി അൽപം പിന്നിലായിരുന്നു അവൾ. ആജന്മ വൈകല്യം എന്നൊന്നും പറയാനാവില്ലെങ്കിലും, ശാരീരികമായ ഒരു ശേഷിക്കുറവ് അവൾക്കുണ്ടായിരുന്നു. മറ്റു കുട്ടികളിൽനിന്ന് വ്യത്യസ്ഥയായി വളരെ വൈകിയാണ് അവൾ പിച്ചവെച്ചു തുടങ്ങിയത്. അഞ്ചുവയസ്സുവരെ മുട്ടിലിഴഞ്ഞും ഇരുന്നു നിരങ്ങിയുമാണ് അവൾ തൻ്റെ കാര്യങ്ങൾ നിർവഹിച്ചു പോന്നത്. വീട്ടിനകത്ത് അറയും അറയ്ക്കു താഴെ നിലവറയും മറ്റുമുണ്ടായിരുന്നതുകൊണ്ട് ഉമ്മയ്ക്ക് അവളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടിയും വന്നു. ഇഴഞ്ഞിഴഞ്ഞ് അവളെങ്ങാനും നിലവറയിൽ ചെന്നു വീണാലോ? പണ്ട് ഞങ്ങളുടെ വലിയമ്മായി നിലവറയിൽ വീണ് വെട്ടിയിട്ട തേങ്ങയുടെ കമ്പ് തുളഞ്ഞു കയറി ഒരു കണ്ണ് എന്നെന്നേക്കുമായി അടഞ്ഞുപോയതിൻ്റെ ഓർമ പങ്കുവെച്ചു കൊണ്ട് അപ്പോഴും വീട്ടിൽ തന്നെയുണ്ടായിരുന്നു.

വറുതിയുടെയും ദാരിദ്ര്യത്തിൻ്റെയും കാലമായിരുന്നല്ലോ? ഒരേക്കറോളും വരുന്ന പറമ്പിലെ കുറേ തെങ്ങുകളും, തൻ്റേതായ മദ്രസാ ജോലിയും, ഇടവേളകളിലെ കൈത്തൊഴിലും (ബീഡി തെറുപ്പ്), ഉമ്മയുടെ പായനെയ്ത്തും കൊണ്ട്, ഞങ്ങൾ എട്ടുമക്കളും, ഉപ്പയുടെ രണ്ടനിയന്മാരും രണ്ടു പെങ്ങന്മാരുമടങ്ങിയ വലിയൊരു കുടുംബത്തെ പട്ടിണിക്കിടാതെ ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ മാതാ - പിതാക്കൾക്കു ഒരു വിധം സാധിച്ചെങ്കിലും വയറു നിറയെ ആഹാരം കഴിച്ച ദിനങ്ങൾ അന്ന് വളരെ കുറവായിരുന്നു.

മദ്രസാധ്യാപനം കഴിഞ്ഞ് കണക്കെഴുത്തും മറ്റുമായി ഉപ്പ മിക്കവാറും പള്ളിയിൽ തന്നെയായിരിക്കും. അതും കഴിഞ്ഞ് ഊണു കഴിക്കാനായി വീട്ടിലെത്തുമ്പോൾ മിക്കവാറും രണ്ടു മണി കഴിയും. പന്ത്രണ്ടു പന്ത്രണ്ടരക്ക് ഉമ്മയെ അലട്ടി ഭക്ഷണം കഴിച്ച കുട്ടികളായ ഞങ്ങളിൽ അപ്പോഴേക്കും ജഠരാഗ്നി പുകയാൻ തുടങ്ങിയിരിക്കും. ഉപ്പ ഭക്ഷണം കഴിക്കുമ്പോൾ, അന്ന് ഭൂമിയിലുണ്ടായിരുന്ന ഞങ്ങൾ നാലുപേർ ചെന്ന് വാതിൽപ്പടിയിൽ കൊതിയോടെ കാത്തുനിൽക്കും. ഉപ്പയുടെ ഒരു പിടി ചോറിനാണ്. ഉള്ളതിൽ ഇളയവളായ ഹഫ്‌സയെയാണ് ആദ്യം വിളിക്കുക. എല്ലാവരുടെയും കഴിഞ്ഞാണ് ഏറ്റവും മുതിർന്നവനായ എൻ്റെ ഊഴം. അതുകൊണ്ടു തന്നെ അൽപം ലജ്ജയോടെയാണ് ഞാൻ ഉപ്പയെ സമീപിക്കുക. ഈ വർഷം സ്കൂളിൽ ചേരാനിരിക്കുന്ന എൻ്റെ ഈ സൗഭാഗ്യം കഴിയാൻ പോവുകയുമാണല്ലോ?

പിഞ്ഞാണത്തിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ ഹഫ്‌സയ്ക്ക ഒരു പിടികൂടി കൊടുക്കാനും ഉപ്പ മടിക്കാറില്ല. അതിനായുള്ള വിളിക്ക് കാതോർത്ത് അവളപ്പോഴും വാതിൽപ്പാളിയിൽ മറഞ്ഞു നിൽപുണ്ടാവും. 

"ഇപ്പെണ്ണിൻ്റെ വിശപ്പ് ഒരാനയെ തിന്നാലും മാറില്ലേ" എന്ന് ശകാരിച്ചു കൊണ്ട് ഉമ്മയപ്പോൾ അവളെ എടുത്തു കൊണ്ട് അവിടന്ന് പോകും!

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും 21-ാം വയസ്സിൽ, തൃശൂർ ജില്ലയുടെ വടക്കേ അറ്റത്തെ ചാവക്കാട് താലൂക്കിൽ പെട്ട പാടൂർ എന്ന ഗ്രാമത്തിലേക്ക് വിവാഹം ചെയ്തയക്കുമ്പോൾ അവൾ ഉത്സാഹവതിയായ ഒരു കുട്ടിയായിരുന്നു. കേലാണ്ടത്ത് അബ്‌‌ദുറഹ്മാൻ എന്ന പുതിയാപ്ല നല്ല മതബോധവും പ്രാസ്ഥാനിക കാഴ്ചപ്പാടുമുള്ള വ്യക്തിയായതിനാൽ അവൾക്കു തികച്ചും യോജിച്ച ഒരു ഭർത്താവായിരുന്നു. 

വിവാഹം കഴിച്ചു ചെന്ന നാട്ടിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ ഉതകും വിധം പ്രാസ്ഥാനിക ബോധമുള്ള അധികം യുവതികളെയൊന്നും ഞാൻ കണ്ടിട്ടില്ല. തിളങ്ങുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും ഗൃഹോപകരണങ്ങളിലും മാത്രം യുവത്വം പരിമിതപ്പെട്ടു പോകുന്ന അത്തരം യുവതികളിൽപെട്ടവളായിരുന്നില്ല ഇവൾ. ഉൽപതിഷ്ണുക്കളായ പണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ട് മൗലിദ് പാരായണവും മാമൂലുകളും മറ്റും വർഷങ്ങൾക്കു മുമ്പേ നാടു നീങ്ങിയ കൊടുങ്ങല്ലൂരിൽനിന്ന്, അതൊക്കെ ഇപ്പോഴും സജീവമായി നിലനിൽക്കുന്ന പാടൂർ പോലുള്ള ഒരു ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചയച്ച ഒരു പെൺകുട്ടി ആ സാമൂഹികാന്തരീക്ഷത്തിൽ പകച്ചു നിൽക്കുന്നതിനുപകരം തൻ്റെ സ്വതസ്സിദ്ധമായ ബഹിർമുഖത്വം കൊണ്ട് അയൽപക്കത്തുനിന്നും ബന്ധുക്കളിൽനിന്നും ആദർശസുഹൃത്തുക്കളെ കണ്ടെത്തി പുതിയൊരന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിൻ്റെ പൂർണപിന്തുണയും അവൾക്കുണ്ടായിരുന്നു.

ഹഫ്‌സയുടെ ജീവിതത്തിലെ ദുഃഖപർവം ആരംഭിക്കുന്നത് അവളുടെ ആദ്യത്തെ കൺമണി (മിഖ്ദാദ്) തൻ്റെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വിരുദ്ധമായി ശാരീരികവും

മാനസീകവുമായ വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയായി പിറക്കുന്നതോടെയാണ്. ഈ സന്ദർഭത്തിലും അവളുടെ ക്ഷമയും സഹനവും വിശ്വാസപരമായ ശക്തിയുമാണ് നമുക്ക് കാണാനാവുക. ദാമ്പത്യജീവിതത്തിൻ്റെ വസന്തകാലത്തു തന്നെ തങ്ങളെ നേരിട്ട ഈ ദുർവിധിയെ സമചിത്തതയോടെ നേരിടാൻ ആ മാതാപിതാക്കൾക്കു സാധിച്ചു. 

സഹോദരന്‍

---------------

എൻ്റെ കുഞ്ഞുപെങ്ങൾ

വി.എസ്.സലീം

"കുഞ്ഞു പെങ്ങൾ" എന്നു പറഞ്ഞത് പ്രായം നോക്കിയല്ല. എന്നെക്കാൾ പ്രായം കുറഞ്ഞവരാണ് എല്ലാ പെങ്ങന്മാരും. ഹഫ്‌സയ്ക്കു താഴെ രണ്ടു പെങ്ങന്മാർ കൂടിയുണ്ട്. മുകളിൽ ഒരാളും. പക്ഷെ, കുഞ്ഞുപെങ്ങളെന്ന് നന്നെ ചെറുപ്പം മുതൽ ഞാൻ കരുതിപ്പോന്നത് ഇവളെയായിരുന്നു.

കാരണങ്ങൾ പലതുമുണ്ട്. ഈ ഭൂമിയിൽ പിറന്നുവീണ നാൾ മുതൽ കായികക്ഷമതയിലും ആരോഗ്യാവസ്ഥയിലും മറ്റെല്ലാവരെക്കാളും പിറകിലായിരുന്നു അവൾ. മാസം തികയാതെ പ്രസവിച്ച ചില കുട്ടികളെപ്പോലെ! 

സാധാരണ കുട്ടികൾ പിച്ച വെച്ചു തുടങ്ങുന്നത് രണ്ടു വയസ്സു മുതൽക്കാണല്ലോ? ഇവൾ പക്ഷേ അതിൻ്റെ ഇരട്ടിയിലധികം കാലമെടുത്തു രണ്ടു കാലിൽ നിവർന്നു നടക്കാൻ. ഓടിച്ചാടി നടക്കാൻ തുടങ്ങിയത് പിന്നെയും ഒരു വർഷം കൂടി കഴിഞ്ഞാണ്. 

അതുവരെ അവളുടെ സഞ്ചാരം വീടിൻ്റെ പരുക്കൻ സിമൻ്റിട്ട തറയിലൂടെ സ്വന്തം ശരീരഭാരം മുഴുവൻ തൻ്റെ ശോഷിച്ച കൈകളിൽ ആവാഹിച്ച് നിരങ്ങി നിരങ്ങിയായിരുന്നു. നിലത്തു വിരിച്ച തഴപ്പായിൽ കിടന്നുറങ്ങിയ കുഞ്ഞിൻ്റെ ഉറക്കം തടസ്സപ്പെടുത്താതെ ഉമ്മ പതുക്കെ എഴുന്നേറ്റ് പ്രാഥമിക കൃത്യങ്ങളെല്ലാം നിർവഹിച്ച ശേഷം അടുക്കളയിൽ കയറും.

കുഞ്ഞ് ഉണർന്നു നോക്കുമ്പോൾ ഉമ്മയെ കാണാത്തിനാൽ ബഹളം വെക്കാനൊന്നും നിൽക്കാതെ തൻ്റെ പതിവു സഞ്ചാരരീതിയനുസരിച്ച് ഇഴഞ്ഞിഴഞ്ഞ് അടുക്കളപ്പടി വരെയെത്തും. സമുദ്രനിരപ്പിൽ നിന്ന് രണ്ടടി താഴ്ചയിലുള്ള അടുക്കളയിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രമിച്ചാൽ തീർച്ചയായും അവൾ ഉരുണ്ടു വീഴും. ഏതു ദുഃഖത്തിനിടയിലും തൻ്റെ അസാമാന്യമായ നർമബോധം കൈവിടാത്ത ഉമ്മ "ദേ വരണ് മുത്തപ്പൻ്റെ വഞ്ചി" എന്നു പറഞ്ഞു കൊണ്ട് ഓടിച്ചെന്ന് അവളെ വാരിയെടുക്കും. അടുപ്പിനടുത്ത് അവൾ ഉമ്മയുടെ മടിത്തട്ടിൻ്റെയും വിറകടുപ്പിൻ്റെയും ഇളം ചൂടനുഭവിച്ചു കൊണ്ട് അൽപ നേരം കൂടി മയങ്ങും...

അതു കഴിയുമ്പോഴേക്കും ഉമ്മ അവൾക്കുള്ള ഭക്ഷണം ഉണ്ടാക്കിയിരിക്കും. അതു കൊടുത്തു കഴിഞ്ഞാൽ വീണ്ടും ഒരുറക്കമുണ്ട്. അത് ചായ്പിൽ കെട്ടിത്തൂക്കിയ തുണിത്തട്ടിലിൽ ആയിരിക്കും. അവൾ ഗാഢനിദ്രയിലാകും വരെ ഏതെങ്കിലും ഒരു സിനിമാ താരാട്ടിൻ്റെ അകമ്പടിയോടെ തൊട്ടിൽ പതുക്കെ ആട്ടിക്കൊണ്ടിക്കുന്നത് എൻ്റെ ജോലിയായിരുന്നു.

മറ്റൊരു സഹോദരിയുടെ മകൾ പറഞ്ഞപോലെ ആരോഗ്യ പ്രശ്നങ്ങളായിരുന്നില്ല അവളുടെ യഥാർഥ പ്രശ്നം. അതൊന്നും അവളെ കാര്യമായി അലട്ടിയിരുന്നു പോലുമില്ല.അവളുടെ ദുഃഖത്തിൻ്റെ യഥാർഥ കാരണം "മിഖ്‌ദാദ്" ആയിരുന്നു, നാൽപതു വർഷം മുമ്പാണ് അതു തുടങ്ങിയത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിന്നുശേഷം. 

പത്തു മാസം ഗർഭം ചുമന്ന് എന്തെല്ലാം പ്രതീക്ഷകളോടെ ആയിരിക്കണം അവൾ ആ കടിഞ്ഞൂൽ പുത്രനു ജന്മം നൽകിയിട്ടുണ്ടാവുക? ജീവിതത്തിൽ തനിക്കു താങ്ങും തണലുമായിരിക്കേണ്ട ആ മകൻ, ശരീരവളർച്ചയും ബുദ്ധി വളർച്ചയുമില്ലാത്ത ഒരു കുട്ടിയായി പിറന്നാൽ അധികപേരും അതോടെ തകർന്നു പോവില്ലേ? പക്ഷെ, വിശ്വാസം ആ കുഞ്ഞിനെ അരുമയായി വളർത്താൻ അവൾക്കു കരുത്തേകി. ഇപ്പോൾ തൻ്റെ പ്രിയപ്പെട്ട ഉമ്മയുടെ അഭാവത്തിൽ ഈ നാൽപതാം വയസ്സിലാണ് ആ കുട്ടി തൻ്റെ അനാഥത്വം തിരിച്ചറിയാൻ പോകുന്നത്.താൻ എവിടെ പോകുമ്പോഴും കൂടെ കൊണ്ടുപോകുന്ന, പത്തുവയസ്സുവരെ തന്നെ ചുമന്നു നടന്നിരുന്ന ആ ഉമ്മ ഇനിയില്ലല്ലോ?

എത്ര വലിയ ജീവിത പ്രാരബ്‌‌ധങ്ങളുള്ളപ്പോഴും ഇസ്‌ലാമികപ്രസ്ഥാനത്തിനു വേണ്ടിയുള്ള പ്രവർത്തനത്തിനു മുൻഗണന നൽകാൻ സഹായിച്ച വിശ്വാസദാർഢ്യത്തെക്കാൾ ഈ ഒരൊറ്റ ത്യാഗം മാത്രം മതി അവളുടെ സ്വർഗപ്രവേശം ഉറപ്പുവരുത്താൻ എന്ന് ഞാൻ കരുതുന്നു. അതങ്ങനെതന്നെ സംഭവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു.

വി.എസ്.സലീം

===============

02. വിവാഹം , കുടുംബ ജീവിതം

 വിവാഹ ആലോചനകൾ , പാടൂരിലേക്കുള്ള മാറ്റം , മറ്റു വിവാഹങ്ങളിൽ നിന്ന് ഈ കല്യാണം എന്തെങ്കിലും വ്യത്യസ്ത പുലർത്തിയിരുന്നോ ? മിക്കിയെ എങ്ങനെയാണ് പരിപാലിച്ചിരുന്നത് ? ഭാര്യ , ഉമ്മ , മരുമകൾ എന്നിങ്ങനെയുള്ള അവരുടെ റോളുകളെ അടയാളപ്പെടുത്താം

 

എഴുതേണ്ടവർ

ഭർത്താവ്

മകൾ/ മകൻ

മരുമക്കൾ

അടുത്ത ബന്ധുക്കൾ

-------------------

 ഉമ്മയുടെ പ്രാസ്ഥാനിക ജീവിതം എൻ്റെ ഓർമ്മയിലൂടെ

സബീഹ ഷെബീർ

ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തിന്റെ പ്രചോദനം അത്തുപ്പ എന്ന് ഞങ്ങൾ വിളിച്ചിരുന്ന ഉമ്മയുടെ പിതാവിൽ നിന്നാണ് എന്ന് ഉമ്മ തന്നെ ഒരു കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.അത്തുപ്പയെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ കണ്ണുകൾ നിറഞ്ഞൊഴുകാതെ ഉമ്മയെ ഞാൻ കണ്ടിട്ടില്ല. ഉമ്മയുടെ വിദ്യാഭ്യാസ കാലയളവിലെ (ബനാത്തിലെ) ഉസ്താദുമാരോടും എന്തെന്നില്ലാത്ത ഒരു ആദരവും, സ്നേഹവും എന്നും ഉമ്മാക്ക് ഉണ്ടായിരുന്നെന്നിരിക്കെ പ്രാസ്ഥാനികമായി അവർ ചെലുത്തിയ സ്വാധീനവും പ്രസക്തമാണ്. 

എൻ്റെ ഓർമ്മയിൽ നിന്ന് ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തെ ഏതാനും വാക്കുകളിൽ പകർത്തി എഴുതുക ശ്രമകരമാകുന്നത് അവരുടെ ദൈനംദിന ജീവിതവും, രോഗാവസ്ഥയും, പ്രാസ്ഥാനിക ജീവിതവും ഇഴ ചേർന്ന് കിടക്കുന്നു എന്നുള്ളത് കൊണ്ടാണ്. പാടൂർ സെൻ്ററിലെ താമസവും വാഹിദ്ക്കയുമായുള്ള അയൽപക്ക ബന്ധവുമാണ് ഉമ്മയുടെ പ്രാസ്ഥാനിക ചിന്തകൾക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ കളം ഒരുക്കിയത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഉപ്പയുടെ സാമൂഹിക ബന്ധങ്ങളും അളവറ്റ പിന്തുണയും ഉമ്മാക്ക് വിലമതിക്കാനാവാത്ത ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ചിട്ടയായ സമയബന്ധിതമായ ഒരു ജീവിതമായിരുന്നു ഉമ്മയുടേത്. ഒഴിവുസമയത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും നിങ്ങൾ ചോദ്യം ചെയ്യപ്പെടും എന്ന ഹദീസിനെ ഓർമ്മപ്പെടുത്തുന്ന ജീവിതം. വെറും കേൾവിക്കാർ ആയി കൊണ്ട് ആളുകൾ ഖുർആൻ ക്ലാസുകൾ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ നിന്ന് പേനയും പുസ്തകവുമായി പരീക്ഷയെ മുൻനിർത്തി ഖുർആൻ പഠന ക്ലാസുകൾ നിലവിൽ വന്നതിന്റെ തുടക്കം പാടൂർ ഹൈസ്കൂളിലെ ഒരു ക്ലാസ് റൂമിൽ  നിന്നായിരുന്നു.         

ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഉമ്മയുടെ കൈയും പിടിച്ച്  ആ ക്ലാസിനു നടന്നു പോകുമ്പോൾ പക്ഷേ  മനസ്സ് സങ്കടത്തിലാണ്. മിക്കിക്കയെ പോലെ  അടുത്ത വീട്ടിൽ പോയിരുന്നു ടിവി കാണാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നതായിരുന്നു സങ്കടം. പഠിപ്പിക്കുന്ന കാര്യങ്ങൾ എന്തെന്ന് ഉൾകൊള്ളാൻ പോലുംഎനിക്ക് സാധ്യമല്ലാതിരുന്ന നന്നെ കൊച്ചു പ്രായം ആയിരുന്നെങ്കിലും അവിടെ എത്തി ഉമ്മയുടെ സുഹൃത്തുക്കളെ കാണുമ്പോഴും അവരുടെ ഇടയിൽ അങ്ങനെ ഇരിക്കുമ്പോഴും എൻ്റെ സങ്കടം ഞാൻ മറന്നു പോകുമായിരുന്നു. ഖുർആൻ പഠനത്തിൻ്റെ പ്രാധാന്യം, കുടുംബജീവിതം, സ്ത്രീകൾ ഉൽബുദ്ധരാവേണ്ടതിന്റെ ആവശ്യകത, ഇസ്ലാമിൽ സ്ത്രീകളുടെ പ്രാധിനിധ്യം...അങ്ങനെ വീട്ടിലെ ചുവരുകളിൽ നിന്ന് വായനയിലേക്കും, ഖുർആൻ പഠനത്തിലേക്കും, ജനസമ്പർക്കങ്ങളിലേക്കും, സാമൂഹ്യ സേവനങ്ങളിലേക്കും സ്ത്രീകളെ പരിപോഷിപ്പിച്ചെടുക്കുവാൻ ഉമ്മയും സഹപ്രവർത്തകരും സംഘടിപ്പിച്ചിരുന്ന പൊതു ക്ലാസുകൾക്ക് നിർണായകമായ പങ്കുണ്ടായിരുന്നു.

അതിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനു വേണ്ടി അവരുടെ കാലടികൾ പതിയാത്ത മണ്ണും ഇടവഴികളും പാടൂരിൽ ഇല്ല എന്നു തന്നെ പറയേണ്ടിവരും.പൊന്നാനിയിലെ ഫാത്തിമ്മ ഉമർ, ഒരുമനയൂരിലെ ഫാത്തിമ ടീച്ചർ, അസൂറ അലി, നസീമ ടീച്ചർ, പെരുമ്പിലാവ് സുബൈദ ടീച്ചർ എന്നിവർ ഒക്കെ പാടൂരിലേക്ക് ക്ലാസ്സുകൾ എടുക്കുവാൻ ഉമ്മ മുഖേന ക്ഷണിക്കപ്പെട്ടവരാണ്. ചിലപ്പോഴെങ്കിലും ഹഫ്‌സത്ത എടുത്താൽ മതി ക്ലാസ് എന്ന് പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പ്രഭാഷണ മികവുകൊണ്ടാണോ അതോ അവർക്ക് ആത്മബന്ധം ഉള്ള അവരിൽ ഒരാളുടെ വാക്കുകൾ ശ്രവിക്കുന്നതിനുള്ള താല്പര്യം കൊണ്ടാണോ എന്ന് എനിക്കറിയില്ല.          

കമ്മ്യൂണിറ്റി ഹാളിന്റെ അടുത്തേക്ക് താമസം മാറ്റിയതും റഹ്മ പള്ളിയുടെ മദ്രസ ആസ്ഥാനമായി പ്രവർത്തനങ്ങളെ വിശാലപ്പെടുത്തിയതും ഉമ്മയുടെ പ്രാസ്ഥാനിക ജീവിതത്തിൻ്റെ രണ്ടാംഘട്ടമായി ഞാൻ കണക്കാക്കുന്നു. ജുമുഅക്കായി സ്ത്രീകൾ പള്ളിയിലേക്ക് വന്നതും, റമദാനിലെ തറാവീഹ് നമസ്കാരത്തിന് സ്ത്രീകളുടെ സ്വഫുകൾ അധികരിച്ചതും, നമസ്കാരത്തിന് അവരുടെ പങ്കാളിത്തം ഉണ്ടായതും, പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹിൽ പുരുഷന്മാരെക്കാൾ സ്ഥലം സ്ത്രീകൾക്ക് മാറ്റിവയ്ക്കേണ്ടി വന്നതും, വീട്ട് പണികൾക്കൊടുവിൽ വിശ്രമിക്കുകയോ, ടിവി കണ്ടിരിക്കുകയോ ചെയ്തിരുന്ന ഉമ്മമാർ തഫ്ഹീമെടുത്തു വായിക്കുവാൻ തുടങ്ങിയതും ഒക്കെ ഉമ്മ അടങ്ങുന്ന ഒരു പറ്റം സ്ത്രീകളുടെ പ്രയത്നഫലമാണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൻ്റെ അണിയറ പ്രവർത്തകരാകുവിൻ എന്ന് ആഹ്വാനം ചെയ്യുന്നതിന് പകരം നിങ്ങൾ ഉത്ബുദ്ധരാവുക, ഖുർആൻ പഠിതാക്കൾ ആകുക, രോഗം കൊണ്ടും സാമ്പത്തികമായും കഷ്ടപ്പെടുന്ന നമുക്ക് ചുറ്റുമുള്ളവർക്ക് ആശ്രയം ആവുക എന്നതായിരുന്നു ഉമ്മ മുന്നോട്ട് വെച്ചിരുന്ന കർമ്മലക്ഷ്യം. ശാരീരിക അസ്വസ്ഥതകൾ വല്ലാതെ അലട്ടിയിരുന്ന സമയത്തും, വീട്ടിൽ നിന്നും പുറത്തിറങ്ങി പ്രവർത്തിക്കാൻ കഴിയാത്ത നാളുകളിലൊക്കെയും  ഉമ്മ സ്വന്തമായി സ്മാർട്ട് ഫോൺ ഉപയോഗപ്പെടുത്തി അതിൻ്റെ എല്ലാ ടെക്നിക്കുകളും പഠിച്ചെടുത്ത് അത് വഴി പ്രവർത്തന മേഖല സജീവമാക്കിക്കൊണ്ട് വരാൻ ഉമ്മാക്ക് സാധിച്ചു എന്നത് എടുത്ത് പറയേണ്ട സംഗതിയാണ്.       

ഹോസ്റ്റലിൽ നിന്നോ ഭർതൃ വീട്ടിൽനിന്നോ വന്നിരിക്കുന്ന വേളകളിൽ ഖുർആൻ പഠിപ്പിക്കാനും ഇതര പ്രവർത്തനങ്ങൾക്കും വേണ്ടി ഉമ്മ വീട്ടിൽ നിന്നിറങ്ങുമ്പോൾ നെറ്റി ചുളിച്ചു നിൽക്കുന്ന എന്നെ നോക്കി ഉമ്മ പറയാറുള്ള വാചകം ഇത് വായിക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ ഇവിടെ കുറിക്കുന്നു "നിങ്ങൾക്കുള്ള ഭക്ഷണവും മറ്റും ഞാൻ ഇവിടെ ഒരുക്കി വെച്ചിട്ടില്ലേ, ഇനി ഞാൻ എൻ്റെ ഖബറിലേക്കുള്ളതിനുവേണ്ടി എന്തെങ്കിലും ചെയ്യട്ടെ".

സബീഹ ഷെബീർ

-----------------

വിശ്വാസത്തിന്റെ പ്രതിരൂപം

ലബീബ. എ

പാനായിക്കുളം

ഒരു നാടിൻ്റെ മുഴുവൻ സ്നേഹാദരങ്ങളും പ്രാർത്ഥനകളും ഏറ്റുവാങ്ങിക്കൊണ്ട് അല്ലാഹുവിലേക്ക് യാത്രയായ വ്യക്തിത്വമാണ് ഹഫ്‌സ പാടൂർ എന്ന ഞങ്ങളുടെ മൂത്തുമ്മ.ദീർഘകാലം പ്രസ്ഥാനത്തിൻ്റെ നേത്യനിരയിൽ നിന്നു കൊണ്ട് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.പാടൂരിൻ്റെ ഓരോ മുക്കിലും മൂലയിലും ക്ലാസുകൾ സംഘടിപ്പിക്കുക വഴി ധാരാളം വനിതകൾ പ്രസ്ഥാനത്തിൽ അണിചേർന്നു. മൂത്തുമ്മയുടെ സംസാരത്തിലെപ്പോഴും പാടൂരും പാടൂക്കാരും നിറഞ്ഞു നിന്നിരുന്നു.അപ്പോഴൊക്കെയും ഞങ്ങൾ ഓർക്കുമായിരുന്നു ഇതിനും മാത്രം എന്ത് ബന്ധമാണ് ഇവർക്കിടയിൽ ഉള്ളത് എന്ന്. പക്ഷേ, ആ നാട്ടുകാർക്ക് മൂത്തുമ്മ എത്ര പ്രിയങ്കരിയായിരുന്നു എന്ന് മനസ്സിലായത്  ആ ജനാസ കാണാൻ വന്ന ജനബാഹുല്യം കണ്ടപ്പോഴാണ്. മരണവാർത്തയറിഞ്ഞു വന്ന ഒരു സഹോദരി പറഞ്ഞത് , തൻ്റെ മാതാവ് മരണപ്പെട്ട ദുഃഖാർത്തമായ ആ ദിനങ്ങളിൽ കൂടെക്കൂടെ വീട്ടിൽ വന്ന് തന്നെ പരിചരിച്ച ഹഫ്‌സത്തയിലൂടെ ഉമ്മയുടെ സാമീപ്യം തനിക്ക് അനുഭവിച്ചറിയാനായി എന്നാണ്.ഒരു സഹപ്രവർത്തക എന്നതിനേക്കാൾ സന്ദർഭങ്ങൾക്കനുസരിച്ച് ഉമ്മയുടെയും സഹോദരിയുടേയും സുഹൃത്തിൻ്റെയും റോളുകൾ അനായാസം കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു ഹഫ്‌സ സാഹിബ എന്നാണ് അനുസ്മരണ യോഗത്തിൽ പലരും സൂചിപ്പിച്ചത്.

ജീവിച്ചിരുന്ന കാലമത്രയും പടച്ചവൻ്റെ പല വിധ പരീക്ഷണങ്ങൾ നേരിട്ട വ്യക്തിയായിരുന്നു  മൂത്തുമ്മ. കടിഞ്ഞൂൽ കൺമണി വൈകല്യങ്ങളോടെ പിറന്നു വീണിട്ടും അവർ തളരാതിരുന്നത് എല്ലാം നാഥനിൽ ഭരമേല്പിച്ചതു കൊണ്ടു മാത്രമാണ്. ജീവിതത്തിൻ്റെ മുക്കാൽ ഭാഗവും രോഗ പീഢകളാൽ പ്രയാസപ്പെട്ടിട്ടും ഇസ്ലാമിക പ്രവർത്തനത്തിന് അതൊരു തടസ്സമാകാതെ നിന്നത് അചഞ്ചലമായ ഈമാൻ ഒന്നു കൊണ്ടു മാത്രമാണ്. രോഗശയ്യയിൽ ആയിരിക്കുമ്പോൾ ആകെയുണ്ടായിരുന്ന സങ്കടം വായനയും എഴുത്തും പഠനവും നടക്കുന്നില്ലല്ലോ എന്നായിരുന്നു.

പ്രസ്ഥാന പ്രവർത്തനത്തോടൊപ്പം തന്നെ കുടുംബ കാര്യങ്ങളിലും വളരെ ശ്രദ്ധ പുലർത്തിയിരുന്ന വ്യക്തിയായിരുന്നു മൂത്തുമ്മ. മക്കളെ ദീനീചിട്ടയിൽ വളർത്തി. കുടുംബ ബന്ധങ്ങൾ ചേർത്ത് പിടിക്കുന്നതിൽ താല്പര്യം കാണിച്ചിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ കൊണ്ട് കുടുംബത്തിലെ ചില വിവാഹാഘോഷങ്ങൾ ഒക്കെ ഒഴിവാക്കിയിരുന്നെങ്കിലും അവരെ ഫോണിൽ ബന്ധപ്പെട്ട് വിശേഷങ്ങൾ തിരക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. രുചികരമായ ഭക്ഷണമുണ്ടാക്കി അതിഥികളെ  സൽക്കരിക്കുന്നതിലും യാത്ര പറഞ്ഞ് പോരുമ്പോൾ നട്ടുനനച്ച് പരിപാലിച്ച അടുക്കളത്തോട്ടത്തിൽ നിന്ന് പച്ചക്കറികൾ പറിച്ച് പൊതിഞ്ഞ് തരുന്നതിലും ഒട്ടും മടി കാണിച്ചിരുന്നില്ല മൂത്തുമ്മ. മൂത്തുമ്മയുടെ മരണം ഒരു നോവായി മനസ്സിലുണ്ടെങ്കിലും, ദുനിയാവിലെ  പരീക്ഷണങ്ങളിൽ പതറാതെ ക്ഷമ കൈക്കൊണ്ട മൂത്തുമ്മയെ ആഖിറത്തിലെ അപാരമായ ആനന്ദം അനുഭവിപ്പിക്കാൻ അല്ലാഹു നേരത്തെ ക്ഷണിച്ചതാകാം എന്ന് കരുതി സമാധാനിക്കുകയാണ് ഞങ്ങൾ കുടുംബാംഗങ്ങൾ. 

അല്ലാഹു മൂത്തുമ്മയുടെ വീഴ്ചകൾ പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ. സൂറത്തു സുമറിൽ പറഞ്ഞതു പോലെ, സ്വർഗ്ഗത്തിന്റെ കാവൽക്കാർ സലാം പറഞ്ഞുകൊണ്ട് സ്വീകരിച്ചാനയിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹു മൂത്തുമ്മയെയും നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ..

ആമീൻ

ലബീബ. എ

പാനായിക്കുളം

--------------

കുഞ്ഞിത്ത

നുസൈബ വി.എ

ഇന്ത്യയിലെ പേരു കേട്ട ആദ്യത്തെ പള്ളിയായ ചേരമാൻ പള്ളിയും,പ്രസിദ്ധമായ ഭഗവതി ക്ഷേത്രവും മാർത്തോമ പള്ളിയും എല്ലാം ഉൾക്കൊള്ളുന്ന മതസൗഹാർദം വിളിച്ചോതുന്ന പ്രശസ്തമായ കൊടുങ്ങല്ലൂരിൻ്റെ മണ്ണിൽ 'കുടിലിൽ' എന്ന് വിളിപ്പേരുള്ള വലിയവീടെന്ന വലിയ തറവാട്ടിലായിരുന്നു   ഹഫ്‌സ എന്ന ഞങ്ങളുടെ കുഞ്ഞിത്തയുടെ ജനനം.

മഹല്ല് പള്ളിയുടെ ഖത്തീബ് സ്ഥാനവും സെക്രട്ടറി സ്ഥാനവും മദ്രസ അദ്ധ്യാപനവും നടത്തിക്കൊണ്ടിരുന്ന സെയ്ദു മുഹമ്മദ് മൗലവിയുടെ എട്ട് മക്കളിൽ നാലാമത്തെയായിരുന്നു ഹഫ്‌സ. ആ കാലഘട്ടത്തിലെ വിദ്യഭ്യാസ രീതി എന്ന് പറഞ്ഞാൽ മദ്റസക്ക് ആയിരുന്നു പ്രാധാന്യം. പെൺകുട്ടികൾക്ക് ഭൗതിക വിദ്ധ്യാഭ്യാസമൊന്നും വേണ്ട എന്ന ചിന്താഗതിയായിരുന്നു അന്നുണ്ടായിരുന്നത്. എങ്കിലും ഹഫ്‌സ ചെറിയ തരത്തിൽ ഭൗതികവിദ്യാഭ്യാസത്തിൻ്റെ പടവുകൾ കയറി. വീടിൻ്റെ അടുത്തു തന്നെയായിരുന്നു ബാലാനുബോധിനി എന്ന സ്ക്കൂൾ ഉണ്ടായിരുന്നത്.

കൊടുങ്ങല്ലൂരിലെ തന്നെ ഗ്രാമപ്രദേശമായ എറിയാട് എന്ന സ്ഥലത്തായിരുന്നു ആദ്യം ദീനിൻ്റെ വ്യാപനം കൂടുതലായി ഉണ്ടായത്. അതിൻ്റെ ഫലമായിട്ടാണ് പല മഹത്തുക്കളുടെയും ചിന്തയിൽ പെൺകുട്ടികൾക്ക് ദീനി വിദ്യാഭ്യാസം നേടാൻ ഒരു സ്ഥാപനം തുടങ്ങുക എന്ന ആശയം ഉരുത്തിരിഞ്ഞത്. അതിനുവേണ്ടി പല മഹാന്മാരുടെയും സഹയഹസ്തം കൊണ്ട് എറിയാട് 'മദ്റസത്തുൽ ബനാത്ത്' എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങി. പെൺകുട്ടികളെ വിദ്യ അഭ്യസിപ്പിക്കരുത് എന്ന് പറയുന്ന ആ കാലഘടത്തിൽ അവിടേക്ക് വിദ്യാർഥികളെ കിട്ടുക എന്നതും വളരെ ദുഷ്കരമായിരുന്നു. പല മഹാന്മാരായ പണ്ഡിതന്മാരുടെ ശ്രമഫലമായി കുറച്ച് കുട്ടിക്കളെയൊക്കെ സംഘടിപ്പിച്ച് ദീനിൻ്റെ പ്രചാരണം എന്ന വലിയ ലക്ഷ്യവുമായി മദ്റത്തുൽ ബനാത്ത് പ്രയാണം തുടങ്ങി. ഹഫ്‌സ എന്ന മഹതിക്കും ആ സ്ഥാപനത്തിൽ എത്തിപ്പെടാനുള്ള സൗഭാഗ്യം ലഭിച്ചു. അവിടെ നിന്നാണ് ദീനി വിദ്യാഭ്യാസത്തിൻ്റെ തുടക്കം.

അന്നൊക്കെ തട്ടമിട്ട് നടക്കുന്നതിന് ആളുകളിൽ നിന്ന് ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അവിടെ നിന്ന് അത്യാവശ്യം വേണ്ട ദീനി വിദ്യാഭ്യാസമൊക്കെ സ്വായത്തമാക്കി . ഹഫ്‌സയുടെ സ്വദേശമായ അത്താണിയെന്ന ചെറിയ പ്രദേശത്തുനിന്നും ത്തന്നെയായിരുന്നു പ്രവർത്തനത്തിൻ്റെ തുടക്കം. അവിടെയുള്ള അന്ധകാരത്തിൻ്റെ പടുകുഴിയിൽ കിടന്നിരുന്ന ആളുകളെ ഖുർആൻ ക്ലാസിലൂടെയും നബിവചനങ്ങളിലൂടെയും അറിവിൻ്റെ ലോകത്തേക്ക് ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളായിരുന്നു. അതിൻ്റെ ഫലമായി പല ആളുകളെയും കൂട്ടി ഹൽഖയൊക്കെ രൂപീകരിച്ചു. അന്നത്തെ കാലത്ത് ഖുർആൻ ക്ലാസെടുക്കന്നവർക്ക് മറ്റൊരു വിനോദമോ ആഘോഷമോ ഒന്നും പാടില്ല എന്നതായിരുന്നു ധാരണ. കൊടുങ്ങലൂർ ഭഗവതീ ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ ഒരു ഉത്സവമുണ്ടാവും. "താലപ്പൊലി", മറ്റു വിനോദങ്ങളോ പരിപാടികളോ ഒന്നും ഇല്ലാത്തതുകൊണ്ടും മതസൗഹാർദം നിലനിൽക്കുന്നതുകൊണ്ടും നാട്ടിലുള്ള മുസ്ലിലങ്ങളെല്ലാം (കുട്ടികൾ) അത് കാണാൻ പോകും. അങ്ങനെ പോകുന്ന കൂട്ടത്തിൽ ഖുർആൻ ക്ലാസെടുത്തു നടക്കുന്ന ഈ മഹതിയും പോയി. അതിന് ഖുർആൻ ക്ലാസെടുക്കുന്ന ആൾ അമ്പലത്തിൽ പോയിരിക്കും എന്ന് പറഞ്ഞ് നാട്ടിലുണ്ടായ പുകില് ഞാനിന്നും ഓർക്കുന്നു. 

അങ്ങനെ സ്വന്തം പ്രദേശത്ത് ആളുകളെ ബോധവത്കരിച്ച് കൊണ്ടിരിക്കുന്നതിനിലയിലാണ് പാടൂരിലേക്കുള്ള പറിച്ചു നടൽ. പിന്നീടുള്ള വളർച്ച അവിടെയായിരുന്നു. വലിയ ഒച്ചപ്പാടിലൂടെയല്ല സൗമ്യമായ ഇടപെടലിലൂടെയായിരുന്നു എല്ലാവരിലേക്കും എത്തിയത്. സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പുഴയായ് ഒഴുകിക്കൊണ്ട് പാടൂരെന്ന ദേശത്തെ അന്ധകാരത്തിൻ്റെ ആഴിയിൽ നിന്നും അറിവിൻ്റെ ലോകത്തിലേയ്ക്ക് ഉയർത്തി. നിഷ്കളങ്കമായ ആ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും പരിമളം എല്ലാവരുടെയും മനസ്സിൻ്റെ അകത്തളത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. പരീക്ഷണങ്ങൾ ഏറെ തരണം ചെയ്യേണ്ടി വന്നെങ്കിലും അതെല്ലാം ക്ഷമയോടെ സര്‍‌വശക്തനായ അല്ലാഹുവിലേൽപ്പിച്ച് പരലോകമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തത്. അതിൽ വിജയം കാണുകയും ചെയ്തു. ഹഫ്‌സ എന്ന മഹതി എല്ലാവരുടെയും മനസ്സിലും മരിക്കാത്ത ഓർമ്മകളായി നിലനിൽക്കട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഇതെല്ലാം മാതൃകയാക്കി ജീവിക്കാൻ നമുക്കും സാധിക്കട്ടെ.

നുസൈബ വി.എ

------------

നന്മ നിലാവ് 

ഡോ. മുബാറക് പാടൂർ


ഒറ്റ വാചകത്തിൽ 

എഴുതേണ്ടുന്ന 

കവിതയായിരുന്നു ഉമ്മ!

ഓർമകളുടെ 

മഹാപ്രളയത്തിൽ നിന്ന് 

തിരയടിച്ചെത്തുന്ന 

നല്ല നിമിഷങ്ങളുടെ 

സ്പന്ദനങ്ങൾ പറയും 

അശരണർക്കാശ്വാസമായിരുന്നു

അവരെന്ന്..

വിധി പുറത്തു നിർത്തിയവർക്ക് 

താങ്ങും തണലും

തണുപ്പുമായിരുന്നെന്ന്..

നന്മ നിലാവായിരുന്നെന്ന്..!

ഡോ. മുബാറക് പാടൂർ

--------------

നിഷ്‌കളങ്കയായ മഹതി

സീനത്ത് എറിയാട്

ഹഫ്‌‌സയെ കുറിച്ച് പറയുകയാണെങ്കിൽ പറഞ്ഞാൽ തീരില്ല അത്രയ്ക്കും ഉന്നത വ്യക്തിത്വത്തിന്‌ ഉടമയായ പ്രവർത്തക.സൽസ്വഭാവി സൗമ്യ സ്വഭാവം.ഞാൻ കൊടുങ്ങല്ലൂരിലെ അത്താണി എന്ന സ്ഥലത്തേക്ക് എത്തുന്നത്  എൻറെ പതിനെട്ടാമത്തെ വയസ്സിലെ വിവാഹത്തോടനുബന്ധിച്ചാണ്‌.

വിവാഹശേഷമാണ്‌ ജമാഅത്തെ ഇസ്ലാമി എന്താണ്‌ എന്ന് ഞാൻ അറിയുന്നത്.ഞാൻ പഠിച്ചതും വളര്‍‌ന്നതും ഇസ്‌ലാഹി പശ്ചാതലുമുള്ള കുടും‌ബത്തിലും സ്ഥാപനത്തിലുമാണ്‌.ഭര്‍‌തൃ ഗൃഹത്തിലെത്തിയപ്പോള്‍ എനിക്ക് പ്രസ്ഥാനത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. എന്നെ പ്രസ്ഥാനത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ഇക്കാടെ എളാപ്പയുടെ മകളായ ഹഫ്‌സയാണ്.ഈ മഹതിയെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ പറഞ്ഞാൽ തീരില്ല അത്രയ്ക്കും കടപ്പാടുണ്ട്.

വീട്ടിൽ വന്ന് ക്ലാസ്സുകൾക്കും യോഗങ്ങൾക്കും സ്കോർഡുകൾക്കും വിളിച്ചുകൊണ്ടുപോയി എന്നെ എല്ലാവരെയും പരിചയപ്പെടുത്തി. അയൽ‌പക്കങ്ങളിലും പ്രവർത്തകരുടെ വീടുകളിലും എന്നെ കൊണ്ടുപോയി ബനാത്ത് അറബിക് കോളേജില്‍ കൂട്ടി കൊണ്ടുപോയി അധ്യാപകരെയും മറ്റുള്ളവരെയും പരിചയപ്പെടുത്തി വിവാഹം കഴിഞ്ഞ് പോകുന്നത് വരെയുള്ള ആ രണ്ടുവർഷം ഞങ്ങൾ തമ്മിൽ വളരെയധികം ബന്ധങ്ങൾ ഉണ്ടായിരുന്നു

ഇക്കയുടെ എളാപ്പയുടെ മകളായിരുന്നു ഹഫ്‌‌സ. ഒരു ജേഷ്ഠ സഹോദരൻറെ ഭാര്യയായിട്ടല്ല എന്നെ കണ്ടിരുന്നത് ഒരു കൂട്ടുകാരി ആയിട്ടായിരുന്നു ഞാൻ വീട്ടിൽ പോവുകയാണെങ്കിൽ എനിക്ക് കത്ത് എഴുതുമായിരുന്നു അന്ന് ഫോൺ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലല്ലോ.ഞങ്ങളുടെ വീടുകൾ ഏതാനും വീടുകൾക്കു അപ്പുറമായിരുന്നെങ്കിലും ഇടക്കിടെ മദ്രസയിൽ പോകുന്ന കുട്ടികളുടെ കയ്യിൽ എനിക്ക് എഴുത്ത് എഴുതി കൊടുത്തയക്കുമായിരുന്നു.

രണ്ട് വർഷത്തിനുശേഷം വിവാഹം കഴിഞ്ഞ് പോയി അതിനുശേഷം ഞങ്ങൾ കത്തിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു. മകൻ ജനിച്ച ശേഷം കുട്ടിയുടെ കാര്യത്തിൽ മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു പിന്നെ ഞങ്ങൾ വല്ലപ്പോഴും വല്ല ആവശ്യങ്ങൾ മാത്രമായി കണ്ടുമുട്ടൽ.എന്നാലും പാടൂരിലുള്ള ഹ‌ഫ്‌സയുടെ വീട്ടിൽ  പല പ്രാവശ്യം പോയി അവസാനമായി ഞങ്ങൾ കണ്ടുമുട്ടിയത് ജിഐ തൃപ്രയാർ സംഗമത്തിൽ വെച്ചാണ്. നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഞങ്ങൾ റാലിക്ക് പോയില്ല ഓഡിറ്റോറിയത്തിൽ ഇരുന്ന്  ഒരുപാട് നേരം സംസാരിച്ചു സംസാരത്തിൽ അധികവും മിഖ്‌ദാദിന്റെ കാര്യങ്ങൾ അസുഖങ്ങൾ എന്നിവയാണ് വിഷമത്തോടെ ഹഫ്‌‌സ പറഞ്ഞത്. പിന്നീട് ഞാൻ കാണുന്നത് എൻറെ പ്രിയ കൂട്ടുകാരിയുടെ ചലനമറ്റ ശരീരമായിരുന്നു.

ആജനപ്രവാഹം പ്രസ്ഥാന പ്രവർത്തകരുടെ ഒഴുക്ക് മയ്യത്ത് നമസ്കാരം എല്ലാം എൻറെ സഹോദരിയുടെ നിഷ്കളങ്കമായ സ്നേഹത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമായിരുന്നു നാഥാ നീ ഞങ്ങളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടണമേ ഒരുപാട് പ്രയാസങ്ങളും പരീക്ഷണങ്ങളും ക്ഷമയോടെ സ്വീകരിച്ചവരാണ്‌.

പ്രിയപ്പെട്ട മഹതിക്ക് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കേണമേ എന്തെങ്കിലും വീഴ്ചകൾ വന്നിട്ടുണ്ടങ്കിൽ പൊറുത്തു കൊടുക്കണേ നാഥാ ആ കുടുംബത്തിന് ആ മകന് ക്ഷമയും ആശ്വാസവും നൽകണേ റബ്ബേ ....

സീനത്ത് എറിയാട്

---------------

എനിക്ക് കിട്ടിയ ഭാഗ്യം

ഡോ.സുമയ്യ റഹ്‌മാന്‍

രോഗികൾ ഒഴിഞ്ഞ ഒരു ഇടവേളയാണിത്. ഇന്ന് ഡോക്ടറുടെ കസേരയിൽ ഇരിക്കുന്ന ഞാൻ എന്റെ മേശയിലെ കുറിപ്പടിയിൽ ഉമ്മയെ പറ്റി കുറച്ചെങ്കിലും എഴുതാൻ ശ്രമിക്കുമ്പോൾ ചിരിച്ചും സ്നേഹിച്ചും ശാസിച്ചും പ്രാർത്ഥിച്ചും മനസ്സിന്റെ ഓരം പറ്റി നിന്ന ഒരാൾ ഇനിയില്ല ഭൂമിയിൽ എന്ന സത്യം നെഞ്ചിൽ കുരുങ്ങി വാക്കുകൾ മുറിയുന്നു. ഉമ്മയെ പറ്റി ഓർമ്മകൾ ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്നത് എപ്പോളും ഖുർആൻ മടുക്കാത്ത ഓതി പഠിക്കുന്ന ഉമ്മയുടെ മുഖമാണ്. നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ എന്ന നബിവചനം ആവേശിച്ച ജീവിതം. ഉമ്മയെ അറിയുന്ന എല്ലാവർക്കും അങ്ങനെ തന്നെയാവും. എന്നാൽ ഉമ്മയോടൊപ്പമുള്ള എന്റെ അനുഭവങ്ങൾ ഒരു പക്ഷെ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ്. 

'ഉമ്മാ' എന്നെനിക്ക് മുഴുവൻ മനസ്സോടെ എന്റെ ഉമ്മയെ പോലെ എനിക്ക് വിളിക്കാൻ കഴിഞ്ഞത് എന്റെ മനസ്സിന്റെ വലിപ്പം കൊണ്ടല്ല. ഉമ്മ എന്നെ സെബിയെ പോലെ തന്നെ പരിഗണിച്ചും പരിചരിച്ചും ശരിക്കും ഉമ്മ ആയി മാറിയത് കൊണ്ടാണ്. 

സാധാരണ കൂട്ടുകാർ വഴി കൂട്ടുകാരുടെ ഉമ്മമാരോട് അടുപ്പം ഉണ്ടാകാറാണ് പതിവ്.  എന്നാൽ ഉമ്മ വഴിയാണ് എന്നോട് കോളേജിൽ വെച്ച് സൗഹൃദത്തിന്റെ ഒരു നോട്ടം പോലും പങ്കുവെക്കാത്ത ഒരാൾ പിന്നീട് എന്റെ മൂന്ന് സഹോദരികളെ പോലെ ഒരു സഹോദരിയായി മാറിയത്. 

ബി.ഡി.എസിനു അഡ്മിഷൻ കിട്ടി കോതമംഗലം ഇന്ദിരാഗാന്ധി കോളേജിൽ കയറിയ ആദ്യത്തെ ദിവസങ്ങളിൽ ഹോസ്റ്റൽ ജീവിതത്തിലെ അനിഷ്ടകരമായ അനുഭവങ്ങളും വീട്ടിൽ നിന്ന് ആദ്യമായി വിട്ട് നിന്ന വിഷമം കൊണ്ടും കോളേജ് ട്രാൻസ്ഫെറിനായി ഉപ്പയും ഉമ്മച്ചിയും ഓഫീസ് കയറിയിറങ്ങി മടുത്തു. ഡെന്റൽ കൗൺസിൽ, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് തുടങ്ങിയവയിലെ എല്ലാ പ്രമുഖരെയും അപേക്ഷയുമായി പോയി കണ്ടു. ഒരു അനക്കവും ഉണ്ടായില്ല. പഠനം നിർത്താമെന്ന് പോലും മനസ്സിലുറപ്പിച്ചു. എന്റെ ഉപ്പാടെ പ്രാർത്ഥനക്ക് ഉത്തരം പോലെ 'ഉമ്മ' എന്റെ ഉപ്പയെ വിളിക്കുകയായിരുന്നു.. 

''സുമിയെ എന്റെ അടുത്ത് നിർത്താം..ഞാൻ നോക്കിക്കോളാം'' എന്ന് പറഞ്ഞു. വാക്കുകൾക്കതീതമാണ് അന്ന് ഞങ്ങൾ അനുഭവിച്ച സന്തോഷം. അന്ന് സെബിക്ക് വേണ്ടി ഉമ്മയും കുടുംബസമേതം കോളേജിന് സമീപം നെല്ലിക്കുഴി എന്ന സ്ഥലത്ത് താമസം മാറിയിരുന്നു. 

ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയെ കുറിച്ചോ അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ അന്ന് എനിക്ക് അറിയില്ലായിരുന്നു. ഉമ്മാന്റെ കൂടെ ജീവിച്ച് തുടങ്ങിയപ്പോൾ ഞാൻ പ്ലസ് ടു വരെ പഠിച്ച മതവിദ്യാഭ്യാസം വട്ടപ്പൂജ്യമായി തോന്നി. ഉമ്മ എന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ദിവസവും നിസ്കരിക്കുമെങ്കിലും അതിലെ ദുആകളും ദിക്റുകളും എന്താണെന്ന് മദ്രസയിൽ എക്സാമിന് എഴുതിയിട്ടേയുള്ളൂ. മനസ്സറിഞ്ഞ് നിസ്കരിക്കാനും ഖുർആൻ പഠിക്കാനും ഉമ്മയാണ് പഠിപ്പിച്ചത്. 

ഉമ്മാടെ ഭക്ഷണം കഴിക്കാൻ കോളേജിൽ നിന്ന് ഓടി വന്നിരുന്ന ഞങ്ങളെ തീരെ വിഷമിപ്പിക്കാതെ എത്ര വയ്യെങ്കിലും ഭക്ഷണമുണ്ടാക്കി വിളമ്പി തന്നിരുന്നു. സുമി ചിക്കൻ കൊതിച്ചിയാണ് എന്ന് പറഞ്ഞ് എനിക്കിഷ്ടപ്പെട്ടതും, പലഹാരങ്ങളും ഒരുപാട് വാങ്ങിക്കൊണ്ടുവരാൻ ഉപ്പയും കൂടെയുണ്ടായിരുന്നു. മിക്കിക്കയും ആച്ചുക്കയും ഒക്കെ കൂടിയപ്പോ എനിക്ക് പിന്നെ ഉമ്മ സമ്മാനിച്ചത് ഒരു വീട് തന്നെയായിരുന്നു. ഇപ്പോഴും ഓടിപ്പോയി അടുക്കളയിൽ കയറി ഉമ്മച്ചിയുടെ അടുത്തെന്ന പോലെ കഴിക്കാനും കിടക്കാനുമുള്ള ഇടം. 

ജീവിത സാഹചര്യങ്ങൾ മാറിയപ്പോഴും ഉമ്മ നിരന്തരം വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ഖുർആൻ പഠിക്കാനും ജീവിതത്തെ കൂടുതൽ ചിട്ടപ്പെടുത്താനും ആയിരുന്നു ഉമ്മാക്ക് ഇപ്പോഴും പറയാനുണ്ടായിരുന്നത്. അതിലുപരി ഉമ്മയുടെ ദുആ കൂടെയുണ്ടാവും എന്ന വിശ്വാസം എനിക്ക് തന്നിട്ടുള്ള ധൈര്യം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. 

ഉമ്മയാണ് എന്നെയും സെബിയെയും അടുപ്പിച്ചത്. ഉമ്മയിലൂടെ കിട്ടിയതാണ് സെബിയെ. ഉമ്മ മരണപ്പെട്ട ദിവസം അടുക്കളയിലിരുന്ന് ഉപ്പ ചോറ് കഴിക്കുമ്പോൾ സെബിക്ക് വാരിക്കൊടുത്തു. ഒപ്പം എനിക്കും രണ്ട് പിടി വാരിത്തന്നു. ഉമ്മ അങ്ങനെയാണ് ഞങ്ങളെ രണ്ടു പേരെയും നോക്കിയതെന്ന് ഉപ്പ ഓർമിപ്പിച്ചത് പോലെ തോന്നിയെനിക്ക്.. 

നഷ്‌ടമായത് ധൈര്യമായിരുന്ന പ്രാർത്ഥനയാണ്. എന്നാലും ഉമ്മ എന്ന് വിളിക്കാനുള്ള ഭാഗ്യമുണ്ടായല്ലോ..  സബീഹായെ പോലെ ഒരു കൂടെപ്പിറപ്പിനെ തന്നല്ലോ.. 'ഉമ്മാ' എന്ന് നീട്ടിവിളിച്ച് ഇനിയും ഓടിച്ചെല്ലാൻ, ഉമ്മാടെ കൂടെ സ്വർഗ്ഗത്തിലെത്താൻ എനിക്കും ഭാഗ്യമുണ്ടാവണേ എന്ന പ്രാർത്ഥനയിൽ മനസ്സ് നിറഞ്ഞൊഴുകുന്നു.

ഡോ.സുമയ്യ റഹ്‌മാന്‍

-----------

സ്‌നേഹ നിധിയായ ഉമ്മ

ഷബീര്‍ ബഷീര്‍

ഉമ്മയെ കുറിച്ചുള്ള സ്‌മരണികയിലേക്ക് എന്തെങ്കിലും എഴുതണം എന്ന് ആവശ്യപ്പെട്ടത് സെബി ആയിരുന്നു.അവളുടെയോ കൂട്ടത്തിലുള്ള മറ്റാരുടെയങ്കിലുമോ അത്രയൊന്നും എഴുത്തിൽ മികവില്ല എന്ന ബോധ്യം ഉള്ളതിനാൽ അതിനുള്ള ധൈര്യം വന്നില്ല.എന്നാൽ കഴിഞ്ഞ ദിവസം യാസിർ കൂടി ആവശ്യപ്പെട്ടപ്പോൾ എഴുതിനോക്കാം എന്ന് കരുതി.

------------------

ഷബീര്‍ ബഷീര്‍ (സബീഹയുടെ പ്രിയതമന്‍)

എന്റെ ഉമ്മാ;എന്റെ സെബിയെ ഉദരത്തിൽ ചുമന്ന എന്റെ ഉമ്മ;എന്നെ എന്നും "ഷബീർമോനെ"എന്ന് മാത്രം വിളിക്കാറുള്ള ഉമ്മ;സ്‌നേഹാര്‍‌ദ്രമായി അങ്ങനെ വിളിക്കുന്ന ഏക വ്യക്തിയെ കുറിച്ച് ഞാൻ എവിടെ നിന്ന് തുടങ്ങും?

നാട്ടിൽ എത്തും മുമ്പ് വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും ആദ്യമായി നേരിൽ എന്നെ കാണാൻ തളിക്കുളം വീട്ടിൽ വന്ന ദിവസം; അന്നോളം ഞാൻ ആരിലും കാണാത്ത ആത്മവിശ്വാസത്തോടെ "മോൻ ധൈര്യമായിരുന്നോ എന്റെ മകളായത് കൊണ്ടല്ല അവൾ നല്ല കുട്ടിയാണ്‌" അല്‍‌പം കണ്ണീരിന്റെ നനവിൽ പുഞ്ചിരിച്ച്‌ എന്നോട് പറഞ്ഞു തന്ന നിമിഷത്തിൽ നിന്നോ..?

അതോ "ഉമ്മാ പോയി മോനെ" എന്ന് എന്റെ വാപ്പ ടലഫോണിലൂടെ അറിയിച്ച നിമിഷത്തിലെ ശൂന്യതയിൽ നിന്നോ ...?

വാപ്പയുടെ ടലഫോണ്‍ കോൾ നൽകിയ ഞെട്ടലിനു ശേഷം എനിക്ക് തോന്നിയ വികാരം എന്തു കൊണ്ടോ ഒരര്‍‌ഥത്തില്‍ അല്ലാഹുവിനോട് കടുത്ത പരിഭവമായിരുന്നു.കാരണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ പ്രാര്ഥിച്ചിരുന്നത് "എനിക്ക് നേരിട്ട് അറിയുന്നതും അല്ലാത്തതും ആയ നിരവധി അർഹരായ മനുഷ്യരിലേക്ക് സഹായത്തിന്റെ താങ്ങും തണലും വെളിച്ചവുമായി നിന്നിരുന്ന ആ വിളക്ക് നീ കെടുത്തി കളയല്ലേ അള്ളാഹ്"എന്നായിരുന്നു.

എന്റെ പരിഭവങ്ങളൊക്കെ ഉള്ളിലൊതുക്കി തലേന്ന് രാത്രി വരെ ശക്തമായ പനി കാരണം ബാത്‌റൂമിൽ തലകറങ്ങി വീണ്‌ കിടന്ന്‌ പോയ സെബിയുടെ ഉമ്മയുടെ ദീർഘായുസ്സിനായുള്ള ദുആക്ക് ആമീൻ പറഞ്ഞു കൊണ്ടേ ഇരിക്കുമ്പോള്‍ ഞാനും അറിയാതെ ഇവളുടെ പ്രാർത്ഥന കേട്ട് അള്ളാഹു ഉമ്മയെ തിരികെ തരും എന്ന് വെറുതെ ആഗ്രഹിച്ചിരുന്നു.

പലപ്പോഴും ഉമ്മാ എനിക്ക് ഒരു അവസാന ആശ്രയമായിരുന്നു.എന്റെ എല്ലാ വഴികളും അടയുമ്പോള്‍ ഏതു പൂട്ടും തുറക്കാൻ കഴിയുന്ന പ്രാർത്ഥന പഠിപ്പിക്കുന്ന എന്റെ അവസാനത്തെ താക്കോലാണ്‌ ഈ പൊന്നുമ്മ.

ഒരിക്കല്‍ യുഎയിലെ മരുഭൂമി കാണാൻ പോയി,യാത്രയില്‍ പാസ്പോര്ട്ട് നഷ്ടപ്പെട്ടിരുന്നു,അതാകട്ടെ പെട്ടെന്ന്‌ പുതുക്കാൻ പോലും എളുപ്പമല്ലാത്ത പ്രത്യേക സാഹചര്യത്തിലുമായിരുന്നു.ഈ പ്രതിസന്ധിയുടെ തിരിച്ചറിവിൽ ഏറെ അസ്വസ്ഥനായി നട്ടുച്ചക്ക് റൂമിൽ തിരിച്ചെത്തി പൊട്ടിക്കരഞ്ഞ ശേഷം വെറുതെ ഒരു നിമിഷം ഉമ്മയുടെ മെസ്സേജ്‌ ശ്രദ്ദയില്‍ പെട്ടു.നഷ്ടപ്പെട്ട വസ്തുക്കൾ  തിരികെ ലഭിക്കാനുള്ള പ്രാർത്ഥനയായിരുന്നു അത്.തല്‍‌ക്ഷണം തന്നെ പ്രാര്‍‌ഥന ഹൃദിസ്ഥമാക്കി.ഒരു തവണ ചൊല്ലിക്കഴിഞ്ഞ്‌ ഒരു മിനിറ്റു പോലും തികയും മുമ്പ് എന്റെ നഷ്‌ടപ്പെട്ട പാസ്പോര്ട്ട് മരുഭൂമിയിൽ നിന്ന് വീണു കിട്ടിയെന്ന് പറഞ്ഞു ഒരു പോലീസുകാരന്റെ ഫോണ്‍‌വിളി വന്നത്.ഇതു പോലെയുള്ള അനുഭവങ്ങൾ ജീവിത മുഹൂര്‍‌ത്തങ്ങള്‍ പലതും ഓര്‍‌ത്തെടുക്കാനാകും.

രാവിലെ എന്റെ മെസ്സേജ് കേട്ട് തുടങ്ങുന്ന ദിവസം ഏറ്റവും നന്നാവാറുണ്ടെന്ന് സ്നേഹത്തോടെ എന്നോട് പറയാറുള്ള ഉമ്മാ,രാഷ്ട്രീയമായുള്ള ഞങ്ങളുടെ അഭിപ്രായ വൈരുദ്ധ്യങ്ങള്‍ സൃഷ്ടിക്കുന്ന സംവാദങ്ങളിൽ ഒരിക്കൽ പോലും ഒരു ദാക്ഷിണ്യവും കാണിക്കാതെ എന്റെ എല്ലാ വാദങ്ങൾക്കുമുള്ള ശക്തമായ മറുപടി നൽകി തന്റെ ബോധ്യങ്ങളും അറിവുകളും സ്നേഹവാത്സല്യങ്ങൾക്ക് മുമ്പിൽ പോലും അടിയറ വെക്കരുതെന്ന  ധീരമായ നിലപാടായിരുന്നു സ്‌നേഹനിധിയായ ഉമ്മയുടേത്.

ഇത്തവണ ആശുപത്രി ഐസിയുവില്‍ നിന്ന് വന്ന ദിവസം കിടന്ന് കൊണ്ട്  "നാളെ ഖുർആൻ എക്സാം ഉണ്ട് പ്രാർത്ഥിക്കണം"എന്ന് എന്നോട് പറഞ്ഞപ്പോൾ; മൂന്നു ദിവസങ്ങൾക്കകം വടിയും കുത്തി എണീറ്റു നടന്നപ്പോൾ;അതിനടുത്ത ദിവസം  ഞങ്ങളോടൊപ്പം വണ്ടിയിൽ കയറി തൃശൂർ ഭാരത് ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ; അവസാനം വിടപറയുന്നതിന് ഒരു ദിവസം മുമ്പ് യാസിറിനോട് "ഷാഹിദത്താടെ കാര്യം തിരിച്ച് വന്ന ശേഷം നോക്കാം"എന്നൊക്കെ പറയുമ്പോൾ എല്ലാം ഇത്ര മാത്രം  ആത്മവിശ്വാസവും ധൈര്യവും ആ കുഞ്ഞു ശരീരത്തിൽ എവിടെ നിന്നാണ് വരുന്നതെന്ന് ആശ്ചര്യപ്പെടാറുണ്ട്.

യാത്ര പറഞ്ഞു യുഎഎയിലേക്ക് വരുമ്പോള്‍ ഉമ്മ പുഞ്ചിരിയോടെ പറഞ്ഞത് "ഇത്തവണ വയ്യാത്തത് കൊണ്ടാണ് അടുത്ത തവണ ഈ ക്ഷീണം ഞാൻ തീർക്കും"എന്നായിരുന്നു,ഉമ്മാ;ഉമ്മയെന്ന പ്രാർത്ഥന മാത്രം മതി എനിക്ക്, എന്ന് അപ്പോൾ വെറും വാക്ക് പറഞ്ഞതായിരുന്നില്ല.

കണ്ണീർ തടയാൻ കഴിയാത്തത് കൊണ്ട് നിർത്തുന്നു.ഉമ്മയെന്ന വിളക്കിൽ നിന്ന് സ്‌നേഹ സമാശ്വാസത്തിന്റെ സാന്ത്വനത്തിന്റെ സഹായത്തിന്റെ വെളിച്ചം ലഭിച്ചിരുന്ന നിരവധിപേർക്ക് ആ തൂവെളിച്ചം ഇനിയുള്ള നാളുകളിൽ പകര്‍‌ന്നു നല്‍‌കാന്‍ നമുക്ക് ഓരോരുത്തര്‍‌ക്കും കഴിയണേ... എന്ന പ്രാർത്ഥനയോടെ കണ്ണീരോടെ...

ഷബീര്‍ ബഷീര്‍

------------

വിനയത്തിന്റെ പര്യായം

 ഹിബ മഞ്ഞിയില്‍

മനസ്സിൽ മായാത്ത, മറയാത്ത ഓർമകളുമായി എന്നും എപ്പോഴും ഒരു നൊമ്പരമാണ്‌ പാടൂരിന്റെ ഹഫ്‌സത്ത എന്നറിയപ്പെടുന്ന ഞങ്ങളുടെ മൂത്തുമ്മായുടെ വേർപാട്.തനിക്ക് ചുറ്റുമുള്ളവരോട് ആത്മാര്‍‌ഥമായ സ്നേഹവും സൗഹാര്‍‌ദ്ദവും പരിഗണനയും ത്യാഗസന്നദ്ധതയും അലിഞ്ഞു ചേര്‍‌ന്നത് തന്നെയായിരുന്നു അവരുടെ വ്യക്തിത്വം.

എളിമയാര്‍‌ന്ന ശബ്‌ദത്തില്‍, തെളിമയാര്‍‌ന്ന വാക്കുകള്‍ കൊണ്ട് ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള കഴിവ് അവര്‍‌ക്കുണ്ടായിരുന്നു.ശബ്ദ ഗരിമ കൊണ്ടല്ല എന്നാല്‍ അപരന്റെ മനസ്സ് തൊടുന്ന മണിമുഴക്കമുള്ള സ്വര മാധുരി അവരുടെ സവിശേഷതയായിരുന്നു. 

ശബ്‌ദ ഗാംഭീര്യം കൊണ്ടുള്ള വാഗ്‌ധോരണിയെക്കാള്‍ അവരുടെ സാരോപദേശങ്ങള്‍, തന്നെ കേള്‍‌ക്കുന്നവരിലേക്ക് സം‌വേദനം ചെയ്യാനുള്ള മാന്ത്രികത മൂത്തുമ്മയെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തയാക്കിയിരുന്നു.

പരിഭവങ്ങൾ ഒട്ടും ഇല്ലാതെ പ്രവർത്തന നിരതയായിരിക്കാന്‍ അവര്‍‌ക്ക് കഴിഞ്ഞിരുന്നു.അല്ലാഹുവില്‍ എല്ലാം ഭരമേല്‍‌പിച്ച് പടച്ചവന്റെ പടപ്പുകള്‍‌ക്ക് വേണ്ടി സാധ്യമാകുന്നത്ര നന്മയുടെ മാര്‍‌ഗത്തില്‍ ഓടിക്കിതച്ച, പരാതികളൊന്നുമില്ലാതെ രാപകലെന്ന വ്യത്യാസമില്ലാതെ അധ്വാനിച്ച സുകൃതവതിയാണ്‌ മൂത്തുമ്മ.

ഒരു പ്രദേശത്തിന്റെ വിളക്കും വെളിച്ചവുമായിരുന്നു അവര്‍.പൂനിലാവ്‌ പോലെ ജീവിതത്തെ ശാന്ത സുന്ദരമാക്കിയ പ്രതിഭാസമാണ് മൂത്തുമ്മ.


പ്രാര്‍‌ഥനയോടെ...

ഹിബ മഞ്ഞിയില്‍

===========

03.ഹഫ്‌സയുടെ  ഖുർആൻ ക്ലാസ് - പ്രസ്ഥാന ബന്ധം

ഏതു കാലഘട്ടത്തിൽ ആണ് ഖുർആൻ ക്ലാസുകൾ ആരംഭിച്ചത് , എവിടെയെല്ലാം , അന്നത്തെ കാലത്തു അതിനുള്ള പ്രസക്തി എന്തായിരുന്നു , എന്തെല്ലാം പ്രതിസന്ധികൾ ? എങ്ങനെയാണ് കുടുംബവും പ്രസ്ഥാനവും ഒരുമിച്ചു കൊണ്ട് പോയിരുന്നത് ? ഖുർആൻ - മായുള്ള ഹഫ്‌സയുടെ ബന്ധം , പരന്ന വായനകൾ

 

എഴുതേണ്ടവർ

പ്രസ്ഥാന ബന്ധുക്കൾ

പാടൂർ ഹൽഖ പ്രവർത്തകർ

വീട്ടുകാർ

ഖുർആൻ ക്ലാസ്സിലെ പഠിതാക്കൾ

--------------

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാടൂരിലെ തുടക്കം

ജമീല പാടൂര്‍

1999 ലാണ് വനിത കൂട്ടായ്മ വെങ്കിടങ്  പ്രദേശത്ത് ആദ്യമായി തുടങ്ങിയത്.ജമാ‌അത്തെ ഇസ്‌ലാമിയുടെ1998 ഹിറ സമ്മേളനത്തിൽ കുറച്ച് സ്ത്രികൾ പാടൂർ നിന്നും വെങ്കിടങ്ങിൽ നിന്നും പങ്കെടുത്തിരുന്നു.  അവരൊയൊക്കെ കൂട്ടി ഒരു ഹഖ രൂപികരിക്കാൻ വാഹിദ് സാഹിബ് നിർദേശിച്ചതനുസരിച്ചായിരുന്നു ഈ കൂട്ടായ്‌മ നിലവില്‍ വന്നത്.അതുപ്രകാരം വാഹിദ്‌ സാഹിബിന്റെ ഭാര്യ മൈമുനത്ത,പിടി- ഷംസു സാഹിബിന്റെ ഭാര്യ ജമീലത്ത,ഡോ. സെയ്യ്തു മുഹമ്മന്റെ ഭാര്യ നസീമത്ത മെച്ചേരിപടി ഖാലിദ് സാഹിബിന്റെ ഭാര്യ ജമീലത്ത,വെങ്കിടങ് സൗദ ഹുസൈൻ,മൂസ മൗലവിയുടെ ഭാര്യ ഇങ്ങനെ 7 പേര് അടങ്ങുന്നതാണ് വനിതാ കൂട്ടായ്‌മയുടെ ആദ്യത്തെ ഹൽഖ രൂപീകരണം.

ഓരോ വാരവും ഓരോരുത്തരുടെയും വീടുകളിൽ  മാറി മാറി യോഗങ്ങള്‍ സം‌ഘടിപ്പിക്കുമായിരുന്നു.പാവറട്ടി ഖുബയില്‍ വെച്ച് യോഗം ചേരുമ്പോള്‍ സൈനുദ്ധീൻ മൗലവിയും ക്ലാസെടുക്കുമായിരുന്നു. ഇന്നത്തെ പോലെ ഞങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് ചെറിയ സേവനങ്ങളും  സ്ക്വാഡുകളും  പൊതു ക്ലാസും നടത്തിയിരുന്നുഇപ്പോള്‍ ഉള്ളതു പോലെ സർവസാധരണമായി മൊബയിൽ സർവീസ് ഉണ്ടായിരുന്നില്ല ലൈൻ ഫോണ്‍ മാത്രമായിരുന്നു  എക ആശ്രയം - അതും വിരളമായിരുന്നു

ഒന്ന് രണ്ട് വർഷം ഇങ്ങിനെ കഴിഞ്ഞു  അതിനിടക്കാണ് ഡോ. സൈതു മുഹമ്മഫദിന്റെ ഭാര്യ രോഗഭാധിതയായി. അവർക്ക് ഒന്നിലും പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥവന്നു.മറ്റ് രണ്ട് സഹോദരിമാരും കൂടെ കൊഴിഞ്ഞ് പോയ സാഹചര്യത്തില്‍ വെങ്കിടങ്ങിൽ നിന്ന് പാടൂരിലേക്ക് ഹല്‍‌ഖാ പ്രവര്‍‌ത്തനം മാറ്റുകയാണ്‌ ഉണ്ടായത്.പിന്നീട് ഘട്ടം ഘട്ടമായുള്ള പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ ബാക്കി പത്രമാണ്‌ ഇന്നത്തെ പാടൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉയര്‍‌ച്ചയും വളര്‍‌ച്ചയും.ഇതില്‍ സ്‌നേഹനിധിയായ ഹഫ്‌സയുടെ സാന്നിധ്യം അവിസ്‌മരണീയമത്രെ.

ജമീല പാടൂര്‍

----------

ദൗത്യം നിർവ്വഹിച്ചു, ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു

ആർ പി സിദ്ധീഖ്

ഒരു സ്‌മരണിക രചിക്കുന്നത്‌ ആരുടെ പേരിലാണോ അവരെ സമൂഹത്തിന് പരിചയപ്പെടുത്തുക, അവരുടെ ജീവിതമാതൃകകൾ വരുന്ന തലമുറകൾക്ക് പാഠമാക്കുക, ഒരു സന്ദേശമായി ജനമനസ്സുകളിൽ നിലനിൽക്കുക എന്നീ ഉദ്ദേശങ്ങളിലായിരിക്കുമല്ലൊ. ആനിലക്ക് എല്ലാവർക്കും മാതൃകയാവേണ്ട അഥവാ മാതൃകയാക്കേണ്ട ഒരു മഹാ വ്യക്തിത്വമായിരുന്നു ഈയിടെ പാടൂരിൽ നിന്ന് വിട പറഞ്ഞ സഹോദരി ഹഫ്‌സ.

കൊടുങ്ങല്ലൂർ മാടവന പ്രദേശത്തു നിന്ന് വർഷങ്ങൾക്കു മുമ്പ് ജനാബ് അബ്‌ദു റഹ്‌‌മാന്റെ മണവാട്ടിയായാണ് അവർ പാടൂരിൽ എത്തുന്നത്.അങ്ങിനെ അവർ പാടൂരിൻ്റ മരുമകളായി. മാത്രമല്ല പാടൂരിൻ്റെ മാനസപുത്രി കൂടിയായി.പാടൂരിനെ അവർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയായിരുന്നു. താൻ വളർന്നതും പഠിച്ചതും ഉൾക്കൊണ്ടതും എത് സംസ്കാരമായിരുന്നോ അതിലേക്ക് ആളുകളെ ക്ഷണിച്ചു, ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അഹോരാത്രം പണിയെടുത്തു.

വെയിൽ കൊണ്ടു, മഴ നനഞ്ഞു, മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കണക്കാക്കി, ചുറ്റി നടന്നു, മുക്കു മൂലകൾ കയറിയിറങ്ങി, അവരെ സ്വാന്തനപ്പെടുത്തി. ഒന്നിനും ജാതിയും മതവും പ്രശ്നമല്ലായിരുന്നു. തന്നാൽ കഴിയുന്നത് ചെയ്യുക, മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുക. അതിനായി ആത്മാർത്ഥമായി പ്രവർത്തിച്ചു.വനിതകളുടെ ഇടയിൽ ഒരു അനുയായി വൃന്ദം ഉണ്ടാക്കിയതിന് ശേഷമാണ് സംതൃപ്തിയോടെ അവർ വിട പറഞ്ഞിരിക്കുന്നത്‌.

ഈയുള്ളവൻ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരുന്ന കാലത്താണ് അവരുടെ വിവാഹം നടന്നത്‌ .അബ്‌ദു റഹ്‌മാന്‍ സാഹിബ് എൻ്റെ കൂട്ടുകാരനാണ്.അയൽപക്കത്തായിരുന്നു താമസിച്ചിരുന്നത്.ഇസ്‌ലാമിക പ്രസ്ഥാനത്തിൻ്റെ വെളിച്ചം കിട്ടിക്കൊണ്ടിരിന്ന സമയവും കൂടിയായിരുന്നു അന്ന്. പരിചയപ്പെട്ട കാലം മുതൽ ആശയവിനിമയം നടത്താനും നാട്ടിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. പിന്നീട് അവർ താമസം അൽപം ദൂരത്തേക്ക് മാറ്റി. എന്നാലും ആ കുടുംവുമായുള്ള സൗഹൃദം തുടർന്നു.

2009 ൽ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ പ്രസ്ഥാന പ്രവർത്തനങ്ങളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനുള്ള അവസരം കൈവന്നു.തന്മൂലം കുടുതൽ അറിയാനും അടുക്കാനും ഇട വന്നു.

അനുഭവങ്ങൾ ഒരുപാടുണ്ട് അതൊക്കെ കുറിച്ചിടുവാനുള്ള വിസ്തര ഭയത്താൽ തൽക്കാലം മുതിരുന്നില്ല.ഖുർആൻ പഠിക്കലും പഠിപ്പിക്കലും ഒരു തപസ്യയായി കണ്ട അവർ ക്ലാസുകൾ എടുത്തു കൊടുക്കാനായി ഗൃഹങ്ങളിൽ നിന്ന് ഗൃഹങ്ങളിലേക്ക് ഓടി നടന്നു.അവർ പഠിപ്പിച്ച നിത്യജീവിതത്തിൽ പാലിക്കേണ്ട പല പ്രാർത്ഥനകളും ഹൃദിസ്ഥമാക്കിയ പല സഹോദരിമാരും കണ്ണീരോടെ അതെല്ലാം ഓർത്തെടുക്കുന്നതായി മനസ്സിലാക്കുന്നു.

കൃഷിയിൽ തൽപരയായിരുന്ന അവർ വീട്ടുമുറ്റത്ത് അത്യാവശ്യം വേണ്ട എല്ലാ പച്ചക്കറികളും നട്ടുവളർത്തിയിരുന്നു. വിളവെടുപ്പ് സമയത്ത് എല്ലാവർക്കുമെന്ന പോലെ ഒരു പങ്ക് എൻ്റെ വീട്ടിലും പലപ്പോഴും എത്തിക്കാറുണ്ട്. വിത്തുകളും തൈകളും തന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. വിശേഷപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കിയാൽ ഒരു വിഹിതം ഉറപ്പായും വിട്ടിൽ എത്തും.

സിദ്ധിക്കാ... എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു.പ്രാസ്ഥാനികമായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ ആദ്യം വിളിക്കുക ഈ യുള്ളവനെയായിരിക്കും. പരിപാടികൾക്കായുള്ള ദീർഘയാത്ര, ടൂർ, മദ്രസ വിദ്യാർത്ഥികളുടെ വിനോദയാത്ര എല്ലാത്തിലും ഹഫ്‌സത്തിൻ്റെ കയ്യൊപ്പുണ്ടായിരിക്കും. ഇസ്‌ലാമിക ചൈതന്യം ഉക്കൊള്ളുന്ന തരത്തിലായിരിക്കും യാത്രകൾ എല്ലാം. എന്തെങ്കിലും അപാകതകൾ കണ്ടാൽ തിരുത്താനും  പറഞ്ഞു മനസ്സിലാക്കുവാനും ആർജ്ജവം കാണിക്കും. ഭക്ഷണം വിതരണം നടത്തുമ്പോൾ എല്ലാവർക്കം കിട്ടി തൃപ്‌തരായി എന്ന് മനസ്സിലാക്കിയിട്ടേ മഹതി ഭക്ഷണം കഴിക്കാറുള്ളൂ.

ഈ കുറിപ്പ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയാണ്. ഒരു പാട് ഇനിയും പറയാനുണ്ട് എന്നിരുന്നാലും.ആരോഗ്യപരമായി കുറച്ചു നാളായി പല പ്രയാസങ്ങളും അനുഭവിച്ചു കൊണ്ടിരിക്കയായിരുന്നു. അതൊന്നും പലരെയും അറീച്ചിരുന്നില്ല.പലപ്പോഴും ആശുപത്രകളിൽ പ്രവേശിപ്പിക്കാറുണ്ട് പുറത്തു വരുമ്പോൾ വളരെ ഊർജ്ജ്സ്വലയായിട്ടാണ് തിരിച്ചു വരാറാണ് . പക്ഷെ അവസാനത്തെ ചേതനയറ്റുള്ള ആ വരവ് ഓർക്കാൻ പോലും ഞങ്ങൾക്ക് ആർക്കും കഴിയുന്നില്ല.

അങ്ങിനെ പാടൂരിൻ്റ മണ്ണിൽ നിന്ന് പടച്ച റബ്ബിൻ്റെ സന്നിധാനത്തിലേക്ക് യാത്രയായി. അവർ അവിടെ ആദരിക്കപ്പെടട്ടെ. നാഥൻ്റെ വിരുന്നിൽ പങ്കുകൊള്ളട്ടെ. അവൻ്റെ തൃപ്തിക്ക് അർഹയായി സുഖലോക സ്വർഗ്ഗത്തിൽ എത്തുമാറാകട്ടെ........

മരണ വിവരം അറിഞ്ഞതുമുതൽ വീടും പരിസരവും ജന നിബിഢമായിരുന്നു.ജനാസ നമസ്കാരത്തിനും നിരവധിയാളുകള്‍ എത്തിയിരുന്നു.തൻ്റെ പ്രവർത്തങ്ങൾക്കെല്ലാം താങ്ങും തണലുമായി നിന്ന സഹോദരന്‍ അബ്‌ദു റഹ്‌മാന്‍ സാഹിബിനും ഭിന്നശേഷിക്കാരനായ മിഖ്‌ദാദിനും ,യാസർ, സബീഹ കുടും‌ബത്തിനും പടച്ച റബ്ബ് സഹനവും ക്ഷമയും നൽകി അനുഗ്രഹിക്കുമാറാകട്ടെ.

സഹോദരിയോടൊപ്പം പടച്ച റബ്ബ് നാമെല്ലാവരെയും അവൻ്റെ ജന്നാതുൽ ഫിർദി സിൽ ഒരു മിച്ചുകൂട്ടുമാറാകട്ടെ. ആമീൻ....

അവരുടെ പ്രവർത്തനങ്ങൾ നമുക്കെല്ലാം പ്രചോദനമായി ഭവിക്കട്ടെ.

ആർ പി സിദ്ധീഖ്

31.07.25

-------------

സഹപ്രവർത്തകരുടെ മഹതിയായ വഴികാട്ടി 

റസീന അലി

പ്രിയപ്പെട്ട ഞങ്ങളുടെ ഹഫ്‌സത്ത, മാതാവാണോ ഒരു അധ്യാപികയാണോ, സഹോദരിയാണോ, കൂട്ടുകാരിയാണോ, എന്ത് നിർവ്വചനം കൊടുക്കണം എന്നറിയില്ല.

അത്രമേൽ എല്ലാവരുടെയും മനസ്സിൽ സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ,അറിവിന്റെ, ദയയുടെ, ക്ഷമയുടെ,  സഹനത്തിന്റ, നിറകുടമായിരുന്നു ആ വ്യക്തിത്വം.

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, ഇന്റർ ബെൽ സമയത്ത് കുട്ടികൾ കല്യാണത്തിന് പോയി മണവാട്ടിയെ കണ്ടില്ലെന്നു പറയുന്നത് കേട്ടു. ഞാൻ ചോദിച്ചു മണവാട്ടി എവിടെപ്പോയി

എന്ന്. നമസ്കരിക്കാൻ പോയി എന്ന് കുട്ടികൾ പറഞ്ഞു. അന്നെന്റെ ഹൃദയത്തിൽ  ചേക്കേറിയതാണ് ഹഫ്‌സത്ത.

കുറേ കാലങ്ങൾ കഴിഞ്ഞ ശേഷം ഖുർആൻ ക്ലാസിലേക്ക് ക്ഷണിക്കാൻ വന്നു. എന്തെങ്കിലും തടസ്സങ്ങൾ പറഞ്ഞ് ഞാൻ അതിൽ നിന്ന് ഒഴിഞ്ഞ്മാറലാണ് പതിവ്. പക്ഷേ ഞങ്ങളുടെ സൗഹൃദത്തിന് ഒട്ടും കോട്ടം സംഭവിച്ചിട്ടുണ്ടായിരുന്നില്ല.

സര്‍ സയ്യിദ് ഇംഗ്ലീഷ് സ്കൂൾ പുതുമനശ്ശേരിയിൽ അധ്യാപികയായി ജോലി വഹിച്ചിട്ടുണ്ട്. പിന്നീട് എപ്പോഴോ ഞങ്ങളുടെ വീടിനടുത്ത് മെഹബൂക്കയുടെ വീട്ടിൽ ഖുർആൻ ക്ലാസ് ആരംഭിച്ചു. കുറച്ച് മാസങ്ങളോളം മാത്രമാണ് ആ ക്ലാസ്  നിലവിൽ നിന്നത്. പക്ഷേ കുറേ നാളുകൾക്കു ശേഷം അവരുടെ പ്രവർത്തനങ്ങളിൽ ഞാനും ഒരു അംഗമായി. എനിക്ക് തോന്നിയിരുന്നു എന്നോടാണ് കൂടുതൽ ഇഷ്ടം എന്ന്. എന്നാൽ അങ്ങിനെ ആയിരുന്നില്ല. എല്ലാവരോടും ഒരുപോലെ ഇഷ്ടമായിരുന്നു.

ദഅവാ രംഗത്ത്, അഗതി അനാഥകളുടെ കാര്യത്തിൽ, ഖുർആൻ പഠനത്തിൽ, ഹദീസ് പഠനത്തിൽ, ദീനി രംഗത്ത്, എന്നുവേണ്ട എല്ലാ രംഗങ്ങളിലും ഉജ്ജ്വലമായ പ്രവർത്തനം കാഴ്ചവെച്ച മഹതിയായ വനിതയായിരുന്നു ഹഫ്‌സത്ത. പ്രസ്ഥാന പ്രവർത്തകർക്കിടയിൽ കത്തിജ്വലിച്ചു നിൽക്കുന്ന നല്ലൊരു വിളക്കാണ് അണഞ്ഞു പോയതെങ്കിലും പ്രവർത്തകർക്കിടയിൽ പ്രസ്ഥാനത്തെ എങ്ങനെ വളർത്തിയെടുക്കാം എന്ന നേർ രേഖ കാണിച്ചുകൊണ്ടാണ്  മഹതിയായ ഞങ്ങളുടെ പ്രിയപ്പെട്ട ഹഫ്‌സത്ത വിട പറഞ്ഞത്. 

ആരോഗ്യവും, ഒഴിവുസമയവും എങ്ങിനെ ഉപയോഗപ്പെടുത്തണമെന്ന് കാണിച്ചു തന്നു ആ മഹതി. അഞ്ചെണ്ണത്തിന് മുമ്പ് അഞ്ചെണ്ണം ഉപയോഗപ്പെടുത്തണമെന്ന് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഒരാളെ ഉപദേശിച്ചില്ലേ? വാർദ്ധക്യത്തിന് മുമ്പ് യൗവനം,രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് ഐശ്വര്യം, ജോലിസമയത്തിനു മുമ്പ്  ഒഴിവുസമയം, മരണത്തിന് മുമ്പ് ജീവിതം, ഞങ്ങളുടെ പ്രിയപ്പെട്ട ഹഫ്‌സത്തയിൽ ഞാനിതെല്ലാം ദർശിച്ചു.

നാഥാ ഞങ്ങളുടെ ഹഫ്‌സത്താക്ക് ജന്നാത്തുൽ  ഫിർദൗസ്  നൽകി അനുഗ്രഹിക്കേണമേ...

റസീന അലി

-----------------

നന്മയുടെ നാൾവഴിയിലൂടെ...

സഫിയ ഹംസ വാസ്‌മ

നന്മയുടെ നാൾവഴിയിലൂടെ നടന്നു നിന്ന ഒരു വനിത. - ഹഫ്‌സത്ത.ഓരോരുത്തരുടെയും ഹൃദയത്തിൽ അക്ഷരാര്‍‌ഥത്തില്‍ പതിഞ്ഞ ഓർമായാണ് ഹഫ്‌സത്ത.സ്നേഹത്തിൻ്റെ അനുരജ്ഞിതം നിറഞ്ഞ ഒരാള്‍.സുഹൃത്ത് എന്നതിലപ്പുറം ഒരു സഹോദരിയായി എൻ്റെ ജീവിതത്തിൽ നിലകൊണ്ട ഒരാളായിരുന്നു അവർ. വാക്കുകൾ കൊണ്ട് പറയാനാകാത്ത ബന്ധത്തിൻ്റെ ഓർമകളാണ് ഇന്ന് ഹൃദയം നുറുങ്ങുന്നു.വളരെ സ്നേഹപൂർണ്ണവും വിനീതയും എല്ലായ്‌പ്പോഴും മറ്റുള്ളവർക്കായി സന്നദ്ധമായ സഹായഹസ്തം. ആരോടും ദേഷ്യപ്പെടാത്ത ഒരു വ്യക്തിത്വം അതായിരുന്നു ഹഫ്‌സത്തയുടെത്.

2002-2003 കാലഘട്ടത്തിൽ ആയിരുന്നു ഞാൻ ഹഫ്‌സത്തയുമായി പരിചയപ്പെടുന്നത് .എൻ്റെ മകൻ്റെ അദ്ധ്യാപികയായിരുന്നു അവർ. വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തിയിരുന്ന ഒരാൾ.അതു തന്നെയാണ് എന്നെ കൂടുതൽ അവരിലേക്കടുപ്പിച്ചത്.ഇസ്ലാമികവു സാമൂഹികവും ആയ ഒട്ടുമിക്ക പ്രവർത്തനങ്ങൾക്കും കൂടെ കൂട്ടുമായിരുന്നു.അങ്ങനെ ആദ്യമായി എന്നെയും  കൂട്ടി 'തുടങ്ങിയ ഒന്നായിരുന്നു പലിശ രഹിതനിധി .അതെനിക്ക് ഒരു പാട് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഈ അശയം ആദ്യം അവതരിപ്പിച്ചപ്പോൾ പലരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാലും അതിൽ നിന്ന് ഞങ്ങൾ പിന്മാറിയില്ല. അല്ലാഹു വിൻ്റെ സഹായം നമുക്കുണ്ടാവുമെന്നും ഏതു കാര്യത്തിനും തളരാതെ ധൈര്യത്തോടെ മുന്നേറണമെന്നും എന്നെ പഠിപ്പിച്ചു. അങ്ങനെ ഗുരുവായുരുള്ള ഒരാളുടെ സഹായത്തോടെ 75000 രൂപ കൊണ്ട് ഹഫ്‌സത്ത പലിശരഹിതനിധിക്ക് ആദ്യമായി തുടക്കം കുറിച്ചു.

പാടൂർ കമ്മൂണിറ്റി ഹാളിൽ ആയിരുന്നു ആ സമയത്ത് ഇതിൻ്റെ പ്രവർത്തനങ്ങളെല്ലാം നടത്തിയിരുന്നതു എകദേശം നാലുവർഷത്തോളം വിജയകരമാക്കിക്കൊണ്ടുപോകാൻ കഴിഞ്ഞു. അങ്ങിനെ പല പ്രവർത്തനങ്ങളും 'ഹഫ്‌സത്തയിലൂടെ എനിക്ക് ചെയ്യാൻ സാധിച്ചു.ഞങ്ങളുടെത് എളുപ്പം വേർപ്പെടുത്താൻ കഴിയാത്ത ഒരു ബന്ധമായിരുന്നു. രോഗികളെ സന്ദർശിക്കൽ അവരുടെ പതിവായിരുന്നു. മിക്കപ്പോഴും എന്നെ കൂടെ കൂട്ടുമായിരുന്നു. അവരോടുള്ള പെരുമാറ്റവും പരിചരണവും ചെയ്തു കൊടുക്കുന്ന സഹായങ്ങളും പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്‌.ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു.എനിക്ക് എന്നും ഒരു പ്രചോദനമായിരുന്നു ഹഫ്‌‌സത്ത.ഒരുപാട് നന്മകളും നല്ല കാര്യങ്ങളും ഹഫ്‌സത്തയിലൂടെ എനിക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ പോലും വളരെയധികം സൂക്ഷ്മത പുലർത്തിക്കൊണ്ടായിരിക്കും ചെയ്ത് തീർക്കുക. ഖുർആനും മറ്റു ദീൻ കാര്യങ്ങളുമായി എന്നെ ഇത്രയധികം അടുപ്പിച്ചതും അവർ തന്നെയായിരുന്നു.

എൻ്റെ ഓർമയിൽ മായാതെ നിൽക്കുന്ന ഒന്ന് ഹഫ്‌സത്ത എനിക്ക് എഴുതിയ ഒരു കത്താണ്. മകൾ സബീഹയുടെ പഠനവുമായി ബന്ധപ്പെട്ട് കുറച്ചു കാലം അവർ കോതമംഗലത്തായിരുന്നു. ഒരു കത്ത് എന്നതിലുപരി സ്നേഹത്തിൻ്റെയും സുഹൃദ് ബന്ധത്തിൻ്റെയും ഒരു പതിപ്പായിരുന്നു അത്. ഇന്നും വിലപ്പെട്ട ഒരു സമ്മാനമായി ഞാൻ കാത്തു സൂക്ഷിക്കുന്ന ഒന്നാണ് ആ കത്ത്. ഇപ്പോഴും എടുത്ത് വായിക്കുമ്പോളും അതിലെ ഓരോ വരിയും എൻ്റെ കണ്ണുകളെ ഈറനണിയിക്കുന്നു. അതിലെ ചില വരികൾ ഇവിടെ കുറിച്ചിടട്ടെ.

" ആദ്യത്തെ ഇഅ്‌തികാഫ് ( إعتكاف ) ഓർമ്മയുണ്ടോ? ആ ബന്ധത്തിന് സ്വർഗ്ഗത്തിൻ്റെ പരിമളമുണ്ട് സഫിയാ....

നാളെ പരലോകത്ത് പടച്ചവൻ ചോദിക്കുമത്രെ എൻ്റെ പേരിൽ സ്നേഹിച്ചവർ എവിടെ...? എൻ്റെ പേരിൽ ഒന്നിച്ചു കൂടിയവർ എവിടെ....?

നമ്മുടെ ഒരു കൂട്ടത്തെ പടച്ചവൻ്റെ മുന്നിൽ ഹാജരാക്കും ആർക്കും തണൽ കിട്ടാത്ത ഇന്ന് ഇതാ എൻ്റെ ഈ തണൽ നിങ്ങൾക്കുള്ളതാണ്......

തിരക്കുകൾക്കിടയിലും പ്രയാസങ്ങൾക്കിടയിലും നമ്മുടെ ഒത്തുചേരൽ നാളത്തെ തണലിലേക്കുള്ളതാണു്. പടച്ച റബ്ബ് നമുക്ക് നമ്മുടെ കുടുംബങ്ങളോടെപ്പം ആ തണലിൽ എത്തിച്ചേരാൻ അനുഗ്രഹിക്കുമാറാകട്ടെ. 

സഫിയാ... ഹജ്ജിലെ ഓട്ടം ഓർക്കുന്നുണ്ടോ?

ഒരിക്കൽ കൂടി നമുക്ക് സഅ്‌യ് നടത്തണം. നമുക്ക് രണ്ടു പേർക്കും കൂടി ഹജ്ജും ഉംറയും നടത്തണം. റബ്ബ് സുബ്ഹാനഹുവതആല അതിന് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ."

ഹഫ്‌സത്തയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ പറഞ്ഞപ്പോൾ, ഒന്നും പറയാൻ കഴിഞ്ഞില്ല.വാക്കുകൾ കണ്ടെത്താതെ നിൽക്കേണ്ടി വന്നു. കണ്ഠം ഇടറുകയും 'കണ്ണുകൾ നിറഞ്ഞു കവിയുകയുമായിരുന്നു.അവർ എന്നെ പഠിപ്പിച്ച പ്രാർത്ഥനകളും, പകർത്തി തന്ന നന്മകളും എല്ലാം എൻ്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും.

അല്ലാഹു അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കുമാറാകട്ടെ പ്രകാശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. എല്ലാവരെയും നാളെ ജന്നാതുൽ ഫിർദൗസിൽ ഒരുമിപ്പിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ.   

സഫിയ ഹംസ വാസ്‌മ

പാടൂർ,

-----------------

പകരം വെക്കാനില്ലാത്ത ബന്ധം

 റഹിയ ലത്തീഫ്

എനിക്ക് 11 വയസ്സുള്ളപ്പോഴാണ് ഹഫ്‌‌സത്ത വിവാഹം കഴിഞ്ഞ് എൻ്റെ അയൽവാസിയായി എൻ്റെ ഉമ്മയുടെ തറവാടിന്റെ അടുത്ത് എത്തുന്നത്. അന്നുമുതൽ ഞങ്ങളുടെ വീട്ടിലെ സ്ഥിരം സന്ദർശകയായിരുന്നു. ഇത്ത വന്ന് ആറുമാസത്തിനുശേഷം എൻ്റെ ഉമ്മ മരണപ്പെട്ടു. ഹഫ്‌സത്താക്ക് ഒരു പ്രത്യേക വാത്സല്യമായിരുന്നു ഞങ്ങൾ കുട്ടികളോട്.

എൻ്റെ വിവാഹം, ഹഫ്‌സത്തയുടെ വീട് മാറൽ, മറ്റുമായി കുറച്ചുകാലം ഞങ്ങൾ തമ്മിലെ ബന്ധത്തിന് വിടവുണ്ടായി. കഴിഞ്ഞ തുടർച്ചയായുള്ള എട്ടു വർഷമായി പ്രാസ്ഥാനിക പ്രവർത്തനവും മറ്റുമായി കൂടപ്പിറപ്പിനെക്കാളും അഗാധമായ ഹൃദയബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു. എൻ്റെ മകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഇസ്‌ലാഹിയാ കോളേജിൽ അഡ്മിഷൻ വാങ്ങിത്തരുകയും മൂന്നുവർഷത്തെ പഠനത്തിലും ഫീസ് അളവിലുമെല്ലാം ഇത്തയുടെ പങ്ക് മറക്കാൻ കഴിയില്ല. എൻ്റെ മകളുടെ വിവാഹം എൻ്റെ മകൻ ഷാഫിയുടെ ഉപരിപഠനം ഇതിലൊക്കെയുള്ള ഇത്തയുടെ സഹായം വിലമതിക്കാനാവാത്തതാണ്. ഇത്ത മുഖേനയാണ് എനിക്ക് നല്ല നല്ല ബന്ധങ്ങൾ ഉണ്ടായത്. സഫിയത്ത, ബായിത്ത,ശരീഫത്ത,റഷീദത്ത അങ്ങനെ ബന്ധങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായി.  

എൻ്റെ ആരാധനാ കർമ്മങ്ങളിൽ നിഷ്ഠ പുലർത്താൻ കഴിഞ്ഞത് ഇത്തയുമായുള്ള സഹവാസത്തിലൂടെയാണ്. പ്രാർത്ഥന ബുക്കിൽ നിന്ന് കുറേ നിത്യജീവിതത്തിലെ പ്രാർത്ഥന പഠിക്കാൻ കഴിഞ്ഞു. പ്രഭാത പ്രദോഷങ്ങളിലെ പ്രാർത്ഥനയും, ഓരോ വിഷമഘട്ടത്തിലും പ്രത്യേകമായ ചില സൂറത്തുകൾ ഓതാൻ ഇത്ത പറയുമായിരുന്നു. അതെല്ലാം നല്ല ഫലവും ചെയ്തിട്ടുണ്ട്. ഹല്‍‌ഖയിൽ പഠിക്കാൻ പറഞ്ഞ എന്തെങ്കിലും പഠിച്ചില്ല എങ്കിൽ ഇത്ത വഴക്ക് പറയുമായിരുന്നു. ഒരു ഉമ്മ പറയുന്നതായി മാത്രമെ എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ . ഇത്തയുടെ നല്ല നല്ല ഉപദേശങ്ങൾ ഇന്നലെ എന്നപോലെ ഞാൻ ഓർക്കുന്നു. ഇത്തയുടെ സംസാരവും ആ ചേർത്തുനിർത്തലും എളുപ്പം മറക്കാൻ കഴിയുന്ന ഒന്നല്ല. എൻ്റെ ഉമ്മയും വല്ലിമ്മയും മരണപ്പെട്ടതിനുശേഷം എനിക്കുള്ള ഒരു കൈത്താങ്ങ് ആയിരുന്നു ഹഫ്‌സത്ത.  എൻ്റെ അനിയത്തിയുടെ  ആദ്യ വിവാഹമോചനത്തിന് ശേഷം  അവളെ ഞാൻ എൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവരം അറിഞ്ഞ ഹഫ്‌സത്ത അവളുടെ ഇദ്ദ ക്ക് ശേഷം പുതിയൊരു ബന്ധത്തിനു വേണ്ടി മുൻകൈയെടുക്കുകയും അത് വളരെ ഭംഗിയായി നടത്തുന്നതിൽ പരിശ്രമിക്കുകയും  ചെയ്തു. ഇന്നും എൻ്റെ അനിയത്തി വളരെ സന്തോഷത്തോടുകൂടി ആ വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.

 ആറുമാസം മുമ്പുള്ള ഇത്തയുടെ വീഴ്ചയ്ക്കുശേഷം ഇത്ത പതുക്കെ സാധാരണ നിലയിലേക്ക് വന്നെങ്കിലും ഒന്നിന് പുറകെ ഒന്നായി എന്നും അസുഖമായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന സമയത്ത് ഇത്താക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ എനിക്ക് കഴിഞ്ഞു.

അബ്‌ദുറഹിമാൻക്കാനെ ഹജ്ജിന് പറഞ്ഞയക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമായിരുന്നു ഇത്താക്ക്. ഇക്കാക്ക് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ സാധനങ്ങളും എൻ്റെ കയ്യിൽ പൈസ തന്നു ഇത്ത വാങ്ങിപ്പിച്ചു. ഇക്ക ഹജ്ജിനു പോയി ഒരാഴ്ച കഴിഞ്ഞപ്പോൾ മൂന്നുദിവസം വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. ഇക്ക ഹജ്ജ് കഴിഞ്ഞ് എത്തിയ ശേഷമാണ് അവസാനമായി അഡ്മിറ്റ് ആവുന്നത്. ഇത്തവണ പതിവിന് വിപരീതമായി സംഭവിച്ചു. യൂറിൻ തടസ്സം അനുഭവപ്പെട്ട് ശരീരത്തിൽ നീർക്കെട്ട് വരുകയും ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്തു. അങ്ങനെ അല്ലാഹുവിൻ്റെ അലംഘനീയമായ വിധിക്ക് ഉത്തരം നൽകി ഇത്ത ഈ ലോകത്തോട് വിട പറഞ്ഞു. അവസാന സമയത്തും ഇത്തയെ പരിചരിക്കാൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥത്തിൽ ഞാൻ നാഥനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ്.    . റഹിയ ലത്തീഫ്

റഹിയ ലത്തീഫ്

----------

ഹഫ്‌സത്തായെ കുറിച്ച് പറയുമ്പോൾ

ജുമാനത്ത് അബ്‌‌ദുല്‍ അസീസ്

പ്രസ്ഥാനത്തെക്കുറിച്ച് അതിലുപരി ദീനിനെ കുറിച്ച് എങ്ങനെ കാണണം എന്ന് ഹഫ്‌സത്ത വളരെ മനോഹരമായി സ്നേഹത്തോടെ, സ്നേഹത്തോടെയുള്ള ശാസനയോടെ പറഞ്ഞു മനസ്സിലാക്കി തന്നിരുന്നു. അതിലുപരി പ്രവർത്തിച്ചു  കാണിച്ചു തരുമായിരുന്നു.

ദീനീ പ്രവർത്തനത്തിന് വേണ്ടി ഇപ്പോഴുള്ള മൊബൈൽ ഉപയോഗം വളരെ വേഗം തന്നെ ഹൃദിസ്ഥമാക്കി. എപ്പോഴും ലൈവ് ആയിത്തന്നെ ഉണ്ടാകുമായിരുന്നു. എത്ര വയ്യാത്ത അവസ്ഥയിലും ഓരോ പ്രവർത്തനത്തിനും മുൻകൈ എടുക്കുമായിരുന്നു. ഹൽകയിലെ ഓരോ പ്രവർത്തകരെയും പ്രത്യേകം പ്രത്യേകം വാട്സാപ്പിലൂടെ സംസാരിച്ചു അടുപ്പം കാണിച്ചിരുന്നു, ദഅവ രംഗം ആയിരുന്നു ഏറ്റവും വലിയ പ്രവർത്തനരംഗം. അത് ഹൽകയിലുള്ള എല്ലാവരെയും ബോധ്യപ്പെടുത്തിയിരുന്നു. ഹഫ്‌സത്തയുടെ ഓരോ പ്രവർത്തനവും വളരെ മാതൃകാപരമായിരുന്നു. ഒരുപാട് വയ്യാത്ത അവസ്ഥയിലും ചെറിയ ഒരു ടൂർ സംഘടിപ്പിച്ചപ്പോൾ അതിൽ പങ്കെടുക്കാൻ വളരെയധികം താൽപര്യം കാണിച്ച് അതിൽ പങ്കെടുത്തു. അതിനുശേഷം പറഞ്ഞിരുന്നു ഒരുപാട് ഒരുപാട് സന്തോഷം മനസ്സിന് കിട്ടി എന്ന്.

ഞാൻ നാസിമത്തായി പ്രവർത്തിക്കുമ്പോൾ ആ സമയത്ത് കൂടെയുണ്ടായിരുന്ന പ്രധാനപ്പെട്ടവർ ലീവ് ആയപ്പോൾ എത്ര വയ്യ എങ്കിലും ഒരുപാട് സപ്പോർട്ട് ചെയ്യാനും സഹായിക്കാനും ഫോണിലൂടെ ഉപദേശിക്കാനും സമയം കണ്ടെത്തിയിരുന്നു, എപ്പോഴും എല്ലാവർക്കും ഒരു  ചെറിയ പൊതി സമ്മാനമായി വീട്ടിലുണ്ടാക്കിയ പച്ചക്കറിയോ, മാങ്ങയോ, എന്തെങ്കിലും ഭക്ഷണമോ ഹൽകയിൽ അല്ലെങ്കിൽ ഖുർആൻ ക്ലാസിൽ വരുമ്പോൾ കൊണ്ടുവരുന്ന പതിവ് ഉണ്ടായിരുന്നു. കൂടുതൽ കൂടുതൽ ഖുർആൻ പഠിക്കാനും, പഠിപ്പിക്കാനും, വിഷയങ്ങൾ പഠിപ്പിക്കാനും അയൽവാസികളെയും അറിയുന്നവരെയും ഒത്തുകൂട്ടി പലഭാഗങ്ങളിലായി ക്ലാസ് എടുക്കുമായിരുന്നു. അവരുമായി നല്ല ബന്ധം എപ്പോഴും കാത്തുസൂക്ഷിച്ചിരുന്നു. പാവങ്ങൾക്ക് സഹായം നൽകാൻ പ്രത്യേകം ഉത്സാഹം കാണിച്ചിരുന്നു. സഹായിച്ചു നിർത്താത്ത പ്രകൃതമായിരുന്നു. തുടരെയുള്ള അന്വേഷണവും സഹായിക്കലും ചെയ്യുമായിരുന്നു. എത്ര വയ്യെങ്കിലും പങ്കെടുക്കാൻ സാധിക്കാത്ത അവസരങ്ങൾ ആണെങ്കിൽ പോലും ഹഫ്‌സത്തയുടെ ഒരു വോയിസ് വല്ലാത്തൊരു ധൈര്യം തരുന്നത് ആയിരുന്നു.

വീട്ടിലെ വിശേഷങ്ങൾ ചോദിച്ചറിയാനും പരസ്പരം പങ്കുവയ്ക്കാനും ഹഫ്‌സത്തയുടെ വീട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനും അതിലൂടെ അടുപ്പം നിലനിർത്താനും ഉള്ള ഒരു പ്രത്യേകത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹഫ്‌സത്തയുടെ വിയോഗത്തിനുശേഷം ഓരോ പ്രവർത്തികൾ ചെയ്യുമ്പോഴും മനസ്സിൽ ഓരോ പ്രവർത്തനങ്ങൾ മുന്നിൽ തെളിഞ്ഞു വരുന്നു.

എന്നെ സംബന്ധിച്ച് എനിക്ക്  ഹഫ്‌സതയിലൂടെ കിട്ടിയ ഒരു അനുഗ്രഹം, എപ്പോളും ഓർക്കുന്ന ഒരു കാര്യം...ഞാൻ പ്രസ്ഥാനത്തോട് അറിഞ്ഞു വളർന്ന ഒരു വ്യക്തിയായിരുന്നു എങ്കിലും ഹൽഖയിൽ എത്തിയിരുന്നില്ല,  (സാഹചര്യം അനുവദിക്കാത്തതു കൊണ്ടായിരുന്നു), എങ്കിലും അത് അറിഞ്ഞിരുന്ന ഹഫ്‌സത എന്നെ പ്രസ്ഥാനത്തിലേക്ക് വളരെ സ്നേഹത്തോടെ എപ്പോഴും ക്ഷണിച്ചു  ഹൽ‌ഖയിലേക്ക് ഉൾപ്പെടുത്തി, അതുകൊണ്ട് തന്നെ ആ സൗഭാഗ്യം  കിട്ടിയതിൽ ഞാൻ ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു.

 ജുമാനത്ത് അബ്‌‌ദുല്‍ അസീസ്

------------

ഹഫ്‌സ ടീച്ചറെ ഓർക്കുമ്പോൾ -

 പി സുമയ്യ ഗുരുവായൂർ. 

ഏരിയ വിഭജനത്തിനു ശേഷമാണ് ഹഫ്‌സ ടീച്ചറുമായി കൂടുതൽ അടുക്കുന്നത്. അതിനുമുമ്പ് ഗുരുവായൂർ കാരക്കാട് സൈനുദ്ദീൻ മൌലവിയുടെ വനിതകൾക്കായുള്ള ഖുർആൻ ക്ലാസ് ആരംഭിച്ചപ്പോൾ പാടൂർ നിന്നു ടീച്ചർ എത്തിയിരുന്നതായി ഓർക്കുന്നു. മരണശയ്യയിലാവുന്നതുവരെ ഉസ്താദിൻ്റെ online ക്ലാസുകളിൽ ടീച്ചർ പങ്കെടുത്തിരുന്നതായി ഉസ്താദ് ഒരിക്കൽ പറയുകയുണ്ടായി. ഖുബാ മദ്രസയിൽ വെച്ചു കണ്ടുമുട്ടിയ സന്ദഭങ്ങളിലെല്ലാം സലാം പറഞ്ഞു കെട്ടിപ്പിക്കുകയും, തന്നെയുമല്ല പരസ്പരം Voice Messageകളിലൂടെയും Phone Call കളിലൂടെയും ആ സ്നേഹബന്ധം തുടർന്നു വന്നു. ഇസ്ലാമിക സഹോദര്യം ഊട്ടിയുറപ്പിക്കുന്ന ആത്മാർത്ഥ സ്നേഹത്തിൻ്റെ ഉപദേശ നിർദ്ദേശങ്ങളായിരുന്നു, ഓരോ കോളുകളും    സുഖമില്ലായമകൾ  വരുന്ന സന്ദഭങ്ങളിൽ പരസ്പരം പ്രാർത്ഥിച്ചുകൊണ്ടുള്ള മെസേജുകളും ഞങ്ങൾ പതിവാക്കിയിരുന്നു.         

ഹഫ്‌സ ടീച്ചർ ഏരിയ പ്രസിഡണ്ടായപ്പോൾ അവരുമായി കൂടുതൽ അടുക്കാനും , ഇടക്കിടെ കണ്ടുമുട്ടാനുമുള്ള അവസരങ്ങളുണ്ടായി. ആ കാലത്ത് " തർബിയത്ത" ക്ലാസുകൾ ഏരിയ തലത്തിലാണ് നടന്നിരുന്നത്. അവരുടെ കണിശതയോടെയുള്ള തർബിയത്ത് ക്ലാസുകൾ പ്രവർത്തകർക്കു ഊർജം ലഭിക്കുന്നതായിരുന്നു. പഠനപരായണങ്ങൾ നിർബന്ധമായും ക്ലാസിൽ ചോദിക്കുന്നതിനാൽ എല്ലാവരും പഠിച്ചുവരുന്ന ഒരവസ്ഥയുണ്ടായി. 'സൂറ... ബാക്കി ങ് .. പഠിപ്പിക്കുന്ന അവരുടെ മുഖഭാവം ഇപ്പോഴും ഓർമയിലുണ്ട്.  ഒരിക്കൽ സംയുക്ത ഏരിയ സമിതിയിൽ ഖുർആൻ ക്ലാസെടുക്കാൻ ആളില്ലാതെ, വനിതാ വിഭാഗത്തിൽ നിന്ന് അപ്രതീക്ഷിതമായി ടീച്ചർക്കു ക്ലാസെടുക്കേണ്ടിവന്നു. അന്ന് പുഞ്ചിരിയോടെത്തന്നെ പുരുഷമാരെ ഒന്നു അർത്ഥഗർഭമായി പരാമർശിച്ച ആമുഖഭാവം ഓർമവരുന്നു.

ആത്മാർത്ഥതയോടെ സ്നേഹം പങ്കിടാനും മനുഷ്യരെ കണ്ടറിഞ്ഞ് സഹായിക്കാനുമുള്ള അവരുടെ കഴിവു് അവർ ജീവിതത്തിൽ പ്രയോഗവൽക്കരിച്ചു എന്നുള്ളതാണ് അവരുടെ മഹത്വം. അതിൻ്റെ പ്രതിഫലനമാണ്,  മരണശേഷം അവരുടെ വീട്ടിലെത്തിയ വിവിധ തരത്തിലുള്ള ആളുകളുടെ സാന്നിദ്ധ്യം. പാടൂർ മഹല്ലുപള്ളിയിൽ  മയ്യിത്ത് നമസ്കാരത്തിനു പള്ളി നിറയെ ആളുകൾ എത്തിയിരുന്നു എന്ന് അതിൽപങ്കെടുത്തവർസാക്ഷ്യപ്പെടുത്തുന്നു. അതും ഒരു വനിതയുടെ !

ഈയിടെ അസുഖമായി കിടക്കുമ്പോൾ ടീച്ചർക്ക് പ്രവർത്തകരെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായി അറിയുന്നു. കുറച്ചു മുമ്പ് വീട്ടിൽ സുഖമില്ലാതെ കിടന്ന അവസരത്തിൽ ഞാൻ പാടൂർ പോയി ടീച്ചറെ കണ്ടിരുന്നുവെങ്കിലും ' , അവസാന നാളുകളിൽ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ ടീച്ചർ കിടന്നിരുന്നു എന്നറിയുന്നത് അവരുടെ വിയോഗശേഷമാണ്. ഇത്ര അടുത്തുള്ള ഹോസ്പിറ്റലിൽ അവർ കിടന്നിരുന്നിട്ടും വിവരം അറിയാത്തതിനാൽ അവരെ കാണാൻ സാധിച്ചില്ലല്ലോ എന്ന സങ്കടം മനസ്സിലൊരു നീറ്റലായി തികട്ടി വരുന്നു. അവരുടെ ഓർമകൾക്കുമുമ്പിൽ കണ്ണുകൾ നിറയുന്നു. കാരണം അവരുടെ ഓരോ സംസാരവും പെരുമാറ്റവും ആത്മാർത്ഥ സ്നേഹമസൃണമായിരുന്നു . അല്ലാഹു അവർക്കു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നല്കി അനുഗ്രഹിക്കട്ടെ. നമുക്കും അവരുടെ പ്രവർത്തന രീതിയിൽ ജീവിച്ചു അല്ലാഹുവിൻ്റെ സ്വർഗത്തിൽ ഒത്തു ചേരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ

 പി സുമയ്യ ഗുരുവായൂർ. 

-------------

എന്റെ ഉമ്മച്ചികുട്ടി

സുമയ്യ. പി.എം വാടാനപ്പള്ളി

ഹ‌ഫ്‌സത്ത് എന്നറിയപ്പെടുന്ന പാടൂരിന്റെ പൊൻതാരത്തെ ഞാൻ 'ഉമ്മച്ചികുട്ടിയെ' എന്നാണ് വിളിച്ചിരുന്നത്. പ്രസ്ഥാന പ്രവർത്തക എന്ന നിലയിൽ അല്ല ഞാൻ ഉമ്മാനെ പരിചയപെടുന്നത്. ഉമ്മാനെ കുറിച്ച്‌ ഖുർആൻ എക്സാം എഴുതി സ്റ്റേറ്റിൽ ഫസ്റ്റ്റാങ്ക് വാങ്ങിയിട്ടുണ്ട് എന്ന് മാത്രം അറിയാം. എനിക്ക് ആ ഉമ്മാനെ കുറിച്ചോ വീട്ടിൽ ഉള്ള മറ്റുള്ളവരെ  കുറിച്ചോ ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്റെ ഫ്രണ്ടിന്റെ ഉമ്മ എന്ന നിലയിലാണ് ഞാൻ ഇക്കഴിഞ്ഞ ഒരു വർഷത്തിനകം അവരെ പരിചയപെടുന്നത്.ഞാൻ ഉമ്മാനെ കാണാൻ പോയപ്പോൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഹോസ്പിറ്റലിൽ പോയിരുന്നു. വരുന്നത് വരെ കാത്തിരുന്നു.

ഞാൻ ആദ്യമായി ഉമ്മാനെ കാണുകയായിരുന്നു. കണ്ട സമയം ഓടിപ്പോയി കയ്യിൽ പിടിച്ചു. ആരാന്നുള്ള സംശയം ഉണ്ടായിരുന്നു ഉമ്മാക്ക്. പിന്നെ ചിരിച്ചു. പരിചയപ്പെട്ടു. കുറെ നാളുകളായി അറിയാവുന്ന ആളുകളെ പോലെയായി പിന്നെ ഉള്ള സംസാരം.പിന്നെ ഒരിക്കലും ഉമ്മയും ഉപ്പയും എന്നെ മാറ്റി നിർത്തിയിട്ടില്ല. കുറെ നേരമിരുന്നു സംസാരിച്ച് ഭക്ഷണവും കഴിച്ചാണ് അന്ന് മടങ്ങിയത്. പോകും നേരം ഉമ്മ പറഞ്ഞു നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. വരണം. അവിടന്നങ്ങോട്ട് അവർ എന്റെ സ്വന്തം ആയിതീർന്നു. എല്ലാ ദിവസവും ഫോൺ വിളിച്ചും മെസ്സേജ് അയച്ചും ഉമ്മയും ഞാനുമായിട്ടുള്ള ബന്ധം മകൾ എന്ന അവസ്ഥയിലേക്ക് മാറിയിരുന്നു. എന്റെ മെസ്സേജ് കണ്ടില്ലെങ്കിൽ  അപ്പോൾ വിളിച്ച് ചോദിക്കും.'എന്താ സുമിയെ ഒരു വിവരവും ഇല്ലല്ലോയെന്ന് '.എനിക്ക് കിട്ടാത്ത സ്നേഹവും പരിഗണനയും എനിക്ക് എപ്പോഴും ആ ഉമ്മ തന്നിരുന്നു.

ചിലപ്പോൾ ഞാൻ ഫോൺ വിളിക്കുമ്പോൾ മിക്കിയായിരിക്കും എടുക്കുക. ദാ, ഉമ്മാന്റെ സുമിവിളിക്കുന്നു എന്ന് പറഞ്ഞു കൊടുക്കും. ചിലപ്പോൾ കുശുമ്പ് കാണിക്കും മിക്കി. കൊടുക്കില്ലന്ന് പറയും. എനിക്കെന്റെ സ്വന്തം ഉമ്മയും ഉപ്പായും തന്നെയാണ് അവർ. ഉമ്മാക്ക് എന്നോട് നല്ല ഇഷ്ട്ടമായിരുന്നു. ഉമ്മ എന്നോട് എപ്പോഴുംപറയും.'സുമിയെ എനിക്ക് സെബിമോൾ എങ്ങനെയാണോ അതുപോലെ തന്നെയാണ് എനിക്ക് നീയും '.അതു കേൾക്കുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നാറുണ്ട്.

എനിക്കെന്റെ ഉമ്മച്ചികുട്ടിയാണ് മനസ്സിൽ എപ്പോഴും.  ഉമ്മാക്ക് ഞാൻ വരുമ്പോൾ നല്ല സന്തോഷം ആകാറുണ്ടെന്ന് എനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ട്.ഒരു ദിവസം ഉമ്മച്ചികുട്ടിയെ എന്നും വിളിച്ച് ഞാൻ ചെന്നപ്പോൾ ഓടി വന്നു കെട്ടിപിടിച്ചു. ആ വീട്ടിലെ ഒരംഗം തന്നെയാണ് ഞാൻ. എനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട് ഉമ്മയും ഉപ്പായും. അടുക്കളയിൽ കയറാനും ഭക്ഷണം എടുത്തു കഴിക്കാനും ഭക്ഷണം ഉണ്ടാക്കാനും എല്ലാത്തിനും. ഉപ്പ എന്നോട് പറയാറുണ്ട് നീ വന്നപ്പോൾ ഞാൻ പുറത്തായി എന്ന്.

ഇപ്പോൾ ചിന്തിക്കുമ്പോൾ ഒരു കാര്യം മനസ്സിലാകുന്നുണ്ട്. ഉമ്മ ഒരിക്കലും എന്നോട് പ്രസ്ഥാനത്തെ കുറിച്ചോ അതു സംബന്ധമായ ഒന്നിനെ കുറിച്ചും സംസാരിച്ചിരുന്നില്ല. എന്നാൽ ഉമ്മാന്റെ എല്ലാ വ്യക്തിപരമായ കാര്യങ്ങളും എന്നോട് പറഞ്ഞിരുന്നു.ഉമ്മാന്റെ എന്താവശ്യങ്ങൾക്കും ഓടിയെത്താൻ എനിക്ക് ഇഷ്‌ടമായിരുന്നു.ഒരു ദിവസം ഉമ്മാനെ ഞാൻ കാണാൻ ചെന്നപ്പോൾ നമുക്ക് കുറച്ചു വീട്ടിൽ പോകണം എന്നുപറഞ്ഞു. ഞാനും ഉമ്മയും കൂടി കുറച്ചധികം വീടുകളിൽ പോയി. ചില വീടുകളിൽ കാശും ചില വീടുകളിൽ ഭക്ഷണകിറ്റും എത്തിച്ചു. അന്നെന്റെ മനസ്സിലും ഇതുപോലെ എല്ലാവർക്കും ഉപകാര പ്പെടുന്ന ഒരാളായി മാറണം എന്ന് മനസ്സിൽ തീരുമാനമെടുത്തു. 

ഇൻ ഷാ അല്ലാഹ്. അങ്ങനെ തന്നെ ആയിതീരും.ഉമ്മ എന്ത് ഉണ്ടങ്കിലും എന്നോട് പറയും. ഉമ്മ വീണു നടുവെല്ലിന് ചെറുതായി പൊട്ട് സംഭവിച്ച ആ നാളുകളിൽ ഹോസ്പിറ്റലിൽ ചെക്കപ്പിന് ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം കൂട്ടിനു ഉമ്മ എന്നെയും വിളിക്കാറുണ്ട്. മോളെല്ലാം ചോദിച്ചു മനസ്സിലാക്കണം എന്ന് പറയും. എനിക്കെന്റെ ഉമ്മ തന്നെയാണ് അവർ. എന്നെ നന്നായി സ്നേഹിച്ചിട്ടുണ്ട്. എന്റെ മോൾ വലിയകുട്ടിയായപ്പോൾ അവൾക് വേണ്ട എല്ലാ സാധനങ്ങളും ഉമ്മ ഉപ്പാന്റെ കയ്യിൽ കൊടുത്ത് വിട്ടു. 

നോമ്പിനും അതുപോലെ തന്നെ. ഉമ്മയും ഉപ്പയും മിക്കിയും കൂടി എന്റെ വീട്ടിൽ വന്നിരുന്നു. അന്നും ഉമ്മക്ക് വയ്യായ്‌‌കൾ ഉണ്ട്. എന്നാലും കുറച്ചു നേരം ഇരുന്ന് ഭക്ഷണം കഴിച്ചിട്ടാണ് പോയത്. പോകാൻ നേരം എന്നോട് പറഞ്ഞിരുന്നു. ഇനി രണ്ടുദിവസം നിൽക്കാൻ വരണം എന്ന്. എന്നോടും എപ്പോഴും പറയും വീട്ടിൽ ഒരു ദിവസം നില്ക്കു എന്ന്. എനിക്ക് പറ്റിയിട്ടില്ല. 

ജൂലൈ 9 തീയതി ആണ് ലാസ്റ്റ് ആയി ഉമ്മാനെ കാണാൻ വീട്ടിൽ പോയത്. അന്ന് തക്കാളിക്കറി കൂട്ടി ചോറ് കഴിക്കണം എന്ന് പറഞ്ഞു. ചോറും തക്കാളിക്കറിയും ഉണ്ടാക്കി ഉമ്മക്ക് വാരി കൊടുത്തു. നന്നായി കഴിച്ചു. ഉമ്മ എനിക്ക് വേണ്ടി പ്രാർത്ഥിച്ചു. കുറച്ചു നേരം സംസാരിച്ച് ഇരുന്നു. ഉമ്മ റസ്റ്റ്‌ എടുക്കുന്നത് കണ്ടിട്ടാണ് ഞാൻ തിരിച്ചു പോന്നത്. 13 ആം തീയതി വരെ എനിക്ക് മെസ്സേജ് അയച്ചിരുന്നു. പിന്നെ ഫോൺ നോക്കാനൊന്നും വയ്യായിരുന്നു. 

ഖുർആൻ എക്സാമിനുള്ളതെല്ലാം എന്നെ കൊണ്ട് ചെയ്യിപ്പിച്ചിരുന്നു. ഉമ്മാക്ക് പഠിക്കാൻ പറ്റണില്ല എന്ന് എന്നോട് സങ്കടം പറയുകയുണ്ടായി. 15-ാം തീയതി ഉമ്മ ഹോസ്പിറ്റലിൽ ഐസിയു വില്‍ അഡ്മിറ്റായി. 17ാം തീയതി റൂമിലേക്ക് മാറ്റിയപ്പോൾ ഞാൻ ഉമ്മാനെ കാണാൻ പോയി. ഉമ്മാക്ക് ചെറിയ ഓറഞ്ചിന്റെ ജൂസ് നല്ല ഇഷ്ട്ടാണ്. ഞാൻ കുറച്ച് കഞ്ഞിയും ഓറഞ്ചു ജൂസും തയ്യാറാക്കി കൊണ്ടുപോയിരുന്നു. ഞാൻ ചെന്നപ്പോൾ മൂത്തുമ്മയും യാസിറും ഉണ്ടായിരുന്നു ഉമ്മാന്റെടുത്ത്. മൂത്തുമ്മ ഉമ്മാക്ക് കഞ്ഞിവെള്ളവും ജൂസും ഇടക്കിടക്ക് കൊടുക്കുന്നുണ്ടായിരുന്നു. അന്ന് പോരാൻ നേരത്ത് ഉമ്മാന്റെ കയ്യിൽ പിടിച്ച് എന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും പ്രയാസങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിൽ പൊരുത്തപ്പെട്ടു തരണം എന്ന് പറഞ്ഞു.ഉമ്മ ചിരിച്ചു കൊണ്ട് തല കുലുക്കി. എനിക്ക് എന്ത് കൊണ്ട് അങ്ങനെ ചോദിക്കാൻ തോന്നി എന്ന് എനിക്കറിയില്ല. അന്നാണ് എന്റെ ഉമ്മാനെ ഞാൻ അവസാനമായി കണ്ടത്.

പിറ്റേ ദിവസം അമലയിൽ കൊണ്ട് പോയി. യൂറിൻ പോകാത്തതിന്റെ നല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നു.19ാം തീയതി വൈകുന്നേരം 6:05 ന്‌ ഉമ്മ അല്ലാഹുവിലേക്ക് യാത്രയായി. ഉമ്മാക്ക് വേണ്ടി എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതെല്ലാം ഞാൻ ചെയ്‌തിട്ടുണ്ട്. അൽഹംദുലില്ലാഹ്.

ഇപ്പോഴും എന്റെ ഉമ്മ വീട്ടിൽ ഇല്ലന്ന് എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല. ഇനിയില്ല ആ സ്നേഹം എന്ന് വിചാരിക്കാൻ കൂടിവയ്യ.സുമിയെ എന്താ വിളിക്കാത്തെ എന്ന് ചോദിക്കാൻ ഇനി ഉമ്മയില്ല. നമ്മൾ എല്ലാവരും വിശ്വാസികൾ ആണ്. എല്ലാം അംഗീകരിച്ചേ മതിയാകു.ഉമ്മ എന്നോട് പറയുന്ന കാര്യമുണ്ട്. നീ സ്വന്തമായി പണിയെടുത്തു ഉണ്ടാക്കിയ കാശിൽ നിന്ന് എനിക്ക് എന്തെങ്കിലും വാങ്ങി തരണം എന്ന്. അതിന് കാരണമുണ്ട്. എനിക്ക് തയ്യൽ അടക്കം ചില കൈത്തൊഴിൽ ഒക്കെ അറിയാം. എന്നാലും ഞാനതിനു എന്റെ മടി മൂലം അധികമൊന്നും ഇരിക്കാറില്ല. അതിന്റെ പേരിൽ ഉമ്മ മൃദുവായി എന്നെ ശകാരിക്കാറുണ്ട്.കൈത്തൊഴിൽ ചെയ്തു നാലു കാശുണ്ടാക്കാൻ എന്നെ വ്യംഗ്യമായി പ്രേരിപ്പിച്ചതായിരുന്നു അങ്ങിനെ.ഏതായാലും ഉമ്മ ഉള്ളപ്പോൾ എനിക്കതിന് കഴിഞ്ഞില്ല. ഇൻ ഷാ അല്ലാഹ്. ഉമ്മക്ക് പ്രതിഫലം കിട്ടുന്ന രീതിയിൽ ഞാൻ ചെയ്യും.

എന്റെ ഉമ്മ സഹിച്ച എല്ലാ പ്രയാസങ്ങൾ ഉമ്മാടെ ഖബറിലും ശേഷമുള്ള പരലോകജീവിതത്തിലും പ്രകാശം ചൊരിയാൻ നിമിത്തമാകട്ടെ. ഖബറിനെ ആകാശഭൂമിയോളം വിശാലമാക്കികൊടുക്കട്ടെ.അവിടം സ്വർഗ പൂങ്കാവനമാക്കട്ടെ. റഹ്‌നായ റബ്ബ് എന്റെ ഉമ്മാനെ അർശിന്റ തണലിൽ സ്വീകരിച്ചിരിത്തട്ടെ. സ്വര്‍‌ഗത്തിൽ ഉന്നത പദവികൾ നൽകി ആദരിക്കട്ടെ. ജീവിതത്തിൽ അറിഞ്ഞോ അറിയാതെയോ വന്നു പോയ തെറ്റുകുറ്റങ്ങൾ മാപ്പാക്കി കൊടുക്കട്ടെ. നമ്മെ എല്ലാവരെയും റബ്ബ് ഇരു ലോകത്തും അനുഗ്രഹിക്കട്ടെ. ആമീൻ....

സുമയ്യ പി.എം വാടാനപ്പള്ളി.

-----------

പ്രകാശം പരത്തി കടന്നു പോയവൾ

ആയിഷ ഭായി

എന്ത് എഴുതണമെന്നോ എവിടെ തുടങ്ങണം എന്നോ അറിയില്ല. കഴിഞ്ഞ ജൂലൈ 20 ആം തീയതി എല്ലാം കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ മനസ്സിലാകെ ശൂന്യത, ചുറ്റും ഇരുട്ട് പരന്നതുപോലെ.

പ്രിയപ്പെട്ട ഹഫ്‌സത്ത എനിക്ക് ആരായിരുന്നു? കൂട്ടുകാരി, സഹോദരി ഇതെല്ലാം ചേർന്ന ബന്ധം. മനസ്സിലെ തേങ്ങൽ അടങ്ങുന്നില്ല. കഴിഞ്ഞ 24 വർഷത്തോളം അവളോടൊപ്പം നടന്നു തീർത്ത വഴികൾ, പങ്കെടുത്ത ഹൽഖകൾ, ക്ലാസുകൾ, സമ്മേളനങ്ങൾ, സ്കോഡുകൾ, പഠിപ്പിച്ച പ്രാർത്ഥനകൾ എല്ലാം മനസ്സിലൂടെ കടന്നുപോയി.

തളർന്നു പോയ ദിവസങ്ങളിൽ മനസ്സിനെ പിടിച്ചു നിർത്തി ചിന്തിച്ചു. അല്ല, ഇരുട്ടല്ല,  ഇവിടെ ഒരു വിളക്ക് കത്തിച്ചു വെച്ച് ശോഭയോടെ അത് ജ്വലിക്കുന്നത് കണ്ടാണ് ദൗത്യം പൂർത്തിയാക്കി അവൾ അല്ലാഹുവിലേക്ക് മടങ്ങിയത്. സംതൃപ്തിയടഞ്ഞ ആത്മാവായി....

വീടിന്റെ അകത്തളങ്ങളിലിരുന്നു കൊണ്ട് ഖുർആൻ പാരായണവും മറ്റു കർമ്മങ്ങളും ചെയ്യുന്നത് കൊണ്ടുമാത്രം റബ്ബിന്റെ തൃപ്തി കരസ്ഥമാക്കി സ്വർഗ്ഗത്തിലെത്താം എന്ന് കരുതിയിരുന്നവരെ, (ഞാനടക്കമുള്ള സ്ത്രീകളെ) അല്ലാഹുവിന്റെ വിശാലമായ സ്വർഗ്ഗത്തിലെത്താൻ അതു മാത്രം പോരാ പുറത്തും ചിലതു ബാക്കിയുണ്ട് എന്ന് പഠിപ്പിച്ചത് അവരാണ്. അതിന്റെ പൂർത്തീകരണത്തിനായി ഖുർആൻ ക്ലാസുകൾ സംഘടിപ്പിച്ചു ഖുർആൻ ഓതി മാത്രം ശീലിച്ചവർക്ക് അതിന്റെ അർത്ഥവും ആശയവും മാതൃഭാഷയിൽ പഠിപ്പിക്കുക എന്നത് അത്ഭുതമായിരുന്നു അവർക്ക് . ആദ്യമാദ്യം മടിച്ചു നിന്നവർ കുറച്ചു കാലങ്ങൾക്കകം പഠനരംഗത്ത് സജീവമായി. ഒപ്പം തന്നെ സാവധാനം പ്രസ്ഥാനത്തെയും പരിചയപ്പെടുത്തി ഒറ്റയ്ക്ക് നിന്ന് തന്നെ ഒരു ഗ്രാമത്തിന്റെ മുഖച്ഛായ മാറ്റിയവൾ.

വളരെ ആസൂത്രിതമായി ആദ്യം മണ്ണൊരുക്കി വിത്തിട്ടു മുളച്ച് ചെടിയായി മരമായി കായ്ഫലം കിട്ടിത്തുടങ്ങി. അത് കണ്ടുകൊണ്ട് മടങ്ങുക, അധികമാർക്കും ലഭിക്കാത്ത സൗഭാഗ്യം, അതവർക്ക് സ്വന്തം.

സ്വയം അനുഭവിക്കുന്ന പ്രതിസന്ധികൾക്കിടയിലും മറ്റുള്ളവരെ ചേർത്തു പിടിക്കാനുള്ള മനസ്സ്. എല്ലാവർക്കും അത് കഴിയണമെന്നില്ല. ആരെങ്കിലും എന്തെങ്കിലും പ്രയാസം വിളിച്ചു പറഞ്ഞാൽ അപ്പോൾ തന്നെ അതിനുള്ള പരിഹാരം കണ്ടിരിക്കും, എങ്ങനെ എന്നൊന്നും ചിന്തിക്കില്ല. അല്ലാഹു സഹായിക്കും എന്ന വിശ്വാസം മാത്രം, പക്ഷേ നിശ്ചിത സമയത്തിനുള്ളിൽ അതിനു വേണ്ടുന്ന സംഖ്യ അവരുടെ കൈകളിൽ എത്തിയിരിക്കും. ഈ ഗ്രാമത്തിന്റെ മൂക്കിലും മൂലയിലും അവളുടെ കാൽപാടുകൾ പതിയാത്ത മണ്ണില്ല എന്നുതന്നെ പറയാം.ഒന്നിച്ചു പോകുമ്പോൾ അത്ഭുതം തോന്നാറുണ്ട് ഈ ഗ്രാമത്തിൽ ഇത്രയധികം വീടുകൾ ഉണ്ടായിരുന്നോ?

തവക്കുൽ - അല്ലാഹുവിൽ ഭരമേല്പിച്ചുകൊണ്ട് ചെയ്യുന്ന ഏത് കാര്യവും അല്ലാഹു നടത്തിത്തരും എന്ന വാക്യം അരക്കെട്ട് ഉറപ്പിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനം. ചിലപ്പോൾ സമ്മേളനങ്ങൾക്കായി സ്കോഡ് പോകുമ്പോൾ ചിലരുടെ അത്ര നല്ല പ്രതികരണം ആയിരിക്കില്ല,അല്ലാഹുവിന്റെ കാരുണ്യത്തിൽ മാത്രം പ്രതീക്ഷയർപ്പിച്ച് തിരിച്ചുപോരും. പക്ഷേ ആ ദിവസം വരുമ്പോൾ ഏരിയയിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ പാടൂരിൽ നിന്നായിരിക്കും.

പ്രസ്ഥാനത്തിനുവേണ്ടി സമർപ്പിച്ച ജീവിതം വർഷങ്ങൾക്കു മുമ്പ് ഒരു കൺവെൻഷൻ പെരുമ്പിലാവിൽ, തിരിച്ചുവരുമ്പോൾ പെട്ടെന്ന് അവർക്ക് അസുഖമായി അവരെ ഞങ്ങളുടെ അവിടേക്ക് പോകുന്ന ഒരു വണ്ടിയിൽ കയറ്റി വിട്ടു.  ഞങ്ങൾ രണ്ടു പ്രവർത്തകർ അവസാനം പോന്നു. പോരുമ്പോൾ ഞങ്ങൾ പറഞ്ഞിരുന്നു നാളെ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ പരിപാടിയുണ്ട്, പോകണം. ഹഫ്‌സ മറന്നിട്ടുണ്ടെങ്കിൽ നമുക്ക് ഓർമ്മിപ്പിക്കേണ്ട, കാരണം അത്രക്കും അസുഖമാണല്ലോ.  പിറ്റേദിവസം പറഞ്ഞുറപ്പിച്ച പോലെ ഞങ്ങൾ രണ്ടുപേരും പോയി. ഇടവേളയിൽ പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ, കണ്ടു പിന്നിൽ പുഞ്ചിരി തൂകിക്കൊണ്ട് ഇരിക്കുന്നു.അസുഖം കുറഞ്ഞപ്പോൾ തനിയെ പോന്നതാണ്,  നാളെ അല്ലാഹുവിനു മുമ്പിൽ ഉത്തരം പറയണ്ടെ? ഞങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു, - അതാണ് ഹഫ്‌സ..

ദഅവ - സഹോദര സമുദായ അംഗങ്ങളെ ചേർത്തുപിടിക്കാൻ ഒരു മടിയും ഇല്ലായിരുന്നു.  അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും എല്ലാം മനസ്സിലാക്കി പ്രവർത്തിക്കും. ഓണക്കിറ്റായും സ്ത്രീകൾക്ക് കിറ്റായും മറ്റു സഹായങ്ങളും എല്ലാം അവർക്ക് എത്തിക്കും.  സൗഹൃദ വേദി എന്ന ഗ്രൂപ്പ് തന്നെ ഉണ്ടാക്കി, ഹദീസുകളുടെയും ഖുർആൻ സാരാംശങ്ങൾ, സദുപദേശ ചരിത്രങ്ങൾ എല്ലാം അതിൽ ഇട്ടു കൊടുക്കും.

പ്രവർത്തകരുടെ വിജ്ഞാന കാര്യത്തിലും അതീവ ജാഗ്രത പുലർത്തി. ആദ്യകാലങ്ങളിൽ ഹൽഖകളിൽ പ്രാർത്ഥനകൾ എഴുതിത്തരും, പഠിച്ചു വരാനായി പറയും. മുതിർന്ന പ്രവർത്തകരോട് കർശനമായി തന്നെ പറയും.  അതുപോലെതന്നെ പ്രാസ്ഥാനിക സാഹിത്യങ്ങളുടെ വായനയും. ഓരോ പുസ്തകം തരുമ്പോഴും അത് വായിച്ചു ഇത്ര ദിവസം കൊണ്ട് എന്ന് തന്നെ പറയും.  പ്രവർത്തകരോട് മാത്രമല്ല അവരുടെ കുടുംബത്തോടും മക്കളോടും എല്ലാം നല്ല ബന്ധമായിരുന്നു.  പ്രവർത്തകരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെ മക്കളുടെ കൂടി പ്രിയപ്പെട്ടവളായിരുന്നു ഹഫ്‌സത്ത.

നല്ലൊരു കൃഷിക്കാരി കൂടിയായിരുന്നു, അവരുടെ കൈകൊണ്ട് എന്തെങ്കിലും ഒന്ന് ലഭിക്കാത്ത,  അല്ലെങ്കിൽ അവർ ഉണ്ടാക്കി എന്തെങ്കിലും ഒരു വിഭവം രുചിക്കാത്ത ആരും ഈ ചുറ്റുവട്ടത്ത് ഉണ്ടാവില്ല എന്നുതന്നെ പറയാം.

ഇനിയും ഒരുപാട് ഓർമ്മകൾ ബാക്കിയാണ്. കുറിക്കുവാൻ ഈ പേജുകൾ മതിയാകില്ല.. പ്രാർത്ഥനയോടെ, നിർത്തുന്നു.കാരുണ്യവാനായ നാഥാ ഞങ്ങളുടെ സഹോദരിക്കു ബർസഖി ജീവിതം അനുഗ്രഹ പൂർണമാക്കേണമേ.. ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കേണമേ... നിന്റെ സ്വാലിഹീങ്ങളായ അടിമകളുടെ കൂട്ടത്തിൽ ഞങ്ങളെയും അവരോടൊപ്പം ചേർക്കേണമേ.. ഇവിടെ ഒന്നിച്ചിരുന്ന പോലെ നിന്റെ ഫിർദൗസിലും ഒന്നിച്ചിരിക്കാൻ തൗഫീഖ് നൽകേണമേ.. അവരുടെ കുടുംബത്തിന് ധൈര്യം നൽകേണമേ പ്രത്യേകിച്ചും അവരുടെ മകന് ആശ്വാസം നൽകേണമേ.. അനുഗ്രഹം ചൊരിയേണമേ.. ആമീൻ 

ആയിഷ ഭായി

പാടൂർ ഹൽഖ

-------------

ഹഫ്‌സത്ത് പാടൂരിന്റെ സ്നേഹം

എ. ഷറഫുദീൻ

പാടൂർ ഗ്രാമത്തിന്റെ ഹൃദയത്തിൽ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറദീപമായി ജ്വലിച്ച വ്യക്തിത്വമായിരുന്നു ഹഫ്‌സത്ത്. കൊടുങ്ങല്ലൂരിൽ നിന്ന് പാടൂരിലേക്ക് ഒരു സാധാരണ വീട്ടമ്മയായി കടന്നുവന്ന അവർ, സ്വന്തം ജീവിതം സമൂഹത്തിന്റെ നന്മയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു മാലാഖയായി മാറി. ജന്മനാ രോഗിയായിരുന്നിട്ടും, ആ രോഗാവസ്ഥയെ തന്റെ ഇച്ഛാശക്തികൊണ്ട് മറികടന്ന്, മറ്റുള്ളവർക്ക് താങ്ങും തണലുമായി മാറിയ ഹഫ്‌സത്തിന്റെ ജീവിതം ആർക്കും ഒരു പ്രചോദനമാണ്.

ഹഫ്‌സത്ത് എന്ന വ്യക്തി, വെറുമൊരു വീട്ടമ്മയായി ഒതുങ്ങിയില്ല. അടുക്കളയിൽ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങിവന്ന അവർ, തന്റെ വാക്കും പ്രവൃത്തിയും, കൈവശമുള്ളതെന്തും ജനങ്ങൾക്ക് ആശ്വാസമേകാൻ ഉപയോഗിച്ചു. 

 പാടൂരിലെ മാളികകളേയും കുടിലുകളെയും ഒരുപോലെ സ്നേഹിച്ച അവർ, വലുതും ചെറുതുമായ പ്രശ്നങ്ങളെ ഒരുപോലെ ഏറ്റെടുത്ത് പരിഹരിച്ചു. അവർ അറിയാത്ത ഒരു വീടും, അവരെ അറിയാത്ത ഒരു വീട്ടുകാരും പാടൂരിൽ ഉണ്ടായിരുന്നില്ല. ഈ ജനകീയബന്ധം തന്നെയാണ് അവരുടെ ജീവിതത്തിന്റെ ഏറ്റവും വലിയ അടയാളം.

കാരുണ്യത്തിന്റെ ചിറകുള്ള മാലാഖ

ഹഫ്‌സത്തിനെക്കുറിച്ച് പറയുന്നവരെല്ലാം അവരെ ചിറകുള്ള മാലാഖയായിട്ടാണ് വിശേഷിപ്പിച്ചത്. അശരണർക്കും പ്രയാസമനുഭവിക്കുന്നവർക്കും ഒരുമ്മയെപ്പോലെയും സഹോദരിയെപ്പോലെയും സ്വന്തം കൂടെപ്പിറപ്പിനെപ്പോലെയും അവർ താങ്ങായി നിന്നു. രോഗികളെ പരിചരിക്കാനും, പാവപ്പെട്ടവർക്ക് വീടുവെച്ച് കൊടുക്കാനും, വിദ്യാർത്ഥികളുടെ പഠനച്ചെലവുകൾ ഏറ്റെടുക്കാനും അവർ മുന്നിട്ടിറങ്ങി. ഈ പ്രവൃത്തികളെല്ലാം ആരും അറിയാതെ, നിശ്ശബ്ദമായിട്ടാണ് അവർ ചെയ്തിരുന്നത്. മറ്റുള്ളവരുടെ ദുഃഖങ്ങളിൽ പങ്കുചേരാനും, അവർക്ക് ആശ്വാസം പകരാനും സ്വന്തം ആരോഗ്യത്തെപ്പോലും അവഗണിക്കാൻ അവർ മടിച്ചില്ല. 

ഹഫ്‌സത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗം, തന്റെ മകൻ മിഖ്‌ദാദിനെ പരിപാലിച്ചതിലാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന, മകന് താങ്ങും തണലുമായി നാൽപ്പത് വർഷം ചുമന്ന ആ അമ്മയുടെ ത്യാഗം ആരെയും കണ്ണീരണയിക്കുന്നതാണ്. ആ ദൃഢവിശ്വാസം, ഇസ്ലാമിക പ്രസ്ഥാനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും, ഖുർആൻ, ഹദീസ് പഠനങ്ങളിലും അവർക്ക് വലിയ ഊർജ്ജം നൽകി.


ഹഫ്‌സത്തിന്റെ ജീവിതപാഠങ്ങൾ

ഹഫ്‌സത്തിന്റെ വിയോഗം പാടൂരിനെ മാത്രമല്ല, അവരെ അറിഞ്ഞ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി. കോഴിക്കോട് നിന്നുവന്ന നിവ്യ സത്യൻ എന്ന പെൺകുട്ടിക്ക് സ്വന്തം 'ഉമ്മ'യെപ്പോലെ അവർ മാറിക്കഴിഞ്ഞിരുന്നു. പ്രകൃതി ചികിത്സകയായ 

ഡോ. ജയന്തിക്ക് ഒരു രോഗിയായി തുടങ്ങിയ ഹഫ്‌സത്ത്, പിന്നീട് തന്റെ സാമൂഹിക പ്രതിബദ്ധത തെളിയിച്ച ഒരു വ്യക്തിയായി മാറി. ഹഫ്‌സത്ത് തനിക്ക് നൽകിയ തെങ്ങുംതൈകളും , ഫലവൃക്ഷങ്ങളും മുരിങ്ങയും ചീരയുമൊക്കെ ഡോക്ടറുടെ തോട്ടത്തിൽ ഇന്നും വളരുന്നു. അവർ നട്ട സ്നേഹത്തിന്റെ വിത്തുകൾ പലരുടെയും ജീവിതത്തിൽ ഇന്നും തഴച്ചുവളരുന്നുണ്ട്.

നല്ലവരും നീതിമാന്മാരമായ മനുഷ്യർ എന്തിന് ഈ വിധം കഷ്ടപ്പെടേണ്ടിവരുന്നു ?' 

എന്ന ചോദ്യം ഹഫ്‌സത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ വെക്കുന്നു. കഷ്ടപ്പാടുകൾക്കിടയിലും നന്മകൾ മാത്രം ചൊരിഞ്ഞ് , ജനഹൃദയങ്ങളിൽ എന്നെന്നേക്കുമായി ഇടം നേടിയാണ് അവർ ഈ ലോകത്തോട് വിട പറഞ്ഞത്. ഹഫ്‌സത്ത് എന്ന വ്യക്തി നമുക്ക് നൽകിയ സന്ദേശം ഇതാണ്:

ഈ ലോകം ചെറുതാണ്, പക്ഷേ നന്മകൾ കൊണ്ട് നമുക്ക് അത് വലുതും ശാശ്വതവുമാക്കാം.

ഹഫ്‌സത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ആദരപൂർവ്വം പ്രാർത്ഥിക്കുന്നു. അല്ലാഹു അവർക്ക് സ്വർഗ്ഗത്തിൽ ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.                     

                                    

സ്‌നേഹ സ്‌മരണകളോടെ                                                       

എ.ഷറഫുദീൻ

---------------

ഹഫ്‌സത്ത യാത്രപറഞ്ഞു

അസീസ് മഞ്ഞിയില്‍

വാരാന്ത്യത്തില്‍ മേനോത്തകായില്‍ നിന്നും ഇത്ത വിളിച്ചിരുന്നു.വിശേഷങ്ങള്‍ പറയുന്നതിന്നിടയില്‍ പാടൂര്‍ ഹഫ്‌സത്താടെ ആരോഗ്യസ്ഥിതി തൃപ്‌തികരമല്ല എന്ന വിവരം പങ്കുവെക്കപ്പെട്ടിരുന്നു. 

അബ്‌ദുറഹ്‌മാന്‍‌ക്കയുടെ പ്രത്യേക സന്ദേശം തലേന്നാള്‍ കിട്ടിയത് കൂട്ടിവായിച്ചപ്പോള്‍ ഒരു അസ്വസ്ഥത മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. ശനിയാഴ്‌ച മധ്യാഹ്നത്തിനു ശേഷം റസാഖിന്റെ മറ്റൊരു സന്ദേശം കൂടെ ആയപ്പോള്‍ അസ്വസ്ഥതക്ക് കനം കൂടി.അധികം താമസിയാതെ തന്നെ മകന്‍ അന്‍‌സാറിന്റെ ഫോണ്‍ കോള്‍.മോന്‍ സം‌സാരിച്ചു തുടങ്ങുമ്പോള്‍ തന്നെ കാര്യം മനസ്സിലായി.അതെ ഹഫ്‌സത്തയെ പടച്ച തമ്പുരാന്‍ തിരിച്ചു വിളിച്ചിരിക്കുന്നു.

ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിക്കുമ്പോള്‍ അബ്‌ദുല്‍ വാഹിദ് സാഹിബിന്റെ ശബ്‌ദ സന്ദേശം.അബ്‌ദു റഷീദിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിവരം അറിഞ്ഞു എന്ന് പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍‌ക്കായി നാട്ടില്‍ പലരുമായും ബന്ധപ്പെട്ടെങ്കിലും ആരെയും ലൈനില്‍ കിട്ടിയില്ല.ഗ്രൂപ്പുകളിലും ബ്രോഡ്‌കാസ്റ്റ് ലിസ്റ്റ് വഴിയും ബന്ധു മിത്രാധികളെ തല്‍‌ക്ഷണം വിവരം അറിയിച്ചു.

നീണ്ടലിസ്റ്റില്‍ എന്റെ നമ്പര്‍ സേവ് ചെയ്യാത്ത പലര്‍‌ക്കും കിട്ടുന്നില്ലായിരിയ്‌ക്കും.എങ്കിലും നല്ലൊരു ശതമാനം പേരും കിട്ടിയ വര്‍‌ത്തമാനം പരസ്‌പരം പങ്കുവെക്കുന്നതിനാല്‍ വാര്‍‌ത്തകള്‍ ലഭിക്കുന്നുണ്ടാകും.

പ്രിയപ്പെട്ട ഹഫ്‌സത്ത വിടപറഞ്ഞിരിക്കുന്നു.ശാരീരികമായി ഏറെ പ്രയാസപ്പെടുമ്പോഴും മാനസികമായി ഈമാനികമായി ഉള്‍കരുത്ത് ഇത്തയുടെ സവിശേഷതയാണ്‌.മാസങ്ങള്‍‌ക്ക് മുമ്പ് വീടിനകത്ത് ചെറുതായൊന്നു വീണതിനു ശേഷം പറയത്തക്ക ആശ്വാസം തിരിച്ചു കിട്ടിയിട്ടില്ല എന്ന് അനുമാനിക്കുന്നു.ഞങ്ങള്‍ ഖത്തറിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ ചെല്ലുമ്പോള്‍ എഴുന്നേല്‍‌ക്കാന്‍ പോലും പ്രയാസപ്പെട്ട അവസ്ഥയിലായിരുന്നു.വാരികയും മാസികയും പുസ്‌തകവും തലയിണക്കരികെ തന്നെ കണ്ടു.വെറുതെ ഒന്ന് കയ്യിലെടുത്തപ്പോള്‍ വായിക്കാന്‍ കിട്ടിയ അസുലഭാവസരം എന്നായിരുന്നു അവരുടെ തമാശ.

കുശലങ്ങള്‍ പറഞ്ഞു തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കെ സുബൈറയേയും ഹിബയേയും അന്വേഷിക്കുന്നുണ്ടായിരുന്നു.ഹമദിന്റെ പ്രതിശ്രുത വധുവിനെ ഉദ്ദേശിച്ച് മറ്റൊരു ഹിബമോള്‍ കൂടെ നമ്മുടെ വീട്ടില്‍ വരുമെന്നു പറഞ്ഞപ്പോള്‍,അതൊക്കെ ഞാനറിഞ്ഞു എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ പ്രാര്‍‌ഥനയോടെയാണ്‌ പ്രതികരിച്ചത്.അതെ ജീവിതത്തിലെ മുഖാമുഖമുള്ള അവസാന യാത്ര പറച്ചിലായിരുന്നു അത് എന്നോര്‍‌ക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നു.

പാടൂരില്‍ വിശിഷ്യാ സ്‌ത്രീകള്‍‌ക്കിടയില്‍ പ്രാസ്ഥാനിക ചലനങ്ങളെ സജീവമാക്കുന്നതില്‍ ഹഫ്‌സത്താടെ ഭാഗധേയത്വം അവിസ്‌മരണിയമാണ്‌. സാന്ത്വന സേവന പാതയില്‍ വിശ്രമമില്ലാതെ ഓടിനടക്കുന്നതില്‍ ഒരു പരിഭവവും ഇല്ലാത്ത നിഷ്‌കളങ്കയായ ഇത്തയുടെ വേര്‍‌പാട് നികത്താനാകാത്ത വിധം എന്നതില്‍ അതിശയോക്‌തിക്ക് ഇടമില്ല.

പാടൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പഠന പരമ്പരകളില്‍ ചിലപ്പോഴെക്കെ ഈയുള്ളവന്‍ നിയോഗിക്കപ്പെടുന്ന അവസ്ഥയില്‍ സദസ്സിലെ മുന്‍ നിരയില്‍ അസീസിനെ കേള്‍‌ക്കാന്‍ സ്ഥലം പിടിച്ചിരിക്കും.ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങും മുമ്പ് തന്നെ ഓടിവന്നു സന്തോഷം അറിയിക്കും. നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും എന്റെ നുറുങ്ങുകളും പഠനക്ലാസ്സുകളും അയച്ചു കിട്ടിയാല്‍ താമസിയാതെ തന്നെ കേട്ട് പരമാവധി പ്രതികരിക്കും.എല്ലാം അവസാനിച്ചിരിക്കുന്നു.ഇനി പ്രസ്‌തുത നമ്പറില്‍ നിന്നും ഒരു പ്രതികരണവും പ്രതീക്ഷിക്കാനില്ല.അതെ,അളക്കാനാകാത്ത പ്രതീക്ഷകളുടെ ആകാശത്തേക്ക് അവര്‍ പറന്നു പോയിരിക്കുന്നു.

എത്രപെട്ടെന്നാണ്‌ ജീവിതത്തിലെ തിരശ്ശീലകള്‍ വീഴുന്നത്.ഓര്‍‌ക്കാനും പറയാനും ജീവിത സന്ദര്‍‌ഭങ്ങളും മുഹൂര്‍ത്തങ്ങളും നിരവധിയുണ്ട്. അനശ്വരമായ ലോകത്ത് അല്ലാഹു വാഗ്‌ദാനം നല്‍‌കിയ ജന്നാത്തുല്‍ ഫിര്‍‌ദൗസില്‍ ഉന്നതസ്ഥാനീയരുടെ കൂട്ടത്തില്‍ ഉള്‍‌പ്പെടുത്തി ഹഫ്‌സത്തയെ അനുഗ്രഹിക്കട്ടെ എന്ന മനസ്സ് തൊട്ട പ്രാര്‍‌ഥനയോടെ...

അസീസ് മഞ്ഞിയില്‍

=============

04. ഹഫ്‌സയുടെ സാമൂഹിക പരിസരങ്ങൾ

ഹൽഖയുമായി ബന്ധപ്പെട്ട അല്ലാതെയോ ഉള്ള അവരുടെ സാമൂഹിക ബന്ധങ്ങൾ , ഇതര ധര്‍‌മ ധാരയിലുള്ളവരുമായുള്ള സൗഹൃദം , അയൽക്കാരുമായുള്ള ബന്ധം , ഇത്തരത്തിലുള്ള പ്രവർത്തങ്ങളിൽ ഉള്ള അവരുടെ സൂക്ഷ്മത . ജില്ലാ-ഏരിയ തലങ്ങളിലുള്ള പ്രവർത്തങ്ങൾ , പുതു തലമുറ യുമായുള്ള ബന്ധം

 

എഴുതേണ്ടവർ

പാടൂരിലെ സാമൂഹിക പ്രവർത്തകർ

ഏരിയ -ജില്ലാ നേതാക്കൾ

ജി ഐ ഓ - പ്രവർത്തകർ

----------- 

പഠിച്ചത് പകർത്തിയ മാതൃകാ ജീവിതം

എ.വി ഹം‌സ

-----------------

തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് പാഞ്ചായത്തിലെ ഒരു ഉൾ പ്രദേശമായ പാടൂർ, അയൽ പ്രദേശങ്ങളെ അപേക്ഷിച്ച് മുസ്ലിം സമുദായത്തിന് ഭേദപ്പെട്ട അവസ്ഥയുള്ള ഗ്രാമം. ഒരു ഗ്രാമത്തിൻ്റെ വളർച്ച ഒരു പാട് ഘടകങ്ങളെ ആശ്രയിച്ചാണ് രൂപപ്പെടുക. ഇവിടെ ഇസ്‌ലാമിക, സാംസ്കാരിക, നവോത്ഥാന മേഖലയിൽ ചെറുതല്ലാത്ത പങ്കു വഹിച്ച ഒരു വനിതയാണ് ഈയിടെ വിട പറഞ്ഞ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ‘ഹഫ്‌സത്ത’ എന്ന് വിളിക്കുന്ന ഹഫ്‌സ. 

ഇവിടെ ജാതി, മത, പ്രായ, സ്ഥാന വ്യത്യാസം കൂടാതെ ആർക്കും ഹഫ്‌സയെ പെട്ടെന്ന് മറക്കാൻ കഴിയില്ല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവർ, സഹായ സഹകരണം ആവശ്യമുള്ളവർ, സാമൂഹ്യപരമായി പിന്നോക്കം നിൽക്കുന്ന ആരും ഹഫ്‌സയുടെ ശ്രദ്ധാകേന്ദ്രങ്ങളായിരുന്നു. സ്വന്തമായി ഉന്നത വിദ്യഭ്യാസമോ മെച്ചപ്പെട്ട സാമ്പത്തികശേഷിയോ ഇല്ലാതിരുന്നിട്ടും തൻ്റെ സ്വന്തമായ ആവശ്യങ്ങളേക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലായിരുന്നു ഹഫ്‌സയുടെ ശ്രദ്ധമുഴുവനും.

വിദ്യാഭ്യാസ മേഖലയിലും മത-ധാർമിക - നവോത്ഥാന മേഖലയിലുമൊക്കെ മോശമല്ലാത്ത ഒരു അവസ്ഥ പാടൂരിലെ മുസ്ലിം സമുദായത്തിന് സ്വന്തമായി ഉണ്ട്. അവിടേക്കാണ് സഹോദരൻ കേലാണ്ടത്തെ അബ്‌ദ്യഉ റഹ്‌‌മാന്റെ ഭാര്യയായി ഹഫ്‌സ എത്തുന്നത്. അവർക്ക് ഈ പശ്ചാത്തലം നല്ലൊരു വളക്കൂറുള്ള മണ്ണായിരുന്നു. അവരുടെ കുടുംബപശ്ചാത്തലം ഒരുക്കിക്കൊടുത്ത കഴിവും സ്വഭാവവും പാടൂർ പോലുള്ള ഒരു പ്രദേശത്ത് സാധാരണക്കാർക്കിടയിൽ ചിന്താപരവും വൈജ്ഞാനികവുമായ മേഖലക്ക് വെള്ളവും വളവും നൽകാൻ സ്വന്തം തന്നെ അവർക്ക് കഴിഞ്ഞു. 

പ്രത്യേകിച്ച്, ഒരു ടീച്ചറുടെ റോൾ വഹിച്ച അവർക്ക്. നവോത്ഥാനരംഗത്ത്, ഒരു മുസ്‌ലിം വനിതയെന്ന നിലയിൽ പൊതുജനത്തിൽ നിന്ന് കിട്ടിയ സ്നേഹവും അംഗീകാരവും പ്രാർത്ഥനയും അടുത്ത കാലത്തൊന്നും മറ്റാർക്കും ലഭിച്ചിട്ടുണ്ടാകുകയില്ല. അവരുടെ തണലിൽ വളർന്നു വന്ന നല്ലൊരു മാതൃകയെയും ടീമിനെയും പാടൂരിന് അനന്തരമായി നൽകിയാണ് അവർ നമ്മോട് വിട പറഞ്ഞത്. അവരുടെ മാതൃക പിൻപറ്റി മുന്നോട്ടു വരാൻ സഹോദരിമാർ ജാഗ്രത കാണിക്കണമെന്ന് ഓർമിപ്പിക്കട്ടെ.

എ.വി ഹം‌സ

-----------------

ഫിർദൗസിനെ കൊതിച്ചവൾ

മില്ലത്ത് ഇഖ്ബാൽ

2004 സെപ്റ്റംബറിൽ ആണ് ഞാൻ വിവാഹം കഴിഞ്ഞ് പാടൂർ എന്ന സുന്ദരമായ ഗ്രാമത്തിൽ എത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു വിരുന്ന് സൽക്കാരത്തിനായി ഞങ്ങളെ ക്ഷണിക്കുകയും വിഭവസമൃദ്ധമായ വിരുന്ന് ഒരുക്കി ഞങ്ങളെ സൽക്കരിച്ചു. അന്നാണ് ആദ്യമായി ഞാൻ ഹഫ്‌സത്തയെ കാണുന്നത്. എത്ര സ്നേഹത്തോടെയായിരുന്നു ആ ഭക്ഷണം ഞങ്ങൾക്ക് വിളമ്പിത്തന്നത്. നിറഞ്ഞ പുഞ്ചിരിയും സ്നേഹം തുളുമ്പുന്ന സംസാരവും ആ ചേർത്തു പിടിക്കലും ഇന്നലെകൾ എന്നപോലെ ഞാൻ ഓർക്കുന്നു.

2009 ലാണ് പാടൂർ സെൻ്ററിൽ ഞങ്ങൾ സ്ഥിരതാമസം ആക്കുന്നത് .ഒരു ദിവസം അപ്രതീക്ഷിതമായി ഒരു അടുക്കുപാത്രത്തിൽ മട്ടൻ കറി, മീൻകറി, പത്തിരി ഉൾപ്പെടെ കുറെ ഭക്ഷണവുമായി അബ്ദുറഹിമാൻക്ക വീട്ടിലേക്ക് വന്നു. ഞാൻ എൻ്റെ മോളെ എട്ടാം മാസം ഗർഭിണി ആയതിനാൽ എനിക്ക് അത് വളരെ ആശ്വാസമായിരുന്നു.

2015,16 ...കാലയളവിൽ ഒരു രണ്ടര വർഷത്തോളം ഹഫ്‌സത്തയോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കാനുള്ള സൗഭാഗ്യം എനിക്ക് ലഭിച്ചു. ആ നാളുകളിലെ സുന്ദരമായ ഓർമ്മകൾ ഞാനിവിടെ കുറിക്കട്ടെ.പാടൂർ കാരക്കോസ് ഭാഗത്ത് ഹഫ്‌സത്തയുടെ ആഗ്രഹപ്രകാരം ഒരു ഹൽഖയും കൂടി രൂപീകരിച്ചു. ഞാൻ, സുൽഫത്ത്,സഫ്ന റഹിയ,നസീറ,ഹസീന ഷംഷാദ്,ബുഷ്റ തുടങ്ങിയവരാണ് ആ ഹൽഖയിൽ ഉണ്ടായിരുന്നത്.

ഞാനും ഹഫ്‌സത്തയും മാറിമാറി ക്ലാസ് എടുക്കുമായിരുന്നു. എന്നെ നാസിമത്ത് സ്ഥാനം ഏൽപ്പിച്ചിരുന്നു എങ്കിലും ക്ലാസ് എടുക്കൽ മാത്രമായിരുന്നു എൻ്റെ ഉത്തരവാദിത്വം.എന്നാൽ ഒരു ഹൽഖയുടെ കീഴിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും അതിനുള്ള ഫണ്ടുകൾ ശേഖരിച്ചിരുന്നതും ഹഫ്‌സത്തയാണ്. ഞങ്ങളുടെ ഹൽഖാപരിധിയിൽ വന്നിരുന്ന വൃദ്ധർ,അനാഥകൾ,അഗതികൾ, വിധവകൾ അവർക്കെല്ലാം സഹായ സേവനങ്ങൾ നൽകുകയും അവരെ ഹൽഖയിലേക്ക് അടുപ്പിക്കാനും കഴിഞ്ഞു. കുന്നേറകായിൽ, തൊയക്കാവ്, കാരാക്കോസ് എന്നീ  സ്ഥലങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ഖുർആൻ പഠന ക്ലാസ് സംഘടിപ്പിച്ചിരുന്നു. സാധാരണ സ്ത്രീകളുടെ ഹൃദയത്തിൽ ഖുർആനിന്റെ വെളിച്ചം എത്തിക്കാനുള്ള വ്യഗ്രത അസാധാരണ കഴിവ് തന്നെയായിരുന്നു. പാടൂരിൽ ആരെങ്കിലും എന്നെ അറിയുമെങ്കിൽ അല്ലെങ്കിൽ എനിക്ക് ആരെയെങ്കിലും അറിയാമെങ്കിൽ അത് ഇത്തയുമായുള്ള പ്രവർത്തനത്തിൽ നിന്നും സൗഹൃദത്തിൽ നിന്നും മാത്രം കിട്ടിയതാണ്. ജനമനസ്സുകളെ സൗഹൃദത്തിലൂടെ കീഴടക്കാനുള്ള ഹഫ്‌സത്തയുടെ കഴിവ് അസാധാരണമാണ്.

വിജ്ഞാനത്തിന്റെ ഒരു ഖനി തന്നെയായിരുന്നല്ലോ ഹഫ്‌സത്താ നിങ്ങൾ. ഇത്ത വായിക്കാത്ത ഐ.പി.എച്ച് ഇസ്ലാമിക സാഹിത്യങ്ങൾ ഉണ്ടോ ? പ്രബോധനം, ആരാമം, പത്രമാധ്യമങ്ങൾ എല്ലാത്തിന്റെയും മുടങ്ങാതെയുള്ള വായന ഇത്തക്ക് നിർബന്ധമായിരുന്നു.പ്രാദേശിക, രാഷ്ട്രീയ അന്താരാഷ്ട്രവുമായ എല്ലാ വിവരങ്ങളും ഹഫ്‌സത്താക്ക് അപ്ഡേറ്റ് ആയിരുന്നു. ഇത്തയുടെ അടുത്ത് ഇരുന്ന് സംസാരിക്കാൻ  നല്ല വിവരം വേണമായിരുന്നു. കാരണം സ്ത്രീകളുടെ അടുക്കള വർത്തമാനത്തേക്കാൾ ഇത്തക്ക് താല്പര്യം പ്രസ്ഥാനിക, രാഷ്ട്ര അന്താരാഷ്ട്ര വിഷയങ്ങൾ ആയിരുന്നു.

എല്ലാവരും എന്റെ മക്കളാണ് ഞാൻ പ്രസവിക്കാത്ത എൻ്റെ മക്കൾ എന്നാണ് ഇത്ത പറയാറുള്ളത്. ഇത്തയെ  ഇഷ്ടപ്പെടുന്ന എല്ലാവർക്കും തോന്നും തങ്ങളോടാണ് കൂടുതൽ ഇഷ്ടം എന്ന്. അവരുടെ വേദന ഇത്തയുടെ വേദന ആയിരുന്നു. അങ്ങനെ വേദനിച്ചിരിക്കാൻ മാത്രമായിരുന്നില്ല തന്നാൽ കഴിയും വിധം അത് പരിഹരിക്കാൻ ശ്രമിക്കുമായിരുന്നു. അങ്ങനെ എത്രയെത്ര ആളുകളുടെ പ്രയാസങ്ങളാണ് ഇത്താ നിങ്ങൾ പരിഹരിച്ചു കൊടുത്തിട്ടുള്ളത് .എത്ര മനസ്സുകളുടെ വേദനയാണ് നിങ്ങൾ മുഖേന നീങ്ങിയത്. എത്ര വയറുകളെയാണ് നിങ്ങൾ ഊട്ടിയത്.

ലോക മുസ്ലിംകളുടെ വേദന ഇത്തയുടെ വേദന ആയിരുന്നു. പ്രത്യേകിച്ച് ഫലസ്തീൻ (ഗസ്സ) കുഞ്ഞുങ്ങളുടെ വേദന. ഇസ്രായേൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിൽ ഇത്തയുടെ നിലപാട് വളരെ കടുത്തതായിരുന്നു. ഖുർആൻ ക്ലാസ് കഴിഞ്ഞുള്ള  ഇത്തയുടെ പ്രാർത്ഥനയിൽ ഇസ്ലാമിന്റെ ശത്രുക്കളെ നീ നശിപ്പിക്കണേ എന്ന് പ്രത്യേകം ഉൾപ്പെടുത്തുമായിരുന്നു.    

എത്ര എത്ര നല്ല മാതൃകകളാണ് ഇത്താ നിങ്ങൾ ഇവിടെ ബാക്കിയാക്കിയത്. ഇഹലോക വിരക്തി,പരലോകാസക്തി, ഇഖ്‌ലാസ് (നിഷ്കളങ്കത) ഇതെല്ലാം ഇത്തയുടെ സവിശേഷ സ്വഭാവമായിരുന്നു. ഇത്തയുടെ അടുത്തെത്താൻ ഞങ്ങൾ ഇനി എത്ര ദൂരം സഞ്ചരിച്ചാൽ മതിയാകും. മരണക്കിടക്കയിലും മരിച്ചുകിടക്കുമ്പോഴും ഇത്തയുടെ സഹായം ആവശ്യക്കാർക്ക് എത്തിക്കൊണ്ടേയിരുന്നു. ആർക്കാണ് ഇത് സാധ്യമാവുക? മറ്റുള്ളവരെ സഹായിച്ചുകൊണ്ട് സ്വന്തത്തിന് നേരിട്ട പരീക്ഷണങ്ങളെ മറികടന്ന് ജീവിതാനന്ദം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നോ നമ്മുടെ ഹഫ്‌സത്ത?

 ഹഫ്‌സത്ത  മരിച്ചു കിടക്കുമ്പോൾ സഫിയത്ത സുനിത എന്ന സ്ത്രീക്ക് കുറച്ചു പണം കൈമാറുന്നതിന് സാക്ഷിയാകാൻ എനിക്ക് കഴിഞ്ഞു.ആശുപത്രിയിലേക്ക് പോകുമ്പോൾ തരാനായി എത്തിച്ചതാണ് എന്ന് പറയുകയും ചെയ്തു. അവർക്ക് കണ്ണീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അതുല്യയായ ഒരു വ്യക്തിക്ക് അല്ലാതെ ഇത് ആർക്കാണ് സാധ്യമാവുക? സോഷ്യൽ മീഡിയ കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ സമർത്ഥയായിരുന്നു. ഖുർആൻ പഠിപ്പിക്കാനും പരീക്ഷകൾ നടത്താനും ആണ് കൂടുതലായും ഉപയോഗിച്ചത്. ബാത്റൂമിൽ വീണ് റസ്റ്റിലായ സമയത്ത് ഞാനും സബിതയും (ജേഷ്ഠന്റെ ഭാര്യ)കാണാൻ പോയി. എണീറ്റ് ഇരിക്കാൻ കഴിയാതെ കിടന്നുകൊണ്ട് ഖുർആൻ പഠന ക്ലാസ് നിയന്ത്രിക്കുന്ന ഇത്തയെയാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. ഇത്തയുടെ കയ്യിൽ നിന്നും എന്തെങ്കിലും കിട്ടാത്തവർ ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഹദിയ കൊടുക്കുന്ന കാര്യത്തിൽ ഉള്ളവർ എന്നോ ഇല്ലാത്തവർ എന്നോ നോക്കാറില്ല. ഫിർദൗസിനെ കൊതിച്ചവളാണ് എൻ്റെ ഹഫ്‌സത്ത,സൽകർമ്മങ്ങൾ ചെയ്ത്, നാഥന് തൃപ്തിപ്പെട്ടവളായി ഫിർദൗസ് കരസ്ഥമാക്കാൻ ഓരോ ദിവസവും ഇത്ത മത്സരിക്കുകയായിരുന്നു.

ഞാൻ സമ്പൂർണ്ണമായി അവളിൽ തൃപ്തനാണ് എന്ന് നല്ല പാതി വിളിച്ചു പറഞ്ഞുവെങ്കിൽ ഫിർദൗസ് തന്നെയാണ് നാഥൻ ഹഫ്‌സത്തക്ക് ഒരുക്കി വെച്ചിരിക്കുന്നത് എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. സ്വാർത്ഥമായ ഈ ലോകത്ത് നിസ്വാർത്ഥമായി ദീനീ സേവനവും  ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്താൻ എൻ്റെ ഹഫ്‌സത്തയെ പ്രേരിപ്പിച്ചത് പ്രപഞ്ചനാഥനിലുള്ള അചഞ്ചലമായ വിശ്വാസവും  റസൂൽ (സ) യോടുള്ള  അടങ്ങാത്ത സ്നേഹവും ഫിർദൗസ് പുൽകാനുള്ള വ്യഗ്രതയുമാണ്.

ഹഫ്‌സത്ത ഇടയ്ക്കിടെ പറയുമായിരുന്നു സച്ചരിതരായ ഖുലഫാഉ റാഷിദുകളെയും ഉമ്മഹാത്തുൽ മുഅ്മിനീൻ (പ്രവാചകപത്നിമാർ )മറ്റു സ്വഹാബികൾ ഇവരെയെല്ലാം സ്വർഗ്ഗത്തിൽ കണ്ടുമുട്ടണ്ടേ!അവരോടൊപ്പം നമുക്ക് ഇരിക്കണ്ടേ! ചുളുവിൽ സ്വർഗ്ഗത്തിൽ പോകാം എന്ന് ആരും കരുതണ്ട എന്നെല്ലാം....

ഇത്തയുടെ അവസാന ദിനങ്ങളിൽ ഒരു നോക്ക് കാണാൻ എനിക്ക് കഴിഞ്ഞില്ല എന്ന വേദന ഞാൻ പങ്കുവെക്കുന്നു. രണ്ടു പ്രാവശ്യം ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല ചിലപ്പോൾ നല്ലതിനായിരിക്കാം എന്ന് വിശ്വസിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൂടുതൽ നന്മകൾ ചെയ്ത് അടുക്കാൻ ആയിരിക്കാം ആ ഖേദം എന്നിൽ അവശേഷിക്കുന്നത്.

അഞ്ചു നേരം നമസ്കരിച്ച്, ഖുർആൻ പാരായണം ചെയ്ത്, നോമ്പെടുത്ത് ഇസ്ലാമിലെ ആരാധനാകർമങ്ങൾ എല്ലാം അനുഷ്ഠിച്ച് ഞാൻ മുസ്ലിമാണ് എന്ന് പറയാൻ വളരെ എളുപ്പമാണ്. എന്നാൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് താൻ പഠിച്ചതും വായിച്ചതുമായ അറിവുകൾ പകർന്നു നൽകി അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നമായി കണ്ട് അവരുടെ വേദനയെ സ്വന്തം വേദനയായി കണ്ടു തന്നാൽ കഴിയും വിധം സ്വന്തമായി പരിഹരിച്ചും അതിന് കഴിഞ്ഞില്ലെങ്കിൽ തൻ്റെ പരിചയത്തിലുള്ള വ്യക്തികളുമായി നിരന്തരമായി ബന്ധപ്പെട്ട് അവരുടെ സഹായത്തിലൂടെ ആയിരക്കണക്കിന് പ്രശ്നങ്ങൾ  ഹഫ്‌സത്തക്ക് പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ അസാമാന്യമായ ഈമാനിന്റെ കരുത്തും നല്ല പാതിയുടെ ശക്തമായ പിന്തുണയും കൊണ്ട് മാത്രമാണ്. എന്തെങ്കിലും സേവനങ്ങൾ ചെയ്തു അത് സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിച്ചു താൻ പോരിമ നടിക്കുന്ന ഈ കാലത്ത് ഹഫ്‌സത്തയെ പോലെയുള്ളവരുടെ പ്രസക്തി വാക്കുകൾക്ക് അതീതമാണ്.

സ്ത്രീയുടെ പരിമിതിക്കപ്പുറം നിന്നുകൊണ്ട് തന്റേതായ ഒരു ഇടം കെട്ടിപ്പടുത്ത് റസൂൽ(സ) സാക്ഷിയായതുപോലെ ജനങ്ങൾക്ക് സാക്ഷിയാകാൻ സാധിച്ചു എങ്കിൽ ഇരുലോകവിജയം വരിച്ചവരിൽ മുൻനിരയിൽ തന്നെ ഞങ്ങളുടെ ഹഫ്‌സത്ത  ഉണ്ട് എന്ന് വിശ്വസിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് .അത് അങ്ങനെ തന്നെ ആവണേ നാഥാ എന്ന് അകമഴിഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ എൻ്റെ വാക്കുകൾക്ക് വിരാമം കുറിക്കുന്നു

മില്ലത്ത് ഇഖ്ബാൽ

---------------

നിറകുടമായിരുന്നു നിങ്ങൾ 

ബുഷ്റ ഖലീൽ

പ്രിയപ്പെട്ട സ്വാഹിബാ.....

ഏതു വിളിയാണ് നിങ്ങൾക്ക് ചേരുക. ഒരുപക്ഷേ നിങ്ങൾക്ക് എല്ലാ വിളിയും ചേരും.ഞങ്ങൾക്കെല്ലാം നിങ്ങൾ ഉമ്മയായിരുന്നു... സഹോദരിയായിരുന്നു..കൂട്ടുകാരിയായിരുന്നു... ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായി ബന്ധിപ്പിക്കുവാന്‍ എന്തെല്ലാം ആകുവാൻ കഴിയുമായിരുന്നുവോ അതെല്ലാമായിരുന്നു നിങ്ങൾ. സന്ദർഭവും സാഹചര്യവും അനുസരിച്ച് നിങ്ങൾ അത് ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. എൻ്റെ കോളേജ് കാലഘട്ടത്തിൽ പാടൂരിൽ ഒരു ജി.ഐ.ഒ യൂണിറ്റ് രൂപീകരിക്കാൻ വേണ്ടി നിങ്ങൾ പെൺകുട്ടികളെ ക്ഷണിച്ച കൂട്ടത്തിൽ കൂട്ടുകാരി ജമീലയെ കൊണ്ടാണ് എന്നെ  ആ യോഗത്തിലേക്ക് വിളിക്കുന്നതും യൂണിറ്റ് രൂപീകരിച്ച് പ്രസ്ഥാനം എന്താണ് എന്നറിയാത്ത എന്നെ പിടിച്ച് യൂണിറ്റ് സെക്രട്ടറി ആക്കുന്നതും, അവിടെ നിന്നും തുടങ്ങിയതാണ് ബന്ധം. 

നീണ്ട 23 വർഷത്തെ ബന്ധം... എന്നെക്കാൾ കൂടുതൽ നീണ്ടനാളത്തെ അടുപ്പവും ബന്ധമുള്ളവർ ആണ് ഞങ്ങളിലേറെ പേരും, പക്ഷേ എന്തുകൊണ്ട് ഒക്കെയോ ഹഫ്‌സത്ത എന്നോട് കാണിക്കുന്ന സ്നേഹവും അടുപ്പവും അത് എന്നോട് മാത്രമാണെന്ന് തോന്നിയിരുന്ന  എൻ്റെ ഉള്ളിലെ അഹങ്കാരത്തെ പൊട്ടിച്ചെറിയുന്നതായിരുന്നു അനുസ്മരണയോഗത്തിൽ കൂടിയവരുടെ വാക്കുകളിൽ നിന്നും കേൾക്കാൻ കഴിഞ്ഞത്. അങ്ങനെയായിരുന്നു നിങ്ങൾ. പരിചയം സ്ഥാപിക്കുന്ന ഓരോരുത്തർക്കും അവരാണ് ഏറ്റവും പ്രിയപ്പെട്ടവർ എന്ന് തോന്നുന്ന വിധത്തിൽ ആയിരിക്കും തുടർന്നുള്ള നിങ്ങളുടെ രീതികൾ, ഒരു ഹദിയ ഇല്ലാതെ നിങ്ങൾ എന്നെ കാണാൻ വരാറില്ല. വരാൻ കഴിയാത്തപ്പോൾ എനിക്ക് തരാനായി എടുത്തുവച്ചത് അത് മക്കൾക്കായി എന്തെങ്കിലും പ്രിയപ്പെട്ട ഭക്ഷണമായും എനിക്ക് നട്ടുവളർത്താനായി ചീരത്തൈകളായും, ചെടികളായും, മാങ്ങയായും, അടുക്കളത്തോട്ടത്തിലെ വിഷമില്ലാത്ത പച്ചക്കറികളായും പ്രിയതമൻ അബ്‌ദുറഹ്മാൻക്ക വശം കൊടുത്തയച്ചിരിക്കും ,ഇല്ലെങ്കിൽ എന്നോടോ മകനോടോ അങ്ങോട്ട് ചെല്ലാൻ പറയും. ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് മോളെ. ഇത്താക്ക് വരാൻ വയ്യാഞ്ഞിട്ടാണ് ഇവിടെ വന്നു വാങ്ങണം എന്ന് പറയും. എല്ലാ റമളാനിലും ഒരു ദിവസത്തെ നോമ്പ് തുറ വിഭവം അബ്‌ദുറഹ്‌മാന്‍ക്കാ വശം വീട്ടിലെത്തിച്ചിരിക്കും .ഉണ്ടാക്കാൻ വയ്യാത്തപ്പോൾ അത് ആരെങ്കിലെ കൊണ്ടെങ്കിലും ഉണ്ടാക്കി കൊടുത്തയക്കും. എന്തിനാ എന്ന് ചോദിച്ചാൽ അത് മക്കൾക്കുള്ളതാണെന്ന് മറുപടി. ചെറിയ എന്തെങ്കിലും പൊതിയുമായി ചെന്നാൽ പ്രതികരണം ശാസനയാവും. പകരമായിട്ടൊന്നും  ആഗ്രഹിക്കാതെ നിങ്ങൾ തന്ന സ്നേഹം നിഷ്കളങ്കമായിരുന്നു, അളവില്ലാത്ത തായിരുന്നു...

പ്രസ്ഥാന പ്രവർത്തകൻ വി.പി സൈതു മുഹമ്മദ് മൗലവിയുടെ മകളായി കൊടുങ്ങല്ലൂരിൽ ജനിച്ച് എറിയാട് ബനാത്തിലെ വിദ്യാർത്ഥിയായി പ്രസ്ഥാനത്തിൻ്റെ മടിത്തട്ടിൽ വളർന്ന് 21 ആം വയസ്സിൽ പാടൂരിന്റെ മരുമകളായി വന്ന നിങ്ങൾ പാടൂരിന്റെ മകളായി മാറി. അവസരം കിട്ടിയപ്പോൾ നിങ്ങൾ വെറുതെയിരുന്നില്ല. പണിയെടുക്കാൻ തീരുമാനിച്ചു. പ്രതികൂല സാഹചര്യങ്ങളെയും കഠിനപരീക്ഷണങ്ങളെയും തരണം ചെയ്തു പാടൂരിന്റെ എല്ലാ മുക്കുമൂലകളിലും കയറിയിറങ്ങി ഖുർആൻ പഠിപ്പിക്കാനും പഠിച്ച കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും നിങ്ങൾ എന്നും മറ്റാരെക്കാളും മുന്നിലായിരുന്നു.

പാവങ്ങളെ നിങ്ങൾ ചേർത്തുപിടിച്ചു. അഗതികളും അനാഥകളും നിരാലംബരുമായവരെ കണ്ടെത്തി അവരുടെ കൂടെ നിന്നു. ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം ഇതിനായി നിങ്ങൾ പലരെയും സമീപിച്ച് ചോദിച്ചും വാങ്ങിയെടുത്തും ആവശ്യക്കാരിലേക്ക് എത്തിച്ചു. മനപ്രയാസം അനുഭവിക്കുന്നവർക്ക് ആശ്വാസ വാക്കുകൾ ചൊരിഞ്ഞു നിരന്തരം അവരുമായി ബന്ധം നിലനിർത്തുകയും ചെയ്തു. നിങ്ങളുടെ അസുഖത്തെക്കാളും പരീക്ഷണങ്ങളെക്കാളും വലുതായിരുന്നു നിങ്ങൾക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ.

നിരന്തരം ഖുർആൻ ക്ലാസുകളും പഠന ക്ലാസുകളും എടുത്ത് ഓടുന്നതിനിടയിൽ ശ്വാസ തടസ്സം വന്ന് സംസാരിക്കാൻ കഴിയാതാവുമ്പോഴും അസുഖം വല്ലാതെ നിങ്ങളെ തളർത്തുമ്പോഴും മാത്രമാണ് മാറിനിൽക്കാറുള്ളത്. ഞങ്ങളോട് കൽപ്പിക്കാതെ പ്രവർത്തിച്ചു കാണിക്കുകയായിരുന്നു നിങ്ങൾ. പാടൂരിൽ തന്നെ ജനിച്ചുവളർന്ന എനിക്ക് കുറെ സ്ഥലങ്ങളും, ആളുകളെയും അറിയാൻ കഴിഞ്ഞത് നിങ്ങളിലൂടെയാണ്. ജാതിമതഭേദമന്യേയുള്ള ഇഴ ചേർന്ന അടുപ്പമായിരുന്നു അത്. ഒരിക്കൽ ഫോൺ വിളിച്ച് എന്നോട് പറഞ്ഞു മോളെ റെഡിയായി നിൽക്ക് ഒരിടത്ത് പോകാനുണ്ട്. റെഡിയാകുമ്പോഴേക്കും നിങ്ങൾ ഓട്ടോ വിളിച്ചു വന്നിരുന്നു. പിന്നെ എൻ്റെ കയ്യും പിടിച്ച്  വീടിനടുത്ത് കുറച്ചു ദൂരം നടന്നാൽ എത്താവുന്ന റേഷൻകട ജീവനക്കാരി സരള ചേച്ചിയുടെയും അവരുടെ ചുറ്റുവട്ടത്തായി താമസിക്കുന്ന കുറച്ചു പാവങ്ങളുടെയും അടുത്തേക്ക് ആയിരുന്നു. എല്ലാവരെയും കണ്ടും, കെട്ടിപ്പിടിച്ചും, കുശലാന്വേഷണം നടത്തിയും അവരുടെ കയ്യിലൊക്കെയും ഓരോ പൊതി വെച്ചുകൊടുത്തും തിരിച്ചുപോരുമ്പോൾ സരള ചേച്ചി കരയുന്നുണ്ടായിരുന്നു. ചെറുപ്രായത്തിലെ ഭർത്താവ് നഷ്ടപ്പെട്ട് രണ്ട് പെൺകുട്ടികളെ വളർത്താനായുള്ള കഷ്ടപ്പാടിനിടയിൽ ഹഫ്‌സത്താടെ ഇടപെടലുകളും സമീപനവും ആശ്വാസമായിരിക്കാം. 

തൊട്ടടുത്തുള്ള അടഞ്ഞുകിടന്ന വീട്ടിലെ താഹിറ എവിടെപ്പോയെന്നും അവൾ വരുമ്പോൾ ഇത് കൊടുക്കണമെന്നും പറഞ്ഞു ഒരു പൊതിയും ഏൽപ്പിക്കുന്നത് കണ്ടു. തിരിച്ചുപോരുമ്പോൾ പറയുന്നത് മുഴുവനും പാവങ്ങളും നിരാലംബരുമായ സ്ത്രീകളെയും, കുട്ടികളെയും പറ്റിയാണ്. എൻ്റെ ചുറ്റുവട്ടത്ത് ഉണ്ടായിട്ട് ഞാൻ കാണാതെ പോയത്, കണ്ടിട്ടും കാണാതെ നടിച്ചത്. നിങ്ങൾക്കെങ്ങനെ ഇതൊക്കെ സാധിക്കുന്നു എന്നായിരുന്നു അപ്പോഴൊക്കെ എൻ്റെ മനസ്സിൽ. പിന്നെയും ഇടക്കൊക്കെ നോമ്പും, പെരുന്നാളും, ഓണവും,വിഷുവും ആവുമ്പോഴൊക്കെയും ഭക്ഷണ കിറ്റുകളായും, സഹായങ്ങളുമായും പോയി കൊണ്ടും, പോകാൻ വയ്യാത്തപ്പോൾ എത്തിച്ചുകൊടുത്തും നിങ്ങൾ പ്രവർത്തന  പാതയിൽ തന്നെ നിലകൊണ്ടു. നിങ്ങളുടെ സേവനം രോഗികളിലേക്കും വിധവകളിലേക്കും വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളിലേക്കും മാനസിക വൈകല്യം ഉള്ളവരിലേക്കും നിത്യ ചെലവുകൾക്ക് വേണ്ടി പ്രയാസം അനുഭവിക്കുന്നവരിലേക്കും നീണ്ടുപോയി കൊണ്ടിരുന്നു. 

അനുസ്മരണയോഗത്തിൽ മകൾ സെബീഹ പറഞ്ഞത് ഇങ്ങനെയാണ് ഉമ്മാടെ മനസ്സ് വളരെ പതപ്പുള്ളതാണെന്ന്. വീട്ടിൽ ഒരു ഭക്ഷണമുണ്ടാക്കിയാൽ അതിൽ നിന്നും ഒരു പങ്ക് ആദ്യമേ മാറ്റി വെച്ചിരിക്കും. തൻ്റെ പ്രിയപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കുവാൻ വേണ്ടി. അതായിരുന്നു നിങ്ങൾ. നിശബ്ദ ജനസേവനത്തിന്റെ ഉത്തമ മാതൃക കാണിച്ചു തന്നുകൊണ്ടാണ് നിങ്ങൾ ഇവിടെ നിന്നും പോയത്.

മരണത്തിൻ്റെ രണ്ടാഴ്ച മുമ്പ് വരെയും എൻ്റെ ഫോണിലേക്ക് മെസ്സേജ് വന്നുകൊണ്ടിരുന്നു. ബുഷ്റാ.....ഈ പൈസ ഉപ്പാക്ക് കൊടുക്കണം ഇത് പള്ളിക്കുള്ളതാണ്. എത്രയോ തവണ വലിയ സംഖ്യ മുതൽ ചെറിയ സംഖ്യ വരെ ഇത് പള്ളിക്കുള്ളതാണ്. ഇത് പള്ളിക്കുള്ളതാണ്. എന്ന് പറഞ്ഞുകൊണ്ടുള്ള  മെസ്സേജുകള്‍ .എത്ര വയ്യാതിരിക്കുമ്പോഴും ഊണിലും ഉറക്കിലും ഈ ചിന്ത മാത്രമാണ്‌ നിങ്ങൾക്ക് എന്ന് ഓർത്തുപോയ നിമിഷങ്ങൾ.

ദീനി പ്രവർത്തനം നിങ്ങളുടെ സിരകളിൽ അള്ളിപ്പിടിച്ചതായിരുന്നു. പാടൂരിലെ സ്ത്രീകളിൽ ഖുർആൻ പഠിപ്പിക്കാൻ നിങ്ങൾ നടന്ന് തീർത്ത വഴികൾ നിങ്ങൾക്ക് മാത്രം അറിയാവുന്നവ. നിരന്തരം വീട് വീടാന്തരം സ്കോഡ് പോയി ആളുകളെ ക്ഷണിച്ചും പഠന ക്ലാസുകൾ സംഘടിപ്പിച്ചും അണികളെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കുന്ന രീതിയിലേക്ക് അവരെ പരിശീലിപ്പിച്ചു കൊണ്ടും നിങ്ങൾ ദൗത്യ നിർവഹണത്തിൽ നിലകൊണ്ടു. ഇന്ന് പാടൂരിലും പരിസരപ്രദേശങ്ങളിലും ഖുർആൻ പഠിക്കുകയും  പഠിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പേരെ വാർത്തെടുക്കാനും നിങ്ങൾക്ക് സാധിച്ചു. പാടൂരിൽ സ്ത്രീകളെ സംഘടിപ്പിച്ച് തറാവീഹ് നമസ്കരിപ്പിക്കാൻ ആദ്യമായി മുൻകൈയെടുത്തതും നിങ്ങൾ തന്നെ. അണികൾക്ക് പല ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു കൊടുത്തുകൊണ്ട് അവരെ കൂടി കർമനിരതരാക്കി. ഖുർആൻ സ്റ്റഡി സെൻ്റർ തുടങ്ങുകയും പഠിതാക്കളെ പരീക്ഷ എഴുതാൻ പ്രാപ്തരാക്കി അവരെക്കൊണ്ട് പരീക്ഷ എഴുതിപ്പിച്ചും ഇന്നിപ്പോൾ അതൊരു പരീക്ഷാ സെൻ്റർ ആയി ഉയർന്നുവന്നു. കൊറോണ കാലത്തും നിങ്ങൾ വെറുതെയിരുന്നില്ല. ഓൺലൈൻ ആയിക്കൊണ്ട്  ക്ലാസുകൾ തുടങ്ങിവച്ചു. കുഞ്ഞുമക്കൾക്കായി ഓൺലൈനിലൂടെ ഖുർആൻ പാരായണ മത്സരം നടത്തുകയും മത്സരാർത്ഥികളായ കുട്ടികൾക്ക് സമ്മാനവുമായി പോയി അവരെ അഭിനന്ദിക്കുകയും ചെയ്തു. ചെറിയവരെയും വലിയവരെയും നിങ്ങൾ ഒരുപോലെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

 ഒരിക്കൽ 2010 ൽ കുറ്റ്യാടിയിൽ വച്ച് നടന്ന വനിതാ സമ്മേളനത്തിന് വലിയ രണ്ട് ബസ് നിറയെ സ്ത്രീകളെ സംഘടിപ്പിച്ചു പോയ സന്ദർഭം ഇപ്പോഴും ഓർമ്മയിലുണ്ട്. എല്ലാവരെയും നിങ്ങൾ ഇരുത്തിയതിനുശേഷം സീറ്റ് ഇല്ലാതായപ്പോൾ ബസ്സിൽ പേപ്പർ വിരിച്ച് താഴെ നിലത്തിരുന്നു കൊണ്ടാണ് നിങ്ങൾ യാത്ര ചെയ്തത്. അതായിരുന്നു ഹഫ്‌സത്ത.. സ്വാർത്ഥത എന്നത് നിങ്ങളുടെ നിഘണ്ടുവിലില്ലായിരുന്നു. എല്ലാവരും സമന്മാരാണെന്നും നേതാവിനും അനുയായിക്കും നിയമങ്ങൾ വെവ്വേറെ അല്ലെന്നും പ്രവർത്തിച്ചു കാണിച്ചുതന്നവയിൽ  ഒന്നുമാത്രം.

മകൾ സെബീഹയുടെ പഠനാവശ്യാർത്ഥം കുറച്ചുകാലം ഇവിടെ നിന്നും മാറി കോതമംഗലത്ത് താമസിക്കുമ്പോൾ ആണ് എനിക്കൊരു  എഴുത്ത് അബ്‌ദുറഹ്മാൻക്ക  വശം നിങ്ങൾ കൊടുത്തയച്ചത്. 2012 ൽ ആണ് അത്. ഒരു ഉമ്മ മകൾക്ക് അയച്ച കത്ത് പോലെ ഞാൻ അത് സൂക്ഷിച്ചു വെച്ചു. അന്ന് അത് വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്,ഇന്നത് വായിക്കുമ്പോൾ കരച്ചിൽ നിയന്ത്രിക്കുവാൻ കഴിയുന്നില്ല . നിങ്ങളുടെ ചിന്തയിലും  പ്രാർത്ഥനകളിലും എപ്പോഴും പാടൂരും പള്ളിയും പരിസരപ്രദേശവും ഉണ്ടായിരുന്നു. നിങ്ങളുടെ എഴുത്തിലെപ്പോഴും അന്യായമായി തടവിലാക്കപ്പെട്ട നമ്മുടെ സഹോദരങ്ങളെ കുറിച്ചും, അവരുടെ ഭാര്യമാരുടെ അവസ്ഥയെക്കുറിച്ചും ഉണ്ടായിരുന്നു, നിങ്ങളുടെ സ്വപ്നങ്ങളിൽ എപ്പോഴും ഖുദ്സിൻ്റെ മോചനം ഉണ്ടായിരുന്നു. നിങ്ങളുടെ സംസാരത്തിൽ എപ്പോഴും കിരാത ഭരണങ്ങളോടുള്ള വെറുപ്പ് ഉണ്ടായിരുന്നു. പ്രതിഷേധിക്കാനും ചെറുവിരൽ ഉയർത്താനും കിട്ടുന്ന  അവസരങ്ങളിലെല്ലാം നിങ്ങൾ അതിനൊപ്പം ഭാഗവാക്കായി.

ഇനിയും എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയുമുണ്ട് ഓർമ്മകളിലും അനുഭവങ്ങളിലും. 

ഓരോ തവണ അസുഖം  വരുമ്പോഴും ഭേദമായാൽ കൂടുതൽ ഊർജ്ജസ്വലതയോടുകൂടി നിങ്ങൾ തിരിച്ചുവരുമായിരുന്നു .ഇത്തവണത്തെ ഞങ്ങളുടെ ആ പ്രതീക്ഷ തെറ്റി. കരുണാവാരിധിയായ  റബ്ബ് അവൻ്റെ അലം‌ഘനീയമായ നിയമം നടപ്പിലാക്കി. പടച്ചോനോട് ഉത്തരം പറയണമല്ലോ എന്നുള്ള നിങ്ങളുടെ എപ്പോഴും ഉള്ള ആ വേവലാധി അവസാനിച്ചിരിക്കുന്നു. എപ്പോൾ അസുഖം വരുമ്പോഴും നിങ്ങൾക്കുള്ള വിഷമം അതായിരുന്നു. നാളേക്ക് ഒന്നും ചെയ്തിട്ടില്ല. ഒന്നും ചെയ്തിട്ടില്ല എന്നായിരുന്നു നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്... 

ഒന്നും ചെയ്യേണ്ടതില്ലാത്ത ലോകത്തിലേക്ക് അള്ളാഹു നിങ്ങളെ കൂട്ടിക്കൊണ്ടുപോയി. കരുണാവാരിധിയായ തമ്പുരാനേ ഞങ്ങളുടെ പ്രിയപ്പെട്ട ഉമ്മാക്ക്.... സഹോദരിക്ക് ...കൂട്ടുകാരിക്ക്...നീ മഗ്‌ഫിറത്തും മർഹമത്തും നൽകണേ നാഥാ.  ജന്നാത്തുൽ ഫിർദൗസ് എന്ന ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ റബ്ബേ.

 ബുഷ്റ ഖലീൽ

-----------------

അല്ലാഹുവുമായുള്ള കരാർ പാലിച്ച സഹോദരി

കെ.അബ്‌ദുല്‍ വാഹിദ് - പാടൂർ

40 കൊല്ലങ്ങൾക്ക് മുമ്പ് സഹോദരൻ കേലാണ്ടണ്ടത്ത് അബ്‌ദുറഹിമാന്റെ മണവാട്ടിയായി എത്തിയ സഹോദരി ഹഫ്‌സത്തിന് ജനിച്ചു വളർന്ന അനുഭവങ്ങളുമായി മുഴുവൻ ചേർന്നിണങ്ങുന്നതായിരുന്നില്ല പാടൂരിലെ അന്നത്തെ അന്തരീക്ഷം. എങ്കിലും പരിചയപെടുന്നവരും അയൽവാസികളുമായുള്ള ഊഷ്മള സ്നേഹ സൗഹൃദ ബന്ധങ്ങൾ ഉപയോഗിച്ച്  വനിതകൾക്കിടയിൽ ഖുർആൻ പഠന ക്ലാസുകൾ സംഘടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അവരുമായുള്ള ഇട പഴകലിലൂടെ സഹോദരി നേടി  പ്രാവർത്തികമാക്കി.

റമദാനിൽ വീടുകളിൽ വനിതകൾക്കായി തറാവിഹ്‌നമസ്കാരം നടത്തുന്ന കാര്യത്തിലും ശ്രദ്ധിച്ചു.ഏറിയാട് ബനാത്ത് മദറസയിലെ ഖുർആൻ പഠനവും സ്വന്തം പിതാവിന്റെ മാതൃകാപരമായ ഇസ്ലാമിക ജീവിതവും കണ്ടു വളർന്ന സഹോദരിക്ക് അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന്നവരുടെ ശാരീരികാരോഗ്യമാേ , സ്വകാര്യ ദു:ഖങ്ങളൊന്നും തടസ്സമായില്ല. പ്രിയതമയുടെ നിശ്ചയദാർഢ്യന്ന് സർവ പിന്തുണയും പ്രോത്സാഹനവുമായി അബ്‌ദുറഹിമാനും കൂടെ നിന്നു.

2-3 സ്കൂളുകളിൽ ടീച്ചറായി ജോലി ചെയ്തതുവഴി വിദ്യാർത്ഥികളും രക്ഷിതാക്കളുമായുളള ബന്ധങ്ങൾ നിലനിർത്തിയതിലൂടെ പാടൂരിലും പരിസര പ്രദേശത്തും വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നു. ഇസ്ലാമിക സന്ദേശങ്ങൾ പകർന്നു നൽകുന്നതിന്നായി ഈ ബന്ധങ്ങളെല്ലാം സമർത്ഥമായി ഉപയോഗിച്ചു.

പാടൂരിലെ ഏതാനും സഹോദരികളെ സംഘടിപ്പിച്ച് 1998 ൽ ജമാഅത്തെ ഇസ്ലാമി ഘടകം രൂപീകരിച്ച് നേതൃത്വം നൽകി.1992 മുതൽ നിലവിലുണ്ടായിരുന്ന ജമാഅത്തെ ഇസ്ലാമി പാടൂർ പുരുഷ ഘടകത്തിന് ഊർജ്ജവും പ്രോത്സാഹനവും പിന്തുണയുമായി വിപുലമായ ദീനീ പ്രഭാഷണ സദസ്സുകൾ വിജയിപ്പിക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിച്ചിരുന്നു.

സഹോദരികളുമായി വീടുകൾ കയറിയിറങ്ങി ഇസ്ലാമിക സന്ദേശങ്ങൾ കൈമാറുക മാത്രമല്ല അവരുടെ ക്ഷേമാന്വേഷണത്തിലും ശ്രദ്ധിച്ചു. അർഹരായവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സ്വന്തം നിലക്കും മറ്റുള്ളവരെ പ്രചോദിപ്പിച്ചും എത്തിച്ചു കൊടുക്കുന്നതിൽ സ്വകര്യത സൂക്ഷിച്ചു.

മറ്റുള്ളവരുടെ അവശ്യങ്ങൾക്കായി സുമനസ്സുകളെ വിളിക്കുകയോ പറയുകയോ ചെയ്താൽ എന്തിനെന്ന് ചോദിക്കുകയോ ആലോചിക്കുകയോ ചെയ്യേണ്ടതില്ലാത്ത വിധം വിശ്വാസം നേടിയിരുന്നു.അത്തരം സ്വാതത്ര്യം സഹോദരിക്ക് അവരിലുമുണ്ടായിരുന്നു.സ്വന്തം സ്വകര്യ ദു:ഖങ്ങളും ദുർബലമായ ശാരീരികാരോഗ്യത്തിലും ക്ഷമയും തവക്കലുമർ‌പിച്ച് മറ്റുള്ളവരുടെ ദു:ഖങ്ങൾ സ്വന്തം ദു:ഖമായി കണ്ട് അതു് പരിഹരിക്കുന്നതിൽ സന്തോഷിക്കുന്ന സുഹോദരിയുടെ സഹായങ്ങൾക്ക് ജാതിമത ഭേദമുണ്ടായിരുന്നില്ല.

കുടുംബിനി എന്ന നിലയിലും പൊതുപ്രവർത്തകയെന്ന നിലയിലും തിരക്ക് പിടിച്ച ജീവിതത്തിന്നിടയിലും പ്രകൃതി സ്നേഹിയും കൂടിയായിരുന്നു. വീടിന്ന് ചുറ്റും പലവിധ പച്ചക്കറികളും കായ്കനികളും വെച്ച്പിടിപ്പിച്ച് വിളവെടുക്കുമ്പോൾ സുഹൃദ് വലയത്തിലുള്ളവർക്ക് എത്തിച്ചിരിക്കും.

1999 ൽ മസ്‌ജിദുറഹ്‌മ നിലവിൽ വന്നതിന് ശേഷം അതിന്റെ ദൈനംദിനപുരോഗതിയിൽ സജീവ ശ്രദ്ധവെച്ചിരുന്നു.പള്ളിയുടെ കാര്യത്തിലും വരുമാന മാർഗത്തെ കുറിച്ചും മറ്റുമായി ഈ കുറിപ്പുകാരനുമായി ചർച്ച ചെയ്യുമായിരുന്നു.പലരുമായും ഫോണിലൂടെയും മറ്റും ബന്ധപ്പെട്ട് പള്ളിക്ക്‌ വേണ്ടി വരിസംഖ്യയും സംഭാവനയും വാങ്ങിയിരുന്നു.

സഹോദരിയുടെ വേർപാടിന്ന് കുറച്ചു ദിവസം മുമ്പ് രോഗശയ്യയിലായിരിക്കെ തന്റെ സുഹൃത്തുക്കളെ ഫോണിലുടെ ബന്ധപ്പെട്ട 4 പേരിൽ നിന്ന് സംഭാവന വാങ്ങി അയച്ചു തന്നത് വേദനയോടെ ഓർക്കുന്നു.

പ്രവർത്തന മേഖല തന്നിലൊതുക്കാതെ സഹപ്രവർത്തകർക്ക് വേണ്ട പരിശീലനവും അറിവും പകർന്ന് കൊടുത്ത് അതിന്നവരെ പ്രാപ്തരാക്കി പരേതയുടെ ദൗത്യം ഭാഗികമായെങ്കിലും കൂട്ടുകാരികൾ നടത്തുന്നത് കണ്ട് തൃപ്തിയടയാനുള്ള ഭാഗ്യവും പരേതക്കുണ്ടായി. അൽഹംദുലില്ലാഹ്...

അവർ ചെയ്ത സൽ‌കർമവും അവരുടെ പാത പിന്തുടർന്ന് പിൻതലമുറ ചെയ്യുന്ന സൽകർമങ്ങളിലൂടെയെല്ലാം അവരുടെ ഖബറിടം പ്രകാശ പൂരിതമാക്കി നാളെ ജന്നാത്തുൽ ഫിർദൗസിൽ നമുക്കെല്ലാം ഒത്തുചേരാൻ അല്ലാഹു അനുഗ്രഹിക്കട്ടെ .

 കെ.അബ്‌ദുല്‍ വാഹിദ് - പാടൂർ

------------------

എന്റെ ഓർമ്മയിലെ നിലാവ്

മിസ്‌‌രിയ - പെരുമ്പിലാവ്

ان مع العصر يسرا എന്ന ആപ്തവാക്യത്തെ ജീവിതം കൊണ്ട് മാതൃകയായി ജീവിച്ചു കാണിച്ചു തന്ന ഹഫ്‌സത്തയെ അല്ലാഹു സ്വാബിരിങ്ങൾക്കുള്ള പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

1991- ൽ ജോലി സംബന്ധമായി പാടൂരിൽ എത്തിയ എന്നെ സ്വന്തം അനുജത്തിയെ പോലെ ചേർത്തുപിടിച്ച ഒരേ ഒരു സഹോദരിയാണ് ഹഫ്‌സത്ത. 

ഇടുക്കി ജില്ലയിൽ നിന്ന് വന്ന എനിക്ക് അന്നവിടെ ആരും പരിചയക്കാരില്ലായിരുന്നു. അറിയപ്പെടാത്ത ഒരു നാട്ടിൽ വന്ന് ഞാനെങ്ങനെ ജോലി ചെയ്യും. എവിടെ കഴിഞ്ഞു കൂടും. എന്ന ആവലാതി ആയിരുന്നു എനിക്ക്. എന്ന് വെച്ച് ചെറുതാണെങ്കിലും കിട്ടിയ ഒരു ജോലി കളയുന്നതെങ്ങിനെ. പ്രയാസപ്പെട്ടു ദൂരെന്ന് ബാപ്പാനേം കൂട്ടി വന്നതാണല്ലോ. അങ്ങിനെ എന്റെ ആശങ്ക മനസ്സിലാക്കിയ ഹഫ്‌സത്ത അവരുടെ വീട്ടിൽ ഒരു അംഗത്തെ പോലെ എന്നെ താമസിപ്പിക്കുകയാണുണ്ടായത്.ഹഫ്‌സത്തയും ഞാൻ ജോലി ചെയ്യുന്ന നഴ്സറി സ്കൂളിലെ അധ്യാപികമാരായിരുന്നു.  ഞാൻ ആരാന്നെന്ന് പോലും ചോദിക്കാതെ എന്റെ ഒരു വിലാസവും അറിയാതെ എന്നെ ചേർത്ത് പിടിച്ച ഹഫ്‌സത്ത എനിക്കും എന്റെ മാതാപിതാക്കൾക്കും എന്തൊരു ആശ്വാസമാണ് നൽകിയതെന്നു വിവരിക്കാനാവില്ല. ഹഫ്‌സത്തയുമായുള്ള ആ കുറഞ്ഞ കാലത്തെ കൂട്ട് ജീവിതം ഒരു ജേഷ്ഠസഹോദരിയുടെ സ്നേഹം എന്താണെന്ന് എനിക്ക് കാണിച്ചു തന്നു.ആ ബന്ധം എൻ്റെ വിവാഹം കഴിഞ്ഞിട്ടും മക്കൾ വളർന്നു വലുതായിട്ടും ഇന്നോളം തുടർന്നു പോന്നത് ഇത്തയുടെ അഗാധമായ ആ ആത്മബന്ധം ഒന്നു കൊണ്ട് മാത്രമാണ്.

ഏതൊരു പ്രയാസത്തിലും എനിക്ക് താങ്ങും തണ ലുമായിരുന്നു എനിക്കെൻ്റെ ഹഫ്‌സത്ത.എന്ത് പ്രതിസന്ധിയുണ്ടായാലും അതിലെല്ലാം തളരാതിരിക്കുന്ന ഒരു സുന്ദരമായ മനസ്സിൻ്റെ ഉടമയായിരുന്നു ഇത്ത. മാത്രവുമല്ല നമ്മുടെ ഏതു പ്രശ്നത്തിനും ഇത്തയുടെ കയ്യിൽ ആശ്വാസത്തിൻ്റെതായ വാക്കുകളും, ഒപ്പം പ്രാർത്ഥനയും ഉണ്ടായിരുന്നു. ഇനി ആ കൈകൾ നമുക്ക് വേണ്ടി ഉയരാനില്ല. എന്നതാണ് ഇപ്പോൾ എന്നെ തളർത്തുന്നതും എനിക്ക് സഹിക്കാൻ കഴിയാത്തതും.....

ഇത്തയുടെ ജീവിതത്തിൽ നിന്നാണ് ക്ഷമ എന്താണെന്ന് ഞാൻ പഠിച്ചത്.ജീവകാരുണ്യ പ്രവർത്തനത്തിലും ഞാൻ കണ്ട മാതൃക എൻ്റെ വിവാഹസമയത്ത് ഇത്ത എനിക്ക് വേണ്ടി ഓടി നടന്ന ചിത്രമാണ് എൻ്റെ ഓർമയിൽ വരുന്നത്.ആദർശബന്ധം / സുഹൃദ്ബന്ധം എന്നതല്ലാതെ ഞങ്ങൾ തമ്മിൽ മറ്റു മുലകുടിബന്ധം പോലും ഇല്ലാത്ത എനിക്ക് വേണ്ടി ആ കാലത്ത് കുറെ ഏറെ ത്യാഗം സഹിച്ചവരാണവർ.എനിക്കെന്നപോലെ എന്റെ മാതാപിതാക്കൾക്കും ഹഫ്‌സത്ത പ്രിയപെട്ടവളായിരുന്നു. അവർ പല വട്ടവും ഹഫ്‌സത്തടെ വിരുന്ന് കാരായിട്ടുണ്ട്.അത് പോലെ ഹഫ്‌സത്തയും കുടുംബവും പല വട്ടവും ഞങ്ങളുടെ വീട്ടിലും അതിഥികളായിരുന്നു.ഇങ്ങിനെയുള്ള ഊഷ്മള ബന്ധം തുടങ്ങാനും നിലനിന്നു പോവാനും നിമിത്തമായത് ഹഫ്‌സത്താടെ വ്യക്തിത്വം ഒന്ന് കൊണ്ട് മാത്രമാണ്.

ഒരാളുടെ ആയുഷ് കാലയളവിൽ ചെയ്തു തീർക്കേണ്ടതിനേക്കാൾ കൂടുതൽ കർമങ്ങൾ ചെയ്തു അല്ലാഹുവിൻ്റെ തൃപതി മാത്രം കാംക്ഷിച്ച ഹഫ്‌സത്താക്ക് എല്ലാകർമങ്ങളും സ്വീകരിച്ച് അർഹമായ പ്രതിഫലം  ജന്നാത്തുൽ ഫിർദൗസ് നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. യാ റബ്ബൽ ആലമീൻ. ഇത്തയോടൊപ്പം ഇത്തയുടെ കുടുംബത്തേയും നമ്മളേയും അല്ലാഹു സ്വർഗ പുന്തോപ്പിൽ ഒരു മിച്ചു കൂട്ടുമാറാകട്ടെ.

പ്രാത്ഥനയോടെ,

മിസ്‌‌രിയ - പെരുമ്പിലാവ്

---------------

ഹഫ്‌സത്ത് ബിൻത് സെയ്‌ദ്‌ മുഹമ്മദിന്റെ ഓർമ്മകൾ

സെനിയ ഖമറുദ്ദീന്‍

ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്   ഏരിയ സമിതിയിൽ വെച്ചാണ്. പിന്നീട് ഏരിയ സമിതിയുള്ള കണ്ടുമുട്ടലും സൗഹൃദവും വേർപിരിയുന്നത് വരെ കാത്തുസൂക്ഷിച്ചിരുന്നു. ഞങ്ങൾ തൊട്ടടുത്തല്ല താമസിച്ചിരുന്നെങ്കിലും ഓരോ ഏരിയാസമിതിയില്‍ പങ്കെടുക്കുമ്പോഴും ആലിംഗനം ചെയ്തു കൊണ്ടാണ് സൗഹൃദം പുതുക്കുക അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആത്മബന്ധം തന്നെയായിരുന്നു. അവരുടെ അസുഖത്തെക്കുറിച്ച് അറിയുമ്പോഴും വല്ലാതെ വേദനിച്ചിരുന്നു കാരണം എൻറെ മക്കളുടെ വിവാഹം തൊട്ട് പ്രിയതമന്റെ വേർപാട് വരെ എൻറെ വീട്ടിൽ വന്നു സന്തോഷത്തിലും ദുഃഖത്തിലും പങ്കു കൊണ്ടിരുന്നു. ഓരോ ഏരിയ പ്രോഗ്രാമിലും അവരുടെ ഉൽബോധനവും അല്ലെങ്കിൽ വിജ്ഞാനം വർദ്ധിക്കാൻ ഉതകുന്ന രീതിയിലുള്ള ക്ലാസുകൾ ആയിരുന്നു. ആർക്കും പറഞ്ഞാലും മതിവരാത്ത നിശബ്ദയായ സ്നേഹനിധിയായ കൂട്ടുകാരിയെയാണ് നഷ്ടപ്പെട്ടത് ആ നഷ്ടം ഒരു തീരാ വേദന തന്നെയാണ്. അല്ലാഹുവിൻറെ കാരുണ്യത്താൽ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ തൗഫീഖ് നൽകട്ടെ എന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു

ഗുരുവായൂർ ഹൽഖ

സെനിയ ഖമറുദ്ദീൻ

-------------

മാഞ്ഞു പോകാത്ത താരകം

ഷരീഫ യൂസുഫ്

ഹഫ്‌‌സയെ കുറിച്ച് ഓർക്കുബോൾ മനസ് വിങ്ങുകയും, കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്യുന്നു.എന്തെഴുതണം എവിടെ  തുടങ്ങണം എന്ന് അറിയാത്തൊരു അവസ്ഥ . എന്റെ പ്രിയ സഹോദരിയെ ഞാൻ കണ്ടുമുട്ടുന്നത് 2002 ലാണ് എന്നാണെന്റെ ഓർമ. മക്കളെയെല്ലാം സ്ക്കൂളിലേക്ക് പറഞ്ഞയച്ചു ബാക്കിയുള്ള പണികളെല്ലാം തീർക്കുന്നതിനിടയിലാണ് കോളിങ്ങ് ബല്ലിന്റെ  ശബ്ദം. ജോലികളെല്ലാം നിർത്തി വെച്ച് വാതിൽ തുറന്ന് നോക്കുമ്പോൾ തോളിൽ ബാഗും കൈയിൽ കുടയുമായി നേർത്ത പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു .ഞാൻ അകത്തേക്ക് ക്ഷണിച്ചു. കുശലാന്വേഷണം നടത്തി. അപ്പോഴാണ് ഖുർആൻ ക്ലാസിന് ക്ഷണിക്കാനാണ് വന്നതെന്ന് മനസിലായത്. 

ഖുർആൻ അത്യാവശ്യം ഓതാനറിയാം,കുറച്ച് സൂറത്തുകൾ ഹിഫ്‌‌ളുണ്ട് ഇതിൽ കൂടുതൽ ഖുർആൻ പഠികേണ്ടതുണ്ടോ.? ഞാൻ ആകെ ആശങ്കയിലായിരുന്നു. എങ്കിലും ക്ഷണിച്ച ക്ളാസിന് ഞാൻ പോയി. അന്നത്തെ ക്ലാസ് ഹൈസ്ക്കൂളിലായിരുന്നു. ഇന്ന് ശാന്തപുരം കോളജിൽ വാർഡനായി ജോലി ചെയ്യുന്ന ഹമീദ് മൗലവിയായിരുന്നു ക്ലാസെടുത്തത്. അദ്ദേഹം അന്ന്  പാടൂർ മസ്ജിദു റഹ്‌‌മയിലെ ഖതീബായിരുന്നു. ഫാത്തിഹ സൂറത്തായിരുന്നു അന്നത്തെ ക്ലാസിലെ പ്രതിപാദ്യ വിഷയം. ഫാത്തിഹയുടെ വശ്യ സുന്ദരമായ പാരായണവും അതിന്റെ അർത്ഥവും മനസിലായപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷത്തിലായിരുന്നു ഞാൻ.അന്നുമുതൽ ഞങ്ങൾ നല്ല കൂട്ടുകാരികളായി തീർന്നു. 

അന്നുമുതൽ എന്ത് കാര്യത്തിനും ഞാനും സുബൈദയും കൂടെ തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ മൂവരും കൂടിയാൽ കൂടുതലും ചർച്ച മറ്റുള്ളവരെ എങ്ങിനെ ഖുർആൻ പഠിതാക്കൾ ആക്കാം എന്നതായിരുന്നു. അതിന് വേണ്ടി സ്ക്വാഡുകൾ പോവുകയും  പൊതു ക്ലാസ്സുകൾ സഘടിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്ക്വാഡിലൂടെ ഞങ്ങൾക്ക് സാധാരണ മനുഷ്യരുടെ  ജീവിതവും അവരുടെ പ്രയാസങ്ങളും മനസിലാക്കാൻ കഴിഞ്ഞു. അതിന് ചെറിയ പരിഹാരം കാണാൻ ഞങ്ങൾ തീരുമാനിച്ചു. മറ്റുള്ളവരെ സമിപിച്ച് സംഭാവന വാങ്ങിക്കാം എന്നുള്ളത്, ആ  ആശയം ഹഫ്‌‌സയാണ് ഞങ്ങളെ പഠിപ്പിച്ചത്. മനുഷ്യരോടുളള കാരുണ്യവും സ്നേഹവും സഹാനുഭൂതിയും ഖുർആൻ മുന്നിൽ വെച്ചുകൊണ്ട് ഞങ്ങളെ മനസിലാക്കി തന്നു. ജീവിതത്തിൽ ഉടനീളം ഖുർആനായിരുന്നു  അവരുടെ സംസാരവും പ്രവർത്തനവും.                        

ജനസേവനം ദൈവാരാധനയാണെന്ന് ഞങ്ങളെ പഠിപ്പിച്ചു. ഒഴിവ് സമയങ്ങളിൽ കൊച്ചു കൊച്ചു പ്രാർത്ഥനകൾ ഞങ്ങളെ പഠിപ്പിച്ചു. സ്ത്രീകൾക്കും പുരുഷൻമാരെ പോലെ തറാവീഹ് നമസ്ക്കാരവും മയ്യിത്ത് നമസ്ക്കാരവും ഉണ്ട് എന്ന് പഠിപ്പിച്ചതും തുടക്കം കുറിച്ചതുമെല്ലാം ഹഫ്‌‌സയാണ് . ഞാൻ പറയാൻ വിട്ട് പോയ ഒരു കാര്യം . ഞങ്ങളുടെ എല്ലാമെല്ലാമായ ഹഫ്‌‌സയുടെ കുടുബം ഞങ്ങൾക്ക് ഏറെ പ്രിയപെട്ടതായിരുന്നു. ഹഫ്‌‌‌സാനെ പരിചയപ്പെടുമ്പോൾ അവരുടെ കൂടെയുണ്ടായിരുന്നവരാണ് ജമീലത്തയും, റാബിയത്തയും, സുബൈദയും, പിന്നെ ആയിഷ ഭായി, സഫിയത്ത അങ്ങനെ ഞങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ ഒരുപാട് പേരായി. ഇവരെല്ലാവരും തന്നെ ഹഫ്‌സാടെ പ്രവർത്തന ഫലമായിട്ട് വന്നു ചേർന്നതാണ്. ഞങ്ങളെ ഉയർത്തി കൊണ്ടുവരുന്നതിൽ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.  മറ്റുള്ളവരുടെ മുന്നിൽ എഴുന്നേറ്റുനിന്ന്  നാലക്ഷരം പറയാനും ഖുർആൻ ക്ലാസ് എടുക്കാനും ഞങ്ങൾക്ക് പ്രചോദനം നൽകിയതും ഹഫ്‌‌സ തന്നെയാണ്. അതുപോലെതന്നെ ജില്ലയിലെ ഓരോ നേതാക്കളെയും പരിചയപ്പെടുത്താനും ഞങ്ങളെ കൊണ്ടു പോയി എപ്പോഴും കൂടെ നിർത്തി. ഞങ്ങൾ ഒന്നിച്ച് ആരുടെയെങ്കിലും വീട്ടിൽ ഒക്കെ താമസിക്കുവാനും ഉള്ള അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. എന്തെങ്കിലും ഒക്കെ ഉണ്ടാക്കിയാൽ പരസ്പരം കൈമാറിയിരുന്നു സ്വന്തം സഹോദരിമാരെ പോലെയായിരുന്നു ഞങ്ങൾ. ഞങ്ങളുടെ ചർച്ചയിൽ ഒരുപാട് വിഷയങ്ങൾ കടന്നു വരുമായിരുന്നു. അതിൽ കൂടുതലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യങ്ങളായിരിക്കും , ഓരോ കുടുംബത്തിന്റെയും അവസ്ഥകൾ ആയിരിക്കും. ഹൽഖയെ രണ്ട് ഹൽഖയായി വിഭജിക്കുകയും ഒരു ഹൽഖ ഹഫ്‌‌സ നേതൃത്വം വഹിക്കുകയും മറ്റൊരു ഹൽഖ ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്തുകൊണ്ട് ഞങ്ങളെ കൂടുതൽ ഉത്തരവാദിത്വപൂർണ്ണമുള്ളവരാക്കുകയും ഉയർത്തിക്കൊണ്ടു വരികയും ചെയ്തു.            

റമദാനിലെ ഒരു രാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് ഹഫ്‌‌സയുമായാണ് ഞാൻ ആദ്യമായി തറാവീഹിന് ഖുബാ പള്ളിയിൽ പോയത്. ഒറ്റയായ രാവുകളിൽ ഞങ്ങൾ അവിടെ ചെന്ന് ഇരിക്കും. അങ്ങനെയാണ് ഇ‌അ്‌ത്തികാഫിനുള്ള പരിശീലനം എനിക്കും സുബൈദാക്കും ഒക്കെ ലഭിച്ചത്. അതിനുശേഷം ആണ് പാടൂർ റഹ്‌മ പള്ളിയിൽ ഞങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം ഞങ്ങൾക്ക് ഇഅ്‌‌ത്തികാഫിനുള്ള ഉള്ള സൗകര്യം ഉണ്ടായത്. ഖുർആൻ പ്രഭാഷണം കേൾക്കാൻ വേണ്ടിയുള്ള ഞങ്ങളുടെ ഓരോ യാത്രകളും ഒരുമിച്ചായിരുന്നു . പാടൂരിന്റെ ഓരോ മുക്കുമൂലകളിലും ഞങ്ങൾ ചവിട്ടാത്ത മണ്ണില്ല, അപ്പോഴൊക്കെയും ഹഫ്‌സ പറയുന്ന ഒരു  വാക്കുണ്ട് അല്ലാഹുമ്മശ്ഹദ് (അല്ലാഹുവേ നീ സാക്ഷിയാണ്) അങ്ങനെയൊക്കെയും പറഞ്ഞുകൊണ്ടാണ് ഞങ്ങളെ കൊണ്ടുപോകാറുള്ളത്. മകളുടെ പഠനാവശ്യാർത്ഥം ഹഫ്‌സ കോതമംഗലത്ത് പോയി താമസിച്ചപ്പോൾ ഞങ്ങൾക്ക് സഹിക്കാൻ കഴിയാത്ത വിഷമമായിരുന്നു. പരസ്പരം എഴുത്തുകളിലൂടെയാണ് ഞങ്ങൾ ആശയങ്ങൾ പങ്കുവെച്ചിരുന്നത്. ഹഫ്‌സാടെ എഴുത്തു വായിക്കുമ്പോൾ ഞങ്ങൾക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു . അത്രമാത്രം അടുപ്പമായിരുന്നു ഞങ്ങൾക്കിടയിൽ. ഞങ്ങളുടെ ഓരോ സൽകർമങ്ങളും പ്രിയ സഹോദരിയുടെ ഖബറിലേക്ക് വെളിച്ചമായി എത്തിക്കണേ നാഥാ ! ഞങ്ങൾക്കും അവർക്കും ജന്നത്തുൽ ഫിർദൗസിൽ ഒന്നിച്ചിരിക്കാൻ ഭാഗ്യം നൽകണേ നാഥാ. പ്രാർഥനയോടെ.. 

ഷരീഫ യൂസുഫ്

----------------

മാതൃകാപ്രവര്‍‌ത്തക 

ഹുദാ ബിൻത് ഇബ്രാഹിം 

ഒരു പ്രസ്ഥാന പ്രവർത്തകന്റെ മകളായി ജനിച്ച സഹാേദരി ഹഫ്‌സ സ്വാഭാവികമായും പ്രസ്ഥാനത്തിന്റെ തണലിൽ തന്നെയായിരിക്കും 

ജീവിതം ആരംഭിക്കുക. സഹോദരിയെ സംബന്ധിച്ചിടത്താേളം വിവാഹശേഷം പ്രതികൂലമായ സാഹചര്യങ്ങളെ സ്നേഹം കാെണ്ടും 

സമർത്ഥത  കാെണ്ടും കുടുംബത്തെയും ചുറ്റുപാടിനെയും സ്വന്തം കുടുംബത്തിൽ നിന്ന് ലഭിച്ച വെളിച്ചം പകർന്നു നൽകാൻ കൂടുതൽ 

പാടുപെടേണ്ടി വന്നു. അതിൽ അവർ വളരെ സന്താേഷവതിയായിരുന്നു.പിന്നീട് വിജയം കാണുകയും ചെയ്തു. ദീനിന്റെ പേരിൽ നാടിനും നാട്ടുകാർക്കും ഏറ്റവും പ്രിയപ്പെട്ടവളായി ജീവിക്കാൻ കഴിഞ്ഞത് സ്വന്തം കുടുംബത്തിൽ നിന്നും ഏറെ പ്രിയപ്പെട്ട പ്രസ്ഥാന നായകന്മാരിൽ നിന്നുകിട്ടിയ പ്രചാേദനമാണെന്നത് എടുത്തു പറയേണ്ടതാണ്. 

അടുത്തിടപഴകാൻ കൂടുതൽ സാഹചര്യങ്ങൾ കിട്ടിയില്ലെങ്കിലും ജില്ലയിലെ പ്രസ്ഥാന വഴിയിൽ നടന്ന പഴയകാല പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവരുടെ പ്രസ്ഥാന മാർഗത്തിൽ നിർവഹിച്ച ത്യാഗങ്ങൾ, അനുഭവങ്ങൾ എന്നിവ ദീർഘമായ ഒരു അനുഭവക്കുറിപ്പായി (സ്വന്തമായി എഴുതിയത് ) കയ്യിൽ കിട്ടിയപ്പോൾ എനിക്ക് ഒരു അത്ഭുതമായിരുന്നു. ഇവരെ പഴയകാല പ്രവർത്തകരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താനായാേ? അത്രയാെക്കെ പ്രായം ആയിട്ടുണ്ടോ എന്നൊക്കയായിരുന്നു എന്റെ മനസ്സിൽ വന്നത്. 

ഈ വിവരം ശേഖരിച്ച് തന്ന ഏരിയ കൺവീനർ അവർ തന്ന എല്ലാം തന്നെ പ്രസിദ്ധീകരിക്കണം എന്ന് പറഞ്ഞിട്ടുണ്ടെന്നും പ്രസ്ഥാന മാർഗത്തിൽ പ്രചാേദനമായ വ്യക്തികളുടെ ഫോട്ടോ തന്നത് വെക്കണമെന്നും ഓർമ്മപ്പെടുത്തി. 

അതുകാെണ്ട് ഇതിൽനിന്ന് അധികം ഒന്നും കട്ട് ചെയ്യാതെ പ്രസിദ്ധീകരിക്കണം എന്ന് താെന്നി.  മരണവാർത്ത കേട്ടപ്പോൾ ആദ്യം 

എന്റെ മനസ്സിലേക്ക് വന്നത് അവരുടെ അനുഭവക്കുറിപ്പ് ആയിരുന്നു.50 ഓളം പേരുടെ വിവരങ്ങൾ കിട്ടിയപ്പോൾ കൂടുതൽ വിവരങ്ങൾ 

ഉൾപ്പെടുത്തി വലിയ ഒരു കുറിപ്പ് നൽകിയത് എന്തിനായിരുന്നു?

ഇനിയുള്ളവർക്ക് അത് വായിക്കുമ്പോൾ മൺമറഞ്ഞവരുടെ ഇടയിൽ എന്നെയും എല്ലാവരും ഓർക്കപ്പെടുന്നവളാകുമാേ എന്ന് കരുതിയിട്ടുണ്ടാകുമാേ.

എന്നും നമ്മൾ മരണത്തെ ഓർക്കാറുണ്ട്. പക്ഷേ അത് സംഭവിച്ചു കഴിയുമ്പോൾ മറ്റുള്ളവർക്ക് താെന്നുക ഇത് പെട്ടെന്ന് ആയിപ്പോയാേ എന്ന്. അത് സ്വാഭാവികം മാത്രം. മുന്നേ നടന്നവർ എന്ന ജില്ല ഡയറക്ടറിയിൽ ഉൾപ്പെട്ട എല്ലാവർക്കും മരണപ്പെട്ട സഹാേദരിമാരുടെ വീടുകളിലും നേരിട്ട് എത്തിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ പല സാഹചര്യങ്ങൾ കാേണ്ടും അത് നടന്നില്ല. ഇന്നത് വലിയ വേദനയായി അവശേഷിക്കുകയാണ്. “മുന്നേ നടന്നവരിൽ “ മൺമറഞ്ഞ ആദ്യകാല പ്രവർത്തകർ എന്ന ഹെഡിങ്ങിലേക്ക് ആദ്യത്തെ ആളായി അല്ലാഹുവിനെ കണ്ടു മുട്ടുവാൻ... ജന്നാത്തുൽ ഫിർദൗസിൽ നമ്മെയുും പ്രതീക്ഷിച്ച് നിറഞ്ഞ പുഞ്ചിരിയാേടെ, സൽകർമ്മങ്ങളുടെ ഫലം അനുഭവിക്കുന്നുണ്ടാകും.അല്ലേ? നമുക്കും ആ വഴിയെ സഞ്ചരിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ. 

ഹുദാ ബിൻത് ഇബ്രാഹിം 

പ്രസിഡൻ്റ്, ഇസ്ലാമി വനിതാ വിഭാഗം തൃശ്ശൂർ.

-------------------

വിളക്കായിരുന്നു

റഷീദ് ആര്‍.പി

............................

സഹോദരി ഹ‌ഫ്‌സത്ത് വാട്ട്‌സാപ്പിലൂടെ എനിക്കയച്ച അവസാന സന്ദേശം ദൈവത്തെ സ്തുതിച്ച് കൊണ്ടുള്ളതായിരുന്നു....!

അതൊരു ജൂലൈ ആറിന്നായിരുന്നു എന്നും ഞാൻ ഓർക്കുന്നു ..

ശാരിരിക അസ്വസ്ഥതകൾ അവരെഏറെ അലട്ടുന്നുണ്ടായിരുന്നു എന്നും ഞാൻ തിരിച്ചറിഞ്ഞിരുന്നു.പിന്നെ അധികനാൾ അവർ ഉണ്ടായില്ലല്ലോ ...?

രണ്ടായിരത്തി ഇരുപത്തി അഞ്ചു് ജ്യൂലൈ പത്തൊൻപതാം തിയ്യതി,നാഥനിലേക്ക് അവർ യാത്രയായി....!കാലത്തിന്ന് മുമ്പേ സഞ്ചരിച്ച്, ഒരു കാലഘട്ടത്തിൽ ചെയ്ത് തീർക്കാവുന്നതിനപ്പുറവും ചെയ്ത്, നന്മയുടെ കൈപ്പുസ്തകത്തിൽ തൻ്റേതായ ഒരു ഇടം എഴുതി ചേർത്ത് വെച്ചിട്ടുണ്ട് എന്ന് നമ്മെ ഉണർത്തി കൊണ്ടാണ് സഹോദരി കടന്ന് പോയത്....!

പാടൂര്‍ ഗ്രാമത്തിന്‌ ,കാലം കനിഞ്ഞ് നൽകിയ കൈവിളക്കായിരുന്നു സഹോദരി ഹഫ്‌സത്ത് ---! 

അല്ലാഹു അനുഗ്രഹിക്കട്ടെ...!!

---------------

സ്വര്‍‌ഗത്തിലേക്കുള്ള പിടിവള്ളി

ജമീല എന്‍.പി

----------

സ്വർഗത്തിന്റെ പടവുകൾ കയറിപോകാൻ ഓരോ മനുഷ്യനിലേക്കും അല്ലാഹു അവന്റ പല രീതിയില്‍ പാശങ്ങൾ  എത്തിക്കും.അങ്ങിനെ എനിക്ക് കിട്ടിയ ഒരു പിടിവള്ളിയാണ് ഹ‌ഫ്‌സത്ത...

കൂടെ കൊണ്ട് നടന്ന് പച്ചയായ ജീവിതം കൊണ്ട് പലതും പഠിപ്പിക്കാൻ സാധിച്ചിട്ടുണ്ട് അവർക്ക്.. താൻ സാമ്പത്തീകമായി ഒരുപാട് പിന്നിലായിരിക്കുമ്പോഴും തന്റെ ചുറ്റുമുള്ളവരുടെ സാമ്പത്തീക പരാധീനതകൾ പേറി നടക്കാനായിരുന്നു ഹ‌ഫ്‌സത്താക്ക് ഇഷ്ടം...

എന്റെ എട്ടാം ക്ലാസ്സ്‌ പഠനകാലത്ത്, ഓണക്കാല അവധിയിൽ എന്നെയും കൂട്ടി ആറ് ഓണാക്കിറ്റുകളുമായി മാട്ടുമ്മൽ ഭാഗത്ത് വിതരണത്തിന് പോയത് മറക്കാൻ കഴിയില്ല -എന്ന് മാത്രമല്ല പല ജീവിത യഥാര്‍‌ഥ്യങ്ങളുടെയും പ്രയോഗീക പഠനം കൂടി ആയിരുന്നു അത്...

അടുപ്പ് പുകയാത്ത വീടുകൾ,,,

രണ്ട് ചെമ്പ് ഒരു കൊട്ടക്കൈലുമുള്ള അടുക്കള,,,,

കൂനികുത്തി കുഴിഞ്ഞ ശരീരം മാത്രമുള്ള കുറേ വീട്ടുകാർ......,

ആറു കിറ്റുകൾ കൊടുത്ത് കഴിഞ്ഞപ്പോൾ ദാ വരുന്നു... അപ്പുറത്തു നിന്നും ഇപ്പുറത്തു നിന്നും  "... ഞങ്ങൾക്ക് ഒന്നുമില്ലേ കുട്ട്യേ......." എന്ന രോദനം.    

ദയനീയമായ അവരുടെ മുഖം എനിക്കിന്നും മനസ്സിലുണ്ടെങ്കിലും, അതിനെക്കാൾ ദയനീയമായ ഹ‌ഫ്‌സത്തയുടെ മുഖമാണ് എനിക്കെപ്പോഴും കണ്ണിൽ കാണുന്നത്....!!

ഈ പാവങ്ങളെ സഹായിക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലല്ലോ?? എന്ന ആവലാതിയോടെ സ്വന്തം പേഴ്സ് തുറന്ന് റേഷൻ വാങ്ങാനുള്ള പൈസയുണ്ട് അതിവർക്ക് കൊടുക്കാം എന്നും പറഞ്ഞ് അവരെ ഏല്പിച്ചു... 

നമ്മുടെ കയ്യിൽ പണമുള്ളപ്പോഴല്ല മറ്റുള്ളവരെ സഹായിക്കേണ്ടത്.എന്താണ് നമ്മുടെ അടുത്ത് ഉള്ളത് അതിൽ നിന്നും സഹായിക്കണം.എന്നുള്ള വലിയൊരു പാഠം ഞാനന്ന് തൊട്ടറിഞ്ഞു....

ആ എട്ടാം ക്ലാസ്സുകാരിയുടെ കയ്യിൽ പിടിച്ച  പിടുത്തം മരണത്തിന്റെ ആഴ്ചകൾ മുമ്പുവരെ തുടർന്നിരുന്നു.... മെസ്സേജുകളായും ഫോട്ടോകളായും വോയിസ്‌ ക്ലിപ്പ്കളായും പ്രാർത്ഥനയായും.....

ഒരു മടുപ്പുമില്ലാതെ പാടൂരിന്റെ ഓരോ വീടുകളും വീണ്ടും വീണ്ടും കേറിയിറങ്ങി അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു കൊണ്ടേ ഇരുന്നു... പാടൂരിന്റെ മരുമക്കൾക്ക് ഒരു വഴികാട്ടിയായി കൊണ്ട്... 

ഹ‌ഫ്‌സത്തയുടെ വീടിന്റെ പിന്നാപുറത്തു തേക്കാത്ത കോലായിൽ പാടൂരിന്റെ ആദ്യത്തെ ജി.ഐ.ഒ, മലർവാടി യോഗങ്ങള്‍ കൂടിയതും ഹ‌ഫ്‌സത്താടെ ദൃഡ നിശ്ചയമാണ്...

എത്രയോ ഹൽഖ നാസിമത്തുകൾ  എന്റെ ജീവിതത്തിൽ ദുബായിലും, ഓമാനിലുമായി കണ്ടുമുട്ടിയെങ്കിലും ',  മനസ്സിനെ പിടിച്ചു കുലുക്കി അസാധ്യമാം വിധം തഫ്ഹീം തുറന്നു വെച്ച് വിശദീകരിക്കുന്ന ഹ‌ഫ്‌സത്ത വല്ലാത്തൊരു അനുഭവമാണ്.... 

പകരം വെക്കാനില്ലാത്ത ഇഷ്ടക്കാരിയാണെങ്കിലും,,,,   എന്നെ വഴിനടത്താൻ അല്ലാഹു എന്നിലേക്ക് അയച്ച എന്റെ സ്വർഗത്തിലേക്കുള്ള പിടിവള്ളിയാണ് അറ്റു പോയത്.... 

ജമീല എന്‍.പി

-----------------

പ്രിയപ്പെട്ട ഹഫ്‌സത്ത

ഷമീല ഹുസ്സൈന്‍

ഹഫ്‌സത്തെക്കുറിച്ച് എന്ത് പറയണമെന്നും എവിടെ തുടങ്ങണമെന്നും ഒന്നും അറിയുന്നില്ല പ്രസ്ഥാനത്തിലൂടെയാണ് ഹഫ്‌സതാനെ പരിചയപ്പെടുന്നത് അന്നുമുതൽ എനിക്ക് അവർ പിറക്കാതെ പോയ ഒരു സഹോദരിയുടെ സ്ഥാനത്താണ് ഒരു മാതൃക പ്രവർത്തകയായിരുന്നു ഹഫ്‌സത്ത എങ്ങിനെ ഒരു ദഅവ പ്രവർത്തനം നടത്തണമെന്നും ജനസേവന രംഗത്ത് എങ്ങിനെ പ്രവർത്തിക്കണമെന്നും ഇസ്ലാമിക സമൂഹത്തിൽ ഏത് രീതിയിലാണ് ജനങ്ങളോട് ബന്ധം സ്ഥാപിക്കേണ്ടത് എന്നും ജീവിതത്തിലൂടെ കാണിച്ചുതന്ന വ്യക്തിയാണ് അവർ ഹഫ്‌സത്തയോടൊപ്പം തന്നെ ഞങ്ങളെയും കൂടെ കൂട്ടാൻ അവർ പരിശ്രമിച്ചിരുന്നു ഞങ്ങളിൽ കാണുന്ന വീഴ്ചകൾ ചൂണ്ടിക്കാണിച്ചു തന്നു അത് തിരുത്തി തരാൻ അവർ പരിശ്രമിച്ചിരുന്നു ഹർസത്തയുടെ ഒരു തർബിയത്ത് അല്ലെങ്കിൽ ഞങ്ങൾക്ക് നൽകിയിരുന്ന ഉൽബോധനം അത് ഞങ്ങളുടെ ഹൃദയത്തിന് വല്ലാത്ത ഒരു ഉണർവും അനുഭൂതിയും ആയിരുന്നു 

ഞങ്ങൾ ഏരിയ സമിതി അംഗങ്ങൾ ഒരുമിച്ചു കൂടാൻ തീരുമാനിച്ച സന്ദർഭത്തിൽ അവർ സുഖമില്ലാതെ കിടക്കുന്ന ഒരു അവസരം ആയിരുന്നു അവർ ക്ഷീണിതയായിരുന്നതിനാൽ ക്ഷണിച്ചാൽ അവർ കൂടെ വരുമോ എന്ന് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നിരുന്നാലും അവരെ ഞാൻ ക്ഷണിച്ചു എന്നാൽ വളരെ ആവേശപൂർവ്വം അവർ പറഞ്ഞു തീർച്ചയായും ഞാനും നിങ്ങളോടൊപ്പം ഉണ്ടാകും എനിക്ക് എല്ലാവരെയും കാണണം ഈ റൂമിനുള്ളിൽ ഇരുന്ന് ഞാൻ വല്ലാതെ അസ്വസ്ഥതപ്പെടുന്നുണ്ട് തീർച്ചയായും ഞാൻ വരും അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി . മറ്റെല്ലാവരെക്കാൾ ഉപരി ആവേശത്തോടെ അവർ മുന്നിലുണ്ടായിരുന്നു അന്ന് വാടാനപ്പള്ളിയിൽ ഞങ്ങൾ ഒരുമിച്ചു കൂടി ഏരിയാ സമിതി അംഗങ്ങൾ എല്ലാവരും ഒരുമിച്ചു കൂടി സന്തോഷത്തോടെ ആ ദിവസം പോയതറിഞ്ഞില്ല.

അതായിരുന്നു അവരുമായുള്ള അവസാനത്തെ കൂടിക്കാഴ്ച അതൊരു അവസാനത്തെ കൂടിക്കാഴ്ച ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇനിയൊരിക്കലും ഹഫ്‌സത്തെ ഈ ദുനിയാവിൽ വച്ച് ജീവനോടെ കണ്ടുമുട്ടില്ല എന്ന് അറിഞ്ഞിരുന്നില്ല ജില്ല ഇറക്കിയ പഴയകാല പ്രവർത്തകരുടെ മുമ്പേ നടന്നവർ എന്ന പുസ്തകത്തിൽ ഹഫ്‌സത്തെക്കുറിച്ച് ഹഫ്‌സത്ത തന്നെ വളരെ ഭംഗിയായി കൊണ്ട് അതിൽ എഴുതിയിരുന്നു പ്രസ്ഥാന പ്രവർത്തനത്തിന്റെ നല്ല കാലഘട്ടത്തെക്കുറിച്ച് ആ പുസ്തകം അവർക്ക് നേരിട്ട് കൊടുക്കണം എന്നതായിരുന്നു ആഗ്രഹം . അതിനായി പലതവണ പരിശ്രമിച്ചു എന്നാൽ കയ്യിൽ അത് കൊടുക്കാൻ കഴിഞ്ഞില്ല അവർക്ക് അത് വായിക്കാനും സാധിച്ചില്ല അവസാനം അത് കൊടുക്കാൻ വേണ്ടി പുറപ്പെട്ടപ്പോൾ അവർ ഹോസ്പിറ്റലിൽ ആയിരുന്നു . പിന്നീട് അവരുടെ മരണശേഷം അവരുടെ സഹോദരിക്ക് കൈമാറുകയാണ് ഉണ്ടായത് ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടിട്ടും അതിനെയെല്ലാം മറികടന്നു കൊണ്ടായിരുന്നു അവരുടെ പ്രവർത്തനം ശാരീരികമായും മാനസികമായും വളരെയേറെ പ്രയാസങ്ങൾ അവർ അനുഭവിച്ചിരുന്നു എന്നാൽ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മാർഗത്തിൽ പ്രവർത്തിക്കുമ്പോൾ അതൊന്നും അവരെ തളർത്തിയില്ല.

അവർ തന്നെയായിരുന്നു ഏറ്റവും മുന്നിലുണ്ടായിരുന്നത് പ്രസ്ഥാനമാർഗത്തിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് പറയുകയായിരുന്നില്ല മറിച്ച് അത് പ്രവർത്തിച്ചു കാണിച്ചു തരികയായിരുന്നു ഞങ്ങൾക്ക്.  മറ്റുള്ളവരുടെ പ്രയാസങ്ങൾ കണ്ടുനിൽക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല എന്ത് അത്യാവശ്യത്തിനുവേണ്ടി മാറ്റിവെച്ച തുക ആയാലും അത് കഷ്ടപ്പെടുന്നവർക്ക് എത്തിച്ചുകൊടുക്കും അതായിരുന്നു അവർ അള്ളാഹു അവർ ചെയ്ത എല്ലാ സൽകർമ്മങ്ങൾക്കും തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ അവരിൽനിന്ന് വന്ന വീഴ്ചകൾ അള്ളാഹു പൊറുത്തു കൊടുക്കു മാറാകട്ടെ അവർക്ക് അല്ലാഹു മഗ്‌ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെയും അവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ അവരുടെ വിയോഗത്തിൽ വിഷമിക്കുന്ന അവരുടെ കുടുംബാദികൾക്ക് ക്ഷമ അവലംബിക്കാനുള്ള ശക്തി നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

ഷമീല ഹുസ്സൈന്‍

ഗുരുവായൂര്‍ ഏരിയ കണ്‍‌വീനര്‍

-------------

സഹോദരി ഹഫ്‌സ

ഐ.മുഹമ്മദലി

ഫാറൂഖ് കോളേജ് പഠന കാലത്തെ സഹവാസം പാടൂർ അബ്‌ദുറഹ്‌‌മാനുമായി കുടുംബസൗഹൃദമായി വളർന്നു. സുഹൃത്ത് വി.എസ് സലീമിൻ്റെ പെങ്ങൾ ഇണയായി വന്നത് മുതലാണ് ഹഫ്‌സയെ അറിയുന്നത്. എൻ്റെ ഇണകളായ സെക്കിനയും (പരേത) ഖദീജയും മക്കളും കൂടെ അവരുടെ സുഹൃത്തുക്കളായിരുന്നു. ഇസ്ലാമിക പ്രവർത്തന മേഖലയിലെ അവരുടെ കഴിവും മികവും അനുഭവിക്കാനായത് എൻ്റെ ഏരിയ തല ഉത്തരവാദിത്ത കാലത്താണ്. പൊതുവോ പ്രാദേശികമോ ആയ പ്രശ്നങ്ങളായാലും അവതരണ വിശകലനങ്ങളിൽ അവരുടെ വിലപ്പെട്ട അഭിപ്രായങ്ങള്‍ മാർഗ്ഗനിർദ്ദേശങ്ങളായി എടുക്കാൻ തുണച്ചു.

മണ്ണും മനസ്സുമറിഞ്ഞ ചേർത്ത് നിർത്തലിൻ്റെ സാദര വ്യക്തിത്വമായിരുന്നു സഹോദരി ഹഫ്‌സ എന്നത് പാടൂർ അനുഭവിച്ചതാണ്. അല്ലാഹുവിനെ സ്നേഹിക്കുന്നവരുടെ  പ്രയോഗതലത്തിലെ നിത്യ മാതൃകയായിരുന്നു സഹോദരി ഹഫ്‌സ.

ഐ.മുഹമ്മദലി 

-------------

ഹഫ്‌സത്ത - നിശബ്ദ ജനസേവനത്തിലെ നിറ സാന്നിധ്യം 

ഇർഷാദ് അബ്ദുള്ള, ഹസീന ഇർഷാദ്.

വിശ്വാസത്തേക്കുറിച്ച് വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന പലയിടത്തും സത്കര്‍‌മത്തെ കൂടി ചേർത്തിരിക്കുന്നതായി കാണാൻ കഴിയും. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുക വിശ്വാസിയുടെ ബാധ്യതയാണ്‌. അക്ഷരാർത്ഥത്തിൽ ഇത് ഉൾക്കൊണ്ടുള്ള ധന്യമായ ജീവിതമായൊരുന്നു അവരുടേത്. നാട്ടിലും പരിസര പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവരെക്കുറിച്ചു ആദ്യമറിയുന്നത് ഹാഫസത്തയിലൂടെയായിരുന്നു. അപ്പോൾ തന്നെ അവരിറങ്ങും. അനാരോഗ്യം നോക്കാതെ പ്രതിസന്ധിക്കളെ ഗൗനിക്കാതെ ജന സേവനത്തെ ആസ്വദിച്ചുകൊണ്ടുള്ള ഇറക്കം. ജനസേവനത്തിന്റെ നിശബ്ദ വീഥിയിലൂടെ അവർ നടന്നു നീങ്ങും.

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിന്റെ കാലത്തും നിശബ്ദയായിട്ടായിരുന്നു അവരുടെ ജനസേവനം. സമൂഹത്തിൽ കാരുണ്യം തേടുന്ന വേദനിക്കുന്നവരെക്കുറിച്ച് ഞങ്ങൾ അറിയുന്നത് ഹഫ്‌സതയിലൂടെ ആയിരുന്നു. നിശബ്ദ ജനസേവകർക്ക് എന്നും പ്രചോധനമായിരുന്നു അവരുടെ ജീവിതം. ജനസേവനത്തെ കുറിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു പാഠ പുസ്തകമായിരുന്നു അവരുടെ ജീവിതം. പ്രതിസന്ധികളിൽ തീർത്തും ആശ്വാസമായിരുന്നു അവരുടെ വാക്കുകൾ.അപരന്റെ വേദന സ്വന്തം വേദനയായിക്കണ്ടു അവർക്ക് സാന്ത്വനവും സ്നേഹവും  പരിഗണയും പരിചരണവും നൽകാൻ എന്നും മുന്നിലായിരുന്നു അവർ. വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിലൂടെ പ്രാർത്ഥനകളിലൂടെ അവർ നൽകുന്ന ഊർജം വിവരനാതീതമായിരുന്നു.

ഹഫ്‌സത്തയുടെ വിയോഗം  സൃഷ്ടിച്ച വിടവ് നിലനിൽക്കുന്നുണ്ടെങ്കിലും ജനസേവന  വീഥിയിലൂടെ അതിവേഗം നിശബ്ദമായി മുന്നേറാൻ അവരുടെ ഒരു പിടി ഓർമ്മകൾ ഞങ്ങൾക്ക് പ്രചോദനമാണ്.

ഇർഷാദ് അബ്ദുള്ള, ഹസീന ഇർഷാദ്.

===============

05.കര്‍‌മ സാക്ഷ്യം

സാമൂഹ്യ സേവന രം‌ഗത്തെ ഗുണഭോക്താക്കളുടെ ഹ്രസ്വമായ അനുസ്‌മരണങ്ങള്‍

 -----------

പ്രിയപ്പെട്ട ഉമ്മ

നിവ്യ സത്യൻ

ഞാൻ നിവ്യ. കോഴിക്കോട് ജില്ലക്കാരിയാണ്. 2022 ലാണ് ഞാൻ ഹഫ്‌സത്ത് എന്ന് പേരുള്ള എന്റെ ഉമ്മയെ ആദ്യമായി കാണുന്നത്.അന്ന് ഞാൻ msw വിനു പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു.എനിക്ക് അഭിനയത്തിൽ പ്രത്യേക താല്പര്യമുണ്ട്. അങ്ങിനെ യാസർകാക്കാടെ മുടി എന്ന ടെലിഫിലിമിൽ അഭിനയിക്കാനാണ് അന്ന് പാടൂരിലെത്തിയത്. കൂടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ആ ദിവസം ഉമ്മാടെ സ്നേഹം നിറഞ്ഞ സൽക്കാരം സ്വീകരിച്ചു അവിടെ താമസിച്ചു. പിറ്റേന്ന് രാവിലെ അച്ഛൻ നാട്ടിലേക്ക് പോയി. എനിക്കും അമ്മക്കുമായി അവർ വീടിന്റെ മുകള്‍‌ഭാഗത്ത് ഏർപ്പാടാക്കി തന്നു. ആ താമസം ആറേഴു ദിവസം നീണ്ടു നിന്നു. സമയാസമയങ്ങളിൽ ഉമ്മ ഞങ്ങൾക്ക് ഭക്ഷണം ഒരുക്കിത്തന്നിരുന്നു. വീടിന്റെ തട്ടിൻപുറം ഞങ്ങളുടെ ലോകമായിരുന്നു. അലക്കും തോരയിടലും എല്ലാം അവിടെ തന്നെ. അപ്പോഴൊക്കെ ഞങ്ങൾക്ക് ഒരാശങ്കയുണ്ടായിരുന്നു. ഇങ്ങിനെ ഒക്കെ അധികാരം കാണിച്ചാൽ ആ വീട്ടുകാർക്ക് എന്ത് തോന്നും. അവർക്ക് അതൃപ്തി ഉണ്ടാവുമോ എന്നൊക്കെ. എന്നാൽ അങ്ങനെ ചിന്തിച്ചത് തന്നെ പാപമായിരുന്നുവെന്ന് തുടർന്നുള്ള ദിവസങ്ങളിലെ ഉമ്മാടെ സ്നേഹ വായ്പ്പും ആദിത്യമര്യാദകളും അനുഭവിച്ചറിഞ്ഞപ്പോഴാണ് മനസ്സിലായത്. എന്തിനധികം, ഞാനും അമ്മയും ദിവസങ്ങൾക്കു ശേഷം അവിടെന്ന് മടങ്ങുന്നേരം ആ പ്രിയപ്പെട്ട ഉമ്മാനെ കെട്ടിപ്പുണർന്നു കരഞ്ഞിട്ടാണ് മടങ്ങിയത്. തുടർന്നുള്ള നാളുകളിൽ ഫോൺ വഴിയും വാട്‌സാപ്പ് വഴിയും ഉമ്മയുമായി ബന്ധം ഉണ്ടായിരുന്നു. ഞാൻ പരീക്ഷയിൽ ജയിച്ചതും അധികം വൈകാതെ കണ്ണൂരിലൊരിടത്തു ജോലിയിൽ കയറിയതും എല്ലാമെല്ലാം ഉമ്മയെ അറിയിക്കാറുണ്ടായിരുന്നു.മാത്രമല്ല ഞങ്ങൾ കുടുംബസമേതം ഉമ്മാനെ സന്ദർശിക്കാൻ ഒരു നാൾ വരികയുണ്ടായി. കൂടാതെ പല പല പ്രാവശ്യങ്ങളിലും ഞാൻ ഉമ്മാടെ സ്നേഹ വാത്സല്യം ആസ്വദിക്കാൻ പാടൂരിൽ എത്താറുണ്ടായിരുന്നു.

ഉമ്മാടെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും എനിക്ക് വിലപ്പെട്ടതായിരുന്നു. ഉമ്മാക്ക് അസുഖമാണെന്ന് അറിഞ്ഞതിനാൽ മരിക്കുന്നതിന്റെ രണ്ടു മാസം മുമ്പ് ഞാൻ ഉമ്മാനെ കാണാൻ എത്തിയിരുന്നു. എന്റെ വീട്ടിലേക്ക് ഒരു ദിവസം പാർക്കാൻ ഉമ്മ വരാമെന്ന് പറഞ്ഞതായിരുന്നു. ഉമ്മ ഒന്നുരണ്ട് പ്രാവശ്യം ഉപ്പയെയും മിക്കിയെയും കൂട്ടി വരാൻ ശ്രമിച്ചിരുന്നതായും അറിഞ്ഞിരുന്നു. ഞങ്ങളുടെ പ്രതീക്ഷ അസ്ഥാനത്താക്കികൊണ്ട് ഉമ്മ യാത്രയായി. ആ വിവരം ഞെട്ടലൂടെയാണ് അറിഞ്ഞത്. അന്നെ ദിവസം എനിക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല. എന്നാൽ ഉമ്മാടെ അനുശോചനയോഗത്തിൽ എനിക്കെത്താൻ കഴിഞ്ഞതിൽ ഞാൻ കൃഥാർത്തയാണ്. അന്നവിടെ ഉമ്മാടെ കൂട്ടുകാരികൾ എന്നെ സവിശേഷമായ നിലയിൽ സ്വീകരിച്ചത് അവർക്ക് എന്റെ ഉമ്മയോടുള്ള അടുപ്പത്തിന്റെ ആഴം കൊണ്ടാണെന്നു ഞാൻ തിരിച്ചറിഞ്ഞു. ഹഫ്‌സത്ത് എന്ന എന്റെ ഉമ്മാക്ക് ആത്മശാന്തി നേരുന്നു.

നിവ്യ സത്യൻ

കോഴിക്കോട്.

=========

ദൈവ ഭക്തയായ ഹഫ്‌സ

ഡോ.ജയന്തി

ഗുരുവായൂരിനടുത്തു മമ്മിയൂരിൽ ഉള്ള നാച്ചേഴ്‌സ് ജീവാലയംഎന്ന പേരിൽ നടത്തിപൊരുന്ന പ്രകൃതി ചികിത്സാ കേന്ദ്രത്തിലേക്ക് ഇടക്കല്ലാം ചികിത്സക്കായി വന്നിരുന്ന അബ്‌ദു റഹ്‌മാനിക്കായിലൂടെയാണ് ഞാൻ പരേതയായ ഹഫ്‌സത്തിനെ പരിചയപ്പെടുന്നത്. ഭർത്താവിന്റെ കൊച്ചു കൊച്ചു അസുഖങ്ങളെ കുറിച്ചു ആശങ്കയുള്ള അവർ അദ്ദേഹത്തിന്റെ ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ചും ശീലങ്ങളെ കുറിച്ചും കൂടെക്കൂടെ എന്നെ വിളിക്കുകയും മെസ്സേജുകൾ അയക്കുകയും ചെയ്തിരുന്നു. അത് വഴി ഞങ്ങളുടെ ഇടയിൽ കാലക്രമത്തിൽ എന്തോ ഒരു സൗഹൃദം കിളിർത്തു വരികയുണ്ടായി.

ഭർത്താവിന്റെ ആരോഗ്യവിഷയത്തിലുള്ള അവരുടെ കരുതലും ജിജ്ഞാസയും എനിക്കവരിൽ കൂടുതൽ മതിപ്പുളവാക്കി. സ്വന്തം അസുഖത്തെ കുറിച്ചും കൂട്ടുകാരികളുടെ അസുഖത്തെ കുറിച്ചും അവർ പലപ്പോഴും എന്നെ വിളിക്കാറുണ്ട്. എത്ര തിരക്കിലായാലും ഞാനപ്പപ്പോൾ തന്നെ ആവശ്യമായ ഉപദേശ നിർദേശങ്ങൾ കൊടുക്കാറുമുണ്ട്.എന്റെ നിർദേശങ്ങൾ പാലിച്ചു പ്രകൃതി ജീവനത്തെ ഉൾക്കൊണ്ടു ഭക്ഷണരീതിയും മറ്റും ചിട്ട പ്പെടുത്തുകയാൽ അവർക്ക് തന്റെ അസുഖങ്ങൾക്ക് കാര്യമായ കുറവുണ്ടെന്ന് പല പ്രാവശ്യവും നന്ദിയോടെ അറിയിച്ചിരുന്നു. അങ്ങിനെയാണ് പ്രകൃതി ചികിത്സയെക്കുറിച്ചും അനുബന്ധ വിഷയങ്ങളെ കുറിച്ചും തന്റെ നാട്ടുകാർക്ക്‌ ഒരു ക്ലാസ്സ്‌ എടുത്തു കൊടുക്കണമെന്നു എന്നോട് ആവശ്യപ്പെട്ടത്.അതനുസരിച്ചു കഴിഞ്ഞ വർഷം  ഒരു ദിവസം ഞാൻ പാടൂരിലെത്തുകയും ഒരു മദ്രസ്സ ഹാളിൽ സംഘടിപ്പിക്കപ്പെട്ട നിറഞ്ഞ സദസ്സിന് മുന്നിൽ നാച്ചുറോപതിയെകുറിച്ച് നീണ്ട ഒരു ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. 

പല സമുദായത്തിലും പെട്ട ഒട്ടേറെ സ്ത്രീ പുരുഷന്മാർ എന്റെ ക്ലാസ്സ്‌ ശ്രവിക്കാനായി എത്തിയിരുന്നു. അവരിൽ നിന്ന് പ്രസക്തമായ ധാരാളം ചോദ്യങ്ങൾ ഉണ്ടാവുകയും ഞാനവരുടെ സംശയങ്ങളെല്ലാം ദൂരകരിച്ചു കൊടുക്കുകയും ചെയ്തു. ഞാനവിടെ ഒരു പ്രഭാഷക ആയിട്ടല്ല എനിക്കനുഭവപ്പെട്ടത്,വളരെ ഇഷ്ടപ്പെട്ട ഒരതിഥി ആയിട്ടാണ്. നാളിത് വരെയുള്ള എന്റെ ആരോഗ്യ സേവനപ്രവർത്തനങ്ങൾക്കിടയിൽ ഏറെ സന്തോഷം നൽകിയ ഒരു സന്ദർഭം ആയിരുന്നു അത്. ഇതിന്റെ ഒക്കെ കടിഞ്ഞാൺ പിടിച്ചിരുന്നത് ഹഫ്‌സത്ത് എന്ന എന്റെ പേഷ്യന്റ് ആണ് എന്ന് കണ്ടപ്പോഴാണ് കക്ഷി ഒരു പൊതു പ്രവർത്തകയാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വ്യക്തിയാണെന്നുമൊക്കെ തിരിച്ചറിഞ്ഞത്. ഹഫ്‌സത്തിന്റെ പെരുമാറ്റത്തിലും സംസാരതിലുമൊക്കെ പൊതുവെ ഒരു നല്ല വ്യക്തിത്വം എനിക്ക് തോന്നിയിരുന്നു.ഭക്തിയുള്ള ഒരു മനസ്സായിരുന്നു അവരുടേത്.

ഇതൊരു പ്രകൃതി ചികിത്സാ കേന്ദ്രമായത് കൊണ്ടാവാം ഹഫ്‌സത്ത് ഇങ്ങോട്ട് കൊടുത്തയച്ചിരുന്ന പലതും  പ്രകൃതിക്കിണങ്ങുന്നതായിരുന്നു. മുളച്ച തേങ്ങയുടെ പൊങ്ങു, മുരിങ്ങയില, ചീരചേമ്പ് , മരച്ചീനി തണ്ട്, പൊന്നാങ്കണ്ണി ചീര, വാഴയുടെ ഉണ്ണിപ്പിണ്ടി... അങ്ങിനെ പലതും.നടാൻ കൊടുത്തയച്ച ചിലതെല്ലാം ഞങ്ങളുടെ തോട്ടത്തിൽ തഴച്ചു വളരുന്നുണ്ട്.

ഹഫ്‌സത്തും മകൻ മിക്ദാദും ഞങ്ങളുടെ സ്ഥാപനത്തിൽ താമസിച്ചു ചികിത്സ നേടിയവരാണ്. അവരുടെ ശരീരികാവസ്‌ഥ കണക്കിലെടുത്തു പരമാവധി നല്ല നിലയിൽ ചികിത്സ കൊടുക്കാൻ കഴിഞ്ഞതിൽ എനിക്ക് കൃതാർത്ഥതയുണ്ട്.ഹഫ്‌സത്തിന്റെ ആകസ്മികമായ മരണം എന്നെ വല്ലാതെ ദുഖിപ്പിച്ചു.അവരുടെ അകാലമായ വേർപാടിൽ ഞാനിവിടെ എന്റെ ആത്മാർത്ഥമായ അനുശോചനം രേഖപെടുത്തുന്നു.പരേതയുടെ ആത്മാവിന് നിത്യശാന്തിയുണ്ടാവട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

ഡോ.ജയന്തി

ഡയറക്‌ടര്‍ 

നാച്ചേഴ്‌സ് ജീവാലയം 

9048009190.

-------------------

ചിറകുള്ള മാലാഖയായിരുന്നു.

ഷരീഫ് ബാബു.

ഹഫ്‌സത്ത, പാടൂർ ഗ്രാമത്തിൽ വന്നത് മുതൽ അവരീ നാട്ടിൽ പറന്നു നടക്കുകയായിരുന്നു. അവിടങ്ങളിലെ പാവപെട്ടവർ പ്രയാസം അനുഭവിക്കുന്നവർ ആരും അറിയാതെ അവർക്ക് മാത്രം അറിയാവുന്നവരുടെ അടുക്കലേക്ക് തന്റെ കൂടെയുള്ളവരെയും വഹിച്ചു അവർ പറന്നു നടന്നിരുന്നു.

ചിലർക്ക് അവർ ഒരു ഉമ്മയെ പോലെ ആയിരുന്നപ്പോൾ മറ്റുചിലർക്ക് സഹോദരി അതുമല്ലെങ്കിൽ സ്വന്തം കൂടെപിറപ്പ് പരീക്ഷണങ്ങൾ ഏറെ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അവരുടെ വിശ്വാസം അവരുടെ നിയോഗം ദൃഡ നിശ്ചയം എല്ലാം ഉറച്ചതായതിനാൽ അവർക്ക് ഒരിക്കലും തന്റെ കർമ്മ മണ്ഡലത്തിൽ നിന്നും പിൻവലിയാൻ അവരെ നിർബന്ധിച്ചില്ല. അതെ, ഏറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ അവരുടെ കൈകളിലൂടെ നടന്നിരിക്കുന്നു.

ഇനി കാലങ്ങളോളം ഹഫ്‌സത്തയെ നമുക്ക് ഓർക്കാം മറക്കാതെ, അതുപോലെ ഒരാൾ ആ നാട്ടിൽ വരുന്നത് വരെ.അപ്പോഴും നമ്മുടെയിടയിൽ നിന്നും കൊഴിഞ്ഞു പോകുന്ന ഓരോ കുറവുകളും നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്. സ്വന്തം മരണത്തെക്കുറിച്ച് ചിന്തിക്കാതെ ഒഴിഞ്ഞു മാറുന്ന ഈ  സമയത്ത്.

കുടുംബത്തിനും ഗ്രാമത്തിനും നഷ്ടമായത് ഒരു ചിറകുള്ള മാലാഖയെ യായിരുന്നു.  ചെറിയ ഒരു വീഴ്ച്ചയെ തുടർന്നു കുറച്ചു നാൾ അവർ പ്രയാസത്തിലായിരുന്നെങ്കിലും അവസാന സമയം വരെ പരിചരിച്ച അവരുടെ ജീവിത പങ്കാളി കേലാണ്ടത്ത് അബ്‌ദുറഹിമാൻക്കയെ സ്നേഹാദരങ്ങളോടെയല്ലാതെ ഓർക്കാനാവില്ല. മൂന്നു മക്കളുടെ സ്നേഹവായ്‌പ്പുള്ള ഉമ്മയായി... ബന്ധുക്കൾക്ക് പ്രിയപ്പെട്ട ബന്ധുവായി.. നല്ല നാട്ടുകാരിയായി ആത്മ സുഹൃത്തായി ജീവിച്ച ഹഫ്‌സത്ത....സ്വസ്ഥതയില്ലാതെ ഒരു ചോദ്യം ബാക്കിയാക്കുന്നു... നല്ലവരും നീതിമാന്മാരും എന്തിന് ഈ വിധം കഷ്ട്ടപ്പെട്ടു പോകുന്നു......?

അല്ലാഹു അവർക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാവട്ടെ. അവരുടെ മഗ്ഫിറത്തിന്നായി ദുആ ചെയ്യാം.

ദീപ്‌തമായ ഓർമ്മകൾക്ക് മുന്നിൽ പ്രാർഥനയോടെ.

ഷരീഫ് ബാബു.

19.07.25

----------------

മാതൃകാ വനിത

ഹാഫി മുഹമ്മദ് 

-------------

കേലാണ്ടത്ത് അബ്‌ദുറഹ്‌മാൻക്കയുമായി കുടുംബപരമായുള്ള ആത്മ ബന്ധത്തിലൂടെയാണ് അദ്ദേഹത്തിന്റെ സഹധര്‍‌മിണി ഹഫ്‌സത്തയുമായി ഇടപഴകാനും അടുക്കാനും അറിയാനും അവസരമുണ്ടായത്.

തന്റെ നിയോഗം തിരിച്ചറിഞ്ഞ മഹതി എന്ന്‌ ഒറ്റവാക്കില്‍ ഹഫ്‌സത്തയെ കുറിച്ച് പറയനാകും.പാടൂരും പരിസര പ്രദേശങ്ങളിലുമുള്ള അശരണർക്ക് അവലം‌ബമായും അത്താണിയായും താങ്ങും തണലും സമാശ്വാസവുമായി ജീവിക്കാൻ അവര്‍‌ക്ക് സാധിച്ചു.

നാം അറിയാത്ത നമുക്ക് കയറി ചെല്ലാൻ കഴിയാത്ത ഒട്ടനവധി ഇടങ്ങളിലേക്ക് സ്വന്തം ആരോഗ്യസ്ഥിതി പോലും തൃണവൽഗണിച്ചു കൊണ്ട് ഊർജസ്വലയായി അവർ ഇറങ്ങി ചെന്നു,ഓരോ ന്യായമായ ആവശ്യങ്ങളും യഥാക്രമം യഥോചിതം അർഹതപ്പെട്ടവരിലേക്ക്,ഒരുവേള ഗുണഭോക്താക്കള്‍ പോലും അറിയാതെ എത്തിച്ചു നൽകി.

വിശുദ്ധ ഗ്രന്ഥത്തിലൂടെയും പ്രവാചകാധ്യാപനങ്ങളിലൂടെയും സ്വായത്തമാക്കിയ അറിവും തിരിച്ചറിവും ജീവിതത്തില്‍ പാലിച്ചു കാണിച്ചുകൊടുക്കാന്‍ ഈ മഹതിക്ക് ഭാഗ്യം ലഭിച്ചു.അതുകൊണ്ടാണ്‌ മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച് സഹജീവികളുടെ ദുഖങ്ങളിൽ പങ്കു ചേരാനും തനിക്ക്‌ ചുറ്റുമുള്ളവരിലേക്ക് വിശിഷ്യാ സ്ത്രീകൾക്ക് ദീനിന്റെ തൂവെളിച്ചം എത്തിച്ചു കൊടുക്കാനും തിരക്ക് പിടിച്ച വര്‍‌ത്തമാന സാഹചര്യത്തിലും അവർ‌ക്ക്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞത്.

അതെ, ഈ ദുനിയാവ് വളരെ ചെറുതാണെന്നും  നന്മകളിലൂടെ ജനഹൃദയങ്ങളിൽ എന്നെന്നേക്കുമായി ഇടം നേടാൻ കഴിയുമെന്നും അവർ തെളിയിച്ചു.ശാശ്വതമായ സ്വര്‍‌ഗീയമായ പരലോക ജീവിതമാണ് ഒരു വിശ്വാസിയുടെ അടിസ്ഥാന ലക്ഷ്യം എന്ന് നമുക്കെല്ലാം നല്ലൊരു സന്ദേശം നൽകിയാണ് അവർ തന്റെ കര്‍‌മ നിരതമായ ജീവിതത്തോട് വിടവാങ്ങിയത്. 

ഹഫ്‌സത്ത ഇടപെട്ടിരുന്ന കാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം പരമാവധി പരിഹാരം കണ്ടെത്താൻ അവര്‍‌ക്ക് കഴിഞ്ഞിരുന്നു എന്നത് അവരുടെ നിസ്വാര്‍‌ഥമായ പ്രവര്‍‌ത്തന നൈരന്തര്യത്തിന്റെ തെളിവായി മനസ്സിലാക്കുന്നു.

അവരുടെ പുണ്യ പ്രവർത്തനങ്ങൾക്ക് പടച്ച തമ്പുരാന്‍ തക്കതായ പ്രതിഫലം അനുഗ്രഹിച്ചരുളുമാറാകട്ടെ.. 

അവർ പരിപാലിച്ചും പരിപോഷിപ്പിച്ചും നടത്തിയിരുന്ന സാന്ത്വന സേവന കാരുണ്യ പ്രവർത്തനങ്ങൾ തുടര്‍‌ന്നും മുന്നോട്ട് കൊണ്ടു പോകാന്‍ പിന്‍‌മുറക്കാര്‍‌ക്ക് സാധിക്കട്ടെ എന്ന് പ്രാര്‍‌ഥിക്കുന്നു.

കുടുംബങ്ങൾക്ക് സര്‍‌വലോക പരിപാലകനായ നാഥന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ...

സ്വർഗീയാരാമത്തില്‍ ഉന്നതമായ സ്ഥാനം നൽകി കാരുണ്യവാനായ നാഥന്‍ അവരെ സ്വീകരിച്ച്  ആദരിച്ച് അനുഗ്രഹിക്കട്ടെ.ആമീൻ 

---------

സഹോദരൻ

ഹാഫി മുഹമ്മദ് 

ദുബായ്

-----------

നിയോഗം പൂര്‍‌ത്തിയാക്കിയ മഹതി

ഷരീഫ് ത്വാഹ പാടൂര്‍

അബ്ദുറഹ്‌മാന്‍, ഹ‌ഫ്‌സത്ത് ദമ്പതികളുടെ, പകിട്ടും പത്രാസുമില്ലാത്ത മനോഹാരമയ കൊച്ചു വീട് ഞാന്‍ സന്ദര്‍‌ശിച്ചിട്ടുണ്ട്.ആ വീടിന്റെ അകത്തളത്തില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞ ആദരവും ആതിഥ്യ രീതിയും സ്നേഹവും സൗഹൃദവും മനസ്സിനെ വല്ലാതെ സ്‌പര്‍‌ശിച്ചതു കൊണ്ടാണ്‌ വിശേഷിച്ച് എടുത്തുദ്ധരിക്കുന്നത്.

അത്യാകര്‍ഷകമായ അവരുടെ ആതിഥ്യമര്യാദ അക്ഷരാര്‍‌ഥത്തില്‍ ആശ്ചര്യപ്പെടുത്തി.വീട്ടിലെത്തിയ വിരുന്നുകാരന്‌ എന്തൊക്കെ കൊടുത്താലും മതിയായില്ല എന്ന്‌ തോന്നുന്ന ആതിഥേയരുടെ വിരുന്നൂട്ടലില്‍ വിളമ്പിയതിനെക്കാള്‍ മധുരമുള്ളതായിരുന്നു പ്രിയപ്പെട്ട ദമ്പതികളോടൊപ്പമുള്ള കുറച്ചു സമയത്തെ സഹവാസം.

ഹഫ്‌സത്ത അകത്തും പുറത്തും ഒരു യഥാർത്ഥ വിശ്വാസി/വിശ്വാസിനിയുടെ തല്‍ സ്വരൂപമായിരുന്നു. പൂര്‍‌ണാര്‍‌ഥത്തില്‍ സമൂഹത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞ്‌ വെച്ച മാതൃകാ വനിതയായിരുന്നു. 

പറഞ്ഞു ഫലിപ്പിക്കുന്നതിനെക്കാള്‍ ഭം‌ഗിയായി പ്രവര്‍‌ത്തിച്ച് പ്രസരിപ്പിക്കുന്നതായിരുന്നു ഈ മഹതിയുടെ സവിശേഷമായ സ്വഭാവ ശൈലി.

അറിവാണ്‌ ആയുധം അതു തന്നെയാണ്‌ ഏറ്റവും വലിയ സമ്പാദ്യവും എന്ന തിരിച്ചറിവില്‍ നിന്നായിരിക്കണം തങ്ങളുടെ മക്കളെ കഴിയാവുന്നത്ര വിദ്യാഭ്യാസം നല്‍‌കി വളര്‍‌ത്തി വലുതാക്കിയത്. അം‌ഗപരിമിതനായ മൂത്ത മകനെയും സകലവിധ യാതനകള്‍‌ക്കിടയിലും പരിപാലിക്കാനും പരിചരിക്കാനും അവര്‍‌ക്ക് കഴിഞ്ഞു.

തന്റെ നിയോഗം പൂര്‍‌ണാര്‍‌ഥത്തില്‍ പൂര്‍‌ത്തീകരിക്കാനുള്ള അശ്രാന്ത ശ്രമം അവര്‍ നടത്തി എന്നതിന്‌ അല്ലഹു സാക്ഷിയാണ്‌. അവരുടെ കര്‍‌മ മണ്ഡലത്തില്‍ വര്‍‌ണഭം‌ഗിയില്‍ പൊഴിച്ചിട്ട പൊന്‍ തൂവലുകള്‍ സാക്ഷിയാണ്‌. അവരുടെ നാടും അവര്‍‌ക്ക് ചുറ്റുമുള്ളവരും ഭാവി പിന്മുറക്കാരും സാക്ഷികളാണ്‌.

അബ്‌ദു റഹ്‌മാൻ കേലാണ്ടേത്തിന്റെ ഇണയായി പാടൂരിലെത്തി നിര്‍‌വഹിക്കാനുണ്ടായിരുന്ന എല്ലാ നിയോഗവും അവിരാമം നിവര്‍‌ത്തിച്ച് നാഥനിലേക്ക് ആത്മ നിര്‍‌വൃതിയോടെ തിരിച്ചു പോകാനുള്ള സൗഭാഗ്യം സിദ്ധിച്ച ആദരണിയയായ മഹതിയാണ്‌ ഹഫ്‌സത്ത്.

നന്മയുടെ പ്രസാരണത്തിനുതകുന്ന നിരവധി സൃഷ്‌ടിളുടെ രചയിതാവായ അബ്‌ദുറഹ്‌മാൻ, സാധ്യമാകുന്നത്ര വിവരവും വിദ്യാഭ്യാസവും കലാലയാന്തരീക്ഷത്തില്‍ നിന്നും വിശാലമായ വായനയില്‍ നിന്നും സ്വായത്തമാക്കി.തനിക്ക് കിട്ടിയ തൂവെളിച്ചം പകരാന്‍ പഴുതുള്ള സകല മുക്കു മൂലകളിലും സോദ്ധേശത്തോടെ അദ്ദേഹം പ്രസരിപ്പിച്ചു കൊണ്ടേയിരുന്നു.വാക്കിലും പ്രവര്‍‌ത്തിയിലും സത്യസന്ധത പുലർത്തി.

സാത്വികനായ അദ്ദേഹത്തിന്‌ അനുയോജ്യയായ ഇണയേയും അല്ലാഹു അനുഗ്രഹിച്ചു നല്‍കി.

ഈ ജീവിതത്തിൽ സം‌യുക്തമായ ഒരു ദൗത്യനിർവഹണ ജീവിതം നയിക്കാൻ ഇത്തരം പ്രതിജ്ഞാബദ്ധരായ വ്യക്തികളെ മാത്രമേ ലോകരക്ഷിതാവായ തമ്പുരാന്‍ ഒരേപാശത്തില്‍ ബന്ധിപ്പികുകയുള്ളു അതെ, അവർ ഇണയും തുണയും സമർപ്പിത ദമ്പതികളാണ്, അവർ‌ ഒരിക്കലും വിസ്‌മൃതരാകുകയില്ല.എന്നും എപ്പോഴും ഓർമിക്കപ്പെടും. ചരിത്രത്താളുകളിലെ തങ്കപ്പതക്കം പോലെ.

ഷരീഫ് ത്വാഹ പാടൂര്‍

------------------

പ്രാർത്ഥനാ നിർഭരമായ

ഒരനുസ്‌മരണം 

അശ്‌‌റഫ് ശ്രമദാനി

ജനിച്ചുവളർന്ന കുടുംബപശ്ചാത്തലം വ്യക്തിത്വ വളർച്ചയെ സ്വാധീനിക്കുന്ന ഘടകം തന്നെ. അതുകൊണ്ടാകണം ഫീദിലാലില്‍ ഖുര്‍‌ആന്‍ വിവർത്തകരിൽ ഒരാളായ വി.എസ് സലീം സാഹിബിന്റെ അരുമപ്പെങ്ങളുമായ ഹഫ്‌സത്ത് ഇടപഴകിയവർക്കൊക്കെയും പ്രിയങ്കരി ആയി തീർന്നത്.പിതാവ്‌ പണ്ഡിതനും മദ്രസ്സാ അധ്യാപകനും ആയിരുന്നു. 

സത്യവിശ്വാസികൾ പരസ്പരം സഹോദരങ്ങളാണ് എന്ന ദിവ്യബോധനത്തിന്റെ ചില അനുബന്ധങ്ങൾ ബഹ്‌റൈൻ പ്രവാസകാലത്ത് ഗസ്സാൻ അബ്ദുറഹ്‌മാൻ ശനാഇ എന്ന ഫലസ്‌‌തീൻ എഞ്ചിനീയർ പറഞ്ഞത് ഇവിടെ ഓർക്കുന്നു.ഒരു മുസ്ലിമായ എന്നോട് അയാൾ പ്രകാശിപ്പിച്ചിരുന്ന സ്നേഹബന്ധം മറ്റു രണ്ട് ഇന്ത്യൻ എഞ്ചിനീയർമാർക്ക്‌ അൽപ്പം വർഗ്ഗീയമായി തോന്നിയത് പറയുക തന്നെ ചെയ്തു. പുഞ്ചിരിച്ചു കൊണ്ടു തന്നെ ഗസ്സാൻ പ്രതികരിച്ചു:അശ്‌റഫ് വിശ്വാസത്തിൽ എന്റെ സഹോദരനാണ്.നിങ്ങൾ എനിക്ക്  മനുഷ്യ സഹോദരൻമാർ. നിങ്ങൾക്ക് അശ്‌റഫ് ഇന്ത്യൻ സഹോദരൻ.സാഹോദര്യത്തിന്റെ വിശാലമായ വഴികൾ.

ഈ എല്ലാവഴികളിലും ഹഫ്‌സ താൻ ആർജ്ജിച്ചെടുത്ത നന്മ  സഹാനുഭൂതി  ആർദ്രത ആതിഥേയത്വം ഇസ്ലാം പ്രചോദിത പ്രേരിത മാനവികത കഴിവിൻപടി വിവേചനമെന്യേ നിർലോഭം നിർവ്വഹിച്ചു പോന്നു.  അതിന് താങ്ങും തണലും പ്രേരണയുമായി ഇണ അബ്‌‌ദുറഹ്‌മാന്‍ കൂട്ടിനും.

മൂത്തമകൻ മിഖ്‌ദാദിന്റെ നാമനിർദ്ദേശത്തിൽ ഞാൻ വഹിച്ച പങ്ക് ഇത്തരുണത്തിൽ അനുസ്‌മരിക്കുന്നു.എന്റെ ഇണ ഒരിക്കൽ വിദേശത്തായിരുന്നപ്പോൾ ഒരു നോമ്പ് തുറനേരം സഹോദരൻ അബ്‌ദുറഹ്‌മാന്‍ വശം ഹഫ്‌സത്ത് കൊടുത്തുവിട്ട വിഭവങ്ങൾ ഓർമയുടെ ചെപ്പിൽ ഇന്നും രുചി പ്രസരിപ്പിക്കുന്നുണ്ട്.പ്രിയപ്പെട്ടവളുടെ ഒരാത്മാർത്ഥ കൂട്ടുകാരിയായി അടയാളപ്പെടുത്തപ്പെട്ട ഒരു മഗ്‌രിബ്.

മുഖസ്‌തുതി പറയുന്നവരെ മണ്ണു വാരി എറിയുക എന്ന് തിരുദൂതർ പറഞ്ഞതായി സാക്ഷ്യപ്പെടുത്തിയത് മിഖ്‌ദാദ് (റ ) ആണെന്ന ഓർമയിൽ വിടപറഞ്ഞ സഹോദരി ഹ‌ഫ്‌സക്കും മക്കൾക്കുമായി വിശിഷ്യാ മിഖ്‌ദാദിനായി സഹോദരൻ അബ്‌ദുറഹ്‌മാനായി ഇഹപര നന്മകൾക്ക് പ്രാർത്ഥിച്ചു കൊണ്ട്.

അശ്‌‌റഫ് ശ്രമദാനി

------------

സേവനസന്നദ്ധയായ ഹഫ്‌സത്ത

അബ്‌‌ദുല്‍‌ ലത്തീഫ്, വാക്കയിൽ.

നമ്മുടെ നാടിനെയും സമൂഹത്തെയും നിറഞ്ഞ മനസ്സോടെ സേവിച്ച ഹഫ്‌സത്തയുടെ വേർപാട് വേദനയോടെ മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു.ഏറ്റവും അടുത്ത അയൽവാസി ആയിരുന്നതുകൊണ്ടാവും ഒരു സഹോദരിയുടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും സമീപനവുമായിരുന്നു  ഞങ്ങളോട് ഹഫ്‌സത്ത പുലർത്തിയിരുന്നത്. അടുത്ത ഏതാനും വർഷങ്ങളായി ഹ‌ഫ്‌‌സത്തയുമായുള്ള ആശയവിനിമയം സജീവമായിരുന്നു. എപ്പോൾ വിളിക്കുമ്പോഴും ജാതി മത ഭേദമെന്യേ കഷ്ടപ്പെടുന്നവരുടെ വിവരങ്ങൾ പറയാനും അവർക്ക് എന്തെങ്കിലും സഹായമെത്തിക്കുവാനുമുള്ള കാര്യങ്ങൾ സംസാരിക്കാനുമാണ് അവർ കൂടുതൽ താല്‍‌പര്യം കാണിച്ചിരുന്നത്. ആ നാളുകളിലെല്ലാം ഇത്ത ഗുരുതരമായ രോഗ പീഡയാൽ പ്രയാസം അനുഭവിക്കുകയായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നു. എന്നാൽ ഒരിക്കൽ പോലും സ്വന്തം ശാരീരിക അസ്വസ്ഥതകളെ കുറിച്ചോ താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമതകളെ കുറിച്ചോ ഒന്നും പറഞ്ഞിരുന്നില്ല.  എല്ലായിടത്തും മറ്റുള്ളവരുടെ ദുഃഖം കുറക്കാനും അവരെ ഉയർത്തി പിടിക്കാനുമായി അവരുടെ സമയവും ആരോഗ്യവും ചിലവഴിച്ചത്.

ഇസ്ലാമിക പ്രവർത്തനങ്ങളിലും അതോടനുബന്ധിച്ചു ള്ള ചാരിറ്റി പ്രവർത്തനങ്ങളിലും അവർ പുലർത്തി പോന്ന പ്രതിബദ്ധത അനവധി കുടുംബങ്ങൾക്കും വ്യക്തികൾക്കും പ്രതീക്ഷയുടെ വിളക്കായി മാറിയിട്ടുണ്ട്.

ഇന്ന് അവരെ നഷ്ടപെട്ടപ്പോൾ മനസ്സിലായി,അവരുടെ അസാന്നിധ്യം നികത്താൻ ആവാത്ത ഒരു വിടവ് തന്നെയാണെന്ന്.  എങ്കിലും അവർ വിതച്ച കരുണയുടെ വിത്തുകൾ നമ്മുടെ ഇടയിൽ നിരന്തരം വിശ്വാസവും കര്‍‌മോത്സുകതയും നനമ്യോടുള്ള ആഭിമുഖ്യവും വളർത്തി കൊണ്ടിരിക്കും.

അള്ളാഹു അവരെ അനുഗ്രഹീതരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ.സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ.ഒട്ടേറെ ജന്മങ്ങൾക്ക് പ്രചോദനം ആവുന്നിടത്തോളം സ്വന്തം ജീവിതത്തെ ഉന്നതിയിലെത്തിച്ച ഹഫ്‌സത്തയോടുള്ള ഓർമകളും സ്നേഹാദരവുകളും എന്നുമെന്നും നില നിൽകുമാറാവട്ടെ എന്ന പ്രാർത്ഥനയോടെ....

അബ്‌‌ദുല്‍‌ ലത്തീഫ്, വാക്കയിൽ.

------------

മരിക്കാത്ത ഓര്‍‌മകള്‍

ഉസ്‌മാന്‍ തറയിൽ (അലെെന്‍)

''മരിച്ചയുടനെ നിങ്ങൾ മറക്കപ്പെടാതിരിക്കാൻ ഒന്നുകിൽ വായിക്കാൻ കൊള്ളാവുന്നവ വല്ലതും എഴുതുക, അല്ലെങ്കിൽ എഴുതാൻ കൊള്ളാവുന്നവ ചെയ്യുക''

- ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

ഈ വരികള്‍ ഞാനിന്ന് ഓര്‍ക്കുന്നത് അള്ളാഹുവിന്റെ വിളിക്കുത്തരം നല്‍കി അവനിലേക്ക് തിരിച്ചു പോയ ഹഫ്‌സത്ത് എന്ന ഇത്തയെകുറിച്ച് നാലു വാക്ക് എഴുതാനിരിക്കുമ്പോഴണ്. കാരുണ്യം, ദയ ,ആർദ്രത, സ്നേഹം...ഇതെല്ലാം ഒരു മനസ്സിന്റെ ഉള്ളില്‍ നിന്നും തന്റെ സഹജീവികളിലേക്കെത്തിക്കുകയും അവിടെ മനുഷ്യരെ വേര്‍തിരിവില്ലാതെ കാണാന്‍ കഴിയുന്നു എന്നുള്ളതും ഹഫ്‌സത്തയെ സംബന്ധിച്ചിടത്തോളം എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.

കനിവിന്റെ കടലായി ഓരോ പാടൂര്‍ക്കാരുടെയും അടുത്തേയ്ക്ക് അവരെത്തുമ്പോള്‍ ആശ്രയത്തിന്റെയും ആശ്വാസത്തിന്റെയും ആ സുഗന്ധമറിയാത്തവര്‍ പാടൂരില്‍ വിരളമായിരിക്കും. വിശേഷിച്ചും വീട്ടമ്മമാരില്‍.

ദീര്‍ഘകാലമായി പ്രവാസിയായ ഞാനും ഭാര്യ ഹസീനയും മകനും കൂടി ലീവിന് നാട്ടിൽ വന്ന നാള്‍  ഏറെ കാലത്തെ പരിചയവും സ്നേഹവുമുള്ള കേലാണ്ടത്ത് അബ്‌‌ദുറഹ്‌മാന്‍ക്ക ഞങ്ങളെ ഒരു നേരം വീട്ടിലേക്ക് ക്ഷണിച്ചു.അന്നാ വീട്ടിൽ നിന്ന് ഹഫ്‌സത്ത ഞങ്ങൾക്കായി വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കിത്തന്നു  ഞങ്ങളെ യാത്രയയക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ ഭാര്യ പങ്കുവയ്ക്കുകയുണ്ടായി.

അന്നാണ് സത്യത്തില്‍ ഞാന്‍ ഹഫ്‌സത്ത് എന്ന ഇത്തയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.ഈ കൂടിക്കാഴ്ച്ച കഷ്ടിച്ച് മൂന്നു വർഷങ്ങൾക്ക് മുമ്പാണ് എന്നാണെന്റെ ഓർമ. പിന്നീട് ഭാര്യ ഹസീന ഹഫ്‌സത്തയുടെ ഉറ്റ സുഹൃത്തും പറഞ്ഞറിയിക്കാനാവാത്ത വിധം സഹോദര്യ ബന്ധത്തിലുമായി.തുടർന്ന് നിരന്തരം അവർ തമ്മിൽ ആശയവിനിമയം നടത്തികൊണ്ടിരുന്നു. അവയിൽ കൂടുതലും ദീനീ വിഷയങ്ങളായിരുന്നു എന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.

ഹഫ്‌സത്താക്ക് മാറി മാറി അസുഖങ്ങൾ ഇടയ്ക്കിടെ വരാറുണ്ട് എന്ന വിവരമൊക്കെ അബ്‌‌ദുറഹ്‌മാൻക്കയുമായുള്ള സംഭാഷണങ്ങളിൽ ഞാനറിയാറുണ്ട്. അതങ്ങ് ഭേദമായെന്നും പറയാറുണ്ട്. ഏതായാലും

ജീവിച്ചിരുന്ന കാലമത്രയും സ്വന്തമായ അസുഖം മറച്ചുവച്ച് ദീനിയായ കാര്യങ്ങള്‍ക്കുവേണ്ടി സമൂഹത്തിലിറങ്ങി പ്രവര്‍ത്തിച്ച ഹഫ്‌സത്തയുടെ ഖബര്‍ വിശാലമാക്കി അള്ളാഹു അവര്‍ക്ക് സ്വര്‍ഗ്ഗപൂങ്കാവനം നല്‍കുമാറാകട്ടെ, ആമീന്‍.

ഹഫ്‌സത്ത നമ്മളെവിട്ട് പോയതിനുശേഷം അനുശോചനാര്‍ത്ഥം ഒരു ഗൂഗിള്‍ മീറ്റ് സംഘടിപ്പിക്കുകയുണ്ടായി. വിവിധ ദേശങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും പല മേഖലയിലും പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകള്‍ അതില്‍ പങ്കെടുത്തിരുന്നു. എനിക്കും അതില്‍ പങ്കെടുക്കാന്‍ സാധിച്ചു. പലരുടെയും വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മനസ്സില്‍ തട്ടിയ വിങ്ങലുകളായിരുന്നു.

ഇടക്കെപ്പഴോ ചിലരുടെ കണ്ഠമിടറി വാക്കുകള്‍ കണ്ണുനീരായി പ്രവഹിക്കുന്നത് കണ്ടപ്പോള്‍ കരയരുത് എന്ന് എപ്പോഴും എല്ലാവരോടും പറഞ്ഞിരുന്ന എന്റെയും കണ്ണുകൾ നിറഞ്ഞു.

പലരും പറയാറില്ലേ മരിച്ചു കഴിഞ്ഞാലേ അവരുടെ നന്മകള്‍ പുറത്തു വരൂ എന്ന്. എത്ര ശരിയാണത്. ചിലര്‍ ഓര്‍ക്കാന്‍ വിട്ടു പോയതാവാം. അവിടെ പങ്കെടുത്തവരില്‍ പലരും സഹോദര മതങ്ങളിലുള്ളവരായിരുന്നു. ജാതി മത ഭേദമെന്യേ സ്വന്തം സത്വത്തിലും താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലും ഉറച്ചുനിന്നുകൊണ്ടുതന്നെ മനുഷ്യരെ ഒന്നായി കാണാനും അവരെ ചേര്‍ത്തു നിര്‍ത്താനും ഹഫ്‌സത്ത കാണിച്ചുതന്ന ആ പാത നമ്മള്‍ ഓരോരുത്തര്‍ക്കും മാതൃകയണ്.

'' അനുസ്‌മരണ മീറ്റില്‍ പങ്കെടുത്തില്ല എങ്കില്‍ ഇത്രയും ആഴത്തില്‍ മനുഷ്യ മനസ്സുകളെ കീഴടക്കിക്കഴിഞ്ഞ ഒരു വ്യക്തിയെ കാണതെ പോകുമായിരുന്നു ''. ഞാനറിയുന്ന ഒരാള്‍ പിന്നീട് ഫോണില്‍ വിളിച്ച് എന്നോട് ഇത് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് ഇനിയും കുറേയേറെ ജീവിക്കണ്ടവരായിരുന്നു ഈമഹതി എന്നാണ്.

ഹഫ്‌സത്ത കാര്യമായ അസുഖബാധിത ആയിരുന്നെങ്കിലും അതാരേയും അറിയിക്കാതെയാണ് ഈ സഹജീവി സ്നേഹം അവര്‍ പ്രകടമാക്കിയിരുന്നത്. വീട്ടിലെ അടുക്കള തോട്ടത്തില്‍ വിളയെടുത്ത പച്ചക്കറികള്‍ എന്റെ വീട്ടിലേയ്ക്കും അവര്‍ കൊുത്തു വിട്ടിരുന്നു.

''നമുക്കൊരാള്‍ നമ്മളെ ഓര്‍ക്കുന്നു എന്ന തെളിവ് ഇതില്‍പരം എന്തു വേണം''ഒരു ദിവസം ഭാര്യ ഹസീന ഇതു പറഞ്ഞപ്പോള്‍ അന്നത്ര കാര്യമാക്കിയില്ലെങ്കിലും ഇന്ന് ഹഫ്‌സത്തയെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്നു  നമുക്കതിനല്ലേ കഴിയൂ..

ഹ‌ഫ്‌സത്ത ഇന്ന് നമ്മളോടൊപ്പമില്ലെങ്കിലും മറക്കാനാവാത്ത ആ മുഖവും ജീവിതവും നമ്മുടെ മനസ്സില്‍ എന്നും ഉണ്ടാവും..അള്ളാഹു അവരുടെ ആത്മാവിന് അനുഗ്രഹം ചൊരിയുമാറാവട്ടെ.

ഉസ്‌മാന്‍ തറയിൽ (അലെെന്‍)

-----------

നിഷ്‌കളങ്കയായ മഹതി

നൂര്‍‌ജഹാന്‍ റഷീദ്

പാടൂര്‍ കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍‌ക്കാടെ സഹധര്‍‌മിണി ഹഫ്‌സത്തയെ കുറിച്ച് ഒരുപാട് പറയാനുണ്ട്.രണ്ടര പതിറ്റാണ്ട് മുമ്പ് ആദ്യമായി ഖുര്‍‌ആന്‍ ക്ലാസ്സ് എടുക്കാന്‍ പാടൂരിലെത്തിയത് ഇപ്പോഴും ഓര്‍‌മയിലുണ്ട്.അന്നത്തെ ക്ലാസ്സ് നന്നായി ഇഷ്‌ടമായി.പരസ്‌പരം പരിചയപ്പെട്ടു, കൂടുതൽ അടുത്തു. സ്നേഹോഷ്‌മളമായ ബന്ധം ഭംഗിയായി നിലനിര്‍‌ത്തിപ്പോന്നു.

അബ്‌ദുറഹ്‌മാന്‍‌ക്കയും എന്റെ ഭര്‍‌ത്താവും നല്ല സുഹൃത്തുക്കളാണ്‌.

ഇടക്കിടെ ഖുര്‍‌ആന്‍ ക്ലാസ്സിന്‌ വിളിക്കും.സഫ്‌നാടെ വീട്ടില്‍ ക്ലാസിന്‌ വരുമ്പോള്‍ പോകും.എന്തെങ്കിലും കാരണത്താല്‍ ക്ഷണം സ്വീകരിക്കാനാകാത്ത അവസ്ഥയില്‍ സ്‌നേഹത്തോടെ ശകാരിക്കും.ഖുര്‍‌ആന്‍ ഗ്രൂപ്പില്‍ പാരായണം ചെയ്യാതിരുന്നാലും വഴക്ക് പറയും.അനുസരണയോടെ അവരുടെ ഫോണില്‍ പാരായണം ചെയ്‌ത് പോസ്റ്റ് ചെയ്യും.സമയമെടുത്ത് കേട്ടതിനു ശേഷം പ്രതികരിക്കും.തെറ്റുകള്‍ സ്‌നേഹബുദ്ധ്യാ തിരുത്തി തരും.ഹഫ്‌സത്തയുടെ നിഷ്‌കളങ്കമായ സ്‌നേഹ ശാസനകള്‍ നല്ല ഇഷ്‌ടത്തോടെ ആസ്വദിച്ചിരുന്നു.

മൂന്ന് വര്‍‌ഷങ്ങള്‍‌ക്ക് മുമ്പ് എന്റെ ഭര്‍‌ത്താവിന്‌ സുഖമില്ലാതായപ്പോള്‍ ഒരു മാലാഖയെപ്പോലെ പറന്നു വന്നു എന്നെ സഹായിച്ചു.എല്ലാ അര്‍‌ഥത്തിലുള്ള സഹായ സഹകരണങ്ങളും ഈ മഹതിയില്‍ നിന്നും അനുഭവിക്കാനായി.അവസരത്തിനൊത്ത് ഉയരാനും ഉണരാനും അപരന്റെ ആവശ്യങ്ങള്‍ കണ്ടറിയാനും തൊട്ടറിയാനും കഴിഞ്ഞിരുന്ന സ്‌നേഹ നിധിയായിരുന്നു ഹഫ്‌സത്ത.അവരുടെ ഓര്‍‌മകള്‍‌ക്ക് മുന്നില്‍ കണ്ണീരോടെ ...

പ്രാര്‍‌ഥനയോടെ

നൂര്‍‌ജഹാന്‍ റഷീദ്

------------

ഓര്‍‌മകളിലൂടെ
സുബൈദ യൂസുഫ് 

എന്റെ മദ്രസ്സാ പഠനകാലത്താണ്‌ ഹഫ്‌സത്തയുടെ വിവാഹം നടക്കുന്നത്.വീട്ടില്‍ വെല്ലിമ്മ പറയുന്നത് കേട്ടു കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍ വിവാഹം കഴിച്ചത് ഒരു ടീച്ചറിനെയാണെന്ന്‌.ഒരു ദിവസം മദ്രസ്സ വിട്ട് വരുമ്പോള്‍ നവദമ്പതികള്‍ സ്‌കൂട്ടറില്‍ വരുന്നത് കണ്ടു.വളരെ കൗതുകത്തോടെയാണ്‌ ഞാനത് നോക്കി കണ്ടത്.കാരണം ഇണകള്‍ ഒരുമിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നത് വിരളമായിരുന്നു.പോരാത്തതിന്‌ ഇസ്‌ലാമിക വേഷത്തിലും.

എന്റെ പതിനഞ്ചാമത്തെവയസ്സിലാണ്‌ ഹഫ്‌സത്തയെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരനായ മകനെയും (മിഖി) എടുത്ത് ക്ലാസില്‍ വരുന്ന ഒരു ഉമ്മയിലൂടെയാണ്‌ ഹഫ്‌സത്തയെ കാണുന്നത്.ഒട്ടേറെ പരിമിതികളുള്ള ആകുട്ടിയെ കഷ്‌ടപ്പെട്ട് പരിപാലിക്കുന്ന ഉമ്മ എല്ലാ ഉമ്മമാര്‍‌ക്കും മാതൃകയായിരുന്നു.

ആകര്‍‌ഷകമായ വ്യക്തിത്വത്തിന്‌ ഉടമയായ ഹഫ്‌സത്ത എന്റെ എല്ലാമായിരുന്നു. അവരുമായി ഇടപഴകിയ എല്ലാവരുടെയും എല്ലാമായിരുന്നു. ആദ്യമൊക്കെ മിഖ്‌ദാദിന്റെ അധ്യാപിക എന്ന നിലയിലാണ്‌ പരിചയപ്പെടുന്നത്.കുടും‌ബപരമായി പരസ്‌പരം അറിയുന്നതിനാല്‍ താമസിയാതെ തന്നെ ആ കുടും‌ബത്തിലെ ഒരു അം‌ഗമാവാന്‍ എനിക്ക് കഴിഞ്ഞു.പ്രത്യേകമായി എന്ത് പാകം ചെയ്‌താലും എനിക്കൊരു വിഹിതം തീര്‍‌ച്ചയായും ഉണ്ടാകുമായിരുന്നു.

മിഖിയെ നടക്കാനും സം‌സാരിപ്പിക്കാനും പ്രാപ്‌തനാക്കാനുള്ള സകല ശ്രമങ്ങളും അശ്രാന്തം നടന്നുകൊണ്ടിരുന്നു.വൈകുന്നേരങ്ങളില്‍ പ്രോത്സാഹ ജനകമായ ചെറിയ ചെറിയ ഉദ്യമങ്ങള്‍ മുടക്കമില്ലാതെ നടന്നിരുന്നു. രണ്ട് വശങ്ങളില്‍ കയറ് കെട്ടി അതില്‍ പിടിച്ച് നത്താനുള്ള ശ്രമങ്ങള്‍ ഒടുവില്‍ ഫലം കണ്ടു.നഴ്‌സറികാലം മുതലുള്ള കടുത്ത ശ്രമങ്ങളില്‍ മിഖ്‌ദാദിന്‌ നടക്കാനും വാക്കുകള്‍ ഉച്ചരിക്കാനും കഴിയുമാറ് മാറ്റങ്ങളുണ്ടായി.മിഖ്‌ദാദ് ഒരുവിധം ഭേദപ്പെട്ട രീതിയില്‍ സം‌സാരിച്ചു തുടങ്ങിയത് എപ്പോഴാണെന്നു ഓര്‍‌ക്കുന്നില്ല.ഏതായാലും ഒരു ഉമ്മയുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍ വിവരണാതീതമാണ്‌.

ഏകദേശം 3 വര്‍‌ഷക്കാലത്തെ ഹഫ്‌സത്തയോടൊപ്പമുള്ള ആധ്യാപക ജീവിതം ജീവിത വീക്ഷണങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍‌ക്ക് കാരണമായ കാലമായിരുന്നു.ഒരു പാരമ്പര്യ മുസ്‌ലിം കുടും‌ബാന്തരീക്ഷത്തിലെ കേവല നാട്ടു നടപ്പ് മതചിന്താ രീതിയില്‍ നിന്നും മാറി ഉണര്‍‌വും ഊര്‍‌ജ്ജവും പകരുന്ന പുതിയൊരു ദിശാബോധത്തിലേക്ക് അഥവാ ഹഫ്‌സത്തയുടെ ശിഷ്യയായി മാറാന്‍ കഴിഞ്ഞത് ജീവിതത്തിലെ സൗഭാഗ്യമായി കരുതുന്നു.

1995 ലായിരുന്നു എന്റെ വിവാഹം.ബന്ധുമിത്രാധികളുടെ സന്തോഷം പോലെ ഹഫ്‌സത്തയുടെ കുടും‌ബവും സന്തോഷത്തില്‍ പങ്കുചേര്‍‌ന്നു.വിവാഹ ശേഷവും പാടൂരില്‍ തന്നെ ആയതിനാല്‍ ഊഷ്‌മളമായ ബന്ധം തുടര്‍‌ന്നും പരിപാലിച്ചു പോന്നു.

ഇതിന്നിടയില്‍ വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ ഹഫ്‌സത്ത അഭിമുഖീകരിച്ചു.എന്നാല്‍ ഇതൊന്നും തന്റെ പ്രബോധന പ്രവര്‍‌ത്തനങ്ങള്‍‌ പാഠം വെച്ചു നില്‍‌ക്കാനുള്ള ഉപാധിയായി അവര്‍ കണ്ടില്ല.ഒരു വിശ്വാസി വിശ്വാസിനി എങ്ങനെ ജീവിക്കണം നമുക്ക് കരണീയമായത് എന്തൊക്കെ എന്ന് പറഞ്ഞും ഫലിപ്പിച്ചും അതിലുപരി പ്രവര്‍‌ത്തിച്ചും കാണിച്ചു തന്നിരുന്ന മഹദ് വ്യക്തിത്വമായിരുന്നു ഹഫ്‌സത്ത.സ്‌നേഹ സൗഹാര്‍‌ദ്ദത്തോടെ ആരോടും ഇടപഴകുകയും സം‌സാരിച്ചും സം‌വദിച്ചും വൈജ്ഞാനികമായ നുറുങുകള്‍ കഴിയും വിധം പര്‍ചരിപ്പിച്ചും പ്രസരിപ്പിച്ചും അവര്‍ നാടു നീളെ നടന്നു.ചിലപ്പോള്‍ ഒറ്റക്കും മറ്റു ചിലപ്പോള്‍ അതിന്‌ തയാറായവരുമായും അവര്‍ ഇറങ്ങി നടന്നു.ആരൊക്കെ എന്തൊക്കെ ചെയ്‌തു എന്നതല്ല തനിക്ക് എന്തു ചെയ്യാനാകും എന്നതിലായിരുന്നു അവരുടെ ശ്രദ്ദ.ഒരു പക്ഷെ ഇതായിരിക്കണം എന്നെ ആകര്‍‌ഷിച്ച ഘടകവും.

8 വര്‍‌ഷങ്ങള്‍‌ക്ക് മുമ്പ് ഒരു പരീക്ഷണത്തിന്‌ വിധേയയായപ്പോള്‍ ഒരു ഉമ്മയെപ്പോലെയായിരുന്നു ഹഫ്‌സത്തയെ എനിക്ക് അനുഭവപ്പെട്ടത്.എന്നെ സന്ദര്‍‌ശിക്കുകയും ആശ്വസിപ്പിക്കുകയും ആവശ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും അന്വേഷിക്കുകയും നിവര്‍‌ത്തിച്ചു തരികയും ചെയ്യുമായിരുന്നു.എന്ത് സഹായം വേണമെങ്കിലും ഒരു മടിയും കാണിക്കാതെ പറയാനും ചോദിക്കാനുമുള്ള പൂര്‍‌ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു വരെ എന്നെ ഉണര്‍‌ത്തുമായിരുന്നു.എന്റെ മെസ്സേജുകള്‍ കാണാതെവന്നാല്‍ ഇങ്ങോട്ട് കാര്യം തിരക്കി അന്വേഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു പ്രിയപ്പെട്ട ഹഫ്‌സത്ത.ഇനിയില്ല ആ അന്വേഷണം എന്നോര്‍‌ക്കുമ്പോള്‍ സങ്കടം അടക്കാനാകുന്നില്ല.

ലോകമെമ്പാടും സ്‌തം‌ഭിച്ചു നിന്ന കൊറോണക്കാലം വലിയ സാന്ത്വനവും ആശ്വാസവുമായിരുന്നു.ഉമ്മയെപ്പോലെയല്ല ഉമ്മ തന്നെയായിരുന്നു അവര്‍.

ധാനദര്‍‌മങ്ങളും ബൈത്തുല്‍ മാലും കൃത്യമായി പിരിച്ചെടുക്കുന്നതിലും അര്‍‌ഹരായവര്‍‌ക്ക് കൊടുക്കുന്നതിലും ശുഷ്‌കാന്തി കാണിക്കുമായിരുന്നു. ഒരിക്കല്‍ എന്റെ വിഹിതം ലഭിക്കാത്തതിനെ ചൊല്ലിയുള്ള വര്‍‌ത്തമാനത്തില്‍ അതിന്റെ മതപരമായ ധര്‍‌മം അം‌ഗങ്ങളെ ഉണര്‍‌ത്തിയത് ഓര്‍‌മയില്‍ വരുന്നുണ്ട്.

നന്മയുടെ മാര്‍‌ഗത്തിലെ പ്രവര്‍‌ത്തന നൈരന്തര്യം എനിക്ക് കൂടുതല്‍ പ്രചോദനം നല്‍‌കുകയും അതുവഴി പലരുമായും കാര്യങ്ങള്‍ ഗ്രഹിപ്പിക്കാനും വിശുദ്ധ ഖുര്‍‌ആനിന്റെ പഠിതാക്കളാക്കാനും സാധിച്ചതും ജീവിതത്തിലെ വലിയ നേട്ടങ്ങളാണ്‌.പാടൂര്‍ എന്ന ഗ്രാമത്തിന്റെ മുക്ക് മൂലകളില്‍ നന്മയുടെ സേവനത്തിന്റെ വിളക്കും വെളിച്ചവും കൊണ്ട് പുതിയ വഴികള്‍ തെളിയിച്ച ഹഫ്‌സത്തയെ കുറിച്ച് എത്ര കുറിച്ചാലും മതിയാവുകയില്ല.

നാളെ നമ്മെ എല്ലാവരെയും ഹഫ്‌സത്തയോടൊപ്പം ജന്നാത്തുല്‍ ഫിര്‍‌ദൗസില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ എന്ന പ്രാര്‍‌ഥനയോടെ
  
 സുബൈദ യൂസുഫ് 
-------------
ഓര്‍‌മകളിലെ നോവ്
സുബൈദ അഷ്റഫ്

ഹഫ്‌സയെ കുറിച്ച് എഴുതാൻ തുടങ്ങുമ്പോൾ ഒരുപാട് വർഷങ്ങൾ വളരെയധികം ആഴത്തിൽ കൊണ്ടു നടന്ന ഒരു ആത്മബന്ധം,കുറേ ഓർമകൾ, എല്ലാം ഇപ്പോൾ വേദനകളായി.സ്നേഹ മാർന്ന വെളിച്ചം നൽകി ആത്മാർത്ഥമായി കൈപിടിച്ച ഒരു സഹോദരി അതായിരുന്നു ഹഫ്‌സ. പെരുമാറ്റം, മനസ്സിന്റെ ശാന്തത, ചിന്താവിഷ്കാരങ്ങൾ എല്ലാം മററുള്ളവരുടെ ഹൃദയം നിറയുന്ന തരത്തിലായിരുന്നു.

ഹഫ്‌സ വീട്ടിൽ വന്നാൽ വല്ലാത്ത സന്തോഷമാണ്. ഹഫ്‌സയും മകൾ സെബിയും ഞാനും മക്കളും ഒരുമിച്ചുള്ള നമസ്കാരങ്ങളും ,അതിന് ശേഷം ഒരു മിച്ചിരുന്നുള്ള ക്ലാസ്സുകളും ഒരു മസ്ജിദിന്റെ പ്രതീതിയായിരുന്നു. ഇന്ന് ഞാൻ ഒരു ഹൽഖ പ്രവർത്തകയായി എന്തെങ്കിലും ചെയ്യുന്നതിന് പിന്നിൽ ഹഫ്‌സയില്‍ നിന്നും ലഭിച്ച പ്രചോദനവും പ്രോത്സാഹനവുമാണ്‌.

പാടൂരിൽ അവര്‍ ഖുർആൻ ക്ലാസ്സുകൾ നടത്താത്ത ഭാഗങ്ങളില്ല. അവിടേക്കെല്ലാം സഹപ്രവർത്തകരേയും കൂടെ കൊണ്ടുപോകും.ഹഫ്‌സ നൽകിയ ഉർജ്ജം നഷ്ടപ്പെടാതെ ഞങ്ങളിൽ നിലനിർത്തണേ നാഥാ...
അവര്‍‌ക്ക് ജന്നാത്തുൽ ഫിർദൗസ് നൽകി അനു ഗ്രഹിക്കണേ നാഥാ...
സ്വർഗ്ഗ പൂന്തോപ്പിൽ ഞങ്ങളെ ഒരുമിച്ചു കൂട്ടണേ നാഥാ .... (ആമീൻ)

 സുബൈദ അഷ്റഫ്
------------
സ്‌നേഹനിധി
ലബിത ബാസിത്

ഹഫ്‌സത്തയെ കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ എനിക്കറിയില്ല എന്ത് എഴുതണം ഹഫ്‌സത്ത് എനിക്ക് ആരായിരുന്നു എന്നൊന്നും എനിക്കാവില്ല.2010 ൽ ആണ് ഞാൻ അവരെ പരിചയപ്പെടുന്നത് അന്ന് സാധാരണ രണ്ട് വ്യക്തികൾ പരിചയപ്പെടുന്നതുപോലെ ആയിരുന്നു. എനിക്ക് അറിയില്ലായിരുന്നു ആരാണ് ഇവർ എന്ന്. 

എന്നെ വിവാഹം കഴിച്ചു കൊണ്ടുവന്ന വീട്ടിൽ വച്ചാണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് അവർ  മകൾ പഠിക്കുന്ന സ്ഥലത്തായിരുന്നു താമസം. അവിടുന്ന് അധികം വൈകാതെ തന്നെ സെബിയുടെ പഠിത്തം കഴിഞ്ഞ് അവർ പാടൂരിലേക്ക് തന്നെ തിരിച്ചെത്തി. പിന്നെ പിന്നെ പള്ളിയിൽ വെച്ച് ആ ഉമ്മയെയും മക്കളെയും കാണാൻ തുടങ്ങി. മക്കൾ എന്ന് പറയുമ്പോൾ സെബിയും മിക്കിയും. അന്നുമുതൽ ഞാനും സെബിയും വളരെ അടുപ്പമുള്ള കൂട്ടുകാരികളായി പിന്നെ ഹഫ്‌സത്ത് മെസ്സേജ് അയക്കും എന്താ ലബിതാ വിശേഷം, സുഖമല്ലേ. അങ്ങനെ അങ്ങനെ പലതും ചോദിക്കുകയും പറയുകയും ചെയ്തു. എൻ്റെ ഉമ്മ അല്ലാതെ എന്നോട് അത്ര അടുപ്പത്തിൽ ആരും അന്വേഷിക്കാത്ത പോലെ. ചിലപ്പോൾ തോന്നും എന്തിനാ ഇവർ എന്നോട് ഇങ്ങനെ ചോദിക്കുന്നെ, അന്വേഷിക്കുന്നെ, എന്നൊക്കെ. അതാണ് ഹഫ്‌സത്താ എന്ന് മനസ്സിലായി. പിന്നീട് അത് മാറി ഈ അടുത്ത കാലങ്ങളിൽ എനിക്ക് ഹഫ്‌സത്തയുടെ മെസ്സേജ് ഇങ്ങനെയായിരുന്നു ലബിത ഇന്ന് ഹൽഖക്ക് പോകുമ്പോൾ ഞാനും ഉണ്ട് എന്നെക്കൂടി കൊണ്ടുപോകണം എന്ന് .ഖുർആൻ ക്ലാസിൽ പോകുമ്പോൾ മോള് ഇതുവഴി വരണം ഞാനുമുണ്ട് അങ്ങനെ അങ്ങനെ എനിക്ക് മനസ്സിലായി എന്നിലെ മടി ഹഫ്‌സത്ത മനസ്സിലാക്കി എന്ന്.ഹഫ്‌സത്ത പറഞ്ഞാൽ എങ്ങനെ പോകുന്നില്ല എന്ന് പറയുക, ആ ഞാൻ വരാം എന്ന് പറയും. അങ്ങനെ ഞങ്ങൾ ഒരുമിച്ച് ഹൽഖകൾക്കും, ഖുർആൻ ക്ലാസിനും, ജുമുഅക്കും ഒക്കെ പോയി. ഇന്ന് പള്ളിയിൽ പോകുമ്പോൾ ഞാൻ മിക്കിയെ കണ്ടു അല്ലാഹു ആ മോൻക്ക് ക്ഷമ നൽകട്ടെ,ഹഫ്‌സത്തയുടെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

ലബിത ബാസിത്
-----------
ഹഫ്‌സത്ത മരിച്ചിട്ടില്ല
സുലോജന

ഒരു സൗഹൃദവേദിയില്‍ വെച്ച് ഒരു പതിറ്റാണ്ട് മുമ്പാണ്‌ ഹഫ്‌സത്തയെ കണ്ടുമുട്ടിയത്.പ്രസ്‌തുത സമാഗമം ആത്മബന്ധമായി വളര്‍‌ന്നു.എല്ലാ ഓരോരോരുത്തരുടെയും വിശേഷങ്ങള്‍ അന്വേഷിക്കുകയും,പ്രയാസപ്പെടുന്നവര്‍‌ക്ക് കഴിയാവുന്ന സഹായ സഹകരണങ്ങള്‍ എത്തിച്ചു കൊടുക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുമായിരുന്നു.രോഗികള്‍‌ക്ക് വേണ്ടി കഴിയും വിധം സേവനങ്ങള്‍ എത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധയായിരുന്നു.സാമ്പത്തികമായും അവശ്യമരുന്നുകള്‍ ല്‍ഭ്യ്മാക്കുന്നതിലും അവര്‍ കാണിച്ചിരുന്ന സേവന സന്നദ്ധത മാതൃകാപരമായിരുന്നു.

സാന്ദര്‍‌ഭികമായി ഒരു കാര്യം ഉണര്‍‌ത്തട്ടെ സഹോദരി ഭര്‍‌ത്താവ് ഷാജി നമ്മുടെ പ്രദേശത്തുകാര്‍‌ക്കൊക്കെ സുപരിചിതനാണ്‌.അദ്ദേഹം ഇപ്പോള്‍ രോഗശയ്യയിലാണ്‌.ഇദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ നേരിട്ടും ടലഫോണിലൂടെയും ഹഫ്‌സത്ത അന്വേഷിച്ചറിയുമായിരുന്നു.ഷാജിയുടെ മകളുടെ കല്യാണത്തിന്‌ പ്രത്യേക സാമ്പത്തിക സഹായവും ചെയ്‌തിരുന്നു.

ഹഫ്‌സത്തെ വിടപറഞ്ഞുവെങ്കിലും നമ്മുടെയൊക്കെ ഉള്ളില്‍ ഹഫ്‌സത്ത ജീവിരിക്കുകയാണ്‌.

സുലോജന
(സുലു) 
--------------
ആകാശം കീഴടക്കിയ വര്‍‌ണ്ണക്കിളി
ഷമീറ നാസര്‍

വൈകുന്നേരങ്ങളിലെ വിശ്രമ സമയത്ത് പ്രിയപ്പെട്ടവര്‍ ചോദിച്ച ചോദ്യം ഓര്‍‌മയിലെത്തി.ഹഫ്‌സത്തയെ കുറിച്ച് എന്തെങ്കിലും എഴിതിയോ..? എന്നായിരുന്നു അവര്‍ ആരാഞ്ഞിരുന്നത്.
അവരെ കുറിച്ച് എന്തെഴുതാന്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് മുന്നോട്ട് പോകാനും പ്രകാശമാന്മായ പച്ചതുരുത്ത് കണ്ടെത്താനുമുള്ള മനോധൈര്യമുള്ള മഹതി.ഒന്നും ഒന്നിന്റെയും അവസാനമല്ല എന്ന പോസിറ്റീവ് വൈബുള്ള വ്യതിയായിരുന്നു അവര്‍.തകര്‍‌ന്നു പോകുമെന്ന് കരുതുന്ന ഘട്ടങ്ങളില്‍ പോലും ആത്മധൈര്യത്തോടെ നേരിടാന്‍ ഈമാനികമായ കരുത്തുള്ള വിശ്വാസിനി.

കൂട്ടു കൂടുന്നവരെയൊക്കെ ഹൃദയത്തോട് ചേര്‍‌ത്തു നിര്‍‌ത്താന്‍ കെല്‍‌പുള്ള സ്വഭാവമഹിമയുള്ളവള്‍.ചെറിയവരോടും വലിയവരോടും ജാതിമതഭേദമന്യേ ഹൃദയബന്ധം കാത്തു സൂക്ഷിച്ചവള്‍.വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും സദ്‌ഫലങ്ങള്‍ മാത്രം നല്‍‌കുന്ന ഉത്തമ വൃക്ഷമായിരുന്നു അവര്‍.ഓര്‍‌മകളില്‍ നിന്നും പെട്ടെന്നു ഞെട്ടി ഉണര്‍‌ന്നപോലെ.എന്നാണ്‌ അവരെ ആദ്യമായി കണ്ടത്.

വിവാഹ ജീവിതത്തിന്റെ ആദ്യകാലത്ത്,പെരുന്നാളിന്‌ തറവാട് വീടിന്റെ മുറ്റത്ത് നില്‍‌ക്കുമ്പോള്‍ അവരുടെ ശബ്‌ദം 'പെരുന്നാളായിട്ട് വീട്ടില്‍ പോകുന്നില്ലേ..?ശബ്‌ദം കേട്ടു എന്നാല്‍ ആളെകണ്ടില്ല.ഉപ്പ ഉമ്മയോടായി പറഞ്ഞു.കേലാണ്ടത്ത് അബ്‌ദു റഹ്‌മാന്റെ ഭാര്യ ഹഫ്‌സയാണ്‌.ലഖുലേഖകളിലൂടെ സുപരിചിതനായ കേലാണ്ടത്ത് അബ്‌ദു റഹ്‌മാന്‍ എന്ന് മനസ്സ് പറഞ്ഞു.സ്‌നേഹാദ്രമായ അന്വേഷണത്തിന്റെ ശബ്‌ദം കാതില്‍ തങ്ങി നിന്നു.

പിന്നെയും കുറെ കഴിഞ്ഞിട്ടാണ്‌ നേരില്‍ അവരെ കണ്ടത്.നല്ല മഴക്കാറുള്ള ഒരു ദിവസം കുത്തിയൊഴുകുന്ന പുഴയിലൂടെ ഭയടോടെ ചങ്ങാടത്തില്‍ മകനുമായി പോകുമ്പോള്‍,പതുക്കെ സലാം ചൊല്ലി അടുത്ത് വന്നു നിന്നു സ്വയം പരിജയപ്പെടുത്തി അവര്‍ ചേര്‍‌ന്നു നിന്നു.മഴപെയ്യില്ലെന്ന ആശ്വാസവാക്കും.മാന്യമായ വേഷവിതാനവും സൗമ്യമായ പെരുമാറ്റവും വിനയവും എല്ലാം നല്ലമതിപ്പ് തോന്നി.

മറ്റൊരിക്കല്‍ ഹഫ്‌സത്തയും പ്രിയതമനും വീട്ടില്‍ വന്നു.ഉപ്പാക്കും ഉമ്മാക്കും അവരെ പെരുത്ത് ഇഷ്‌ടമായിരുന്നു.തിരിച്ചും അങ്ങിനെ തന്നെ,നന്മയുടേയും നേരിന്റെയും സന്തത സഹചാരികള്‍.ഹഫ്‌സത്താടെ വലിയ പ്രത്യേകത ആരുമായും ഇടപഴകുമ്പോള്‍ ഓരോരുത്തരും മനസ്സിലാക്കുന്നത് അവരോട് പ്രത്യേക സ്‌‌നേഹമാണെന്നായിരിക്കും.സത്യത്തില്‍ എല്ലാവരും അവരുടെ പ്രിയപ്പെട്ടവരായിരുന്നു എന്നതത്രെ.

ദീനി പ്രവര്‍‌ത്തനങ്ങളിലൂടെ അവര്‍ പ്രസരിപ്പിച്ച പ്രകാശിപ്പിച്ച വഴിയും വെട്ടവും മാതൃകാപരമായിരുന്നു.ബാല്യകാല മദ്രസ്സാ പഠനങ്ങളിലൊന്നും കിട്ടാതെ പോയ ഒട്ടേറെ അറിവുകളുടെ നുറുങ്ങുകള്‍ അവരില്‍ നിന്നാണ്‌ പകര്‍‌ന്നു കിട്ടിയത്.വിശുദ്ധ ഗ്രന്ഥത്തിന്റെ അംനോഹരമായ പാരായണവും ആഴത്തിലുള്ള സാരാം‌ശങ്ങളും ദൈനം ദിന പ്രാര്‍‌ഥനകളും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍‌മയില്‍ തെളിഞ്ഞു വരുന്നു.അവര്‍ പഠിപ്പിച്ച പ്രാര്‍‌ഥനകള്‍ യഥാ സമയം അനുവര്‍‌ത്തിക്കുമ്പോള്‍ അവരുടെ മുഖം കണ്ണാടിയിലെന്നപോലെ തെളിഞ്ഞു വരും.ത്വിലാവത്തിന്റെ സുജൂദില്‍ വീഴുമ്പോള്‍ ഈ മഹതിയെ ഓര്‍‌ക്കാതിരിക്കുന്നതെങ്ങനെ പ്രാര്‍‌ഥനകള്‍‌ക്കായി കൈകളുയര്‍‌ത്തുമ്പോള്‍ എങ്ങിനെ ഓര്‍‌ക്കാതിരിക്കും ഈ മഹതിയെ.

എല്ലാം ഓര്‍‌ത്ത് കണ്ണടച്ച് പച്ച തുരുത്ത് തിരയുമ്പോള്‍ സ്വപ്‌നത്തില്‍ നിന്നെന്നപോലെ പിടഞ്ഞെഴുന്നേല്‍‌ക്കുന്നു.മുറ്റത്ത് പറന്നിറങ്ങുന്ന പൈങ്കിളികളുടെ ചിറകടി ശബ്‌ദം.അകലെ ആരാമങ്ങളില്‍ നിന്നും വിവരണാതിതമായ സുഗന്ധിപ്പൂവിന്റെ തൂമണം.പഞ്ചവര്‍‌ണ്ണക്കിളികളുടെ കിലുകിലെ ശബ്‌ദം.കസ്‌തുരിഗന്ധം പരത്തുന്ന ഇളം തെന്നല്‍.ഇക്കിളികള്‍ക്കിടയില്‍ അന്തമായ മാനത്ത് ഹഫ്‌സത്ത.

ഷമീറ നാസര്‍
-----------------
പറയാതെ പറന്നു പോയവള്‍
ദൗലത്ത് തിരുവനന്തപുരം

ഞാൻ ദൗലത്ത്. തിരുവനന്തപുരം പാളയം പള്ളിയിൽ ദീർഘ കാലം സേവനമനുഷ്ഠിച്ചിരുന്ന പ്രഥമ ഇമാം മർഹൂം അബുൽ ഹസൻ അലി നൂരിയുടെ ഒമ്പതു മക്കളിൽ ഒരുവളാണ്. പാളയത്ത് തന്നെ യായിരുന്നു ഞങ്ങളുടെ താമസം. പാളയത്ത് തന്നെ ഞങ്ങൾക്ക്  ഒരു മീഡിയ സ്ഥാപനമുണ്ടായിരുന്നു. ലെറ്റർ പ്രസ്സും സ്ക്രീൻ പ്രിന്റ്റിങ്ങും പരസ്യ കമ്പനിയും എല്ലാം കൂടിയുള്ള ഒരു സമുച്ചയം. ഒരു നിമിത്തമെന്ന പോലെ ഞങ്ങളുടെ സ്ഥാപനത്തിൽ പാടൂരിലെ അബ്ദു റഹ്‌മാൻ സാഹിബ്‌ ഓൾ ഓവർ മാനേജർ ആയി കുറച്ചു കാലം ജോലി ചെയ്തിരുന്നു.

അത്യാവശ്യം ദീനീ വിജ്ഞാനമുള്ള അബ്ദു‌റഹ്‌‌മാൻ സാഹിബ്‌ ഒട്ടും താമസിയാതെ വാപ്പയുടെ ഉറ്റ സുഹൃത്തായി മാറി. അത് പോലെ തന്നെ എന്റെ ആറു സഹോദരങ്ങൾക്കും എആർ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. അങ്ങനെ എആർ ഞങ്ങളുടെ കുടുംബ സുഹൃത്ത് മാത്രമല്ല കുടുംബത്തിലെ അംഗം പോലെ തന്നെ ആയി. ആ നാളുകളിൽ 'ഹഫ്‌സത്ത് ' നെ കുറിച്ച് ഞങ്ങളോടെല്ലാം നിറഞ്ഞ വായിൽ പറയാറുണ്ടായിരുന്നു. അങ്ങിനെയാണ് പരേതയായ ഹഫ്‌സത്തയും ഞങ്ങൾക്ക് പരിചിതയായത്. 

ആദ്യമാദ്യം ഫോൺ വഴിയുള്ള ബന്ധമായിരുന്നു ഞാനും ഹഫ്‌സത്തയും തമ്മിൽ. ദീർഘനേരമായിരുന്നു ഞങ്ങളുടെ സംസാരം. അതിൽ ദീനീ വിഷയങ്ങളായിരുന്നു ഇത്തയുടെ ഭാഗത്തു നിന്ന് അധികം കിട്ടിയിരുന്നത്. പിന്നെ ജീവിതത്തിലെ സ്വകാര്യ വിഷമങ്ങളും പ്രതിസന്ധികളുമൊക്കെ പരസ്പരം പങ്ക് വെക്കും. എല്ലാം റബ്ബിന്റെ പരീക്ഷണമാണെന്നും സഹനത്തിന്റെ പ്രതിഫലം വമ്പിച്ചതാണെന്നും ഇത്ത എന്നെ പലപ്പോഴും ഉൽബോധിപ്പിക്കറുണ്ട്. 

എത്ര പ്രയാസങ്ങൾ അനുഭവിക്കുമ്പോഴും ഇത്ത തികഞ്ഞ ആത്മ വിശ്വാസത്തിലും സന്തുഷ്ടിയിലും ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്ക് മറ്റാരേക്കാളും മനോഹരമായി ആശ്വാസവാക്കുകൾ പല സന്ദർഭങ്ങളിലും നൽകിയിട്ടുള്ളത്  ഹഫ്‌സത്തയാണ്. എന്റെ ഭർതൃ വീട്ടിലേക്ക് ഇത്ത മൂന്നോ നാലോ പ്രാവശ്യം എ.ആറും മിക്കിയുമായി വന്നിട്ടുണ്ട് എന്നത് ഞാൻ സന്തോഷത്തോടെ ഓർക്കുന്നു.സബീഹാടെ വിവാഹ തലേന്ന് ഞാനും എന്റെ സഹോദരൻ അഷ്‌ഹറും കൂടി പാടൂരിൽ വന്നിട്ടുണ്ട്. അന്ന് ഇത്തയോടൊത്തു ഇത്താടെ കട്ടിലിലിരുന്നു ഒരു പാട് നേരം സംസാരിക്കാൻ സാധിച്ച ആ മുഹൂർത്തം ഞാനിപ്പോഴും ആത്മ നിർവൃതിയോടെ ഓർക്കുന്നു. ഹഫ്‌സത്തയുമായുള്ള എന്റെ ബന്ധത്തിന്റെ വ്യാപ്തിയിൽ എന്റെ സഹോദരനും നാത്തൂനും മക്കളും ഒരു നാൾ ഇത്താടെ വീട്ടിൽ വിരുന്ന് വരെ പോയിട്ടുണ്ട്. മനസ്സുകളെ അടുപ്പിക്കാനുള്ള ഹസ്ഫത്താടെ ഈമാനികമായ മികവാണ് ഈ സൗഹാർദ്ദങ്ങൾക്കെല്ലാം കാരണം എന്ന് ഞാൻ മനസ്സിലാക്കുന്നു.

ഇനിയും കൂടുതൽ കാലം ആ ഇത്തയുമായി ഏറെ സംസാരിക്കാനും നേരിൽ കാണാനും കൊതിച്ചവളാണ് ഞാൻ. പക്ഷെ വിധി അവരെ ബർസഖിലേക്ക് കൊണ്ട് പോയി. ആ വാർത്ത അത്യന്തം ദുഖത്തോടെയാണ് ഞങ്ങൾ കേട്ടത്. ഞാനും എന്റെ ആങ്ങളയും കൂടി അന്ന് തന്നെ പാടൂരിലെത്തിയിരുന്നു. പക്ഷെ അപ്പോഴേക്കും മയ്യത്ത് എടുത്തു കഴിഞ്ഞിരുന്നു. ഒരു നോക്ക് കാണാൻ സാധിച്ചില്ല. അല്ലാഹുവിന്റെ വിധി അങ്ങിനെ ആയിരിക്കാം... കരുണാവാരിധിയായ അള്ളാഹു ആ മഹതിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.

 ദൗലത്ത്. തിരുവനന്തപുരം
--------------
മനസ്സുകളില്‍ ഇടം പിടിച്ച ഹഫ്‌സ
മൈമൂന അബ്‌ദുല്‍ വാഹിദ്

ആദ്യകാലത്ത് വെങ്കിടങ്ങില്‍.മൂസ മൗലവിയുടെ വീട്ടിൽ വെച്ചായിരുന്നു ഹല്‍‌ഖകള്‍ നടന്നിരുന്നത്.ഹഫ്സയായിരുന്നു നാസിമത്ത്. കാലടി ശരീഫത്തയും  സുബൈദയും ജമീലയും,  റാബിയത്തയും , ഉമ്മുത്തയും, കയ്യുണ്ണിയും ഒക്കെ ആയിരുന്നു ആദ്യകാല പ്രവർത്തകർ.

ഹഫ്‌സ ഞങ്ങൾക്ക് ഹദീഥ്‌ ഒക്കെ എഴുതിത്തരും.ഞങ്ങൾ അതൊക്കെ പഠിക്കുമായിരുന്നു. എല്ലാവരും പഠിച്ച് കാണുന്നത് ഹഫ്‌സാക്ക് നിർബന്ധവും സന്തോഷവുമായിരുന്നു.ആരെ എവിടെ കണ്ടാലും അവരെയൊക്കെ കൂട്ടി ക്ലാസ്സ് സംഘടിപ്പിക്കും. വയ്യാന്ന് പറഞ്ഞ് ഇരിക്കുകയില്ല. എല്ലാത്തിനും കൂടെ പിന്തുണ നൽകി ഭർത്താവ് അബ്‌‌ദു റഹിമാൻ കൂടെയുണ്ടാവും. ഹഫ്സയെ കുറിച്ച് നല്ലത് മാത്രം പറയാനുള്ളൂ. ഒരിക്കൽ കണ്ടാൽ പിന്നെ ആരും മറക്കില്ല.വിടപറഞ്ഞപ്പോഴഅണ്‌ വില അറിയുന്നത്. 

എന്ത് സാധനം ഉണ്ടാക്കിയാലും മകൾ സെബിടെ കയ്യിൽ കൊടുത്തയക്കും. പഴവും മാങ്ങയുമൊക്കെ കൊടുത്തയക്കും. പ്രിയപ്പെട്ടവര്‍‌ക്ക് എന്തെങ്കിലും കൊടുത്തയക്കുമ്പോൾ വലിയ സന്തോഷമായിരുന്നു. സ്നേഹമുള്ള മനസ്സാണ്. പരിചയപ്പെട്ട ഓരോ വ്യക്തിയുടെ മനസ്സിലും ഹഫ്‌സയുണ്ട്.

മൈമൂന അബ്‌ദുല്‍ വാഹിദ്
--------------
സുക്കൂൻ്റെ ഹഫ്‌സത്ത
ഷീബ നബീൽ  

തൈക്കാട് പള്ളിയിൽ നിന്ന് സുബ്ഹ് നമസ്കരിക്കണോ അതോ വീട്ടിൽ നിന്ന് നമസ്കരിച്ചിട്ടിറങ്ങിയാൽ മതിയോ എന്ന് ചർച്ച ചെയ്യുമ്പോഴേക്കും ബ്രഹ്മകുളം പള്ളിയിൽ നിന്ന് ബാങ്ക് വിളി കേൾക്കാനായി ......

കോട്ടയത്ത് എൻ്റെ മൂത്തുമ്മാൻ്റെ പേരക്കുട്ടിയുടെ കല്യാണത്തിനു പോകാൻ എന്നെയും മകനെയും അദ്ദേഹം ട്രെയിനിൽ കയറ്റി തിരിച്ചു പോയപ്പോൾ എന്തുകൊണ്ടോ സന്തോഷത്തിനു പകരം വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. എവിടേക്ക്  പോയാലും ഒരുമിച്ചുള്ള യാത്രകളാണല്ലോ നമ്മെ സന്തോഷിപ്പിക്കുക.

ഗുരുവായൂർ മധുരൈ എക്സ്പ്രസ് പാഞ്ഞു പോകുമ്പോൾ  മനോഹരമായ കാഴ്ചകളും മഴക്കാറോടു കൂടിയ പ്രഭാതവും ഇനിയും ഉറക്കമുണരാത്ത ഗ്രാമങ്ങളും ഒപ്പം പൊയ്കൊണ്ടിരുന്നു.

കാഴ്ചകളിൽ നിന്ന് തിരിഞ്ഞ് രാവിലെ പോസ്റ്റാറുള്ള ഖുർആൻ വചനം ഇടാൻ  [അതെഴുതി തയ്യാറാക്കുന്നത് എൻ്റെ നബീൽജീയാണ്]മൊബയിലെടുത്ത് വാട്‌സാപ്പില്‍  സുക്കൂൻ വനിതാ കൂട്ടായ്മ ഓപ്പൺ ചെയ്തപ്പോൾ പെട്ടെന്ന് ഹഫ്‌സത്താനെ കുറിച്ചോർത്തു പോയി. ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ടങ്ങനെയാണ്...... മൊബയിൽ കയ്യിലെടുത്താൽ ......
ഓർമകൾ ഹഫ്‌സത്താനെ ചുറ്റിപറ്റിയാണ്.....

ഫോൺ റീസെറ്റ് ചെയ്യുമ്പോഴെങ്ങാനും ആരെങ്കിലും സുക്കൂനിൽ നിന്ന് ലെഫ്റ്റി പോകുന്നതല്ലാതെ അറിഞ്ഞ് കൊണ്ടാരും ഗ്രൂപ്പിൽ നിന്നും ലെഫ്റ്റാറില്ല.അഥവാ ലെഫ്റ്റിയാൽ തന്നെ ഉടനെ ഒന്നാടാക്കണേ എന്ന മെസ്സേജും വരും.

പക്ഷെ ഹഫ്‌സത്ത ലെഫ്റ്റിയിട്ടില്ല. എന്നാൽ ഹഫ്‌സത്ത ഗ്രൂപ്പിൽ ഒന്നും മിണ്ടുന്നില്ല. എഴുതുന്നില്ല. പേഴ്സണലായി വന്ന് ഷീബാ എന്ന് വിളിച്ച് ആരുടെയങ്കിലും കഷ്ടപ്പാടുകളോ, മറ്റുകാര്യങ്ങളോ സംസാരിക്കുന്നില്ല.ലൈവായി നിന്നുകൊണ്ട് ഒരാൾക്കിങ്ങനെ അപ്രത്യക്ഷയാകാൻ സാധിക്കുമോ?

ഈ ഹഫ്‌സത്താടെ കാര്യം അത്ഭുതംതന്നെ !
അതിന്നു മൂന്നുനാലു ദിവസം മുന്നേയല്ലേ പിത്തസഞ്ചിയിൽ കല്ലിനു ചികിത്സിക്കുന്ന നല്ല ഡോക്ടറെ അറിയുന്നവരാരെങ്കിലുമുണ്ടോ എന്ന് ചോദിച്ച് സുക്കൂനിൽ വോയിസ് മെസ്സേജിട്ടത്............. ചില ആളുകൾ യാത്ര പറഞ്ഞു പോകുന്നതങ്ങിനെയാണ്...... എൻ്റുമ്മച്ചി പോയതുപോലെ.......അതും ഒരു ഹഫ്‌സത്താ ബീവിയായിരുന്നു. യുവതി ആയിരിക്കെത്തന്നെ ആരോടും ഒന്നും മിണ്ടാതെ അല്ലഹുവിലേക്ക് യാത്ര പോയത്. 

ഉമ്മച്ചി മരിച്ച മൂന്നിൻ്റന്ന്  വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമാ കഴിഞ്ഞ്  കുറെ സ്ത്രീകൾ വീട്ടിലേക്ക് കയറി വന്നു..... ചിലർ ഞങ്ങൾ കുഞ്ഞുങ്ങളെ കണ്ട് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..... ആരാണിവരൊക്കെ എന്ന് ഞാൻ ചോദിച്ചപ്പോൾ കുഞ്ഞിത്താത്ത പറഞ്ഞത് ആലുവ ട്ടൗൺ മസ്ജിദിലെ ഉമ്മച്ചീടെ കൂട്ടുകാരികളാണെന്നാണ്.

ഒല്ലൂരെത്തുമ്പോഴേക്കും ആകാശവും എൻ്റെ ഹൃദയവും കനത്തു പെയ്യാൻ തുടങ്ങി.......... എല്ലാരെയും സ്നേഹിച്ച് സ്നേഹിച്ച്....... കടന്നുപോകുന്നവരാണ് ചിലർ.

അല്ലാഹു ഇഷ്ടപെടുന്നവരെക്കുറിച്ചവൻ ജിബ് രീൽ അലൈഹിസ്സലാമിനോട് പറയുമത്രെ    ദേ..... ഇന്നയാളെ ഞാൻ സ്നേഹിക്കുന്നുണ്ട് ട്ടോ...... നീയും സ്നേഹിക്കൂ...... ജിബ് രീൽ (അ ) മറ്റു മലക്കുകളോട് പറയും....... ദാ.... ഇന്നയാളെ അല്ലാഹുവും ഞാനും സ്നേഹിക്കുന്നുണ്ട് ട്ടോ ......നിങ്ങളും സ്നേഹിച്ചോളീൻ......

പിന്നെ അവർക്കു ചുറ്റുമുളള മനുഷ്യരുടെ ഹൃദയത്തിലും സ്നേഹമെന്ന വിത്ത് അല്ലാഹു വിതറുകയായ് .......

ഹൊ .....എല്ലാരാലും  സ്നേഹിക്കപ്പെടുക എന്ന അപൂർവ്വ ഭാഗ്യം സിദ്ധിച്ച മഹത് വ്യക്തിത്വങ്ങളാവുക എന്നത് വല്ലാത്തൊരനുഗ്രഹമാണേ..... പ്രിയപ്പെട്ടഹഫ്‌സത്താ നിങ്ങളുടെ സൗഹൃദം നാളേക്കും കൂട്ടിനുണ്ടാകട്ടെ എന്നാഗ്രഹിക്കുകയാണ്.

സുക്കൂനിൽ അറുന്നൂറ്റമ്പത്തിഅഞ്ചിനുമുകളിൽ സ്ത്രീകളുണ്ട്.....
എപ്പോഴും ആരെങ്കിലുമൊക്ക ഓരോ ആവശ്യങ്ങൾ, സംശങ്ങൾ ഉന്നയിക്കുമ്പോൾ, ഫിഖ്ഹീ വിധികളെ കുറിച്ചന്വോഷിക്കുമ്പോൾ 
അനാചാരങ്ങളെ കുറിച്ച് ചർച്ച വരുമ്പോൾ,
പണക്കൊഴുപ്പിൻ്റെ പ്രകടനങ്ങൾ കാണുമ്പോൾ ....... എല്ലാം എല്ലാത്തിനും ഹഫ്‌സത്ത ഉചിതമായ ഇടപെടലുകൾ നടത്തും...
ഗ്രൂപ്പിലെ ഓരോരുത്തർക്കും ഹഫ്‌സത്ത ആരെല്ലാമോ ആയിരുന്നു......

പറവൂരിൽ വയ്യാതെ കിടക്കുന്ന ഇത്താത്താനെ കാണാൻ പോയതായിരുന്നു ഞാൻ....... വയ്യായ്ക കൂടുതലായതിനാൽ അന്നവിടെ തങ്ങാമെന്നുകരുതിയിരിക്കുമ്പോഴാണ് ഗുരുവായൂര് നിന്നും സബീനയുടെ ഫോൺ വന്നത്........
ഹഫ്‌സത്ത മരിച്ചു.
പെട്ടന്ന്  വിശ്വസിക്കാനേ പറ്റിയില്ല.
ഏയ് രണ്ടീസം മുൻപ്.......
അതെ ഷീബാ
പോയി..... കുറെ ആയിട്ട് ആൾക്ക് വയ്യല്ലോ...... പെട്ടെന്നാണ് വെയ്യായ്ക കൂടിയത്,
ദാ ഇപ്പൊ......
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

വല്ലാത്തൊരു മുഴക്കവും കുലുക്കവും ഫീൽ ചെയ്തപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്......ആലുവ പുഴക്കു മുകളിലൂടെയാണിപ്പോൾ ട്രയിൻ ഓടിക്കൊണ്ടിരിക്കുന്നത്...... നോക്കുമ്പോൾ പുഴ കാണുന്നേയില്ല..... കാർമേഘത്താൽ ഇരുണ്ട ആകാശവും നിറയെ പുകപടലം പോലെ മഞ്ഞും......അതെ ഞാനെൻ്റെ മനസ്സിലെ ഹഫ്സത്ത എന്ന നഷ്ടവസന്തത്തെക്കുറിച്ച് മൊബൈലിലെ മൈബുക്കിൽ  പകർത്തുകയാണ്.....

ഓരോ മനുഷ്യരുടെയും യഥാർത്ഥ സ്വഭാവമറിയണമെങ്കിൽ അവരുടെ ഏറ്റവും അടുത്ത ആളുടെ അഭിപ്രായമായിരിക്കണംആരായേണ്ടത്. 
കഴിഞ്ഞ ദിവസം ഹഫ്സത്താടെ ഇണ അബ്ദുറഹ്‌മാൻ സാഹിബ് വിളിച്ചിരുന്നു...... (ഹഫ്‌സത്താക്ക് സുക്കൂനുമായുള്ള ബന്ധം അദ്ദേഹത്തിന് നന്നായറിയാം.)
ഹഫ്‌സത്തയിലെ സന്നദ്ധ പ്രവർത്തകയെ കുറിച്ചാണദ്ദേഹം സംസാരിച്ചതൊക്കെയും. സ്ഥിരം രോഗിയായിരുന്നിട്ടു കൂടി അതൊന്നും വകവക്കാതെ മറ്റുള്ളവരുടെ കഷ്ടപ്പാടുകൾക്ക് പരിഹാരം കാണാനുള്ള നെട്ടോട്ടത്തിലായിരുന്നുവത്രെ സദാസമയവും ഹഫ്സത്ത. ഒരു കാര്യം ഏറ്റെടുത്താൽ അത് പൂർത്തിയാക്കി കൊടുക്കുന്നതുവരെ ഹഫ്സത്താക്ക് വിശ്രമമില്ല എന്നദ്ദേഹം പറയുന്നു.
അദ്ദേഹത്തിൻ്റെ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് എനിക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ് പലപ്പോഴും.

കൂടാതെ വിധവകളായ സ്ത്രീകൾക്ക് ആൺ തുണ ലഭിക്കാൻ മിക്കപ്പോഴും പലരുടെയും പ്രൊഫൈലുമായി എന്നെ സമീപിക്കുമായിരുന്നു ആ പാവം.
ഷീബാ...... ഒരു ചെറിയ വിറയലോടെ കനപ്പിച്ചുള്ള വിളിയാണ്
മോളെ ഇങ്ങനൊരു പെൺകുട്ടി ഇന്നോട്ത്ത് ഉണ്ട്ട്ടോ...... ഒന്നു സുക്കൂനിൽ ഇടണേ......എങ്ങിനെ എങ്കിലും ഒരു ജീവിതം കിട്ടിക്കോട്ടെ.......അതിൻ്റെ ഉമ്മേം കൂടി പോയാൽ പിന്നെ..... അതിനാരൂണ്ടാവില്ല.

അങ്ങനെ എത്രയെത്ര കാര്യങ്ങളാണ് ഹഫ്‌സത്താക്കു ചുറ്റും കാറ്റാടി മരത്തിലെ തണലുപോലെ ചിതറി വീണു കിടന്നിരുന്നത്........

ഹഫ്‌സത്താ......
നമുക്കിനിയും ഒന്നിച്ചുകൂടണംട്ടോ.....
ഇൻശാ അല്ലാ.....
നമ്മുടെ ജന്നാത്തുൽ ഫിർദൗസിൽ......
അല്ലാഹു അനുഗ്രഹിക്കട്ടെ ......
കോട്ടയമെത്താനിനി പത്തുമുപ്പത് മിനിട്ടു കൂടിയുണ്ട്
ഞാനെൻ്റെ മൊബയിൽ എടുത്ത് ബാഗിലേക്കിട്ട്.....
വെറുതെ അകലേക്കൊഴുകി നീങ്ങുന്ന ആകാശത്തേക്ക് നോക്കിയിരുന്നു. അപ്പോഴേതാണ്ട് പെയ്തു തീർന്നിരിക്കുന്നു ആകാശവും എൻ്റെ മനവും.

 ഷീബ നബീൽ 
 സുക്കൂൻ 
 ------------
ഓർമകൾക്ക് മരണമില്ലാതെ...
നഹ്‌ല സുഹൈല്‍

ഈയടുത്ത് നമ്മളിൽ നിന്ന്  വിട്ടുപിരിഞ്ഞുപോയ പ്രിയ സഹോദരി ഹഫ്‌സത്തയെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതണമെന്ന ഉദ്ദേശത്തോടെയാണ് എഴുതാൻ ഇരിക്കുന്നത്....

ഞാൻ ആഗ്രഹിക്കുന്നത് എന്റെ വിരൽത്തുമ്പിൽ എത്തുമോ എന്നറിയില്ല... എന്നിരുന്നാലും പരമാവധി ശ്രമിക്കും.. 

ഒരുപാട് കാലത്തെ പരിചയമൊന്നുമില്ല ഹഫ്സത്തെയുമായിട്ട്.. എന്നിരുന്നാലും ഞാൻ ഈ നാട്ടിലേക്ക് കല്യാണം കഴിഞ്ഞു വന്നത് മുതൽ, പ്രത്യേകിച്ച്  പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ സ്ഥിരമാക്കിയത് മുതൽ...

 ഒന്നുകൂടി അടിവരയിട്ട് പറയുകയാണെങ്കിൽ പ്രസ്ഥാന മാർഗത്തിൽ ഒരുമിച്ച് പ്രവർത്തിച്ചു കൊണ്ടാണ് കൂടുതൽ അറിയാൻ കഴിഞ്ഞത്. ഏതൊരു പരിപാടി സംഘടിപ്പിക്കുമ്പോഴും അതിന്റെ സംഘാടകർ എന്ന നിലയിൽ ഏറ്റവും ആദ്യം ആ പരിപാടിയിലേക്ക് സംഭാവന കൊണ്ടും ആളുകളെ അറിയിക്കുന്ന കാര്യത്തിലും എന്നുവേണ്ട എല്ലാ മേഖലകളിലും സാന്നിധ്യം ഒരു പടി മുന്നിലായിരുന്നു. തന്റെ അസുഖത്തിന്റെ അവശതകൾ മറന്നുകൊണ്ട് എങ്ങനെയാണ് ഹഫ്‌സത്താക്ക് ഇങ്ങനെയൊക്കെ സാധിക്കുന്നു എന്ന് പലപ്പോഴും ഞങ്ങൾ സഹചാരികൾ പരസ്പരം തമ്മിൽ പറയാറുണ്ട്. പ്രത്യേകിച്ചും ഖുർആൻ വാർഷിക പരീക്ഷ നടക്കുന്ന സമയത്ത്  എന്തെന്നില്ലാത്ത ആവേശമാണ് ഹഫ്സത്താക്ക്.. അതിലേക്ക് ആളുകളെ എത്തിക്കുവാൻ ഒരു വർഷം മുന്നേ തന്നെ തയ്യാറാക്കിക്കൊണ്ടിരിക്കും.. ഓരോരുത്തരെയും വ്യക്തിപരമായി ഉണർത്തിക്കൊണ്ടും മോഡൽ ക്വസ്റ്റ്യൻ  ഇട്ടുകൊടുത്തു കൊണ്ടും ഖുർആൻ പഠനത്തിന്റെ പ്രാധാന്യം പറഞ്ഞുതന്നു കൊണ്ടും എപ്പോഴും നിറഞ്ഞു നിന്നിരുന്നു ഞങ്ങളുടെ വാട്‌‌സാപ്പുകളില്‍ ഹഫ്‌സത്ത..

വ്യക്തിപരമായി ഹഫ്‌സത്ത  എല്ലാവരുമായും ഒരു പ്രത്യേക ബന്ധം സൂക്ഷിച്ചു പോന്നിരുന്നു, അത് വിയോഗത്തിനു ശേഷമാണ് എല്ലാവരുമായും ഇതേ ബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്, കാരണം ഞങ്ങൾ ഓരോരുത്തരും കരുതിയിരുന്നത് ഹഫ്‌സത്താക്ക് എന്നോട് പ്രത്യേക താൽപര്യമുണ്ട് എന്നായിരുന്നു.. പക്ഷേ എല്ലാവരോടും ഒരു പ്രത്യേക അടുപ്പം കാത്ത് സൂക്ഷിച്ചിരുന്നു. ഇങ്ങനെയൊക്കെ സാധിക്കുക ഹഫ്സത്താക്ക് മാത്രമാണ്.. 

ഇസ്ലാമിൽ മറ്റുള്ളവർക്ക് ഹദിയ അഥവാ സമ്മാനങ്ങൾ കൊടുക്കൽ ഏറെ പുണ്യകരമായ കാര്യമാണ്, ആ ഒരു നബിചര്യ ഏറ്റവും അധികം ജീവിതത്തിൽ പകർത്തിയിരുന്ന ഒരു വ്യക്തി കൂടിയാണ് പ്രിയ ഹഫ്‌സത്ത..

 ഈ ഒരു പാടൂര് നാട്ടിൽ ഹഫ്സത്തയുടെ ഹദിയ കിട്ടാത്തവർ വിരളമായിരിക്കും എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ഓരോരുത്തരുടെയും വീട്ടിൽ ഉള്ളതാവട്ടെ ഇല്ലാത്തതാവട്ടെ എന്തുതന്നെയായാലും അത് മാങ്ങയായിട്ടും ചക്കയായിട്ടും വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികൾ ആയിട്ടും ഹഫ്സത്താടെ പ്രിയ മകൾ സെബി പറഞ്ഞപോലെ  അവരുടെ വീട്ടിൽ ഉണ്ടാക്കുന്ന വ്യത്യസ്തമായ വിഭവങ്ങൾ ആവട്ടെ, പൊടി കൈ മരുന്നുകൾ ആയിട്ടും എന്തും, തന്നാലാവും വിധം ഓരോരുത്തരിലേക്കും എത്തിച്ചു പോന്നിരുന്നു.

ഏതൊരു കാര്യവും ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന  ഒരു നിശ്ചയദാർഢ്യം എടുത്തു പറയേണ്ട ഹഫ്‌സത്താടെ ഒരു സ്വഭാവമഹിമയായിട്ടാണ് ഞാൻ കണ്ടിട്ടുള്ളത് .

ഇനിയും എഴുതിയാൽ തീരാത്തത്ര അനുഭവങ്ങളും ഓർമ്മകളും ബാക്കി വെച്ചാണ് ഞങ്ങളുടെ പ്രിയ ഹഫ്‌സത്ത യാത്രയായത്.. തൽക്കാലം ഞാനീ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ്. അള്ളാഹു അവരുടെ കബറിടം വിശാലമാക്കിക്കൊടുത്തു ജന്നാത്തുൽ ഫിർദൗസിൽ ഏറ്റവും ഉന്നത പദവി നൽകി അനുഗ്രഹിക്കുമാറാകട്ടെ.. എന്ന് പ്രാർത്ഥനയോടെ.....

നഹ്‌ല സുഹൈല്‍
-------------
പ്രിയപ്പെട്ട ഹഫ്‌സത്ത
സഫ്‌ന അമീർ

എൻ്റെ പ്രിയപ്പെട്ട ഹഫ്‌സത്താനെ കുറിച്ച് എഴുതുവാൻ തുടങ്ങുമ്പോൾ ഒരു പാട് ഓർമ്മകൾ ഒരുമിച്ചാണ് മനസിലേക്ക് കടന്നു വരുന്നത്. എട്ട് വർഷങ്ങൾക്ക് മുൻപ് പാടൂരിലേക്ക് വന്നതിന് ശേഷമുള്ള ആദ്യ ഖുർആൻ ക്ലാസിൽ വെച്ചാണ് ഇത്താനെ കാണുന്നത്. പരിചിതമല്ലാത്തതു കൊണ്ട് തന്നെ എൻ്റെടുത്ത് വന്ന് പരിചയപ്പെട്ടു. വിവരങ്ങളൊക്കെ തിരക്കി. ഇത്താൻ്റെ മരണപ്പെട്ടു പോയ പ്രിയകൂട്ടുകാരിയുടെ മരുമകളാണെന്ന് പറഞ്ഞപ്പോൾ എന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തി. എൻ്റെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങിയാണ്‌ അന്ന് പിരിഞ്ഞത്. 

പിന്നെ എപ്പോഴും കോൺടാക്റ്റ് ചെയ്യുമായിരുന്നു വളരെ പെട്ടെന്ന് തന്നെ സ്നേഹത്തിൻ്റെ ഒരു സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായി. പുതിയ ഖുർആൻ ക്ലാസുകളിലേക്ക് എന്നെ കൂട്ടി കൊണ്ടു പോയി. വായിക്കാർ പുസ്തകങ്ങൾ തന്നു. എൻ്റെ മനസ്സിലെ ഒരിടത്ത് മാറ്റി വെച്ചിരുന്ന ചിന്തകളെ ഉണർത്തി ജീവൻ നൽകി. ആളുകളുമായി അധികം ഇടപഴകാതെ മാറി നിത്തിരുന്ന പുതിയ സൗഹൃദങ്ങളിലേക്ക് കൂട്ടി കൊണ്ടു പോയി. ഏറെ നല്ല സഹോദരിമാരെ പരിചയപ്പെടുത്തി തന്നു. എൻ്റെ വീട്ടിൽ ഖുർആൻ ക്ലാസ് വെക്കാനും ചെറിയ രീതിയിൽ ഖുർആൻ ക്ലാസ് എടുക്കാനും പ്രചോദനം നൽകി. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്നറിയാതിരുന്ന എനിക്ക് അല്ലാഹുവിലുള്ള ഉറച്ച വിശ്വാസത്തിലൂടെയും ഖുർആനിലൂടെയും പ്രവാചകൻ പഠിപ്പിച്ച ദുആകളിലൂടെയും എല്ലാം ആശ്വാസം കണ്ടെത്താൻ ഉള്ള മാനസികാവസ്ഥയിലേക്ക് എന്നെ എത്തിച്ചു. വ്യക്തിപരമായും ദീനി രംഗത്തും ഉള്ള മാറ്റങ്ങളിലേക്ക് എത്തിക്കാൻ ഇത്ത നിരന്തരം പരിശ്രമിച്ചിട്ടുണ്ട്. എനിക്കതിന് കഴിയില്ല എന്ന ചിന്തയിൽ പലതിൽ നിന്നും മാറി നിന്ന എനിക്ക് നിനക്കതിന് കഴിയും എന്ന ആത്മ വിശ്വാസം  നൽകി എൻ്റെ കൂടെ നിന്ന് മുന്നോട്ട് നയിച്ച ഊർജമാണ് എൻ്റെ ഇത്ത . 

പാടൂരിലേക്ക് വരുമ്പോൾ എനിക്കില്ലാതെ പോയ ഒരു പാട് ആഗ്രഹിച്ച ഉമ്മയുടെ സ്നേഹത്തോടെ സ്വാതന്ത്രത്തോടെ ശകാരത്തോടെ മുന്നിലേക്ക് നയിച്ച ഹഫ്‌സത്ത കൂടെയില്ല എന്നത് വേറെ ആർക്കും നികത്താനാവാത്ത വലിയൊരു ശൂന്യതയാണ് ഇത്താക്ക് എന്നോട് പ്രത്യേകിച്ച് ഒരിഷ്ടമുണ്ടെന്ന് എനിക്ക് എപ്പോഴും ഫീൽ ചെയ്യാറുണ്ട്. പക്ഷെ ഇത്തായുമായി ബന്ധമുള്ള ഏതൊരാൾക്കും അതങ്ങിനെ തന്നെയാണ് എന്നത് ഒരദ്ഭുതം തന്നെയാണ്. ഒരേ സമയം ഒരു പാട് ആളുകളെ ഇതു പോലെ ചേർത്തു നിർത്താനുള്ള കഴിവ് പറയാതിരിക്കാൻ കഴിയില്ല. ഖുർആനെ ഇത്രയധികം സ്നേഹിച്ച അസുഖത്തിൻ്റെ അവശതയിൽ പോലും അതിന് വേണ്ടി പ്രയത്നിച്ച ഹഫ്‌സത്ത നമുക്ക് എല്ലാവർക്കും മാതൃകയാണ്. ഇത്താൻ്റെ ഖബറിടം അല്ലാഹു സ്വർഗപൂന്തോപ്പാക്കി കൊടുക്കട്ടെ അവരെയും നമ്മളെയും പ്രിയപ്പെട്ടവരെയും ജന്നാത്തുൽ ഫിർദൗസിൽ നാഥൻ ഒരുമിപ്പിക്കട്ടെ. ആ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ

സഫ്‌ന അമീർ
------------------
സ്‌നേഹ സാന്നിധ്യം
 അഫീന റഷീദ്"

ഹഫ്‌സത്തയെ ഞാൻ പരിചയപ്പെട്ടിട്ട് കുറച്ചു വർഷങ്ങളെ ആവുന്നുള്ളൂ. അയൽ വീട്ടിൽ നടന്ന ചെറിയൊരു ക്ലാസ്സിൽ ആണ് ഞാൻ ഇത്തയെ ആദ്യമായി കാണുന്നത്. ഇത്തയുടെ ചെറിയൊരു പ്രഭാഷണം ഉണ്ടായിരുന്നു. പറഞ്ഞ കാര്യങ്ങൾ കൂടുതലും ഖുർആനുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ആ പ്രഭാഷണം ചെറുതാണെങ്കിലും എനിക്ക് ഹൃദയസ്പർശിയായി തോന്നി. പിന്നീട് ഞാൻ മസ്ജിദ് റഹ്മയിൽ വെച്ച് ഇടക്ക് കാണും. അങ്ങനെ ഇത്തയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് ഞാൻ ഇത്തയെ കോൺടാക്ട് ചെയ്തു. കുറേപേരുടെ പ്രഭാഷണങ്ങൾ ഞാൻ മസ്ജിദ് റഹ്മയിൽ നിന്ന് ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത്തയുടെ അന്നത്തെ വാക്കുകൾ എന്നെ മാനസികമായി ഇത്തയിലേക്ക് അടുക്കാൻ കാരണമായി. 

എന്റെ ജിജ്ഞാസ കൊണ്ട് ഞാനിത്തയോട് അറബിയൊക്കെ എങ്ങനെ അർത്ഥം അറിഞ്ഞു പഠിക്കാം, ഖുർആൻ എങ്ങനെ അർത്ഥം അറിഞ്ഞു പഠിക്കാം, എന്നൊക്കെ ചോദിച്ചു. അങ്ങനെ ഇത്ത എന്റെ ആഗ്രഹം കണ്ടിട്ട് കുറച്ചുപേരെ ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാൽ   ഖുർആൻ പഠിപ്പിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ അങ്ങിനെ ചെറിയൊരു ഗ്രൂപ്പ് ഉണ്ടാക്കി ഞാൻ പറഞ്ഞ സൂറ വാഖിഅ നന്നായി ക്ലാസ് എടുത്തു തന്നു. എങ്ങിനെ എന്നറിയില്ല മാനസികമായ ഒരു അടുപ്പം എനിക്ക് ഇത്തയുമായി ഉണ്ടായി. അല്ലാഹുവേ ഇത്താക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ.
 അഫീന റഷീദ്
-------------
നന്മയിലേക്ക് നിമിത്തമായ ഇത്ത
സുല്‍‌ഫത്ത് അബ്‌ദുസ്സലാം

ഏകദേശം 17 വർഷത്തെ പരിചയം ഉണ്ട് ഇത്തയും ആയിട്ട്.വീട് വെച്ച് താമസിച്ച് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് ഇത്ത ഒരു ജി.ഐ.ഒ.കുട്ടിയും ആയിട്ട് ഈ വീട്ടിലേക്ക് വരുന്നത്. ആദ്യമായി കണ്ടപ്പോൾ തന്നെ ഇഷ്ടമായി. ഒറ്റ കാണലിൽ തന്നെ ആരെയും ഇഷ്ടപ്പെടുവാനുള്ള കഴിവ് അള്ളാഹു ഇത്താക്ക് കൊടുത്തിരുന്നു. പ്രബോധകർക്ക് അല്ലാഹു നൽകിയ അനുഗ്രഹം. ജമാഅത്ത് ഇസ്ലാമിയുമായി ഒരു ബന്ധമില്ലായിരുന്നു എനിക്ക് ഇതിലേക്ക് വരുവാനും പ്രവർത്തക ആകാനും നിമിത്തം ആയത് ഇത്താടെ മുഖപ്രസന്നദ്ധതയും വാക്‌‌ചാതുരിയും,സ്നേഹവും, തന്നെ.

പിന്നീട് അങ്ങോട്ട് അതൊരു നല്ല സൗഹൃദ വലയം ആയി. പരിപാടികൾക്കു പങ്കെടുക്കാൻ ഞാൻ പോയി തുടങ്ങി. പിന്നീട് ഇവിടെ ഖുർആൻ ക്ലാസ് സംഘടിപ്പിച്ചു. സുബൈ ദത്തെയും കൂട്ടിനു ഉണ്ടായിരുന്നു.പിന്നെ ഞാനും ഇത്താക്ക് കൂട്ടുപോയി തുടങ്ങി. അങ്ങനെ പാടൂര്‍ക്കാരെ കുറിച്ച് കൂടുതൽ അറിയാനും, പാവങ്ങളെ കുറിച്ച് അറിയാനും, സാധിച്ചു. സക്കാത്ത് പിരിക്കാൻ വലിയ വീടുകളിൽ പോകുന്നതുകൊണ്ട് പണക്കാരെ കുറിച്ച് അറിയാനും സാധിച്ചു. 

ദിനേനെപ്രവർത്തകർക്കപ്പുറം നല്ലൊരു ഉപദേശകയും ജ്യേഷ്ഠത്തിയും കൂടിയായിരുന്നു എനിക്ക്. എപ്പോഴും വിളിച്ചു മെസ്സേജ് ഇട്ടു വിവരങ്ങൾ അറിഞ്ഞിരുന്നു. ഞങ്ങൾ വിളിക്കുമ്പോഴും, കാണുമ്പോഴും, മനസ്സിന് നല്ല ഒരു സമാധാനം ഉണ്ടായിരുന്നു. എന്ത് പ്രയാസം എനിക്കു ഉണ്ടായാലും അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്യുമായിരുന്നു. എന്നെക്കൊണ്ട് അറിയുന്ന പോലെ ഞാനും ഇത്താനെ സമാധാനിപ്പിക്കും. അസുഖങ്ങൾ കൊണ്ടാണ്  പടച്ചവൻ പരീക്ഷിച്ചത്. എല്ലാം പൊറുത്ത് ഈ ലോകത്ത് നിന്ന് കൊണ്ടുപോകാൻ ആയിരിക്കും പടച്ചവൻ പ്രയാസങ്ങൾ കൊടുത്തിരുന്നത്.ഇത് സംസാരത്തിൽ ഉപദേശത്തിൽ എപ്പോഴും കടന്നുവരുന്ന ഒന്നായിരുന്നു. 

ഫലസ്തീനിലെ മക്കൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി, ഇത്ത എപ്പോഴും കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. മനസ്സിനെ വല്ലാതെ അസ്വസ്ഥത പെടുത്തിരുന്ന ഒന്നായിരുന്നു ഗസയിലെ കൂട്ടക്കുരുതി. 

ഞങ്ങൾ ഉംറക്ക് പോയപ്പോൾ ഇത്തായുടെ ആവശ്യങ്ങൾക്ക് വേണ്ടിയല്ല ദുആ ചെയ്യാൻ പറഞ്ഞത്. നിങ്ങൾ ഗസ്സക്ക് വേണ്ടി നന്നായി ദുആ ചെയ്യണം എന്നാണ് പറഞ്ഞത്.

നല്ല ഉപദേശങ്ങളും, ദുആകളും,സ്നേഹവും,ഖുർആൻ പഠിക്കാനുള്ള അവസരങ്ങളും, തന്ന് ഇത്ത ഞങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോയി. ഇത്തയുടെ ഓർമ്മകൾ ഞങ്ങളിലും, ഞങ്ങളുടെ മക്കളിലും, എന്നും ഉണ്ടാവും. നാളെ പടച്ചവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടുവാനും, സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാനും, പടച്ചവൻ തൗഫീഖ് ചെയ്യുമാറാകട്ടെ. ഞങ്ങളുടെ ഹഫ്‌സത്ത സ്വർഗ്ഗത്തിൽ ഗസ്സയിലെ മക്കൾക്കൊപ്പം ഇരുന്ന് സന്തോഷിക്കുമാറാകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ.

സുല്‍‌ഫത്ത് അബ്‌ദുസ്സലാം
-----------
മറക്കാനാകാത്ത മഹതി
ഫാറൂക്ക് കാട്ടെപറമ്പിൽ

ഹഫ്‌സത്തയെ കുറിച്ചുള്ള സ്മരണിക തയ്യാറാക്കുന്ന വിവരം അറിഞ്ഞു. ഇങ്ങിനെ ഒരു ആദരവ് അവർക്ക് നൽകുന്നതിൽ ഏറെ സന്തോഷം നൽകുന്നു.

പ്രായം കൊണ്ട് വലിയ വ്യത്യാസം ഇല്ലെങ്കിലും,മോനെ ഫാറൂക്കെ ,ഞാൻ ഹഫ്‌സതയാണ് എന്ന് പറഞ്ഞുള്ള സംബോധന രീതിയാണ് ഫോൺ ചെയ്യുമ്പോഴും,വാട്സ്ആപ് ശബ്ദ സന്ദേശത്തിലൂടെയായാലും തുടങ്ങാറ്. 

അപ്രതീക്ഷിതമായ വേർപാടാണ് ഹഫ്‌സത്താടേത്.നാമെല്ലാവരും മരണത്തെ മുന്നിൽ കാണുന്നവരാണ്.ഏതു നിമിഷവും വന്നുചേരാവുന്നത്. എങ്കിലും ചില മരണങ്ങൾ ഏതു ഹൃദയത്തിനും താങ്ങാൻ പറ്റാത്ത വിധം വേദനയുണ്ടാക്കുന്നതാണ്.അത്തരത്തിലുള്ള ഒരു മരണവാർത്തയായിരുന്നു ഹഫ്‌സത്താടേത്.നടുക്കത്തോടെയാണ് ആ വാർത്ത ശ്രവിച്ചത്.

വീട്ടിൽ സുഖമില്ലാതെ കിടക്കുമ്പോൾ ഞാനും,എന്റെ പാതിയും കൂടി ഇത്താനെ സന്ദർശിച്ച സന്ദർഭം ഞാൻ ഓർത്തുപോകുന്നു.ബഡ്‌ഡിൽ നിന്നും എഴുനേൽക്കാൻ കഴിയുന്നില്ല ഫാറൂക്കെ,എന്ന് പറഞ്ഞുകൊണ്ടാണ് 
സംസാരിച്ചു തുടങ്ങിയത് തന്നെ. 

ഔപചാരികതയൊന്നുമില്ലാതെ ആദ്യം തന്നെ ,ഞാൻ ആ കുട്ടിയുടെ കാര്യം പറഞ്ഞതെന്തായി ? മറന്നോ?എന്ന ചോദ്യത്തോടെയായിരുന്നു. ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ കാര്യമായിരുന്നു അത്.ഇന്ഷാ അല്ലാഹ് ഒരു വർഷത്തെ ഫീസ്,അല്ലെങ്കില്‍ സാമ്പ്ത്തിക സഹായം.ഞങ്ങൾ (DPWC) ഏറ്റെടുത്തോളാമെന്ന ഉറപ്പ് കൊടുത്ത ശേഷം മാത്രമാണ് മറ്റ്  കുശലാന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചത്.താൻ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനുള്ള അവരുടെ സേവനതല്പരത വളരെയേറെ മതിപ്പോടെയല്ലാതെ നമുക്ക് കാണാൻ കഴിയുകയില്ല.

ദുബായ് കേന്ദ്രമായി UAE യിൽ പ്രവർത്തിക്കുന്ന ദുബായ് പാടൂർ വെൽഫയർ കമ്മിറ്റി (DPWC) എന്ന സംഘടനക്ക് ഞങ്ങളുടെ നാട്ടിലെ സേവനപ്രവർത്തനങ്ങൾക്ക് ,ഞങ്ങളുടെ ശ്രദ്ധയിൽ പെടാത്ത അർഹരെ കണ്ടുപിടിക്കാൻ,ചൂണ്ടികാണിച്ചുതരാൻ സഹായികളായ വിശ്വാസയോഗ്യരായ മഹതികളിൽ പ്രഥമ സ്ഥാനീയയായി രുന്നു ആദരണീയയായ ഹഫ്‌സത്ത.  

എഴുത്തുകാരനും,     പ്രഭാഷണത്തിലും, സോഷ്യൽമാധ്യമ കുറിപ്പുകളിലും, തന്റെ തനതായ നർമ്മാവിഷ്ക്കാര സിദ്ധികൊണ്ട് പ്രശസ്തനായ കേലാണ്ടത്ത് അബ്‌‌ദുൽ റഹ്‌മാൻക്കാടെ പ്രിയതമയായിവന്ന ഹഫ്‌സത്ത പാടൂരിലെ ആബാലവൃദ്ധം ജനങ്ങളുമായി ഇടപെടുകയും, അവരുടെയൊക്കെ സ്നേഹവും, ആദരവും, ഏറ്റു വാങ്ങിയ പാടൂരിന്റെ മണവാട്ടിയും, സ്ത്രീരത്നവുമാണവർ. 

അവരുടെ സഹോദരൻ അബ്‌‌ദുല്ലസാഹിബ് (اللهم اغفر له ) കേരള ഹജ്ജ് ഗ്രൂപ്പിന്റെ അമീറായ വർഷം ഈയുള്ളവനും, കുടുംബത്തിനും,ഉമ്മാക്കും,അനുജൻ അബ്‌‌ദുസ്സലാമിനും ഒരുമിച്ച് ഹജ്ജിന് പോകാൻ കഴിഞ്ഞ സന്ദർഭം ഞാൻ ഓർക്കുന്നു..ആത്മീയവിശുദ്ധിയുടെ നേരനുഭവമായിരുന്നു അദ്ദേഹം.

വേദനയെല്ലാം ഉള്ളിലൊതുക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ മറ്റുള്ളവരുടെ ഏത് വിഷമങ്ങളിലും, വേദനകളിലും,ദുഖങ്ങളിലും,പങ്കുചേർന്നുകൊണ്ട് ആ വ്യക്തിയുടെ അല്ലെങ്കിൽ ആ കുടുംബത്തിന്റെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആരോഗ്യമുള്ള സമയത്ത് ഓടിനടക്കുന്ന ഹഫ്‌സത്ത എന്റെ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്. എളിമയുടെയും,സ്നേഹത്തിന്റെയും,ലാളിത്യത്തിന്റെയും നിറകുടമായിരുന്ന അവർ ആരോഗ്യം പരിഗണിക്കാതെ ശയ്യാവലമ്പിയായിട്ടുപോലും, കർമ്മനിരതയായിരുന്നു എന്നത് ഏറെ അത്ഭുതവും, അതിലേറെ അസൂയയും, ജനിപ്പിക്കുന്നതായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വനിതാവിഭാഗം പ്രവർത്തകയായും പാടൂരിലെ ഹല്‍‌ഖാ നാസിമത്തായും, സംഘടയുടെ വിവിധ തലങ്ങളിലെ പദവികൾ ലാഭേച്ഛയില്ലാത്ത പ്രവർത്തനപ്പെരുമകൊണ്ട് വിരുദ്ധചേരിയിലുള്ളവര്‍ പോലും അവരെ ഏറെ ബഹുമാനത്തോടെയാണ് നോക്കികണ്ടിരുന്നത്.എല്ലാ ബന്ധങ്ങളെയും കണ്ണിചേർത്ത് കൊണ്ടുപോകാനുള്ള അവരുടെ കഴിവും,മികവും ഏറെ ശ്രദ്ധേയമാണ്.

മത-സാമൂഹിക- സംസാരിക മേഖലയിലെ അവരുടെ പ്രവർത്തനങ്ങളും,സേവനങ്ങളും ശ്ലാഘനീയവും,പ്രശംസനീയവുമാണ്.
പാടൂരിന്റെ മുക്കുമൂലകളിലും വ്യക്തികളിലും,കുടുംബങ്ങളിലും സ്വഭാവ മഹിമകൊണ്ടും, മാനവമൂല്യങ്ങളെ  മുറുകെപിടിച്ചു കൊണ്ടുള്ള അവരുടെ സേവനസന്നദ്ധതകൊണ്ടും എല്ലാ വിഭാഗം മനസ്സുകളിലും സ്ഥിരപ്രതിഷ്ഠ നേടിയവരാണവർ.പടൂരിൽ ജന്മം കൊണ്ടവർക്കുപോലും കഴിയില്ല ഇങ്ങിനെ ഒരു സൗഹൃദബന്ധം സ്ഥാപിച്ചെടുക്കാനും, അത് മരണം വരെ കാത്തു സൂക്ഷിക്കാനും. അതിന്റെ നേർകാഴ്‌ചയായിരുന്നു മരണാനന്തരം, 

നാടിന്റെ നാനാഭാഗത്തു നിന്നും,മറ്റു പ്രദേശങ്ങളിൽ നിന്നും ഇടതടവില്ലാതെ അവരുടെ ഭൗതികശരീരം ഒന്ന് കാണാനും,കുടുംബത്തെ ആശ്വസിപ്പിക്കാനുമായി സഞ്ചാരതടസ്സങ്ങൾ ഏറെ ഉണ്ടായിട്ടും
ആ ഭവനത്തിലേക്കുള്ള ജനപ്രവാഹം.

ഇത്തയെ പറ്റി ഓർക്കുമ്പോൾ എന്റെ ഉമ്മയേയും,സഹോദരി മൈമൂനയേയും,ഓർക്കാതെ തരമില്ല.ഉമ്മാക്ക് ഏറെ പ്രിയങ്കരിയായിരുന്നു ഹഫ്‌സത്ത. അതുപോലെ എന്റെ പ്രിയതമക്കും അടുപ്പമുള്ള വ്യക്തിത്വമായിരുന്നു അവർ.റമളാൻ മാസത്തിൽ പ്രത്യേകം ഓർമ്മപ്പെടുത്തികൊണ്ട് നൽകുന്ന സംഖ്യയിൽ നിന്ന് പ്രസ്ഥാനത്തിനും, വിവിധ സ്ഥാപനങ്ങൾക്കും,എല്ലാം ഉള്ളത് പോലെ വീതിച്ചുകൊടുത്തിട്ടുള്ള 
റസീതി കാണുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായ അവരുടെ പ്രവത്തന മികവ് നമുക്ക് ബോധ്യമാവും.അള്ളാഹു അവരുടെ പരലോകം സമാധാനപൂരിതമാക്കട്ടെ  എന്ന് പ്രാർത്ഥിക്കുന്നു.

നമുക്ക് ഹഫ്‌സത്താടെ ഓർമ്മകളോടൊപ്പം അവർ നമുക്കും സമൂഹത്തിനും സമ്മാനിച്ച പ്രവർത്തന പാതയിലൂടെ,താഴെ തട്ടിലുള്ള ആർക്കെങ്കിലും എന്തെങ്കിലും കർമ്മ പരിപാടിക്ക് അവർ തുടക്കം കുറിച്ചതുണ്ടെങ്കിൽ അത് പൂർത്തീകരിക്കാൻ നമുക്കൊത്തുചേർന്ന് പ്രവർത്തിക്കാം, നമുക്കൊന്നിച്ചണിചേരാം. നാഥൻ അനുഗ്രഹിക്കട്ടെ .ഓർക്കുമ്പോൾ കുറിക്കാൻ ഒരുപാടുണ്ട്.തൽക്കാലം വിട.

അള്ളാഹു അവരുടെ എല്ലാ സൽകർമ്മങ്ങളും സ്വീകരിക്കട്ടെ,എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തു കൊടുക്കട്ടെ,അവരെയും നാളെ നമ്മെയും ,നമ്മിൽ നിന്ന് വേർപിരിഞ്ഞാവരെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാറാവട്ടെ .ആമീൻ,ആമീൻ യാ റബ്ബൽ ആലമീൻ.

ഫാറൂക്ക് കാട്ടെപറമ്പിൽ, 
പ്രസിഡന്റ് : ദുബായ് പാടൂർ വെൽഫയർ കമ്മിറ്റി.(DPWC)
...........
മാതൃകാ വ്യക്തിത്വം
ആര്‍.വി അബ്‌ദുല്‍ ഹമീദ്


ഹഫ്‌സ ടീച്ചർക്ക് അള്ളാഹുമഗ്ഫിറതുമറ ഹമത്തും നല്കി ജന്നാത്തുൽ ഫിർദൗസിൽ ഉന്നതസ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ.ടീച്ചർക്ക് പകരം വെക്കാൻ പാടൂര്‍ ദേശത്ത് മറ്റൊരാളില്ല.
മതപരമായ അവരുടെ അറിവും അവഗാഹവും എടുത്ത് പറയേണ്‍റ്റതാണ്‌.ഖുർ തുറന്ന് വെച്ച് അതിൻ്റെ അത്ഥവും കാലോചിതമായി വിശദീകരണവും പറയാൻ അവർക്ക് പ്രത്യക കഴിവാണ്.പാടുരിൻ്റെ മുക്കും മൂലയും അറിയുന്ന മഹതി.

പക്ഷഭേദങ്ങളില്ലാതെ ഓരോ വീട്ടിലും പോയി ഖുർആൻ ക്ലാസുകൾ എടുകുന്ന ആദരണീയയായ അധ്യാപിക.ഇതര സഹോദരങ്ങളെ എന്നും ചേർത്ത് നിർത്തുന്ന മാതൃകാ വ്യക്തിത്വം.എൻ്റെ അയൽവാസി ആയിരുന്നു.എൻ്റെ കുടുംബത്തിലെ ഒരു അഗത്തെ പോലെയാണ് ഞാൻ അവരെ കണ്ടിരുന്നത്. തൻ്റെ അറിവുകൾ മറ്റുള്ളവക്ക് പകർന്ന് നൽകാൻ എന്നും അവർ തയ്യാറാണ്. തൻ്റെ കൈവശമുള്ള സാധനങ്ങൾ, ഭക്ഷണമായാലും, പച്ചക്കറിയായാലും മറ്റൊന്തൊക്കെ ഉപകാരപ്പെടുന്നവ മറ്റുള്ളവർക്ക് പകുക്കാനും പങ്കുവെക്കാനും എന്നും ഉൽസാഹം കാണിച്ചിരുന്ന ധാനശീല.

താന്‍ പഠിച്ചത് ജീവിതത്തിൽ പകർത്തിയ ഒരു വ്യക്തിത്വം.തൻറെ സഹായം ആവശ്യമുള്ള എല്ലാ ജനങ്ങൾക്കും അതിൽ അവകാശമുണ്ടെന്ന് നിലപാട് അക്ഷരാര്‍‌ഥത്തില്‍ സാര്‍‌ഥകമാക്കിയവര്‍.

ഗൂണഭോക്താക്കള്‍ ഔദാര്യം പറ്റുന്നവരല്ല മറിച്ച് അവരുടെ അവകാശം സ്വീകരിക്കുകയാണ്‌ എന്ന മഹത്തായ സന്ദേശത്തെ അടിവരയിട്ട് പ്രാവര്‍‌ത്തികിയവരയിരുന്നു അവര്‍.

സഹയാഭ്യർഥനകളുമായി തൻറെ മുന്നിൽ എത്തുന്നവരില്‍ പരിമിതമായിരിക്കില്ല അവരുടെ ഈ ജനസേവനം നിത്യജീവനത്തിന് വിഷമിക്കുന്നതായി ആരെക്കുറിച്ച് അറിഞ്ഞാലും അവർ അയാളെ സഹായിക്കാൻ ഒരുക്കമായിരുന്നു. ആലംബഹീനര്‍‌ക്കും അനാഥര്‍‌ക്കും  അവശത അനുഭവിക്കുന്നവര്‍‌ക്കും വിധവകൾ‌ക്കും ഒക്കെ താങ്ങും തണലുമായിരുന്നു.

ദായകനെയും ഗുണഭോക്താവിനെയും ഒപ്പത്തിനൊപ്പം അനുഗമിച്ചു കൊണ്ട് ഉത്തരവാദിത്തം പൂര്‍‌ത്തീകരിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാട്ടിയിരുന്നു.
പടച്ചവനോടും പടപ്പുകളോടും ഉള്ള  ബാധ്യതകൾ ജീവിതത്തിൽ പകർത്തിയവരായിരുന്നു ഹഫ്‌സ ടീച്ചര്‍.നമുക്ക് അവരെ മാതൃകയാക്കാന്‍ സാധിക്കട്ടെ എന്ന പ്രാര്‍‌ഥനയോടെ.

ആര്‍.വി അബ്‌ദുല്‍ ഹമീദ്
--------------
പകരം വെക്കാനില്ലാത്തവള്‍
സൈഫുന്നിസ അബ്ദുൽ ഹമീദ്

ഞങ്ങളുടെ പ്രിയപ്പെട്ട ഹഫ്‌സ. എഴുതാൻ വലിയ അറിവില്ലെങ്കിലും ഹഫ്‌സയെ കുറിച്ചുള്ള നല്ല ഓർമകൾ നൊമ്പരമായി നിറഞ്ഞു നിൽക്കുമ്പോൾ എന്തെങ്കിലും ചിലത് പകർത്തി അങ്ങനെ മനസ്സിനൊരു ആശ്വാസം കിട്ടാൻ കുത്തിക്കുറിക്കണമെന്ന് തോന്നി അവളുടെ ക്ലാസുകളിലൂടെ ഞങ്ങൾക്ക് തന്ന അറിവ് അവൾ പഠിപ്പിച്ച ദികറുകള്‍ ദുആകൾ ഇന്നും നിലനിർത്തി പോരുന്നു. അസുഖം കൂടുതലായത് മുതൽ എന്തോ അവളുടെ ദികർ കൂടുതൽ ഓർമ വന്നുകൊണ്ടിരിന്നു.എന്നും തഹജ്ജുദിന് എഴുന്നേറ്റ് പ്രാഥമികാവശ്യങ്ങള്‍‌ക്ക് ശേഷം പുറത്തുവന്നു അം‌ഗശുദ്ധി വരുത്തി പ്രാര്‍‌ഥിച്ച് ഇത് ചൊല്ലിയാലെ  എനിക്കിപ്പോൾ മുതൽ ആദരവായ റസൂൽ പാതിരാവിൽ ചെല്ലിയിരുന്നപ്രാർത്ഥനകൾ ഓർമ വരികയുള്ളൂ. പ്രാർത്ഥന

لا اله الا الله عظيم حليم لا اله الا الله رب العرش العظيم لا اله الا الله رب السماوات ورب الارض ورب العرش الكريم

ഈ ദിക്റ് വർഷങ്ങൾക്കു മുമ്പ് ഞങ്ങളെ പഠിപ്പിച്ചതാണ്. ഇന്ന് ഈ ദികറിൻ്റെ ഗുണങ്ങൾ പലതിലും പറഞ്ഞു കാണുന്നു അങ്ങനെ അങ്ങനെ പലതും. ഞങ്ങൾ രണ്ടുപേർക്കും വേണ്ടി മാത്രം ഞാനും അനുജത്തി സുഹറയും അന്നബഅ സൂറത്ത് പഠിക്കാൻ വേണ്ടി പോയിരുന്നു. അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കണമെന്നുള്ളത് അവളുടെ നിർബന്ധമായിരുന്നു. പല ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അവൾ വരും അല്ലെങ്കിൽ വീട്ടിലേക്ക് ചെല്ലാൻ പറയും ഞങ്ങൾ ആദർശ പരമായി രണ്ടു തരത്തിൽ ആണെങ്കിലും അവളുടെ പ്രവർത്തനനിങ്ങളോട് എന്നുമെന്നും എനിക്ക് മതിപ്പ് ആയിരുന്നു അവൾ ക്ലാസിന് വിളിച്ചാൽ പോകാതിരിക്കാൻ തോന്നുകയില്ല അവളുടെ ഓർമകൾ എഴുതിയാൽ തീരാത്ത അത്രയുമുണ്ട് ഇടയ്ക്കിടെ വരുന്ന അസുഖങ്ങളിൽ നിന്നും രക്ഷപ്പെടുന്നത് പോലെ ഇപ്പോഴും രക്ഷപ്പെട്ട് ഞങ്ങളുടെ ഹഫ്‌സ തിരിച്ചുവരുമെന്ന് കരുതി. വേണ്ടപ്പെട്ടവർ പലരും മരിച്ച നഷ്ടബോധത്തെക്കാൾ ഇത് അതിലപ്പുറം എന്തോ നഷ്ടപ്പെട്ടപോലെ.ഹഫ്‌സാക്ക് പകരം വെക്കാൻ ഇനി ആരുണ്ട് എന്ന് തോന്നൽ.ഈ നഷ്ടം നമുക്ക് തീർത്താൽ തീരുമോ? ഇനി ഒരു ഹഫ്‌സ ഉണ്ടോ ? ഇല്ല അവൾക്ക് തുല്യം അവൾ തന്നെ അവൾ പകർന്ന് നന്ന അറിവിൻറെ ഗുണങ്ങൾ അവൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നുണ്ടാകും അതിൽ നമുക്ക് സമാധാനിക്കാം റഹ്‌മാനെ ആ കുടുംബത്തിന് നീ സമാധാനം പ്രധാനം ചെയ്യണമേ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ ഒരുമിപ്പിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ.......

സൈഫുന്നിസ അബ്‌‌ദുൽ ഹമീദ്
-------------
സ്‌പന്ദിക്കുന്ന വിരാമങ്ങള്‍
നാസറുദ്ദീന്‍ തങ്ങള്‍ എ.എസ്

ഹഫ്‌സടീച്ചറെ കുറിച്ചുള്ള ഓര്‍മ കുറിപ്പ് എവിടെ നിന്ന് തുടങ്ങണം എന്നറിയില്ല.അബ്‌ദുറഹ്‌മാന്‍ക്ക എന്റെ അയൽ പാക്കത്താണ്  താമസിച്ചിരുന്നത്. അബ്‌ദുറഹ്‌മാന്‍ക്കയും ജ്യേഷ്ഠന്‍ അഹമ്മദ് മുസ്ലിയാരും അവരുടെ മാതാപിതാക്കളും ആണ്‌ എനിക്ക് ഓര്‍മ വെച്ച കാലത്ത് ആ വീട്ടില്‍ ഉണ്ടായിരുന്നത്. എല്ലാ അര്‍ത്ഥത്തിലും നല്ല അയല്‍ക്കാര്‍, ദീനിയായ അയല്‍ക്കാര്‍.അന്ന് നാട്ടില്‍ കൊള്ളക്കൊടുക്കകൾ വ്യാപകമായിരുന്നു. അടുക്കളയില്‍ എന്തെങ്കിലും സാധനങ്ങളുടെ കുറവ് വന്നാൽ അയല്‍ പക്കത്തേക്ക് ഓടും, വായ്പ വാങ്ങും. അബ്ദു റഹ്‌മാന്‍ക്കാടെ ഉമ്മ ഇപ്പോളും മനസ്സില്‍ ഉണ്ട്. അവരുടെ വീട്ടില്‍ ചെന്നാല്‍ ഞങ്ങൾ കുട്ടികള്‍ക്ക് തരുന്ന മധുരം ശര്‍ക്കരഅച്ച് ആയിരുന്നു.

അബ്‌‌ദുറഹ്‌മാന്‍ക്കയുടെ  വാപ്പ സൂക്ഷ്മമായ നീണ്ട കാല്‍ വെപ്പുകളുമായി ഞങ്ങളുടെ മുറ്റത്ത് കൂടെ ശാന്തനായാണ് നടന്ന് പോകാറുള്ളത്.റമദാൻ മാസം ആയാല്‍ , നോമ്പ് തുറ കഴിഞ്ഞ് കുറച്ച് കഴിഞ്ഞാല്‍,  അബ്‌‌ദുറഹ്‌മാന്‍ക്ക വീട്ടില്‍ വരും. ഉമ്മയുടെ ബാപ്പ, മർഹൂം കോയഞ്ഞി തങ്ങൾ എന്നറിയപ്പെടുന്ന ഞങ്ങളുടെ ഉപ്പാപ്പയുടെ അടുത്ത് ഇരിക്കും. കുറച്ച് കഴിഞ്ഞാല്‍ തറാവീഹിന് കമ്പി റാന്തലുമായി മണലൂപള്ളിയിലേക്ക്, ഇപ്പോഴത്തെ മസ്ജിദുൽ ഹംസിയ്യയിലേക്ക് പുറപ്പെടും. അന്നൊക്കെ കമ്പിറാന്തൽ ആയിരുന്നു രാത്രി യാത്രകളിലെ 'ആധുനിക' പ്രകാശം.

എന്റെ ഓര്‍മയിലെ ആദ്യമരണങ്ങളില്‍ ഒന്ന് നടക്കുന്നത് അബ്‌ദുറഹ്‌മാൻക്കാടെ ആ വീട്ടില്‍ ആണ്. "അല്ലാഹുവേ, നമ്മുടെ മൊയ്‌ലിയാർ മരിച്ചു ". തൊയക്കാവ് പള്ളിയില്‍ വെച്ചാണ് മരിച്ചത്. വർഷങ്ങളോളമായി അവിടെയായിരുന്നു അദ്ദേഹം ഖത്തീബ് ആയി ജോലി ചെയ്തിരുന്നത്.ഞങ്ങളുടെ വീടിന്റെ മുന്നിലൂടെ കൂടി യാണ് അദ്ദേഹത്തിന്റെ മയ്യിത്ത് കൊണ്ട്‌ വന്നത്‌.അബ്‌ദുറഹ്‌മാൻക്കാടെ അടുത്തേക്ക് ആളെ അയച്ചിട്ടുണ്ടെന്ന് അറിഞ്ഞു. ആദ്യം കേട്ടത് കമ്പി അടിച്ചിട്ടുണ്ട് എന്നായിരുന്നു. അദ്ദേഹം ഫാറൂഖ് കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുകയായിരുന്നു ആ നാളിൽ.കോളേജിൽ നിന്ന് സന്ധ്യയോടെ വാപ്പാടെ മയ്യിത്തിനടുത്തേക്ക് തലതാഴ്ത്തി കൊണ്ടുള്ള അദ്ദേഹത്തിന്റെ വരവിന്റെ ആ ദൃശ്യം ഇപ്പോഴും മനസ്സില്‍ ഉണ്ട്.

അബ്‌ദുറഹ്‌മാന്‍ക്ക ഡിഗ്രി കഴിഞ്ഞ് കുറച്ച് ആയപ്പോൾ  ഞങ്ങളുടെ ആ അയൽപക്കം അവിടന്ന് വീട് മാറിപ്പോയി. ഞങ്ങളുടെ വീട്ടില്‍ ആരും ആ വീട് മാറ്റം മനസ്സാ സമ്മതിച്ചിട്ടില്ല. എന്തിനാണ് അവര്‍ വീട് മാറിപ്പോയതു എന്ന്‌ ഉമ്മ ഇടക്കിടക്ക് ചോദിക്കാറുണ്ട്. ഈ കുറിപ്പ് എഴുതുന്നത് വരെ അബ്‌ദുറഹ്‌മാന്‍ക്കയുടെ വീടിന്റെ ഭാഗത്തേക്ക് പിന്നെ  ഞാന്‍ പോയിട്ടില്ല.

കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ അടക്കം പലരും അവിടെ നിന്ന് കൂട് മാറി. എന്ത് കൊണ്ട്?. അതങ്ങിനെയാണ്. നമ്മുടെ കണക്ക് കൂട്ടലുകൾ തട്ടി മാറ്റി കാലം പലതും നമ്മെ കൊണ്ട്‌ ചെയ്യിപ്പിക്കും. ആദം നബിയും ഹവ്വാബീവിയും  അറഫയിൽ കണ്ടു മുട്ടുന്നു. അവരുടെ പരമ്പരകള്‍, കണ്ണി മുറിച്ചു, ഇടം മാറി പുതിയ ജനപഥങ്ങള്‍ സൃഷ്ടിക്കുന്നു...  

ഈ വരികള്‍ക്ക് ഒരു അനുസ്മരണ കുറിപ്പിന്റെ രുചിക്കൂട്ട് ഇല്ലെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. അബ്‌ദുറഹ്‌മാന്‍ക്കയുമായുള്ള ബന്ധം  വീട് മാറി പ്പോയിട്ടും തുടര്‍ന്ന് കൊണ്ടേയിരുന്നു.
ഇസ്ലാമിക യുവ ജന പ്രസ്ഥാനം പാടൂരില്‍ തളിരിടുമ്പോള്‍ അബ്‌ദുറഹ്‌മാന്‍ക്കയുടെ കൈകുമ്പിളിലായിരുന്നു അതിന്റെ മണ്ണ്. ഓര്‍മ ശലഭങ്ങള്‍ ഓരോന്നായി ആ വസന്തത്തിലേക്ക് പറന്നു പോവുകയാണ്. 

അബ്‌ദുറഹ്‌മാന്‍ക്ക തിരഞ്ഞെടുത്ത ഇണയും തന്റെ ആശയ സ്വപ്നങ്ങളുമായി ഒത്തുപോകുന്ന വനിത യായിരുന്നു. ഇസ്ലാമിക പശ്ചാത്തലമുള്ള കുടുംബത്തു നിന്നാണ് ഹഫ്‌സടീച്ചർ വരുന്നത്.  നല്ലത്‌ മാത്രമേ അവരെ കുറിച്ച് പറയാന്‍ ഉണ്ടായിരുന്നുള്ളൂ.

കാലം നീങ്ങുന്നതിനേക്കാൾ വേഗത്തിൽ ഹഫ്‌സടീച്ചർ പാടൂരിലെ നിറസാന്നിധ്യം ആയി മാറുകയായിരുന്നു.ഉള്ളവരും ഇല്ലാത്തവരും ജ്ഞാനികളും അജ്ഞരും മുതിർന്നവരും കുട്ടികളും ഒരേ പോലെ സ്നേഹിക്കുന്ന ഉത്തമമായ ഒരു മഹതി യായി ഹഫ്‌സടീച്ചർ മാറിക്കഴിഞ്ഞിരുന്നു. സഹോദരിമാരെ അടുത്ത്നിർത്തിയും, ചേര്‍ത്തുപിടിച്ചും ഇന്നാട്ടിലെ വീടകങ്ങളിലേക്ക് ടീച്ചർ നടന്നു കയറി. അതും രോഗാതുരമായ നാൾ വഴികളിലൂടെ! മാത്രല്ല, കുടുംബത്തിന്റെ പരിമിതമായ വരുമാനത്തിൽ ക്ഷമാ പൂർവ്വം ഒതുങ്ങിക്കൂടി നിന്ന് കൊണ്ടുള്ള ജീവിതപ്രയാണങ്ങൾക്കിടയിൽ..... എങ്ങിനെ ഇതെല്ലാം സാധിക്കുന്നു? എന്നിട്ടും നാട്ടിലെ തുറക്കാത്ത പല മനസ്സുകളും ദീനുൽ ഇസ്ലാമിന്റെ താക്കോൽ കൊണ്ട്‌ അവർ തുറന്നു.ഖുർആനിന്റെ വിശാലതയിലേക്ക് അവർ പലരെയും കൂട്ടി കൊണ്ട് വന്നു. വിശക്കുന്ന വയറുകൾക്ക് ഹഫ്‌സ ടീച്ചർ ആഹാരമായിരുന്നു. രോഗപീഠയിൽ കഴിഞ്ഞിരുന്നവർക്ക് അവർ മരുന്നായിരുന്നു. കിടപ്പാടമില്ലാത്തവർക്ക് അവർ മേൽക്കൂരയായിരുന്നു.

ഇസ്ലാമിക നാഗരികതയുടെ ശിലാസ്ഥാപനത്തില്‍ ഒരു എത്യോപ്യന്‍ മഹിള യുടെ നിശ്വാസത്തിന്റെ പാദചലനങ്ങള്‍ ഒരു സൈന്ധവം സൃഷ്ടിച്ചത് ഇവിടെ ഓര്‍മ വരുന്നു.

പല സഹോദരി മാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ട് ഇറങ്ങുകയും അവരെ അല്ലാഹുവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു കൊണ്ട്‌ പോകുകയും ചെയ്ത ആ സഹോദരി മരിച്ചിട്ടും ഇവിടെ തന്നെ ജീവിക്കുകയാണ്. ഇസ്ലാമിക നിയമ സമഹിതകൾക്കനുസൃതമായി ജീവിക്കുകയും ജീവിതം പഠിപ്പിക്കുകയും ചെയ്തു കൊണ്ട് തന്നയാണ് ഹഫ്‌സ ടീച്ചർ ഇവിടം വിട പറഞ്ഞിട്ടുള്ളത്. 

എന്റെ മൂത്ത രണ്ട് മക്കളുടെയും ദീനി അധ്യാപികയാണ് ഹഫ്‌സ ടീച്ചർ. ഇടയ്ക്ക് തോമസ് ഗ്രേയ് മനസ്സിലേക്കു കയറി വരുന്നു. 'The paths of glory lead but to the grave.'

നമുക്കൊക്കെ ഓര്‍മ്മകളുടെ ‍ പൂക്കാലം തന്ന്‌, നന്മയുടെ  പുഷ്പങ്ങള്‍ വിരിഞ്ഞ് നില്‍ക്കുന്ന പൂന്തോട്ടം തന്ന്‌. അല്ലാഹുവിന്റെ ചാരത്തേക്ക്  വിശുദ്ധിയുടെ വെള്ള ചിറകിലേറി ടീച്ചർ നമ്മോട് വിട പറഞ്ഞു.

നാഥാ, സ്വര്‍ഗ്ഗ വാതിലുകള്‍ ആ സോദരിക്കായി നീ തുറക്കണ മേ, ആമീന്‍.

നാസറുദ്ദീന്‍ തങ്ങള്‍ എ.എസ്
-------
വല്ലിത്തയും കുഞ്ഞുമ്മയുമായ ഹഫ്‌സത്ത
അൻവർ ഷാ, പാടൂർ

ഹഫ്‌സത്തയെ കുറിച്ച് പറയുന്നതിന് മുമ്പ് 'അദ്രമാൻക്ക'യെ കുറിച്ച് രണ്ടു വാക്ക് പറയട്ടെ. അതെ അദ്രമാൻക്ക- ഞങ്ങളങ്ങനെയാണ് കേലാണ്ടത്തെ അബ്ദുറഹിമാൻക്കയെ വിളിച്ചിരുന്നത്. ഇപ്പോഴും അങ്ങനെതന്നെ. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സൗഹൃദപൂർവ്വം അദ്ദേഹം അങ്ങിനെ വിളിക്കപ്പെടാറുണ്ട്.

ജ്യേഷ്ഠൻ അഹമ്മദ് മുസ്‌ലിയാരോട് അയൽവാസി എന്നതിനപ്പുറം ഗുരുശിഷ്യ ബന്ധമുണ്ടെങ്കിലും, സരസനും സംസാരപ്രിയനുമായ അനുജൻ അദ്രമാൻക്കയുമായുള്ള ഞങ്ങളുടെ ഒക്കെ കൂട്ടുകെട്ട് ഞങ്ങളുടെ വല്യൂപ്പ ഹമീദ് മുസ്‌ലിയാർ ജീവിച്ചിരിക്കുന്ന കാലം മുതലേ ഉള്ള തായിരുന്നു.

ഹഫ്‌സത്തയെ റഹ്‌മാൻക്ക വിവാഹം കഴിച്ചതിനു ശേഷം ആദ്യ കുടുംബ സന്ദർശനം ഞങ്ങളുടെ വീട്ടിലേക്കായിരുന്നു എന്ന് അദ്രമാൻക്ക  പറഞ്ഞിട്ടുണ്ട്.വെല്ലിപ്പയുമായി നീണ്ട കാലങ്ങളായുള്ള അദ്ദേഹത്തിന്റെ ആ അടുപ്പം പിന്നീട് എന്റെ ഉപ്പയുമായും ഇപ്പോൾ ഞാനുമായും തുടർന്ന് പോരുന്നു. അതിപ്പോൾ എന്റെ മകൻ വരെ എത്തിക്കഴിഞ്ഞിട്ടുമുണ്ട്. 

ഒരു സഹോദരനോടോ ഉറ്റ ഒരു കൂട്ടുകാരനോടോ ഉള്ള അടുപ്പമാണ് ഞങ്ങൾ തമ്മിൽ നാളിത് വരെ നിലനിർത്തി പോന്നിട്ടുള്ളത്.പ്രായത്തിന്റെയും കാലത്തിന്റെയും പരിധികളെ മറികടന്നുള്ള ഒരാത്മ ബന്ധം എന്ന് വേണമെങ്കിൽ ഇതിനെ പറയാം.അൽഹംദുലില്ലാഹ്... അല്ലാഹു മരണം വരെ ആ ബന്ധം നിലനിർത്തട്ടെ.

അദ്ദേഹം വിവാഹ ശേഷം ഭാര്യ ഹഫ്‌സത്തയുമായി ആദ്യമായി ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ ഉമ്മയുമായുള്ള അവരുടെ ഇടപെടൽ ഒരു മൂത്ത  സഹോദരിയോടെന്നപോലെയായിരുന്നു. ഏറെ നാളത്തെ മുൻപരിചയം ഉള്ളത് പോലെയായിരുന്നു അവർ ഉമ്മയോട്  പെരുമാറിയിരുന്നത്. അതാണ് ഹഫ്‌സത്തയുടെ പ്രത്യേകതയും.എന്റെ ഉമ്മാക്ക് ജേഷ്ഠത്തിയോ അനിയത്തിയോ ഇല്ലാത്തത് കൊണ്ട് ഒരു അനിയത്തിയെ കിട്ടിയ സന്തോഷത്തോടും  വാത്സല്യത്തോടും കൂടിയായിരുന്നു ഉമ്മ ഹഫ്‌സത്തയെ കണ്ടിരുന്നത്. അവർ തമ്മിലുണ്ടായിരുന്ന ആത്മബന്ധം അത്ര വൈകാരികമായിരുന്നു.

ഉമ്മയുടെയും ഹഫ്‌സത്തയുടെയും എല്ലാ വിഷമങ്ങളും സന്തോഷങ്ങളും അവർ പരസ്പരം പങ്കുവെക്കാറുണ്ടായിരുന്നു എന്നത് ആ ബന്ധത്തിന് ഊഷ്മളത കൂട്ടി. ഹഫ്‌സത്ത വീട്ടിൽ എത്തിയാൽ പിന്നെ പലഹാരങ്ങളുണ്ടാക്കലും അത് നിർബന്ധിച്ച് കഴിപ്പിക്കലുമെല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു.

ഇസ്‌ലാമിക  ചട്ടക്കൂട്ടിൽ വളർന്ന ഹഫ്‌സത്തയുടെ  വസ്ത്രധാരണവും സംസ്കാര സമ്പന്നമായ പെരുമാറ്റവും, വിനയവും, സംസാരരീതിയുമാണ്  ഒരു അനിയത്തിയെപ്പോലെ ഉമ്മ ഹഫ്‌സത്തയെ സ്നേഹിക്കാൻ നിമിത്തമാക്കിയത്.  ജേഷ്ഠത്തിയെപ്പോലെ ഹഫ്‌സത്ത ഉമ്മയെ സ്നേഹിച്ചതും ആ ഇസ്‌ലാമിക ബോധം കൊണ്ട് തന്നെ യായിരിക്കും.അതെ,രക്തബന്ധത്തേക്കാളും അപ്പുറം സ്‌നേഹവും വിശ്വാസവും നിറഞ്ഞ അതുല്യമായ ആത്മബന്ധമായിരുന്നു അവർ തമ്മിൽ.

എനിക്കില്ലാതെപോയ ജേഷ്ടത്തിയായിരുന്നു എനിക്കെന്റെ ഹഫ്‌സത്ത. എനിക്കില്ലാതെപോയ എന്റെ കുഞ്ഞുമ്മയുമായിരുന്നു എനിക്ക് ഹഫ്‌സത്ത. ഹഫ്‌സത്ത ജമാഅത്ത് കാരി ആയത് കൊണ്ട് വീട്ടിൽ വന്നാൽ സുന്നി-ജമാഅത്ത് സംവാദം നടത്തലാണ് ഞങ്ങളുടെ നേരംപോക്ക്. ഇസ്‌ലാമിക വിഷയങ്ങളിലും ബന്ധപ്പെട്ട പ്രമാണങ്ങളിലും സാമാന്യം നല്ല അറിവുള്ള ഹഫ്‌സത്തയോട് മുട്ടിയാൽ എപ്പോഴും തോൽക്കുന്നത് ഞാൻ തന്നെയായിരുന്നു.എല്ലാം  മാഞ്ഞുപോകാത്ത ഓർമ്മകളായി ഇപ്പോഴും നിൽക്കുന്നു.പിന്നീട് ഞങ്ങളുടെ ഉമ്മ മരിച്ചതിന് ശേഷം സന്ദർശനം കുറഞ്ഞു വെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ ബന്ധം മുറിയാതെ നില നിർത്താൻ ഹഫ്‌സത്ത ശ്രമിച്ചിരുന്നു.

ഈ അടുത്ത് മരിക്കുന്നതിന് ഏകദേശം രണ്ട്  മാസം മുമ്പ് ഏതാനും ചില ഫോട്ടോകളും മെഡിക്കൽ റിപ്പോർട്ടുകളും എനിക്ക് ഇത്ത വാട്സ്ആപ്പിൽ അയച്ചുതന്നിരുന്നു. കൂടെ 2:52 സെക്കന്റ്‌ ദൈഘ്യമുള്ള ഒരു വോയിസും. അവിടെ അടുത്ത് തന്നെയുള്ള ഒരു സ്ത്രീയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അനിവാര്യമായ സഹായം തരപ്പെടുത്തേണ്ടതിലേക്കായി അയച്ചതായിരുന്നു അത്. ഹഫ്‌സത്തയെസംബന്ധിച്ചിടത്തോളം ഇതൊന്നും ഒറ്റപ്പെട്ട സംഗതിയല്ല എന്ന് അറിയുന്നവർക്കറിയാം. എന്നാലും സൂചിപ്പിച്ചെന്ന് മാത്രം.

ഹഫ്‌സത്ത തന്റെ രോഗാവസ്ഥയും അതിന്റെതായ പാരവശ്യങ്ങളും പരിഗണിക്കാതെ മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിതകാലം അധികവും നീക്കിവെച്ചത്.ഇങ്ങിനെ ഒരു മാതൃകായോഗ്യയായ ഒരു സഹോദരിയെ ഇനി ഈ പാടൂരിന് ലഭിക്കുമോ??

തുടക്കത്തിൽ ഹഫ്‌സത്തയുടെ വസ്ത്രധാരണത്തെ പറ്റി സൂചിപ്പിച്ചുവല്ലോ. അവർ പാടൂരിലെത്തുന്ന എൺപതുകളിൽ പൊതുവെ മുസ്‌ലിം സ്ത്രീകൾ ഇസ്‌ലാമിക  വേഷ വിധാനങ്ങളൊന്നും വേണ്ടും വിധം പാലിച്ചിരുന്നില്ല. പ്രത്യേകിച്ച് ചെറുപ്പക്കാരികൾ. ഹാഫ് കയ്യ് ഒരു പരിഷ്കാരമായിരുന്നു. തല മറക്കുമെങ്കിലും അത് ഭാഗികമായിരുന്നു. തെറ്റാണെന്നറിയാം. എന്നാലും ശരിചെയ്യാൻ ഒരപകർഷതാബോധം നമ്മുടെ സോദരിമാരെ വേട്ടയാടിയിരുന്നു. 

അവർക്കിടയിലൂടെയായിരുന്നു ഹഫ്‌സത്ത ആദർശ വീര്യത്തോടെ മുഖമക്കനയും ഫുൾ കൈയുമായി നടന്നിറങ്ങിയത്. കാണുന്ന ഇത്തമാർക്ക് കുറച്ചെങ്കിലും ചമ്മൽ തോന്നിയിരിക്കണം. എന്നാൽ അവർക്ക് സ്ത്രീത്വത്തിന്റെ മാന്യത എന്തെന്നു ഇത്ത തന്റെ ഡ്രസ്സ്‌ കോഡിലൂടെ കാണിച്ചു കൊടക്കുകയായിരുന്നു.  അവരിൽ സ്വത്വബോധവും തങ്ങളുടെ പൈതൃകത്തിന്റെ മഹത്വവും ഹഫ്‌സത്ത പറിച്ചു നട്ടു. അങ്ങനെ സ്ത്രീകളിൽ ഇസ്‌ലാമിക വേഷ വിധാനത്തിന്റെ ഒരു സംസ്കാരം നാട്ടിൽ കൊണ്ട് വരുന്നതിൽ ഹഫ്‌സത്ത നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നു തന്നെ പറയാം. അത് പോലെ പലതും പലതും.ജമാഅത്തായുള്ള സ്ത്രീകളുടെ തറാവീഹുനിസ്കാരം,  പെണ്ണുങ്ങളുടെ കൂട്ടായുള്ള മയ്യിത്ത് നിസ്കാരം, ഈദ് ഗാഹു കളിൽ സ്ത്രീകളുടെയും കുട്ടികളുടെയും നിറ സാന്നിധ്യം ... ഇവയെല്ലാം ചിലത് മാത്രം.

ഇനിയും ഒരുപാടൊരുപാട് എഴുതാനുണ്ട്.എത്ര എഴുതിയാലും, പറഞ്ഞാലും തീരാത്തത്ര മഹനീയമായ ഗുണങ്ങൾ  ഒത്തുചേർന്ന ഹഫ്‌സത്താക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാവട്ടെ. സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനങ്ങൾ നൽകി അവരെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ...

ഹഫ്‌സത്ത നമ്മെ വിട്ട് പോയെങ്കിലും ഓർമ്മകളിൽ ഇപ്പോഴും ജീവിച്ചിരുന്ന ആ ആത്മ ബന്ധം, ഇന്നിന്റെ ഹൃദയവേദനയായി തുടർന്ന് കൊണ്ടേയിരിക്കുന്നു.

ഹൃദയപൂർവ്വം
അൻവർ ഷാ, പാടൂർ
-----------------
ഞാനറിഞ്ഞ ഹഫ്‌സത്ത...

പ്രിയ സുഹൃത്തിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചു.എൻ്റെ ടലഫോണ്‍ കോളാണ് എന്നറിഞ്ഞാൽ തല്‍ക്ഷണം എടുക്കാറുള്ള അദ്ദേഹം എന്തുകൊണ്ടോ ഫോൺ എടുത്തില്ല.പലതും ചിന്തിച്ചു നിരാശയോടെ ഇരിക്കുമ്പോൾ അതാ അദ്ദേഹം എന്നെ തിരിച്ചു വിളിക്കുന്നു. 
 
ഹാവൂ എന്തൊരാശ്വാസം..... 
- മനസ്സ് മന്ത്രിച്ചു
'ഹഫ്‌സത്ത മരിച്ചതറിഞ്ഞില്ലേ?'
- അദ്ദേഹം ആരാഞ്ഞു.
'നമ്മുടെ ഹഫ്‌സത്തയോ?'
- എന്റെ മറു ചോദ്യം
'അതേ ....'
- സുഹൃത്ത് സ്ഥിരീകരിച്ചു.

അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷങ്ങളും ദുഃഖങ്ങൾക്ക് വഴി മാറി.തുടര്‍‌ന്ന്‌ നിമിഷാര്‍‌ദ്ധത്തിലെന്ന പോലെ ജീവിതത്തിലെ ചില അനുഭവ സാക്ഷ്യങ്ങളിലേക്ക് ചിന്തകള്‍ ചിറകടിച്ചു പോയി....

ഒരു ജീവിതം ശിഥിലമാവാൻ ഏറെ സമയമൊന്നും വേണ്ട. പ്രത്യേകിച്ച് ദമ്പതികള്‍ തമ്മിൽ തെറ്റിയാൽ....
രണ്ട് ഭാഗത്തും ആളുകൾ ചേരും. അടുപ്പിക്കാനല്ല..... അടിപിടിയുടെ ഊഴവും കാത്തുകൊണ്ട്.അതാണ്‌ ലോകം.

ഇങ്ങനെയുള്ള ദൗര്‍‌ഭാഗ്യകരമായ ബന്ധങ്ങളുടെ കഥകളും അതൊക്കെ സര്‍‌ഗാത്മകമായി പരിഹരിച്ച ധന്യ മുഹൂര്‍‌ത്തങ്ങളും വിശിഷ്യാ അതിലെ നിത്യ ഹരിത നായികയും മനസ്സില്‍ ഓടിയെത്തി..

പ്രിയപ്പെട്ട എന്റെ സുഹൃത്തിന്റെ ജീവിതത്തിന്റെ പാതയും പാളവും തകിടം മറിഞ്ഞു പോകുമായിരുന്ന ഘട്ടത്തില്‍,അവരുടെ കുടുംബ ബന്ധം വിളക്കിച്ചേർത്തത്തിൽ ഹഫ്‌സത്തയുടെ പങ്ക് മാതൃകാപരമായിരുന്നു. ഭാര്യയേയും മക്കളേയും എന്നെന്നേക്കുമായി നഷ്ടപ്പെടാതിരുന്നതിന് അവർ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്‌.

ഒരിക്കൽ പരസ്പരം തെറ്റി നിൽക്കുന്ന ദമ്പതികളുടെ ഒരു മകൾ മരിക്കാൻ ഇടയായതിൽ ആ മാതൃഹൃദയം ഒരുപാട് വേദനിച്ചു. അവർക്ക് സഹായം എത്തിക്കുന്നതിൽ അവര്‍ നടത്തിയ പരിശ്രമം ശ്ലാഘനീയമായിരുന്നു.

എന്നോട് പലപ്പോഴും ആ തെറ്റിനിൽക്കുന്ന ഭർത്താവിനെ കണ്ടെത്താനും അയാളുമായി സംസാരിക്കാനും ഹഫ്‌സത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. ഇടക്കിടക്ക് വിളിച്ച് അദ്ദേഹത്തെ ഫോണിൽ കിട്ടിയോ എന്നന്വേഷിക്കും. അങ്ങനെ അയാളുടെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ചു വരുത്തുകയും മഹല്ല് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു തീർപ്പാക്കി രമ്യതയിൽ ആ വിഷയത്തിൽ പരിഹാരം കണ്ടെത്താന്‍ ഹഫ്‌സത്താക്ക് സാധിക്കുകയുണ്ടായി.  

ഭാര്യക്ക് ഭർത്താവിനേയും മക്കൾക്ക് ഉപ്പയേയും അങ്ങനെ തിരിച്ചു കിട്ടാൻ കാരണമായത് ഈ മഹതിയുടെ ഇടപെടലിലൂടെയുള്ള കർമ്മങ്ങളില്‍ ഒന്നു മാത്രമാണ്‌.

ഭർത്താവ് ആ സഹോദരിയെ വളരെ മാന്യമായി സ്വീകരിക്കുന്നത് വരെയും തുടർന്നുള്ള നാളുകളിൽ ആ വീട്ടുകാർക്കുള്ള മുഴുവൻ ചെലവുകൾ  ഹഫ്‌സത്തയുടെ നേതൃത്വത്തിലുള്ള ഒരു ടീം വഹിച്ചു പോരുന്നത് വരെയും ഹഫ്‌സത്ത ആ ദമ്പതിമാർക്കൊപ്പമുണ്ടായിരുന്നു.ഒരു കുടും‌ബത്തിന്റെ ഈ പുനഃസമാഗമം ഇന്നും എൻ്റെ ഹൃദയത്തിൽ  ഏറെ മതിപ്പുളവാക്കിയ മരിക്കാത്ത ഓർമയാണ്.
       
കൊടുങ്ങല്ലൂരിൽ നിന്നും വന്ന് പാടൂരിൻ്റെ മരുമകളായ ഒരു ചിത്രമല്ല ഹഫ്‌സത്തയെ കുറിച്ച് ഈ കുറിപ്പ് എഴുതുമ്പോൾ എനിക്ക് ഓർമ വരുന്നത്,മറിച്ചു  പാടൂരിൻ്റെ സ്വന്തം മകളായിതന്നെ മാറിയ ചിത്രം മാത്രമാണ്.

ഞങ്ങൾ തമ്മിൽ ആദര്‍‌ശപരമായ ചർച്ചകളും കര്‍‌മശാസ്‌ത്രപരമായ സംവാദങ്ങളും രാഷ്ട്രീയമായ വാദപ്രതിവാദങ്ങളു മൊക്കെ പലഘട്ടങ്ങളിലും സന്ദർഭങ്ങളിലും നടക്കാറുണ്ട്.ഒര്‍‌മയില്‍ ഹരിതാഭമായി നില്‍‌ക്കുന്ന ക്രിയാത്മകമായ ബുദ്ധിപരമായ മാന്യമായ സൗഹൃദ സം‌ഭാഷണങ്ങള്‍ മാത്രമായിരുന്നു തത്വത്തിൽ അവ. അനര്‍‌ഘനിമിഷങ്ങളായി മനസ്സില്‍ പതിഞ്ഞു നില്‍‌ക്കുന്നു ആ രം‌ഗങ്ങളെല്ലാം. 

ഹഫ്‌സത്തയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നതില്‍ പ്രധാനപ്പെട്ടത്, ഇണ തുണ ബന്ധങ്ങളെ ഇണക്കി ചേര്‍‌ക്കുന്നതിലെ നൈപുണ്യവും,സന്നദ്ധ സേവന പ്രവർത്തനങ്ങളിലെ കാര്യക്ഷമതയുമാണ്‌. ക്ഷമയും സഹനവും ത്യാഗ സന്നദ്ധതയും ഏറെ അനിവാര്യമായ പ്രസ്‌തുത വിഷയങ്ങള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള സൗഭാഗ്യം കൊണ്ട് അനുഗ്രഹീതയായിരുന്നു പ്രിയപ്പെട്ട സഹോദരി. 

ഹഫ്‌സത്തയുടെ മക്കളായ യാസിറും സബീഹയും എൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളായിരുന്നു. എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കാലയളവിൽ രണ്ടുപേരെയും അവർക്ക് എത്തിപ്പെടാവുന്ന വേദികളിലൊക്കെ കൊണ്ടുപോവുകയും അര്‍‌ഹമായ പുരസ്‌കാരങ്ങളും ബഹുമതികളും അവർക്ക് നേടി കൊടുക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. അതിലെല്ലാം എന്റേതായ പങ്കുവഹിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനും കൃതാർഥനുമാണ് ഞാൻ.അതിന്റെയെല്ലാം കൃതഞ്ജത ഹഫ്‌സത്തയുടെ സമീപനങ്ങളിൽ എനിക്ക് ദർശിക്കാനും കഴിഞ്ഞിട്ടുണ്ട്. ഹഫ്‌സത്തയുടെ ഭർത്താവ് അബ്‌ദുറഹ്‌മാന്‍‌ക്കയുമായി പണ്ടേയുള്ള  ഹൃദ്യമായ ബന്ധമാണ്‌ എന്റേത്.

നല്ല ഒരു എഴുത്തുകാരനും സരള പ്രിയനുമായ എൻ്റെ പ്രിയപ്പെട്ട കേലാണ്ടത്ത് അബ്‌ദുറഹ്‌മാന്‍‌ക്ക ഞങ്ങളുടെ കുടുംബ സുഹൃത്താണ്.മിഖ്‌ദാദും,യാസിറും സബീഹയും, എല്ലാം അടങ്ങുന്ന ആ കുടുംബത്തിന് സ്നേഹനിധിയായ ഉമ്മയുടെ വേർപാടിൽ ക്ഷമിക്കാനുള്ള കരുത്ത് അല്ലാഹു പ്രധാനം ചെയ്യട്ടെ.

ഈ മാതൃകാ ദമ്പതികള്‍ കുടുംബ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിത്വങ്ങൾ  ആണ് എന്ന്‌ അടിവരയിടപ്പെടേണ്ട സംഗതിയാണ്‌.എൻ്റെ കുടുംബവുമായി ഏറെ സൗഹൃദ ബന്ധം പുലർത്തിയിരുന്ന ഹഫ്‌സത്ത, കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിൽ ഒരു വലിയ കണ്ണിയായിരുന്നു.കുടുംബങ്ങളിൽ ഇളകി നിൽക്കുന്ന കണ്ണികൾ കണ്ടെത്തി അവ വിളക്കിച്ചേർക്കുന്നതിൽ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വം ഒരാളായിരുന്നു എന്ന് നിസ്സംശയം അവരെ പറ്റി പറയാനാകും.

അവരുടെ വിയോഗത്തിൽ വേദന അനുഭവിക്കുന്ന കുടുംബത്തിന്  ക്ഷമിക്കാനുള്ള സഹന ശേഷി അള്ളാഹു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.ഒപ്പം ഹഫ്‌സത്തയുടെ പരലോക ജീവിതം അല്ലഹു സ്വർഗ്ഗീയമാക്കി അനുഗ്രഹിക്കുമാറാവട്ടെ എന്ന് ആത്മാർത്ഥമായി  പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പി എം മുഹ്‌സിന്‍ മാസ്റ്റർ
പാടൂർ.
---------------
നല്ല അയല്‍‌ക്കാരി
നൂർജഹാൻഉമ്മർ

ഹഫ്ത്ത ഇന്ന്‌ നമ്മോടപ്പം ഇല്ല.അല്ലാഹുവിന്റെ കാരുണ്യവര്‍‌ഷം അവരില്‍ ചൊരിയുമാറാകട്ടെ.ഈ മഹതിയെ കുറിച്ച് എഴുതാൻ കുറെ ഏറെയുണ്ട്‌.വളരെ ചുരുക്കി ചില കാര്യങ്ങള്‍ മാത്രം പങ്കുവെക്കുകയാണ്‌. ഞങ്ങള്‍ അയൽവാസികളായതിനു ശേഷം വിടപറയുന്നതുവരെ വളരെ സ്നേഹത്തിലും,സൗഹാർദ്ദത്തിലുമായിരുന്നു അവർ ഞങ്ങളുമായി കഴിഞ്ഞു പോന്നിരുന്നത്.അഥവാ എല്ലാ അര്‍‌ഥത്തിലും ഒരു നല്ല അയല്‍‌ക്കാരി.

ഒരു പ്രതിസന്ധി ഘട്ടത്തില്‍ അല്ലെങ്കില്‍ മാനസികമായോ, സാമ്പത്തികമായോ, പ്രയാസപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവരുടെ ഒരു സമാശ്വാസം അയൽക്കാരായ ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. അവരുടെ സാന്ത്വന വാക്കുകൾ വിലപ്പെട്ടതായിരുന്നു. അതോടൊപ്പം അവർ ചെയ്തു പോന്നിരുന്ന സേവനങ്ങൾ അയൽപക്കക്കാരായ ഞങ്ങൾക്ക് മറക്കാനാവാത്തതായിരുന്നു.അയല്‍‌ക്കാരില്‍ മാത്രം ഒതുങ്ങുന്ന പ്രകൃതക്കാരിയായിരുന്നുമില്ല ഹഫ്‌സത്ത.മറ്റുള്ളവരോടുള്ള സ്‌നേഹ ക്ഷേമാന്വേഷണങ്ങള്‍ കേവലം യാന്ത്രികവുമായിരുന്നില്ല അവരുടേത്.വേണ്ടി വന്നാല്‍ എന്ത് ഏത് തരത്തിലുള്ള സഹായമാണെങ്കിലും എത്തിച്ചു തരാൻ അവർ സന്നദ്ധയായിരുന്നു. ആർക്കും അവരർഹിക്കുന്ന സഹായം അനുവദിക്കാനും അനുവദിപ്പിക്കാനും ഒരുക്കമുള്ള അക്ഷരാര്‍‌ഥത്തിലുള്ള അന്വേഷണങ്ങളാണ്‌ ഈ സഹോദരി നടത്തിയിരുന്നത്. 

വിജ്ഞാന സദസ്സുകളിലേക്കും പഠന പരമ്പരകളിലേക്കും തനിക്ക് ചുറ്റുമുള്ളവരെ പരമാവധി ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഹഫ്‌സത്ത  കാരുണ്യ പ്രവര്‍‌ത്തനങ്ങളില്‍ സദാ ജാഗ്രത പുലര്‍‌ത്താനും സദാ ശ്രമിച്ചു പോന്നിരുന്നു..

പൊതു പ്രവര്‍‌ത്തനങ്ങളുടെ ഭാഗമായി പുറത്തിറങ്ങേണ്ടി വരുമ്പോള്‍ ഒക്കെയും വീട്ടില്‍ ആരുമില്ലാത്ത സാഹചര്യങ്ങളില്‍ ഇത്ത പൊന്നുമോന്‍ മിഖിയെ ഞങ്ങളെ ഏല്‍‌പിച്ചു പോകാറാണ്‌ പതിവ്‌. ഒഴിവു കഴിവുകള്‍ പൊലിപ്പിച്ച് അവരവരുടെ ഉത്തരവാദിത്തങ്ങള്‍  കൃത്യമായി അനുവര്‍‌ത്തിക്കാത്തവര്‍‌ക്ക് ഹഫ്‌സത്ത നല്ല പാഠമായിരുന്നു.ധാര്‍‌മിക ബോധമുള്ള പ്രതിജ്ഞാ ബദ്ധമായ മനസ്സിന്റെ ഉടമയായിരൂന്നു ഈ പാടൂരിന്റെ മരുമകള്‍.

പടച്ച തമ്പുരാനോടുള്ള വിധേയത്വവും പടപ്പുകളോടുള്ള ബാധ്യതകളും സാധ്യമാകുന്നത്ര ഭം‌ഗിയായി നിര്‍‌വഹിക്കുന്നതില്‍ ഏറെ ശുഷ്‌കാന്തി കാണിച്ചിരുന്ന മാതൃകാ വനിത.അവരുടെ സകല സദ്‌കര്‍‌മങ്ങളും സ്വീകര്യയോഗ്യമാകട്ടെ എന്ന് പ്രാര്‍‌ഥിച്ചു കൊണ്ട് ചുരുക്കുന്നു.

 നൂർജഹാൻ ഉമ്മർ, പാടൂർ.
-------------
കണ്ണീര്‍ മഴയത്ത്
ആഷിഫ ഷാഫി

ഞാന്‍ ആഷിഫ ഷാഫി,ഞാൻ ജനിച്ചും വളര്‍‌ന്നതും പെരിങ്ങാട് ആണ്. ഗുരുവായൂർ കോട്ടപ്പടിയിലാണ്‌ ഇപ്പോള്‍ താമസം.എൻ്റെ ഉമ്മയിൽ നിന്നാണു ഹഫ്‌സത്താനെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്.വളരെ ചെറിയ പ്രായത്തില്‍,ആരോടെന്നോര്‍‌മയില്ല ഉമ്മ ഹഫ്‌സത്തെയെ കുറിച്ച് അവരുടെ പ്രിയതമനെ കുറിച്ച് അത്യാദരവോടെ സം‌സാരിച്ചത് മനസ്സില്‍ കൊത്തിയിട്ടു.ഹഫ്‌സത്തയുടെ പ്രവര്‍‌ത്തനങ്ങളെ കുറിച്ചും വിശിഷ്യാ അവരുടെ ഔദാര്യമനസ്സും വിസ്‌തരിച്ച് ഉമ്മ വാചാലമാകുമായിരുന്നു.  

ഹഫ്‌സത്താനെ കാണുമ്പോഴൊക്കെ നന്മയും അതിന്റെ പ്രസാരണവും പ്രചാരണവും സേവന സന്നദ്ധതയും ഒക്കെയാണ്‌ മനസ്സിലേക്ക് ഓടിയെത്തുക.

ക്ഷണിക്കപ്പെട്ട ഒരു വിധം പഠന പരമ്പരകളിലൊക്കെ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.മാത്രമല്ല അത്തരം വിജ്ഞാന സദസ്സുകളില്‍ നിന്നും പകര്‍‌ന്നു കിട്ടിയതൊക്കെ ഓര്‍‌മയില്‍ തങ്ങി നില്‍‌ക്കുന്നുമുണ്ട്.പ്രബോധനം വാരിക ഹഫ്‌സത്ത വഴിയാണ്‌ എനിക്ക് അയച്ചു കിട്ടിയിരുന്നത്.ടലഫോണ്‍ സൗകര്യങ്ങള്‍ ആയപ്പോള്‍ ടലിഫോണിലൂടെ കൂടെ കൂടെ ബന്ധപ്പെടുമായിരുന്നു.

വിവാഹാനന്തരം ഒരിക്കല്‍ ഞാനും മോനും കൂടെ ഖത്തറിലേക്ക് പുറപ്പെടുമ്പോള്‍ യാത്രപറയാന്‍ ഹഫ്‌സത്തയെ വിളിച്ചിരുന്നു.യാത്ര പുറപ്പെടുന്ന ദിവസം ഹഫ്‌സത്ത ഒരു കത്ത് എഴുതി കൊടുത്തയച്ചിരുന്നു.അത് വായിച്ചപ്പോള്‍ വലിയ സമാധാനവും സന്തോഷവും ഉന്മേഷവും ഒക്കെ അനുഭവപ്പെട്ടു.പ്രത്യേകം സൂക്ഷിച്ചു വെച്ച പ്രസ്‌തുത കത്ത് ഗള്‍‌ഫിലുള്ളപ്പോള്‍ ആവര്‍‌ത്തിച്ചു വായിക്കുകയും ആശ്വസിക്കുകയും ആസ്വദിക്കുകയും ചെയ്യുമായിരുന്നു.വ്യക്തിപരമായ മാനസിക പ്രയാസങ്ങള്‍ സ്വന്തം ഉമ്മയോടെന്നപോലെ അവരോട് പങ്കുവെക്കാനാകുമായിരുന്നു. അപ്പോഴെക്കെ അവരില്‍ നിന്നും ലഭിച്ചിരുന്ന സമാശ്വാസങ്ങള്‍ ഏറെ ഉപകാരപ്പെടുന്നതും വിലപ്പെട്ടതുമായിരുന്നു.

ഒരിക്കല്‍ തൃശൂരില്‍ ഒരു ഡോക്‌ടറെ കാണാന്‍ മകനുമായി പോയപ്പോള്‍ തികച്ചും അവിചാരിതമായി പ്രിയപ്പെട്ട ഹഫ്‌സത്തയെയും പ്രിയതമനെയും കണ്ടു.പറഞ്ഞറിയിക്കാനാകാത്ത സന്തോഷമായിരുന്നു.മറ്റൊരിക്കല്‍ പരസ്‌പരം കണ്ടുമുട്ടിയപ്പോള്‍ ഹഫ്‌സത്താടെ കത്ത് സൂക്ഷിക്കുന്ന വിവരവും ആവര്‍‌ത്തിച്ച് വായിക്കാറുള്ള കാര്യവും അറിയിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞിരുന്നു.എന്നിട്ട് അവരുടെ മകളോടായി അഭിമാനത്തോടെ പങ്കുവെക്കുന്നുണ്ടായിരുന്നു.ഒപ്പം ഇനി ഒരു കത്ത് കൂടെ എഴുതി കൊടുത്തയക്കാമെന്ന വാഗ്‌ദാനവും.പുതിയ കത്തിന്റെ പ്രതീക്ഷയിലാണൊ എന്നറിയില്ല ആദ്യത്തെ കത്ത് നഷ്‌ടപ്പെട്ടു.കനപ്പെട്ട നിധി നഷ്‌ടപ്പെട്ട പോലെ അതീവ ദുഃഖിതയാണ്‌.

ഹഫ്‌സത്ത പഠിപ്പിച്ചു തന്ന ജീവിതത്തിലെ ദൈനം ദിന പ്രാര്‍‌ഥനകള്‍ പലതും പതിവാക്കുമ്പോളൊക്കെ പ്രിയപ്പെട്ട ഹഫ്‌സത്താനെ ഓര്‍‌മ വരും.അറിവ് പകര്‍‌ന്നു കൊടുക്കുക എന്നതിനോടൊപ്പം സാന്ത്വന സേവന കര്‍‌മങ്ങളിലും അത്യധ്വാനം ചെയ്‌തിരുന്നു.ഏറ്റവും ഒടുവില്‍ ഒരു പെണ്‍‌കുട്ടിയുടെ കല്യാണവുമായി ബന്ധപ്പെട്ട മെസ്സേജ് എനിക്കും വന്നിരുന്നു.

വീട്ടുകാര്യങ്ങള്‍ ഓരോന്നും എണ്ണിയെണ്ണി ഓര്‍‌മപ്പെടുത്തുന്ന ഹഫ്‌സത്ത ഇന്ന് നമ്മോടൊപ്പമില്ലല്ലൊ എന്ന സങ്കടം വാക്കുകളില്‍ ഒതുങ്ങുകയില്ല.ഉമ്മയുടെ മക്കളുടെ ഇണതുണകളുടെ ഒക്കെ പരിപാലനങ്ങളുടെ പ്രാധാന്യം അവര്‍ ഓര്‍‌മിപ്പിക്കുകായിരുന്നു.

വായനയും അതിന്റെ പ്രാധാന്യവും ഖുര്‍‌ആന്‍ പഠനവും അതുമായി ബന്ധപ്പെട്ട ഇതര വിജ്ഞാനങ്ങളും പഠിക്കാനും പകര്‍‌ത്താനുമുള്ള ഹഫ്‌സത്തയുടെ വസ്വിയത്ത് പ്രാര്‍‌ഥനാ പൂര്‍‌വം എപ്പോഴും ഓര്‍‌ത്തിരിക്കുന്നു.

ഉമ്മയെപ്പോലെയുള്ള ഉമ്മയെ കുറിച്ചുള്ള ഓര്‍‌മകളുടെ കണ്ണിര്‍ മഴയത്ത് പ്രാര്‍‌ഥനയോടെ

ആഷിഫ ഷാഫി
---------------
ഹഫ്‌സത്ത് – ദീനി പ്രവർത്തനത്തിന്റെ പ്രോജ്ജ്വലതാരകം
ബി.എം മുസ്തഫ, പാടൂർ.

എല്ലാവർക്കും പ്രിയങ്കരനായ അബ്ദുറഹ് മാൻക്കയുടെ ജീവിതപങ്കാളിയായ ഹഫ്‌സത്ത് , വിശ്വാസത്തിന്റെ വെളിച്ചം കൈമുതലാക്കി സമൂഹത്തെ ഉണർത്തിയ ദീനി പ്രവർത്തകയായിരുന്നു. അവർ നടത്തിയ മതപഠന ക്ലാസുകളും ആത്മീയ സംഗമങ്ങളും അനേകം മനസ്സുകളിൽ ഈമാനികമായ ഒരു നവ ചൈതന്യത്തിന്റെ  വിത്തുകൾ വിതറുക യുണ്ടായി.സഹജീവികൾക്കൊപ്പം ചേർന്ന് കരുണയും സേവനവും വിതറിയ അവരുടെ കര്‍‌മസാക്ഷ്യം, സമൂഹത്തിന് ഒരു പ്രബോധനമായിരുന്നു. ഹഫ്സത്തിന്റെ ജീവിതം, ദീനി വഴിയിലെ സമർപ്പണത്തിന്റെയും സഹാനുഭൂതിയുടെയും ഒരു ശാശ്വത സ്മാരകമായിവരും നാളുകളിൽ തുടർന്നുകൊണ്ടേയിരിക്കും.

ജീവിതകാലം മുഴുവൻ ആ സഹോദരി ദീനി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മതപഠനവും സാമൂഹ്യസേവനവും ഒത്തുചേർത്ത് മാതൃകയായിരുന്ന അവർക്കു, സമീപവാസികളുടെ മനസ്സിൽ സ്‌നേഹത്തിൻറെയും കരുണയുടെയും അടയാളം പതിഞ്ഞിരിക്കുന്നു. വിശ്വാസത്തോടും നിസ്വാർത്ഥതയോടും ചേർന്ന് പ്രവർത്തിച്ച അവരുടെ ജീവിതം, അടുത്ത തലമുറയ്ക്കും പ്രചോദനമാണ്.

ഹഫ്‌സത്തുമായി ഇടപഴകിയിട്ടുള്ള ഏതൊരു വ്യക്തിയോട് ചോദിച്ചാലും ഏതൊരു കുടുംബത്തോട് ചോദിച്ചാലും അവരെ കുറിച്ച് ഒരു പാട് നല്ല അനുഭവങ്ങൾ പറയാനുണ്ടാവും എന്നതാണ് സത്യം. ഹഫ്‌സത്തിന്റെ സ്വഭാവത്തിലോ പെരുമാറ്റത്തിലോ ഇടപെടലുകളിലോ ഇന്നോളം അവരുടെ അയൽവാസികൾക്കോ ബന്ധുക്കൾക്കോ നാട്ടുകാർക്കോ ഒരാക്ഷേപവും പറയാനുള്ള പഴുതു അവരിൽ നിന്ന് ഉണ്ടായിട്ടില്ല.

ഒരായുഷ്കാലം ഒരു വ്യക്തിക്ക് ഇങ്ങിനെ കഴിച്ചുകൂട്ടാൻ കഴിയുമെങ്കിൽ അത് അവർ ആർജ്ജിച്ച അറിവിന്റെയും കരുതി വെച്ച ഈമാനിന്റെയും ബലം ഒന്ന് കൊണ്ട് മാത്രമാണ്. നാട്ടിലെ ഒട്ടേറെ മക്കൾക്ക് അവരുടെ വിദ്യാഭ്യാസത്തിനായി പഠനോപകരണങ്ങൾ മുതൽ മാസാന്ത ഫീസു വരെ മുടക്കമില്ലാതെ സംഘടിപ്പിച്ചു കൊടുത്തിരുന്ന ഹഫ്‌സത്ത് നല്ലോരു വിദ്യാഭ്യാസ പ്രവർത്തകയായിരുന്നു. ആരുമാരും അറിയാതെ നിശബ്ദമായി എന്നാൽ സജീവമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിപ്പോന്നിരുന്ന അവർ കരുണാർദ്രമായ ഒരു മനസ്സിന്റെ ഉടമയായിരുന്നു.പല കുടുംബങ്ങളിലെയും അറ്റുപോകുമായിരുന്ന കണ്ണികളെ കൂട്ടിച്ചേർക്കാൻ ഹഫ്‌സത്തിന്റെ ശ്രമങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. 

ഒരു പൊതു പ്രവർത്തക എന്ന നിലയിൽ മേൽ പറയപ്പെട്ട ആവശ്യങ്ങളുടെ സാഫല്യത്തിനായി, ഞാൻ മഹല്ല് പ്രസിഡന്റ്‌ ആയിരുന്ന നാളുകളിൽ പലപ്പോഴും എന്നെ സമീപിച്ചിരുന്നത് ഞാൻ ഓർക്കുന്നു. ഞാൻ തറവാട്ടിലായിരുന്ന കാലത്തും പിന്നീട് പുതിയ വീട് വെച്ച് മാറിയപ്പോഴും ഹഫ്‌സത്തും ജീവിതപങ്കാളിയായ അബ്ദുൽറഹുമാൻക്കയും ഞങ്ങളുടെ കുടുംബ സുഹൃത്ത് തന്നെയായിരുന്നു. നാട്ടിലെ സ്ത്രീ സമൂഹത്തിനു വിശേഷിച്ചും ഖുർആനിന്റെ വാതായനങ്ങൾ തുറന്ന് വെച്ചുകൊടുത്ത ഹഫ്‌സത്ത് എന്റെ മക്കൾക്കും പ്രത്യേകമായി ഖുർആൻ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്.കാരുണ്യ പ്രവർത്തന രംഗത്ത് അനാഥരെയും അഗതികളെയും വിധവകളെയും രോഗികളെയും പരിഗണിക്കുന്നതിൽ അവർ ജാതിയോ മതമോ സമുദായമോ ഒന്നും നോക്കിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരുടെ ആകസ്മികമായ വേർപാടിൽ നാട്ടുകാർക്കൊപ്പം ഞാനും എന്റെ അകൈതവമായ ദുഃഖം രേഖപ്പെടുത്തുന്നു.റബ്ബിന്റെ വജ്ഹു മാത്രം പ്രതീക്ഷിച്ചു കൊണ്ടുള്ള അവരുടെ സകല സൽകർമങ്ങൾക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകുമാറാവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്...

ബി.എം മുസ്തഫ, പാടൂർ.
(മുൻ മഹല്ല് പ്രസിഡന്റ്‌ )
---------------
പ്രിയപ്പെട്ട ഹഫ്‌സ

 ഷംസുദ്ദീൻ മാഷ്, റാബിയ ടീച്ചർ

പ്രിയപ്പെട്ട ഹഫ്‌സാ സ്വർഗ്ഗത്തിൽ സുഖമായിരിക്കുമെന്ന് കരുതി ഞങ്ങൾ സന്തോഷിക്കുകയാണ്. ഞങ്ങളെല്ലാവരും ഒരുമിച്ചിരിക്കുമ്പോൾ ഹഫ്‌സാ നീ ഞങ്ങളുടെ ഇടയിൽ തന്നെയുണ്ട് എന്നേ ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നുള്ളൂ. ഹഫ്‌സാടെ മണം എപ്പോഴും ഞങ്ങളെ ചുറ്റിപ്പറ്റി ഞങ്ങൾക്കിടയിലും ഈ പള്ളി പരിസരത്തും നാട്ടിലും പറന്നു നടക്കുന്നു. ഹഫ്‌സ നടന്നു നീങ്ങിയ വഴി, കാണിച്ചുതന്ന വഴിത്താര എപ്പോഴും ഞങ്ങൾക്ക് പ്രചോദനം തന്നെയാണ്. ഈ ലോകത്ത് നമുക്ക് ജീവിക്കാൻ വേണ്ടത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും വേണ്ട മനുഷ്യരാണ് എന്നാണ് ഹഫ്‌സ ഞങ്ങളെ പഠിപ്പിച്ചത്. താങ്ങാനും, തണലാകാനും, ചുമലാകാനും, തലോടാനും അങ്ങനെ അങ്ങനെ സ്നേഹം സമ്മാനിക്കാൻ ഒരുപാട് വഴികളുണ്ട്. ഓർമ്മകൾ എന്നും പച്ചപിടിച്ചു നിർത്താനും ഒരുപാട് വഴികളുണ്ട്. കണ്ടു മറഞ്ഞതും കേട്ട് മറഞ്ഞു പോയതുമായ കുറേ മനുഷ്യർ ഉണ്ടാകാം, എന്നാൽ പ്രിയപ്പെട്ട ഹാഫ്‌സാ നീ അവരിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു. ഞങ്ങളുടെ മനസ്സിൽ ഹഫ്‌സ ഞങ്ങൾക്ക് നൽകിയ ഊർജ്ജം അതെപ്പോഴും ഞങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. അന്ന് 2024 ജൂൺ 8 ന് ഹഫ്‌സ അയച്ചുതന്ന ഒരു മെസ്സേജ് ഓർമ്മയുണ്ടാകും, ഇല്ലെങ്കിൽ അവിടെ സ്വർഗ്ഗത്തിൽ ഹഫ്‌സാടെ അടുത്ത് ഇരിക്കുന്ന വലിയ പുസ്തകക്കെട്ടിൽ തിരഞ്ഞാൽ കാണാം.

അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്, മാഷേ ഇന്നലെ ടീച്ചർ പിടിച്ചുവെച്ച് മാഷിൻ്റെ പേഴ്സിൽ നിന്ന് വലിയ അധികാരത്തിൽ ക്യാഷ് എടുത്തു തന്നു  അൽഹംദുലില്ലാ ഒരു സഹോദരി ചെയ്ത അധികാരം എന്തിനാണെന്നോ സ്കൂൾ കിറ്റ് വിതരണം ചെയ്തു 27 പേർക്ക് കൊടുത്തു, വീണ്ടും അർഹതയുള്ളവർ തേടിയെത്തി അവർക്കും കൊടുത്തു ഇപ്പോൾ തന്നെ കടമാണ്. വീണ്ടും രണ്ടുപേർ കൂടി വന്നു ഒരു നിവൃത്തിയുമില്ല എൻ്റെ പ്രിയപ്പെട്ട ടീച്ചർ, ഞാൻ എന്ത് ചോദിച്ചാലും കൈവെള്ളയിൽ വച്ച് തരുന്നവൾ,ചോദിച്ചു പോയി അല്ലാഹുവിന് വേണ്ടിയല്ലേ, അർഹമായ പ്രതിഫലം റബ്ബ് നൽകി അനുഗ്രഹിക്കട്ടെ ഇനിയും ചോദിച്ചുകൊണ്ടിരിക്കും, ആർക്കു വേണ്ടിയാണെന്നോ.. അകാലത്തിൽ ഭർത്താക്കന്മാർ മരണമടഞ്ഞ വിധവകൾ, ജീവിതം പാതിവഴിയിൽ മുട്ടിയ വിധവകൾ, വാടകവീട്ടിൽ ജീവിക്കുന്നവർ, പ്രാരാബ്ധക്കാർ, ജോലി ഉണ്ടായിട്ടും രണ്ടറ്റം കൂട്ടിമുട്ടാൻ പാടുപെടുന്നവർ, ആൺമക്കളില്ലാത്തവർ, നിത്യരോഗികൾ ഇങ്ങനെ എന്റെ കയ്യിലുള്ള ലിസ്റ്റ് നീണ്ടതാണ് അൽഹംദുലില്ലാഹ്. 

അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹം തന്നെ, ആ വഞ്ചി തുഴയാൻ പറ്റുന്നുണ്ട്. എൻ്റെ പ്രിയപ്പെട്ടവർ എനിക്ക് തണലായുണ്ട്. അൽഹംദുലില്ലാഹ് അവർക്കൊക്കെയും അല്ലാഹു അർഷിന്റെ തണൽ നൽകി അനുഗ്രഹിക്കുമാറാകട്ടെ. മഴയത്ത് കുടയില്ലാത്തവരെ നമ്മുടെ കുടയിൽ ചേർത്ത് നിർത്താം എൻ്റെ പ്രിയപ്പെട്ട മാഷിനും ടീച്ചർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ.

പ്രിയപ്പെട്ട ഹഫ്‌സാ നീ ആർക്കുവേണ്ടിയായിരുന്നു ഈ ഭൂമിയിൽ ജീവിച്ചതെന്ന് മനസ്സിലാക്കാൻ ഈ എഴുത്ത് മതിയല്ലോ. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരുടെ ഒരുപാട് പരിവേദനങ്ങളും ഭാണ്ഡവും പേറിയിട്ടാണല്ലോ പടച്ചവന്റെ അടുത്തേക്ക് ഹഫ്‌സ പോയിട്ടുണ്ടാവുക. ഹഫ്‌സാക്കും കുടുംബത്തിനും വേണ്ടി ജീവിക്കാൻ മറന്നു പോയല്ലോ, ഒരുപാട് ആവശ്യങ്ങൾ ഹഫ്‌സാക്ക് ഉണ്ടായിരുന്നല്ലോ, അതൊക്കെ പടച്ചവൻ തന്നെ ഏറ്റെടുത്തിട്ടുണ്ടാകും അല്ലേ... ഞങ്ങൾക്ക് പറയാൻ കഴിയും ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ഒരാൾ ഞങ്ങളുടെ കൂടെ നാട്ടിലുണ്ടായിരുന്നു. അതൊക്കെ അപൂർവമായ മനുഷ്യായുസ്സിൽ സംഭവിക്കുന്നതാണ് അതിലൂടെ പ്രാർത്ഥനയ്ക്ക് അനുയോജ്യമായ ആരോഗ്യവും ആയുസ്സും കൂടെ കിട്ടുകയാണെങ്കിൽ അവിടെ പിന്നെ നിലാവ് കണക്കെ പ്രകാശമായിരിക്കും.

കാലം, അതിൻ്റെ സഞ്ചാരം നമ്മളെക്കാൾ കൂടുതൽ വേഗത്തിലാണ്. അതിനോടൊപ്പം സഞ്ചരിക്കുവാൻ നമ്മുടെ നിയോഗവും. കൂടെയുള്ളവർ പലയിടങ്ങളിൽ സലാം പറഞ്ഞ് ഇറങ്ങിയപ്പോഴും പ്രിയപ്പെട്ട ഹഫ്‌സാ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നല്ലോ. എന്തൊരു സന്തോഷമായിരുന്നു ആ കാലം. ഓർമ്മയുണ്ടോ അന്നൊരു തറാവീഹ് നമസ്കാരത്തിന് ശേഷം ഒരു പൊതി എൻ്റെ കയ്യിൽ വച്ച് തന്നു സ്വന്തം കൈകൊണ്ട് കൃഷി ചെയ്തുണ്ടാക്കിയ ചീര ഉപ്പേരി വെച്ചതായിരുന്നു അത്.അതുപോലെ ഒരു ഈദ് നമസ്കാരത്തിന് ശേഷം പിന്നിലേക്ക് തിരിഞ്ഞുനോക്കി അഭിമാനത്തോടെ തലകുലുക്കി ഹഫ്‌സ പുഞ്ചിരിച്ചത്,ഈദ്ഗാഹിൽ ഇത്രയും ആളുകൾ പങ്കെടുത്തല്ലോ എന്നുള്ളതിന്റെ സന്തോഷവും അഭിമാനവും ആയിരുന്നു അത്. 

അങ്ങനെ അങ്ങനെ എത്ര എത്രയോ ഓർമ്മകൾ മനസ്സിൽ തങ്ങിനിൽക്കുന്നു. ഞാൻ ജോലി ചെയ്തിരുന്ന സ്കൂളിൽ നമസ്കരിക്കാൻ ഉള്ള സൗകര്യം ഇല്ലാതിരുന്നതിനാൽ പലപ്പോഴും നമസ്കരിക്കാനായി അടുത്തുള്ള ഹഫ്‌സാടെ  വീട്ടിലേക്ക് ആയിരുന്നു പോയിരുന്നത്. അന്നുമുതലേയുള്ളതായിരുന്നു ഹഫ്‌സയുമായുള്ള അടുപ്പം. പലപ്പോഴും ഹഫ്‌സാ ഭക്ഷണത്തിനായി ക്ഷണിക്കും, പക്ഷേ പലപ്പോഴും സമയക്കുറവും മറ്റും മൂലം ക്ഷണം നിരസിക്കാറാണ് പതിവ്. അങ്ങനെയൊരിക്കൽ ശനിയാഴ്ച സ്പെഷ്യൽ ക്ലാസ് ഉള്ള ഒരു ദിവസം അന്ന് ഞാൻ ഭക്ഷണം കൊണ്ടുവന്നിട്ടില്ല എന്നുള്ള സത്യം എങ്ങനെയാണ് ഹഫ്‌സ അറിഞ്ഞതെന്ന് എനിക്കറിയില്ല, മകളുടെ കയ്യിൽ എനിക്കുള്ള ഒരു പൊതി ചോർ കൊടുത്തയച്ചിരിക്കുന്നു.പലപ്പോഴും ഹഫ്‌സാടെ വീട്ടിലേക്ക് ചെല്ലുമ്പോൾ  എഴുതുകയും, വായിക്കുകയും, പഠിക്കുകയും ഒക്കെ ചെയ്യുന്ന ഹഫ്‌സാനെയാണ് കാണാറുള്ളത്. 

ഇത്രയൊക്കെ തിരക്കുകൾക്കിടയിലും ഞാൻ വിശന്നിരിക്കുകയാണ് എന്ന് മനസ്സിലാക്കി എൻ്റെ അടുത്തേക്ക്  ഭക്ഷണം ഉണ്ടാക്കി കൊടുത്തയച്ചത് ഇന്നും ഓർമ്മയിൽ മായാതെ കിടക്കുകയാണ്. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന ചീര, നാരങ്ങയും പയറുമൊക്കെ അബ്ദുറഹിമാൻ വശം ഇടയ്ക്കിടെ കൊടുത്തയക്കും. ഇങ്ങനെയൊക്കെയായിരുന്നു ഹഫ്‌സായുടെ സ്നേഹം കൈമാറുന്ന വഴികൾ. ഒരിക്കൽ ഹഫ്‌സയും സഹോദരി സുബൈദയും കൂടി സ്കൂളിൽ വന്ന് മലർവാടിയുടെ "ഒരു കൈ ഒരു തൈ"പദ്ധതിയുടെ ഭാഗമായി നട്ട മാവിൻ തൈ, ഇന്നത് വർഷങ്ങൾക്കിപ്പുറം പടർന്ന് പന്തലിച്ച്, ഫലം തന്നുകൊണ്ട് ഹഫ്‌സയുടെ സാന്നിധ്യവും ഓർമ്മകളും തൊട്ടുണർത്തുകയും ചെയ്യുന്നു. ഹഫ്‌സ ഇട്ടേച്ചു പോയ നിലനിൽക്കുന്ന സ്വദഖകളിൽ ഒന്നു മാത്രമാവും അത്. ആദ്യകാലങ്ങളിൽ ഹൽഖ ക്ലാസുകളിൽ ഞങ്ങൾ നാലഞ്ചു പേർ മാത്രമായിരുന്നു. ഇത്രയും സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് വീട്ടിൽ വച്ച് തന്നെ ഹൽഖ നടത്തും. ഞങ്ങളെ കൊണ്ടൊക്കെ നിർബന്ധപൂർവ്വം ഖുർആനിലെ ആയത്തുകൾ കാണാതെ പഠിപ്പിക്കും, സൂറത്തു സജദയിലെ ആദ്യത്തെ പത്ത് ആയത്തുകൾ അങ്ങിനെ പഠിച്ചതാണ്,അത് ഇന്നും മനസ്സിൽ മറക്കാതെ നിലകൊള്ളുന്നു.

ഹഫ്‌സാ നീ അല്ലാഹുവിന്റെ സവിധത്തിൽ സന്തോഷമായിരിക്കുന്നത് കാണുമ്പോൾ ഞങ്ങൾ കൂടുതൽ കൂടുതൽ സന്തോഷത്തിൽ തന്നെയാണ്. നമുക്ക് അവിടെ വെച്ച് കണ്ടുമുട്ടാം.പ്രാർത്ഥനയോടെ.


 ഷംസുദ്ദീൻ മാഷ്, റാബിയ ടീച്ചർ
-----------------
മിഖ്‌‌ദാദിന്റെ ഉമ്മ.. സഹജീവികളുടെയും
തയ്‌സീർ പുത്തൻപുരയിൽ


മിഖ്‌ദാദിന്റെ ഉമ്മ.. സഹജീവികളുടെയും..

2018 ൽ അവധിക്കു നാട്ടിൽ വന്ന സമയം. സുബ്ഹി കഴിഞ്ഞ ഉടനെ അബ്ദുൽ റഹ്‌മാൻക്കാടെ വണ്ടിയുടെ പിറകിൽ ഹഫ്‌സത്ത വീട്ടിലെത്തി. പാടൂരുള്ള പഠനത്തിൽ മിടുക്കിയായ ഒരു കുട്ടിയുടെ തുടർ വിദ്യാഭ്യാസമാണ് കാര്യം..
കഴിയാവുന്ന രീതിയിൽ ഇടപെടൽ ഉണ്ടാകും എന്ന ഉറപ്പിനാൽ അല്പ സ്വല്പ വർത്തമാനത്തിന് ശേഷം അവർ യാത്രയായി.

ഏകദേശം രണ്ടു മണിക്കൂറിനു ശേഷം വീണ്ടും കണ്ടു മുട്ടി.. കമ്മ്യൂണിറ്റി ഹാളിന്റെ വഴിയിലൂടെ അവർ വീട്ടിലേക്കുള്ള അവരുടെ ധൃതി പിടിച്ച ഓട്ടമാണ് അപ്പോൾ. 'രാവിലെ ഇറങ്ങിയതല്ലേ തഹ സീറെ(അങ്ങനെയാണ് അവർ വിളിക്കുക). മിഖ്ദാദിന്റെ അടുത്ത് എത്തണം' എന്നു പറഞ്ഞു.
"എന്തായാലും ഇറങ്ങിയ കാര്യം റാഹത്തായി അൽഹംദുലില്ലാഹ്"
ഹഫ്‌സത്ത കൂട്ടിച്ചേർത്തു.
 അത് കേട്ടപ്പോൾ എനിക്കും സന്തോഷമായി..
അവരുടെ ജീവിതത്തിലെ എണ്ണിയാലോടുങ്ങാത്ത കരുണയുടെ ഏടുകളിലെ ഒരു നുറുങ്ങു മാത്രമാണിത്.

അവിടെ തുടങ്ങി ഈ അടുത്ത കാലം വരെയും  സ്ഥിരമായി അവരുടെ ശ്രമങ്ങളിൽ ഒപ്പമുണ്ടാകാൻ ഞാൻ ശ്രമിക്കാറുണ്ട്.

മെസ്സേജുകൾ കേട്ടതിനു ശേഷം മറുപടി അയക്കുമ്പോൾ എന്റെ ഇണ പറയും 
'ഹഫ്‌സത്ത ആണ് ല്ലേ..'

ആണ് എന്ന് പറയുമ്പോൾ, 'എന്തൊരു ഭാഗ്യവതി ആണല്ലേ അവർ' ഞങ്ങളങ്ങിനെ സന്തോഷത്തോടെ പറയും.

പക്ഷെ ഇന്നേ വരെയുള്ള അവരുടെ ഇടപെടലുകളിൽ, രോഗികളുടെയും, വിഷമിക്കുന്നവരുടെയും, ഭക്ഷണം എത്തിക്കേണ്ടവരുടെയും ചെറു ചെറു കരങ്ങൾ സഹായമായി കിട്ടേണ്ടവരുടെയും ഒക്കെ ആവശ്യങ്ങളുടെ നിര ഉണ്ടാകുമ്പോളും അവരുടെ സ്വന്തം കാര്യങ്ങളെ പറ്റി പറയുന്നത് ഉണ്ടായിട്ടേ ഇല്ല എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തീട്ടുണ്ട്..

 ഞാൻ അവരുമായി ചില സംസാരങ്ങളിൽ അത് പങ്കുവെച്ചപ്പോൾ,അതൊക്കെ ഭംഗിയോടെ പടച്ചോൻ നിവർത്തിച്ചു പോരുന്നുണ്ട് മോനെ എന്ന അവരുടെ ഏറെ ദൃഢ വിശ്വാസത്തോട് കൂടിയ മറുപടി കാതിനിമ്പം നിറഞ്ഞതായിരുന്നു..

സാധാരണക്കാരെ സംബന്ധിച്ച് മരണം എന്നത് നാം ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളെ വേർപിരിഞ്ഞുള്ള, നമ്മളെ ഒരുപാട് ഇഷ്ടപ്പെടുന്ന സൃഷ്ടാവിലേക്കുള്ള യാത്രയാണ് എങ്കിൽ ഇത്തയെ സംബന്ധിച്ച് അവരെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളുകളെ കൂടി വേർപിരിഞ്ഞുള്ള എന്നന്നേക്കും ഉള്ള യാത്രയായിരുന്നു.

 അവർക്ക് പകരം വയ്ക്കാൻ അതേപോലെത്തെ ഒരാളില്ല എങ്കിൽ പോലും ഒരുപാട് ഹഫ്സത്ത്മാരെ സൃഷ്ടിക്കാനും അവർ നടന്ന അതേ വഴിയിൽ നടത്താനും അതിലൂടെ ഒരുപാട് ആസാറുകൾ ഈ ലോകത്ത് ബാക്കിവെച്ച് പോകാനും അവർക്ക് കഴിഞ്ഞു എന്നത് തികച്ചും ഭാഗ്യമാണ്. അതിന്റെ കൂടി തെളിവാകണം,പാടൂരിൽ ഒരുപാട് പേർക്ക് അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു വനിത മരണപ്പെട്ടിട്ട്  അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത് ആദ്യമായിട്ട് ആകുന്നത്.ഒന്നല്ല, രണ്ടു അനുസ്മരണ സമ്മേളനങ്ങൾ. ഹഫ്സത്തയെ അനുസ്മരിച്ചു കൊണ്ട് ഗൂഗിൾ മീറ്റ് വീണ്ടും ഉണ്ടായി.

മരണവേളയിലും അവരോടു പറഞ്ഞിട്ടുണ്ടാകും. അന്ത്യനാളില്‍ ഉയിര്‍ത്തെഴുന്നേറ്റ് വിചാരണസഭയിലേക്ക് ഗമിക്കുമ്പോഴും പറയപ്പെടും. അല്ലാഹുവിന്റെ കോടതിയെ നേരിടുന്ന സന്ദര്‍ഭത്തിലും പറയപ്പെടും. 


"സമാധാനം പ്രാപിച്ച ആത്മാവേ,നിന്റെ നാഥങ്കലേക്ക് മടങ്ങിക്കൊള്ളുക. റബ്ബിങ്കല്‍ സംപ്രീതയായവളും പ്രീതിപ്പെട്ടവളുമായിക്കൊണ്ട്."

ഓരോ ഘട്ടത്തിലും താന്‍ അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് അവർക്ക് ഉറപ്പുകൊടുക്കുകയും ചെയ്യും.

അള്ളാഹുവേ കര്മനിരതയായി നെറ്റിയിൽ വിയർപ് തുള്ളികൾ നിറഞ്ഞ രീതിയിൽ വിടപറഞ്ഞ ഞങ്ങളുടെ പ്രിയ സഹോദരിക്ക് നീ സ്വർഗീയ ആരാമങ്ങളിൽ ഉന്നത പദവി നൽകണേ. അവരുടെ സത്കര്മങ്ങളെ സ്വീകരിക്കണേ... അവർ യാത്രയായതിൽ ഉണ്ടായ വിടവിനെ അവരുടെത്തന്നെ പിൻഗാമികളിൽ നിന്ന് നിവർത്തിക്കണേ.. അവർ നയിച്ച പാതയിൽ ഇനിയും ഏറെ മുന്നോട്ടു പൊകാൻ തൗഫീഖ് നൽകണേ.

തയ്‌സീർ പുത്തൻപുരയിൽ
-----------------
പ്രാര്‍‌ഥനയോടെ..
നസീമ അശ്റഫ് പുളിക്കൽ

ഹസത്തയെ എനിക്ക് നന്നായി അറിയാം.  നല്ല സ്നേഹവും നമ്മുടെ ഓരോ കാര്യത്തിനും ഹഫ്‌സത്ത മുന്നിട്ടു നിന്നിട്ടുണ്ട്.  ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിയാണ്.എന്ത് കാര്യത്തിനും എവിടെ, എപ്പോൾ വിളിച്ചാലും നമ്മൾ പറഞ്ഞാലും വരികയും അന്വേഷിക്കുകയും വേണ്ടത് ചെയ്യുകയും ചെയ്തിരുന്നു. ഒരിക്കലും മറക്കാനും കഴിയില്ല, അവരുടെ മുഖം തന്നെ ഓർമയിൽ നിന്നും നമ്മുടെ ഉള്ളുകളിൽ നിന്നും പോവുകയില്ല.  അത്രയും സ്‌നേഹ സമ്പന്നയും അടുപ്പവുമാണ്, എന്ത് ചെന്ന് പറഞ്ഞാലും ആ കാര്യം സാധിപ്പിച്ചു തരും.
പ്രാര്‍‌ഥനയോടെ...
നസീമ അശ്റഫ് പുളിക്കൽ
-------------
ഉത്തമയായ ഹഫ്‌സ
സാറ ഷംസുദ്ദീൻ

ഒരുപാട് സ്ത്രീകൾ ഉണ്ട് പാടൂരിൽ, ആ പരിസരത്തെ സ്ത്രീകൾ  ഹഫ്‌സക്ക് പിന്നാലെ ഇറങ്ങിയവരാണ്. വളരെ ആക്റ്റീവ്, സിൻസിയർ ആയിട്ടാണ് ഹഫ്‌സ നീക്കങ്ങൾ ചെയ്യാറ്.  നല്ല രീതിയിൽ ക്ലാസ് എടുക്കാനും ആളുകൾക്ക് നല്ല മോട്ടിവേഷൻ ചെയ്യാനും ഒക്കെ നല്ല ഉത്സാഹമാണ് അവര്‍‌ക്ക്.ഏത് സമയത്തും എപ്പോഴും കർമനിരതയായി ഇരിക്കുന്ന ഒരാളാണ്. ഞങ്ങൾ വീട്ടിൽ ചെന്നാൽ ഒക്കെ നല്ല സ്വീകരണവും നല്ല സൽക്കാരവും, നല്ല പെരുമാറ്റവുമാണ്‌ കാഴ്ചവെക്കാറ്. സുഖമില്ലാത്ത ഒരു മകനുണ്ട്, പക്ഷേ അതൊക്കെ മാനേജ് ചെയ്തിട്ടാണ് ഹഫ്‌സ പോയിരുന്നത്.   ആ പ്രദേശം മുഴുവൻ ഹഫ്‌സ പാടൂർ എന്നാണ് അറിയപെട്ടിരുന്നത്.  

സര്‍‌സയ്യിദ് സ്കൂളിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നു.  തുടർന്ന് കുറച്ച് സുഖമില്ലാതെ ആവുകയും ഹാർട്ടിന് ഒരു സർജറി ഒക്കെ കഴിഞ്ഞു.  ഞാനും ഒരു ടീച്ചറും ഇടക്ക് പോകാറുണ്ട്,കുറേക്കാലം സുഖമില്ലാതെ ആയിട്ടും പറ്റുംവിധം ഓടിനടന്ന് വർക്ക് ചെയ്തിരുന്ന ഒരു ഉത്തമ വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു ഹഫ്‌സ.
JIH ജില്ലാ സമിതി അംഗം
സാറ ഷംസുദ്ദീൻ
 ചാവക്കാട്
------------
ഉത്തമ വഴികാട്ടി
ഫൗസിയ നാസർ 

ഹഫ്‌സത്താനെ കുറിച്ച് പറയുകയാണെങ്കിൽ ഞാൻ എന്റെ കല്യാണം കഴിഞ്ഞ് പാടൂര് വന്നത് മുതൽ ഞാൻ അറിയും,35 വർഷമായി. എന്റെ ഭർത്താവിന്റെ കൂട്ടുകാരനാണ് അബ്ദുറഹിമാനിക്ക.അങ്ങനെയാണ് അവരുടെ വീട്ടിൽ പോകുന്നതും ആദ്യമായി അവരെ കാണുന്നത്. കാണുമ്പോൾ അവർക്ക് മൂന്നു മക്കൾ ഉണ്ടായിരുന്നു, അതിൽ ഒരാൾ സുഖമില്ലാത്ത ഒരു കുഞ്ഞായിരുന്നു. പക്ഷേ ആ കുട്ടി മൂത്തമകൻ ആണോ ചെറിയ മകനാണോ എന്നൊന്നും എനിക്കറിയില്ലായിരുന്നു. 

ഞങ്ങൾ കൂട്ടുകാർ എന്ന നിലക്ക് ഇടക്കെല്ലാം അവിടെ പോകും, അന്നൊന്നും പ്രസ്ഥാനവുമായി ബന്ധമുണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ കല്യാണത്തിന് കണ്ടു, ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ പുതിയാപ്പിളയുടെ കുഞ്ഞിപ്പയും കുഞ്ഞിമ്മയും ആണ് അവർ എന്ന്. അപ്പോ എനിക്ക് വളരെയധികം സന്തോഷമായി അവർ ഞങ്ങളുടെ കുടുംബം കൂടിയായല്ലോ.  പ്രവർത്തനങ്ങളെ കുറിച്ചൊന്നും എനിക്ക് അങ്ങനെ അറിയില്ലായിരുന്നു ഒരിക്കൽ ഞങ്ങൾ നാട്ടിലുള്ളപ്പോൾ കുറ്റിപ്പുറത്താണെന്ന് തോന്നുന്നു ഒരു സമ്മേളനം ഉണ്ടായിരുന്നു അതിനു ഹഫ്സത്ത് എന്നോട് ചെല്ലാൻ പറഞ്ഞു ഞാൻ പോയി രണ്ടു ബസ് ആൾക്കാർ പാടൂരിൽ നിന്നും പിന്നെ എന്റെ ജ്യേഷ്ഠത്തിയുടെ മകളുടെ കല്യാണത്തിന് കണ്ടു ചോദിച്ചപ്പോൾ പറഞ്ഞു ഞങ്ങളുടെ കുഞ്ഞിപ്പയും കുഞ്ഞിമ്മയും ആണ് അവർ എന്ന്. അപ്പോ എനിക്ക് വളരെയധികം സന്തോഷമായി അവർ ഞങ്ങളുടെ കുടുംബം കൂടിയായല്ലോ.

ഹഫ്‌സത്താടെ പ്രവർത്തനങ്ങളെ കുറിച്ചൊന്നും അന്നെനിക്ക് അങ്ങനെ അറിയില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ നാട്ടിലുള്ളപ്പോൾ കുറ്റിപ്പുറത്താണെന്ന് തോന്നുന്നു ഒരു സമ്മേളനം ഉണ്ടായിരുന്നു, അതിനു ഹഫ്സത്ത എന്നോട് ചെല്ലാൻ പറഞ്ഞു, ഞാൻ പോയി. രണ്ടു ബസ് ആൾക്കാർ പാടൂരിൽ നിന്നും പോയി അപ്പോൾ അതിലേക്ക് കുറച്ച് ലീഡർമാരെ തിരഞ്ഞെടുത്തു. ഞങ്ങളുടെ ഏരിയയിലെ ആൾക്കാർക്ക് എന്നെയാണ് ലീഡറാക്കിയത്. എനിക്ക് ഹഫ്‌സത്തയോട്  വലിയ ഇഷ്ടം തോന്നി, എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്നെ ലീഡർ ആക്കിയത്  എന്ന്.  അങ്ങനെയാണ് പ്രസ്ഥാനവുമായി ബന്ധമുള്ള കാര്യം ഞാൻ അറിയുന്നത്.എന്റെ ജേഷ്ഠന്റെ മക്കൾക്കൊക്കെ ഹഫ്‌സത്തയും പ്രസ്ഥാനവുമായി നല്ല അടുപ്പമുണ്ടായിരുന്നു. ഞാനുമായി ബന്ധമുള്ളവരൊക്കെ ഹഫ്സത്തയുമായി നല്ല അടുപ്പമുള്ളവരായിരുന്നു.  എല്ലാവർക്കും തന്നെ ഹഫ്സത്താനെ എല്ലാത്തരത്തിലും വളരെയധികം ഇഷ്ടമായിരുന്നു. ജനസേവനം ഒക്കെ ചെയ്യുന്നത് അറിഞ്ഞപ്പോൾ എനിക്കും കൊതിയായി. ഹഫ്‌സത്തയെ പോലെ  എനിക്കും ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന്. 

പിന്നെ ഞാൻ നാട്ടിൽ സ്ഥിരമായപ്പോഴാണ് പ്രസ്ഥാനവും ഹൽഖയും ഒക്കെയായി കൂടുതൽ അടുത്തത്.  ഖുർആൻ ക്ലാസ് എടുക്കുമ്പോഴും മറ്റും ഞാൻ ചിന്തിച്ചിട്ടുണ്ട് എനിക്കും ഇങ്ങനെയൊക്കെ എടുക്കാൻ കഴിയുമോ, അതിനുള്ള ധൈര്യം ഉണ്ടാകുമോ എന്ന്.  അവിടുന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ഒരോ അസുഖങ്ങൾ മൂലം ക്ലാസിന് വരാതെയായി.  പാവം പലതരത്തിലും വേദനകൾ അനുഭവിച്ചിട്ടുണ്ട്. ഇപ്പോഴും ഹഫ്സത്ത നമ്മുടെയൊക്കെ ഇടയിലുള്ളത് പോലെ തോന്നും... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ...

ഹഫ്‌സത്ത  നമ്മളെയൊക്കെ വിട്ടു പോയതിനു ശേഷം ഞാൻ ഒരു ദിവസം പള്ളിയിൽ പോയപ്പോൾ ഹഫ്സത്ത ഇരിക്കുന്ന അതേപോലെ ഒരാൾ കസേരയിൽ ഇരിക്കുന്നു. പുറക് ഭാഗമാണ് ഞാൻ കാണുന്നത്, ഞാൻ ഒരു നിമിഷം തരിച്ചു പോയി. അപ്പോഴേക്കും ശരീഫത്ത ഖുർആൻ ഓതിക്കഴിഞ്ഞ്‌ അത് എടുത്തു വെക്കാൻ വേണ്ടി വന്നു. ഞാൻ ചോദിച്ചു ശരീഫത്ത... ആ ഇരിക്കുന്നത് ആരാ എന്ന് ചോദിക്കുമ്പോഴേക്കും ശരീഫത്ത എന്റെ കൈപിടിച്ച് അത് ഹഫ്സത്താടെ ഇത്തയാണ് എന്ന് പറഞ്ഞു. ആ ഇത്ത ഹഫ്‌സത്താടെ അതേപോലെയാണ്. നടത്തവും ഇരുത്തവും സംസാരവും ഒക്കെ അതുപോലെയാണ്.

ജാതിമതഭേദമന്യേ എല്ലാവരെയും ഒരേപോലെ സ്നേഹിച്ചിരുന്ന വ്യക്തിയാണ്‌ ഹഫ്‌സത്ത. എല്ലാവർക്കും നന്മയുണ്ടാകണേ എന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. ഇങ്ങനെയൊരാൾ ഇനി നമുക്കിടയില്‍ ഉണ്ടാകുമോ എന്നറിയില്ല. പ്രാര്‍‌ഥനാ പൂര്‍‌വ്വം. 

ഫൗസിയ നാസർ  
പാടൂർ
------------
നല്ല അധ്യാപിക
റഹ്‌മത്ത് സഈദ്

ഹ‌ഫ്‌സത്താനെ പറ്റി പറയുകയാണെങ്കിൽ എനിക്ക് വളരെയധികം സ്ഥാനവും ബഹുമാനവും ഉള്ള ആളായിരുന്നു. എൻ്റെ മനസ്സിൽ ഒരു ഉമ്മാടെ സ്ഥാനമായിരുന്നു ഹ‌ഫ്‌സത്ത . ഹ‌ഫ്‌സത്താടെ പെട്ടെന്നുള്ള വേർപാട് മനസ്സിന് വളരെയധികം ദുഃഖം ഏറിയതായിരുന്നു. ദീനീ പരമായിട്ടുള്ള ഒരുപാട് നല്ല അറിവുകൾ ഖുർആനിലെയും ഹദീസിലെയും എനിക്ക് പറഞ്ഞു തന്നിരുന്നു. ഞാൻ അസുഖബാധിത ആയിരിക്കുമ്പോൾ എൻ്റെ അടുത്തേക്ക് ഇടയ്ക്കിടെ വരുകയും, എല്ലാ വിശേഷങ്ങളും വിവരങ്ങളും ചോദിച്ചറിയുകയും, ഹദീസുകളും ആയത്തുകളും ഒക്കെ പറഞ്ഞു എന്നെ സമാധാനിപ്പിക്കുകയും ചെയ്യുമായിരുന്നു. എനിക്ക് സുഖമില്ലാതായപ്പോൾ അയ്യൂബ് നബി (അ)ന്റെ ചരിത്രം പറഞ്ഞുതരികയും  
ربي اني مسني الضر وانت ارحم الراحمين 
എന്ന അയ്യൂബ് നബി (അ) ൻ്റെ പ്രാർത്ഥന എനിക്ക് പഠിപ്പിച്ചുതരുകയും എന്നോട് എന്നും ചൊല്ലാൻ പറയുകയും ഒരു കുഴപ്പവും ഉണ്ടാകില്ല,എല്ലാം റബ്ബ് സുഖപ്പെടുത്തി തരും എന്ന് പറയുകയും ചെയ്യുമായിരുന്നു. 

ഹ‌ഫ്‌സത്തയുമായി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സ്നേഹവും അടുപ്പവും ഒന്നും ഒരിക്കലും മറക്കാൻ കഴിയാത്തതാണ് , പാടൂരിൽ വന്നിട്ട് ഞാൻ കണ്ടിട്ടുള്ള സ്ത്രീകളിൽ ഒരേ പോലെ സ്വഭാവവും പെരുമാറ്റവുമുള്ള ഒരാൾ അത് ഹ‌ഫ്‌സത്തയാണ്, ഹ‌ഫ്‌സത്താനെ കണ്ട അന്ന് മുതൽ വേർപിരിയുന്ന അന്ന് വരെയുള്ള സ്നേഹവും അടുപ്പവും വളരെ ആശ്ചര്യം തോന്നുന്നതായിരുന്നു. അത്രയും നല്ല മനസ്സിൻ്റെ ഉടമയായിരുന്നു ഹ‌ഫ്‌സത്ത . അല്ലാഹു ഹ‌ഫ്‌സത്താടെ എല്ലാ സൽകർമ്മങ്ങളും സ്വീകരിച്ച് സ്വർഗ്ഗം പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

റഹ്‌മത്ത് സഈദ്
-----------------

 ഹഫ്‌സത്ത - നിശബ്ദ ജനസേവനത്തിലെ നിറ സാന്നിധ്യം 

ഇര്‍‌ഷാദ് അബ്‌ദുല്ല, ഹസീന ഇർഷാദ്.

വിശ്വാസത്തേക്കുറിച്ച് വിശുദ്ധ ഖുർആൻ പരാമർശിക്കുന്ന പലയിടത്തും സത്കര്‍‌മത്തെ കൂടി ചേർത്തിരിക്കുന്നതായി കാണാൻ കഴിയും. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുക വിശ്വാസിയുടെ ബാധ്യതയാണ്‌. അക്ഷരാർത്ഥത്തിൽ ഇത് ഉൾക്കൊണ്ടുള്ള ധന്യമായ ജീവിതമായൊരുന്നു അവരുടേത്. നാട്ടിലും പരിസര പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവരെക്കുറിച്ചു ആദ്യമറിയുന്നത് ഹാഫസത്തയിലൂടെയായിരുന്നു. അപ്പോൾ തന്നെ അവരിറങ്ങും. അനാരോഗ്യം നോക്കാതെ പ്രതിസന്ധിക്കളെ ഗൗനിക്കാതെ ജന സേവനത്തെ ആസ്വദിച്ചുകൊണ്ടുള്ള ഇറക്കം. ജനസേവനത്തിന്റെ നിശബ്ദ വീഥിയിലൂടെ അവർ നടന്നു നീങ്ങും.

സമൂഹ മാധ്യമങ്ങളുടെ അതിപ്രസരത്തിന്റെ കാലത്തും നിശബ്ദയായിട്ടായിരുന്നു അവരുടെ ജനസേവനം. സമൂഹത്തിൽ കാരുണ്യം തേടുന്ന വേദനിക്കുന്നവരെക്കുറിച്ച് ഞങ്ങൾ അറിയുന്നത് ഹഫ്‌സതയിലൂടെ ആയിരുന്നു. നിശബ്ദ ജനസേവകർക്ക് എന്നും പ്രചോധനമായിരുന്നു അവരുടെ ജീവിതം. ജനസേവനത്തെ കുറിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒരു പാഠ പുസ്തകമായിരുന്നു അവരുടെ ജീവിതം. പ്രതിസന്ധികളിൽ തീർത്തും ആശ്വാസമായിരുന്നു അവരുടെ വാക്കുകൾ.അപരന്റെ വേദന സ്വന്തം വേദനയായിക്കണ്ടു അവർക്ക് സാന്ത്വനവും സ്നേഹവും  പരിഗണയും പരിചരണവും നൽകാൻ എന്നും മുന്നിലായിരുന്നു അവർ. വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിലൂടെ പ്രാർത്ഥനകളിലൂടെ അവർ നൽകുന്ന ഊർജം വിവരനാതീതമായിരുന്നു.

ഹഫ്‌സത്തയുടെ വിയോഗം  സൃഷ്ടിച്ച വിടവ് നിലനിൽക്കുന്നുണ്ടെങ്കിലും ജനസേവന  വീഥിയിലൂടെ അതിവേഗം നിശബ്ദമായി മുന്നേറാൻ അവരുടെ ഒരു പിടി ഓർമ്മകൾ ഞങ്ങൾക്ക് പ്രചോദനമാണ്.

ഇര്‍‌ഷാദ് അബ്‌ദുല്ല, ഹസീന ഇർഷാദ്.

----------------------

പാടൂർ അമ്മായി 

തസ്‌നിം വി.എസ് 

"പാടൂർ അമ്മായി" കുട്ടിക്കാലം മുതലെ അങ്ങനെ ആണ് വിളിക്കാറ്. സംസാരത്തിൽ ഉടനീളം പാടൂരിനെ കുറിച്ച് വാചാലയാകുന്നത് കൊണ്ടാകാം അങ്ങനെ വിളിക്കാൻ പ്രേരണ ആയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മായി എന്ന ആത്മവിശ്വസിയും ധീരയുമായ ഉമ്മയാണ് എനിക്ക് എപ്പോഴും പ്രചോദനം. എന്തെങ്കിലും വൈകല്യമുള്ള കുട്ടികളെ അല്ലാഹു നൽകുന്നത് അത്രക്കും ആ കുട്ടികളെ പരിപാലിക്കാൻ പ്രാപ്തരാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള മാതാപിതാക്കൾക്കാണ്. അതായിരുന്നു അമ്മായി. ചെറുപ്പം മുതലേ ഉള്ള അമ്മായിയുടെ ആത്മവിശ്വാസം ജീവിതത്തിൽ ഉടനീളം മിക്കിയുടെ തണലായി പ്രതിഫലിച്ചിരുന്നു. അമ്മായിയുമായിട്ടുള്ള അവസാന കൂടിക്കാ ഴ്ചയിലും ചിരിച്ചു കൊണ്ട് വാചാ ലയായത് ആശുപത്രി വീൽചെയറിൻ്റെ പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യണം എന്നറിയാതെ ഓടി നടന്ന മിക്കിയെ കുറിച്ചാണ്.അതേ മിക്കിക്ക് എപ്പോഴും അവൻ്റെ തണലായി കൂടെ കൊണ്ട് നടന്ന ഉമ്മയായിരുന്നു എല്ലാം. അമ്മായിയുടെ വിയോഗം തരണം ചെയ്യാൻ അല്ലാഹു മിക്കിക്ക് കരുത്ത് നൽകട്ടെ. ആമീൻ. ഉപ്പ തൃപ്രയാർ വരുമ്പോഴൊക്കെ അമ്മായി കാണാൻ വരിക പതിവായിരുന്നു. ഉപ്പയേക്കാൾ ആരോഗ്യപരമായി തളർന്നിരുന്ന സമയത്തും ഉപ്പാ നെയും കൊണ്ട് മോൾ ഇങ്ങോട്ട് വരണ്ട അമ്മായി വന്ന് കണ്ടോളം എന്നാണ് പറയാറ്. അമ്മായിയുടെ മരണശേഷം ആണ് അമ്മായി പാടൂർകാർക്ക് ഇത്ര പ്രിയങ്കരി 

ആയിരുന്നു എന്ന് മനസ്സിലായത്. ഹഫ്സത്ത യുടെ പേനയുടെ തുമ്പിലായിരുന്നു ഞങ്ങളുടെ ജീവിതം എന്ന് പറഞ്ഞ എത്രയോ പേർ. അമ്മായിയുടെ ക്ലാസ്സ് കളേയും അമ്മായി പഠിപ്പിച്ച ദിക്കർ, ദുആകൾ ഇന്നും നിലനിർത്തി പോരുന്നു , അമ്മായി ക്ലാസിനു വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ല എന്ന് അനുസ്മരണത്തിൽ വാചാലയായ എത്രയോ പേർ അതേ അമ്മായിയുടെ അറിവുകൾ ഒരുപാട് പേർക്ക് അമ്മായി പകർന്നു കൊടുത്തിട്ടുണ്ട്. അതിനുള്ള തക്കതായ പ്രതിഫലം അമ്മാ യിക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ.പാടൂർ 

കാർക്ക് പ്രിയങ്കരിയായി ഒരിക്കലും മരിക്കാത്ത ഓർമ്മകളായി "പാടൂർ  അമ്മായി "എന്നും എല്ലാവരുടെയും മനസ്സിൽ നിലനിൽക്കട്ടെ. ആമീൻ.പാടൂർ അമ്മായി 


"പാടൂർ അമ്മായി" കുട്ടിക്കാലം മുതലെ അങ്ങനെ ആണ് വിളിക്കാറ്. സംസാരത്തിൽ ഉടനീളം പാടൂരിനെ കുറിച്ച് വാചാലയാകുന്നത് കൊണ്ടാകാം അങ്ങനെ വിളിക്കാൻ പ്രേരണ ആയത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മായി എന്ന ആത്മവിശ്വസിയും ധീരയുമായ ഉമ്മയാണ് എനിക്ക് എപ്പോഴും പ്രചോദനം. എന്തെങ്കിലും വൈകല്യമുള്ള കുട്ടികളെ അല്ലാഹു നൽകുന്നത് അത്രക്കും ആ കുട്ടികളെ പരിപാലിക്കാൻ പ്രാപ്തരാണെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള മാതാപിതാക്കൾക്കാണ്. അതായിരുന്നു അമ്മായി. ചെറുപ്പം മുതലേ ഉള്ള അമ്മായിയുടെ ആത്മവിശ്വാസം ജീവിതത്തിൽ ഉടനീളം മിക്കിയുടെ തണലായി പ്രതിഫലിച്ചിരുന്നു. അമ്മായിയുമായിട്ടുള്ള അവസാന കൂടിക്കാ ഴ്ചയിലും ചിരിച്ചു കൊണ്ട് വാചാ ലയായത് ആശുപത്രി വീൽചെയറിൻ്റെ പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും എന്ത് ചെയ്യണം എന്നറിയാതെ ഓടി നടന്ന മിക്കിയെ കുറിച്ചാണ്.അതേ മിക്കിക്ക് എപ്പോഴും അവൻ്റെ തണലായി കൂടെ കൊണ്ട് നടന്ന ഉമ്മയായിരുന്നു എല്ലാം. അമ്മായിയുടെ വിയോഗം തരണം ചെയ്യാൻ അല്ലാഹു മിക്കിക്ക് കരുത്ത് നൽകട്ടെ. ആമീൻ. ഉപ്പ തൃപ്രയാർ വരുമ്പോഴൊക്കെ അമ്മായി കാണാൻ വരിക പതിവായിരുന്നു. ഉപ്പയേക്കാൾ ആരോഗ്യപരമായി തളർന്നിരുന്ന സമയത്തും ഉപ്പാ നെയും കൊണ്ട് മോൾ ഇങ്ങോട്ട് വരണ്ട അമ്മായി വന്ന് കണ്ടോളം എന്നാണ് പറയാറ്. അമ്മായിയുടെ മരണശേഷം ആണ് അമ്മായി പാടൂർകാർക്ക് ഇത്ര പ്രിയങ്കരി 

ആയിരുന്നു എന്ന് മനസ്സിലായത്. ഹഫ്സത്ത യുടെ പേനയുടെ തുമ്പിലായിരുന്നു ഞങ്ങളുടെ ജീവിതം എന്ന് പറഞ്ഞ എത്രയോ പേർ. അമ്മായിയുടെ ക്ലാസ്സ് കളേയും അമ്മായി പഠിപ്പിച്ച ദിക്കർ, ദുആകൾ ഇന്നും നിലനിർത്തി പോരുന്നു , അമ്മായി ക്ലാസിനു വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ല എന്ന് അനുസ്മരണത്തിൽ വാചാലയായ എത്രയോ പേർ അതേ അമ്മായിയുടെ അറിവുകൾ ഒരുപാട് പേർക്ക് അമ്മായി പകർന്നു കൊടുത്തിട്ടുണ്ട്. അതിനുള്ള തക്കതായ പ്രതിഫലം അമ്മാ യിക്ക് അല്ലാഹു പ്രധാനം ചെയ്യട്ടെ.പാടൂർ 

തസ്‌നിം വി.എസ്

-----------------

 ​ഗ്രാമത്തിലെ മാലാഖ

 തസ്‌നി നബീൽ

പാടൂർ ഗ്രാമത്തിലെ ഒരു മാലാഖയായിരുന്നു അഫ്സാത്ത; അവരെ പകരം വെക്കാൻ മറ്റൊരാളില്ല. മൂന്ന് മാസങ്ങൾക്ക് മുമ്പ് അവർ ഞങ്ങളെ വിട്ടുപോയെങ്കിലും, ആ വേർപാടിൻ്റെ ശൂന്യത ഇന്നും അതുപോലെ നിലനിൽക്കുന്നു. എൻ്റെ സ്വന്തം ഉമ്മയുടെ സ്ഥാനത്ത് ഞാൻ കണ്ട, എന്നെ വൈകാരികമായി പിന്തുണയ്ക്കുകയും, എനിക്ക് പോസിറ്റീവ് എനർജി നൽകുകയും ചെയ്ത ആ ഓർമ്മകൾ എൻ്റെ മനസ്സിൽ എന്നും ജീവിക്കും. എൻ്റെ എല്ലാ സംശയങ്ങൾക്കും അവർ മറുപടി നൽകി, എൻ്റെ വഴികാട്ടിയായി.

​എൻ്റെ ബാല്യകാല ഓർമ്മകളിൽ പോലും, അഫ്സാത്തയുടെ ചിത്രം വ്യക്തമാണ്. അവർ എപ്പോഴും പാടൂരിലെ വഴികളിലൂടെ നടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. കയ്യിൽ ധാരാളം പുസ്തകങ്ങളും, ഇസ്‌ലാമിക ക്ലാസുകളെയും ഖുർആൻ പഠനങ്ങളെയും കുറിച്ചുള്ള നോട്ടീസുകളും ഉണ്ടാകും. ഒരു ജമാഅത്തെ ഇസ്‌ലാമി പ്രവർത്തക എന്ന നിലയിൽ, അറിവ് പങ്കുവെക്കാനുള്ള അവരുടെ ദൗത്യബോധം ചെറുപ്പം മുതലേ ഞങ്ങൾക്ക് ഒരു കാഴ്ചയായിരുന്നു. അവരുടെ പ്രധാന സമർപ്പണം ഖുർആൻ പഠനത്തിനായിട്ടായിരുന്നു. പ്രായഭേദമന്യേ എല്ലാവർക്കും, പ്രത്യേകിച്ചും സ്ത്രീകൾക്കായി, അവർ നടത്തിയ ക്ലാസുകൾ തലമുറകളെ ഇസ്‌ലാമിക ചിന്തയിൽ വളർത്തിയെടുത്തു. പാടൂർ ഗ്രാമത്തിലെ ഓരോ വീട്ടിലെയും ആളുകളെ അവർക്ക് അടുത്തറിയാമായിരുന്നു, ഓരോ വ്യക്തിയുടെയും വിഷമതകളിൽ അവർ ആശ്വാസമായിരുന്നു. ദരിദ്രരോടുള്ള കരുണയും സഹായമനസ്ഥിതിയും അവരുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു.

​അവരുടെ അർപ്പണബോധം എത്ര വലുതായിരുന്നു എന്ന് തെളിയിക്കുന്ന ഒരനുഭവം എൻ്റെ മനസ്സിൽ മായാതെ നിൽക്കുന്നു. കഴിഞ്ഞ റമദാൻ മാസത്തിൽ, വീഴ്ചയെത്തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞതിൻ്റെ കഠിനമായ വേദനയിൽ കഴിയുമ്പോഴാണ് ഞാൻ തറാവീഹ് നമസ്കാരത്തിന് ശേഷം അവരെ കാണാൻ ചെന്നത്. വേദനയുടെ ആധിക്യത്തിലും അവർ മറ്റെല്ലാം മറന്നു. കയ്യിലുണ്ടായിരുന്ന മുന്തിരിപ്പഴം എനിക്ക് സമ്മാനമായി തരുമ്പോൾ അവരുടെ മുഖത്ത് നിറഞ്ഞത് കൊടുക്കുന്നതിലെ സന്തോഷമായിരുന്നു. "വലുതോ ചെറുതോ ആകട്ടെ, മറ്റൊരാൾക്ക് നൽകാതെ ഒരവസരവും പാഴാക്കരുത്" എന്നതായിരുന്നു അവരുടെ ജീവിതചിന്ത. സ്വന്തം വേദനയെക്കാൾ വലുതായിരുന്നു അവർക്ക് കൊടുക്കുന്നതിലെ ആനന്ദം. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നിട്ടും, ജീവിതത്തിൻ്റെ അവസാന നാളുകളിൽ പോലും അവരുടെ ഈ ദൗത്യബോധത്തിന് ഒരു കുറവും വന്നില്ല. ശാരീരികമായ പരിമിതികളെ ആത്മീയബലം കൊണ്ട് അവർ മറികടന്നു. ഞങ്ങളുടെ ജീവിതത്തിന് വെളിച്ചം നൽകിയ ആ മാലാഖയുടെ ഓർമ്മകൾ ഈ നാടിന് എന്നും ഒരു പ്രചോദനമായി നിലനിൽക്കും. അവരുടെ ആത്മാവിന് അല്ലാഹുവിൽ നിന്ന് ഉന്നതമായ പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

 തസ്‌നി നബീൽ

------------------

ഹഫ്‌സത്ത് - ഞങ്ങളുടെ ഹബീബത്ത്

രഘു & ലത, മണലൂർ.

എന്റെ പേര് രഘു എന്നാണ്. ഭാര്യയുടെ പേര് ലത എന്നും.എന്റെ വിദ്യാഭ്യാസകാലത്തിനിടയിൽ വെച്ചാണ് ഞാനെന്റെ അയൽ നാട്ടുകാരനായ അബ്ദു റഹ്‌മാൻ എന്ന ഹബീബിനെ പരിചയപ്പെടുന്നത്. കോളേജിലെ ബിരുദപഠന കാലത്ത് ഞങ്ങൾ സഹപാഠികളായിരുന്നു.അവിടം മുതൽക്ക് തുടങ്ങിയ അടുപ്പവും സൗഹൃദവും ഇന്നും തനതു രൂപത്തിൽ നില നിന്ന് പോരുന്നു.

 ഞാൻ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള MPEDA യുടെ അക്വകൾച്ചർ വിഭാഗത്തിന്റെ ഓൾ ഇന്ത്യ ഹെഡ് ആയി സേവനമനുഷ്ഠിച്ചു വിരമിച്ച വ്യക്തിയാണ്.ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന കാലം മുതൽ MSc യും Phd യും ഒക്കെ പഠിക്കുന്ന കാലത്തും ശേഷം ഇന്നെ തീയതി വരെയും അബ്ദു റഹ്‌മാൻ എന്ന ഹബീബുമായി തികഞ്ഞ ആത്മ ബന്ധം നിലനിർത്തി പോരുന്നു.സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ജല കൃഷി വിഭാഗത്തിന്റെ തലവനായിരിക്കവേയാണ് ഞാൻ സർവീസിൽ നിന്ന് വിരമിച്ചത്.

ഇത്രയും എഴുതിയത് എന്റെ പഠനകാലം മുതൽ റിട്ടയർമെന്റ്കാലം വരെയും ശേഷമുള്ള എന്റെ ജീവിതത്തിലെ എല്ലാ സംഭവവികാസങ്ങളും അറിഞ്ഞിരുന്ന വ്യക്തിയാണ്‌ ഇവിടെ സൂചിപ്പിക്കപ്പെട്ട ഹബീബ് എന്ന് പറയാൻ വേണ്ടിയാണ്. ഞങ്ങൾ എല്ലാ വിഷയങ്ങളും 'ഹബീബെ' എന്ന അഭിസംബോധനയോടെ പരസ്പരം ഷെയർ ചെയ്യാറുള്ളവരാണ്.സോഷ്യൽ മീഡിയ ഒക്കെ ഇപ്പോൾ അടുത്ത കാലത്തല്ലേ വന്നത്. അതിനു മുമ്പ് തപാൽ വഴിയായിരുന്നു ഞങ്ങളുടെ ആശയവിനിമയങ്ങൾ. എന്റെ സർവീസ് അധികവും വടക്കെ ഇന്ത്യയിലായിരുന്നു.

പറയാൻ പോകുന്നത് ഹബീബിന്റെ ഹബീബത്തിനെ കുറിച്ചാണ്. ഹഫ്സത്തു എന്ന ആ ഹബീബത്ത് എന്റെ ഭാര്യയായ ലതയുടെ ഇഷ്ടഭാജനമായിത്തീരാൻ അധികനാൾ ഒന്നും വേണ്ടി വന്നില്ല.ഹബീബത്തുമായുള്ള ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ പ്രിയതമക്ക് അവർ പ്രിയങ്കരിയായി മാറിയിരുന്നു. അതിനുള്ള അവസരം ഞങ്ങളുടെ രണ്ടു പേരുടെയും കുടുംബങ്ങളിൽ അനേക തവണ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഫാമിലി അടക്കം ഹബീബിന്റെ വീട്ടിൽ പലപ്പോഴും പോയിട്ടുണ്ട്. ഹബീബത്തിന്റെ ഊഷ്മളമായ വിരുന്നു സൽക്കാരം ഏറെ ആസ്വദിച്ചിട്ടുണ്ട്. 

അതിഥികളെ സ്വീകരിക്കുന്നതിലും അവരെ സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുന്നതിലും ആ ഇത്തായിൽ അസാമാന്യമായ മികവ് കാണാൻ കഴിഞ്ഞിട്ടുണ്ട്. പക്വമായ പെരുമാറ്റവും സ്പുടമായ സംസാര ശൈലിയും അവരുടെ സ്വന്തമായിരുന്നു.അത് കൊണ്ടാവണം, ഒരിക്കൽ ഞാൻ ഹബീബിനോട് തുറന്ന് പറഞ്ഞിട്ടുണ്ട്, തന്നോടുള്ളതിനേക്കാൾ ഞങ്ങൾക്ക് ഒരു പണ‌തൂക്കം കൂടുതൽ സ്നേഹാദരവും ബഹുമാനവും ഹഫ്‌സത്തിനോടാണ് എന്ന്. അവർക്ക് തീരെ നിസ്സാരമല്ലാത്ത ഒന്നിലധികം സ്ഥായിയായ രോഗങ്ങൾ ഉണ്ടായിരുന്നു എന്നെനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ആ നാളുകളിലും അവർ നല്ലൊരു കുടും‌ബിനിയായി ഭർത്താവിനെയും മക്കളെയും പരിചരിച്ചു പോന്നിരുന്നു. ത്യാഗം ഏറെ സഹിച്ചാണെങ്കിലും ഒട്ടും പരിഭവമില്ലാതെയാണ് മിഖ്ദാദു എന്ന ഭിന്നശേഷിക്കാരനെ നാല്പത് കൊല്ലത്തോളം അവർ പോറ്റിയത് എന്നറിയുമ്പോൾ അതിശയം തോന്നുന്നു.

ഹബീബും ഹബീബത്തും പല തവണ ഞങ്ങളുടെ വീട്ടിലേക്കും വന്നിട്ടുണ്ട്. ഞങ്ങളുടെ സദ്യയിൽ അവരും പങ്ക് കൂടിയിട്ടുണ്ട്.എന്റെ അച്ഛനും അമ്മക്കും അവർ ഇഷ്ടക്കാരായിരുന്നു. തിരുവോണത്തിന് പല വട്ടവും ഞങ്ങളവവരെ ക്ഷണിക്കാറുണ്ടെങ്കിലും ഒരു ഓണത്തിന് മാത്രമെ അവർ എത്തിയിരുന്നുള്ളു. ഒരു പകൽ മുഴുവൻ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അന്ന് വൈകീട്ട് ഞങ്ങൾ എല്ലാവരും കൂടി കണ്ടശ്ശങ്കടവിലെ വള്ളം കളി മത്സരം കണ്ടതിന് ശേഷമാണു അവർ മടങ്ങിയത്. ഓർമയിൽ നിന്ന് മായാത്ത ഒരു ഓണാഘോഷമായിരുന്നു ഞങ്ങൾക്കത്. 

ഞാനും കുടുംബവും ഒടുവിലായി പാടൂരിലെ അവരുടെ വീട്ടിൽ വന്ന ദിവസവും മറക്കാനാവാത്തതായിരുന്നു. ഹബീബും ഹബീബത്തും അവരുടെ മക്കളും മരുമക്കളും പേരക്കിടാങ്ങളും എല്ലാവരെയും ഒരുമിച്ചു കാണാനും ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനും അന്നാണ് സാധിച്ചത്. പിന്നീട് ഞാനും ലതയും വന്നത് ഹഫ്‌സത്തു മരിച്ച വിവരം അറിഞ്ഞിട്ടാണ്. ഏതായാലും മയ്യത്ത് കാണാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തോടെയാണ് മടങ്ങിയത്. വിധിയെ ആർക്കും തടുക്കാനാവില്ലല്ലോ.  ഭാവത്തിലും പെരുമാറ്റത്തിലും  തന്റെതായ ഉറച്ച വിശ്വാസവും ഭക്തിയും നില നിർത്തി പോരുന്നതോടൊപ്പം സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിപോന്നിരുന്ന ഒരു വനിത യായിരുന്നു അവർ എന്ന് ഞങ്ങൾ മനസ്സിലാക്കിയിരുന്നു. അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞ ആ ഹബീബത്തിന് ആത്മ ശാന്തി നേർന്നുകൊണ്ട് ഈ വരികൾ ഇവിടെ അവസാനിപ്പിക്കട്ടെ.

രഘു & ലത, മണലൂർ.

------

കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ

സക്കീർ ഹുസൈൻ

 "മണ്ണിന് നോവാതെ നടന്നും കാതുകൾക്ക് വേദനിക്കാതെ സംസാരിച്ചും കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ "

2006 ജൂൺ മാസത്തിലാണ് ആലുവ അസ്ഹ റുൽ ഉലൂം എന്ന സ്ഥാപനത്തിലെ പഠനം പൂർത്തിയാക്കി  "മിനി ഗൾഫ്" എന്നറിയപ്പെടുന്നഒറ്റനോട്ടത്തിൽ ഒരൽഭുത ദ്വീപ് എന്നു തോന്നിപ്പിക്കുന്ന ഗ്രാമീണ മനോഹാരിതയിൽ അലങ്കരിക്കപ്പെട്ട പാടൂർ എന്ന പ്രദേശത്തെ മസ്‌ജിദു റഹ്‌മ എന്ന  പള്ളിയിൽ ഇമാം ഖുതുബ ചുമതലയേറ്റ് സേവനത്തിന് എത്തുന്നത്. പ്രിയ അധ്യാപകൻ ഇക്ബാൽ നദ് വി ഉസ്താദിന്റെ നാടു കൂടിയായതിനാൽ അദ്ദേഹത്തിന്റെ സപ്പോർട്ട് കൂടിയുണ്ടായിരുന്നു.

 ചുമതല ഏറ്റെടുത്ത രണ്ടാമത്തെയോ, മൂന്നാമത്തെയോ വെള്ളിയാഴ്ച  ജുമക്ക്ശേഷം ആരോ വന്നു പറഞ്ഞു ഉസ്താദിനെ കാണാൻ ഹഫ്സത്ത കാത്തുനിൽക്കുന്നു.അങ്ങിനെ പുറത്തേക്ക്  തന്നെ  കാത്തു നിൽക്കുന്ന ആളെ കാണാൻ ചെന്നപ്പോൾ മുഖത്ത് മനോഹരമായ  ചിരി തൂകി ഒരു കൈയ്യിൽ തന്റെ പരിസരത്തെ വീടുകളിൽ വിതരണം  ചെയ്യേണ്ട പ്രബോധനവുമായി നിൽക്കുന്നു ഒരാൾ. ഞാനാണ് ഹഫ്സത്ത്, മാധ്യമത്തിൽ വർക്ക് ചെയ്യുന്ന വി.എസ് സലീം സാഹിബിന്റെ പെങ്ങൾ. അങ്ങിനെ ആദ്യകാഴ്ചയിൽ തന്നെ പരസ്പരം  പരിചയപ്പെട്ടു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം ഉച്ചനേരത്ത് കയ്യിൽ ഒരു പാത്രവുമായി ഒരു കുട്ടി കയറി വന്നു. ഞാൻ ഹഫ്സത്തയുടെ മകൻ,ഇത് ഉമ്മ തന്ന് വിട്ടതാണ്. എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ തുറന്നു നോക്കിയപ്പോൾ അടിപൊളി ബിരിയാണി. പിന്നീട് പല ഘട്ടങ്ങളിലായി  സ്പെഷ്യൽ ഭക്ഷണങ്ങൾ ഹ ഫ്സത്തമുഖേനെലഭിച്ചുകൊണ്ടിരുന്നു. അങ്ങിനെ ആ ആദർശ ബന്ധം വളരെ ഊഷ്മളമായി തുടർന്നു. ഒരു മകന്റെ സ്ഥാനത്ത് നിർത്തി സംസാരിക്കും. വർത്തമാനങ്ങളിൽ കുടുംബവും, പ്രസ്ഥാനവും, നിറഞ്ഞുനിന്നു. ഖുത്തുബയുടെ പ്രഭാഷണങ്ങളെ പറ്റി അഭിപ്രായങ്ങൾ പറയും. തിരുത്തേണ്ടവ സ്നേഹത്തോടെ തിരുത്തും. തുടർന്ന്ഓരോ ആഴ്ചയും വരുന്ന പ്രബോധനo വിതരണത്തിനായി ഓരോ പ്രവർത്തകരെയും ഏൽപ്പിക്കേണ്ട ചുമതല എന്നിൽ അർപ്പിതമായ വേളയിൽ എല്ലാ ആഴ്ചയും  ഹഫ്സത്തയുടെ വീട്ടിൽ പോകും. ചായ തന്ന് സൽക്കരിച്ചേ മടക്കി അയക്കാറുള്ളൂ. ഒന്നരവർഷം മുമ്പ് കുടുംബസമേതം പാടൂർ സന്ദർശിച്ച വേളയിൽആ സൽക്കാരം നിറഞ്ഞുനിന്നു. ഒരു പ്രദേശത്ത് ഇസ്ലാമിക പ്രസ്ഥാനത്തെ നെഞ്ചിലേറ്റി നട്ടുവളർത്തുന്നതിൽ ഒരു വനിതമുന്നില്‍ നിന്ന് നയിക്കുക ഏറെ വിസ്മയകരമായ കാഴ്ചയാണ്, അതായിരുന്നു ഹഫ്സത്ത. പ്രബോധനവും, പ്രസ്ഥാന സാഹിത്യങ്ങളുമേന്തി പ്രസ്ഥാന സന്ദേശ കൈമാറ്റത്തിന് ഹഫ്സത്ത ചെന്നു കയറാത്ത വീടുകൾ പാടൂരും പരിസരങ്ങളിലും വിരളമായിരിക്കും. സ്ത്രീ സമൂഹത്തെ ഖുർആൻ പഠനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഹഫ്സത്തയുടെ പങ്ക് പ്രശംസനീയമാണ്. ഒരേസമയം പ്രവാചകന്റെ ഹദീസിനെ അനുസ്മരിപ്പിക്കുമാറ് ഖുർആൻ പഠിതാവും ഒപ്പം അദ്ധ്യാപികയുമായിരുന്നു ഹഫ്സത്ത. ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായിരിക്കേ, പ്രസ്ഥാനത്തിനുവേണ്ടി ഓടിനടക്കുന്നതിൽ ഒരു ശാരീരിക പ്രയാസങ്ങളും അവർക്ക് തടസ്സമായിരുന്നില്ല. ഹൽ ഖാനാസിമത്ത്, ഏരിയ പ്രസിഡണ്ട്, ജില്ലാ സമിതി മെമ്പർ, തുടങ്ങിയ നിരവധി ചുമതലകൾ ഭംഗിയിൽ  നിർവ്വഹിച്ചു. പാടൂർ എന്ന പ്രദേശത്ത് പ്രസ്ഥാന സന്ദേശം എത്തിക്കുന്നതിലും ഇന്നു കാണുന്ന വിധം വളർച്ച കൈവരിക്കുന്നതിലും, മുൻ നിര പോരാളിയാണ് ഹഫ്സത്താ. ഒപ്പം മസ്ജിദ് റഹ്മയും, അതിനോട് ചേർന്ന് പ്രവർത്തിക്കുന്ന മദ്രസയും ഇന്നു കാണും വിധം ജനകീയമാക്കുന്നതിൽ ( വിശിഷ്യാ സ്ത്രീ ജനങ്ങൾക്കിടയിൽ) ഹഫ്സത്ത ഒരു മാതൃക തന്നെ. ഈ  കാലയളവിൽ പ്രസ്ഥാന പ്രവർത്തന വീഥിയിൽ നടന്നകന്ന ഹഫ്സത്തയുടെ നടത്തം മണ്ണിന് നോവാതെയും, വർത്തമാനങ്ങളിൽ കാതുകൾക്ക് വേദനിക്കാത്ത  വിധവും ആയിരുന്നു.  നാഥാ നെറ്റിത്തടം വിയർത്തുകൊണ്ട് നിന്നിലേക്ക് എത്തിയ ഞങ്ങളുടെ പ്രിയഹഫ്സത്തയെ നിന്റെ സ്വർഗ്ഗത്തിൽ ഏറ്റവും ഉന്നത പദവി നൽകി സ്വീകരിക്കണേ. ഞങ്ങളെയും അവരെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേർക്കണേ. ആമീൻ യാ റബ്ബൽ ആലമീൻ.

സക്കീർ ഹുസൈൻ

 (മുൻ മസ്‌ജിദു റഹ്‌മ ഖത്തീബ്  - മദറ്സ അദ്ധ്യാപകൻ)

-------------------

 മിന്നലൊളി പോലെ

അബ്‌ദു റഹ്‌മാന്‍ മാഷ്
പാടൂര്‍


മാനത്തൊളി മിന്നി മാഞ്ഞപോലെ
മണ്ണില്‍ സുഗന്ധിപ്പൂ വീണപോലെ
അനുപമയാണവർ ഹഫ്‌സ ബീവി
ഹൃദയങ്ങൾ തൊട്ടറിയുന്ന പൂവി..

പരിമളം തൂകുന്ന പൂവുപോലെ
തൊട്ടു തലോടുന്ന തെന്നല്‍ പോലെ
വാടികളിൽ ചിത്ര ശലഭം പോലെ
തൊടികളില്‍ മൂളുന്ന പാട്ടുപോലെ

കരളില്‍ കുളിരേകും മൊഴി നുകരാൻ
കണ്ണും കാതും നിറയും കവിത പെയ്യാൻ
മഹിളകൾ മഹതിക്ക് ചുറ്റും കൂടി
മഹിതമാം ധാരയില്‍ ഒരുമിച്ചു കൂടി. 

കാലത്തിൻ കഥയോര്‍‌ക്കും കാവല്‍ പുരയില്‍
കനകക്കിനാവിന്‍ കൂടാരം പോലെ
ചേലൊത്ത പോലേയൊരുക്കി കൂട്ടി
ചിറകും വിരിച്ച് പറന്നു പോയി...

കൂട്ടില്‍ പൊഴിച്ചിട്ട പൊന്‍ തൂവലില്‍
കണ്ണിമ വെട്ടാതെ നോക്കി നില്‍‌ക്കേ
കാണുന്നു കൗതുക കാഴ്‌ച മാത്രം
കേള്‍‌ക്കാം ഗതകാല നന്മമാത്രം

ആരും കൊതിച്ചു പോകുന്ന ഭാവം
ആര്‍‌ക്കും കഥിച്ചു തീരാത്ത പാഠം 
മായാത്ത മുദ്രകള്‍ തീര്‍‌ത്ത് മെല്ലെ
മാനത്തുയര്‍‌ന്നു പറന്നു ചെമ്മേ..
==========
അബ്‌ദു റഹ്‌മാന്‍ മാഷ്
പാടൂര്‍
============

06.കഥ പറയുന്ന ചിത്രങ്ങള്‍


ഹഫ്‌സത്തയുടെ വിവിധ സന്ദര്‍‌ഭങ്ങളില്‍ പകര്‍‌ത്തിയ ചിത്രങ്ങള്‍

===========

07. ഹഫ്‌സയുടെ ജീവിത പാഠം

മൊത്തം കുറിപ്പുകളുടെ ആകെ തുക , എന്തെല്ലാം  മാതൃകകൾ നമുക്ക് പിന്തുടരേണ്ടതുണ്ട് , ഒരു സ്ത്രീയുടെ ജീവിതം എന്തിനു അടയാളപ്പെടുത്തുന്നു , അതിന്റെ ആവശ്യകത എന്ത്.

 

എഴുതേണ്ടവർ

എഡിറ്റർ/എഴുത്തുകാര്‍

--------------

മുമ്പേ നടന്നവൾ 

നൗഷബ

കല്യാണം കഴിഞ്ഞ് ഭർത്തൃവീട്ടിൽ താമസം ആരംഭിക്കുമ്പോൾ, പെൺകുട്ടികൾക്ക് ഉണ്ടാകുന്ന എല്ലാ ആവലാതിയും ആശങ്കയും എനിക്കും ഉണ്ടായിരുന്നു. വീടിനെ കുറിച്ച് എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല, പക്ഷേ എന്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, എന്റേതായ സാമൂഹിക അന്തരീക്ഷം — ഇവയെല്ലാം എങ്ങനെയാകുമെന്നുള്ള എന്നുള്ള ഒരു നല്ല പേടി മനസ്സിനുള്ളിലുണ്ടായിരുന്നു , അതിനൊക്കെ പാകപെടുന്ന ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നതും പഠിച്ചതും.

അങ്ങനെയിരിക്കെ,കല്യാണപിറ്റെന്ന് തന്നെ, ഹഫ്‌സത്ത വീട്ടിലെത്തി.....(സ്ത്രീധന രഹിതം, മഹർ വധു ആവശ്യപെട്ടത് പ്രകാരം , സ്വർണം ഉപയോഗിക്കാതിരുന്നതു തുടങ്ങിയ വിശേഷതകൾ എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു.) കല്യാണവുമായി ബന്ധപ്പെട്ടതെല്ലാം ഏറെ മനോഹരമായി കഴിഞ്ഞതായും, അതിന്റെ ക്രെഡിറ്റ് എനിക്കാണ് കൊടുക്കേണ്ടതെന്ന് സ്നേഹത്തോടെയും രസത്തോടെയും ഹഫ്‌സത്ത പറഞ്ഞപ്പോൾ, എനിക്ക് അതൊരു കുളിർകോരുന്ന അനുഭവമായി.എന്റെ രണ്ടുകൈകളും പിടിച്ചു അടുത്തിരുന്ന്‌ ആയിരുന്നു ഹഫ്‌സത്ത സംസാരിച്ചത്.

കല്യാണം എനിക്കുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. പിന്നെ പാടൂരുപോലുള്ള സ്ഥലങ്ങളിൽ ഇത്തരം മാതൃകകൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, പെൺകുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ ആത്മവിശ്വാസം,പെൺകുട്ടികളുടെ ചിന്താഗതിയെ മാറ്റാൻ അവരുടെ ഭാഗത്ത് നിന്നുള്ള ശ്രമങ്ങൾ അങ്ങനെ കുറെ സംസാരിച്ചു.

ആദ്യത്തെ കൂടികാഴ്ചയിൽ തന്നെ, ഭർത്തൃവീട്ടിലെ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നെങ്കിൽ ഈ ആത്മബന്ധം തോന്നുമോ? പ്രത്യേകിച്ച് പെൺകുട്ടികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുന്ന വിവേചനാത്മകമായ സാമൂഹിക ചുറ്റുപാടിൽ ആ ബന്ധം അത്ര നല്ലതാകമായിരുന്നില്ല.

ആ സംസാരങ്ങൾ എനിക്കുണ്ടാക്കിയ സന്തോഷം പറയാനാകാത്തത്ര ആയിരുന്നു. ആ നിമിഷം മുതലാണ് പാടൂർ എന്ന പ്രദേശത്തോട് മമതയും ആത്മബന്ധവും തോന്നി തുടങ്ങിയത് പിന്നീടും പല ക്ലാസുകളിലും, പള്ളി പരിസരങ്ങളിലും ഹഫ്‌സത്താനെ പലപ്രാവശ്യം കണ്ടു. ഓരോ പ്രാവശ്യവും, അതേ ഉത്സാഹത്തോടെയും വാരിപ്പുണർന്നു ഈ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമായിരുന്നു.

പിന്നീട് നാട്ടിൽ ഉണ്ടാകുമ്പോഴൊക്കെയും ഹൽഖകളിലും GIO ക്യാമ്പുകളിലും സജീവമാകാൻ തുടങ്ങി.ഹൽഖയിലെ പ്രവർത്തകരിൽ തമ്മിലുള്ള സ്നേഹവും ഉഷ്മളതയും എടുത്തുപറയേണ്ട ഒന്നാണ്.ഒരു കുടുംബം പോലെ എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ഹഫ്‌സത്ത നാസീമത്ത് അല്ലാതിരുന്നപ്പോഴുമെല്ലാം, എല്ലാവരും ഹഫ്‌സത്തയോട് അഭിപ്രായം ചോദിച്ചിട്ടാണ് തീരുമാനം എടുത്തിരുന്നതു് ഹഫ്‌സത്തക്ക് സദസ്സുകളിൽ ലഭിക്കുന്ന പ്രത്യേക സ്നേഹവും ആദരവും എടുത്തുപറയേണ്ടതാണ്.

നിങ്ങളെ ഞാൻ ഈ പറഞ്ഞ പരിപാടിക്ക് ക്ഷണിക്കുന്നു;അതിനു  പകരം, നമ്മൾ അവിടെ എത്തിച്ചേരുമ്പോൾ ചെയ്യേണ്ട കാര്യങ്ങളാണ് ഹഫ്‌സത്ത ഒരാളോടു ആവശ്യപ്പെടുക.  പരിപാടിക്ക് , പോകണോ എന്ന സംശയത്തിൽ നിൽക്കുന്ന ആളുകൾക്ക് പിന്നെ പോകാതിരിക്കാനാകില്ല.

അതു പോലെ ചുറ്റും നടക്കുന്ന എല്ലാ രാഷ്ട്രീയ, സാമൂഹിക, സമുദായ വിഷയങ്ങളിലുമും ഹഫ്‌സത്ത UPDATED ആയിരുന്നു, പരന്ന വായനയുള്ളതും ഖുര്‌ആനിൽ നല്ല രീതിയിൽ പഠിച്ചതിനാലും. എന്തു വിഷയം പ്രതിപാദിച്ചാലും തദവസരത്തിനൊത്തൊരു ഖുര്‍ആൻ ആയത്തു ഹഫ്‌സത്ത പറയും.പലപ്പോഴും ഡൽഹിയിൽ നടക്കുന്ന സമരങ്ങൾ ആണെങ്കിൽ പോലും, പങ്കെടുത്ത ആളുടെ പേര് വിവരങ്ങൾ വരെ ഹഫ്‌സത്തക്ക് നല്ലോണം അറിയാം.പുതിയ കാര്യങ്ങളെ കുറിച്ച് ചോദിച്ച് അറിയാനും പഠിക്കാനും ഹഫ്‌സത്തയ്ക്ക് നല്ല താല്പര്യമായിരുന്നു.

പള്ളിയിൽ പ്രോഗ്രാമിന് പെൺകുട്ടികൾ എല്ലാം വരുമ്പോൾ, വ്യത്യസ്ഥ ചുറ്റുപാടുകളിൽ നിന്നുള്ള കുട്ടികൾ ഉണ്ടാകും, തലമറച്ചവരും അല്ലാത്തവരും എല്ലാം ഒക്കെ ആയിട്ട് ,ഹഫ്‌സത്ത അവരോടൊക്കെ സ്നേഹത്തോടും സന്തോഷത്തോടും സംസാരിക്കുന്നത്‌ കാണാറുണ്ടായിരുന്നു , പലയിടത്തും പെൺകുട്ടികളുടെ മോറൽ സൈഡ് നോക്കിയാണ് പലപ്പോഴും ക്ലാസുകളിലേക്കും മറ്റും ക്ഷണിക്കാറ് പാടൂർ അങ്ങനെയായിരുന്നില്ല , അബായ ഇട്ട് വരുമ്പോൾ നിങ്ങളൊക്കെ കുട്ടികളല്ലേ? കളർഫുള്‍ ഡ്രസ്സ് എല്ലാം ഇട്ടിട്ട് വന്നൂടേ എന്ന് ഉപദേശിക്കും.

മറ്റൊന്ന്, ഹഫ്‌സത്തയ്ക്കും എല്ലാവരോടും ഉണ്ടായിരുന്ന പരസ്പരബന്ധമാണ്. അതിനുള്ള എല്ലാ സാധ്യതകളെയും ഹഫ്‌സത്ത ഉപയോഗപ്പെടുത്തി. എല്ലാവരുടെയും വീട്ടിലേക്കും അവര്‍ക്ക് എപ്പോഴും കയറി ചെല്ലാന്‍ പറ്റുമായിരുന്നു. പിന്നെ, മെസ്സേജ് അയച്ചും ഫോണ്‍ കോള്‍  ചെയ്‌തും എല്ലാവരോടും വളരെ വ്യക്തി ബന്ധം വളർത്തിപ്പോന്നു. രോഗാവസ്ഥയിലായിരുന്നപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങള്‍ അന്വേഷിച്ചു, ഉപദേശിച്ചു, ദുആ ചെയ്തു..

ഞാൻ കരുതിയിരുന്നത് ഹഫ്‌സത്തക്ക് എന്നോടൊരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്നായിരുന്നു, പക്ഷേ എല്ലാവരുടെയും അനുഭവങ്ങൾ കേൾക്കുമ്പോഴാണ് ഹഫ്‌സത്ത എല്ലാവരോടും ഉള്ള അടുപ്പം ഇങ്ങനെയാണ് കൈകാര്യം ചെയ്തെന്നു മനസ്സിലാകുന്നത്.

കാണുമ്പോൾ എല്ലാം കെട്ടിപ്പിടിച്ചു, ഉമ്മ വെച്ച്.വസിയതു ചെയ്യുമായിരുന്നു , പാടൂർ ഉള്ള എല്ലാവരുടേയും നന്മക്കായും നമ്മളോട് ഇറങ്ങി പ്രവർത്തിക്കണം എന്നു , “നിങ്ങളിലാണ് നമ്മുടെ പ്രതീക്ഷ” എന്നും ഒക്കെ ,പാടൂർക്കാരോടിത്ര സ്നേഹമുള്ള മറ്റൊരു നാട്ടുകാരി ഉണ്ടാവുമോ? 

ഞാൻ കുവൈറ്റിൽ വരുന്നതിന് മുമ്പ് തന്നെ ഹഫ്‌സത്ത കിടപ്പിലായിരുന്നു, വീട്ടിൽ പോയപ്പോൾ തീരെ വയ്യ, പക്ഷേ കണ്ടപ്പോൾ നല്ല സന്തോഷത്തിൽ ഒരു പാട് നേരം സംസാരിച്ചു, കുട്ടികളെ നാട്ടിൽ നിർത്തി പോകുന്നതിന്റെ വിഷമം പറഞ്ഞപ്പോൾ, തവക്കുല്‍ ചെയ്യാൻ പറഞ്ഞു, ഇനി ഇപ്പോ ഇത് എഴുതുമ്പോള്‍ മക്കളുടെ വിസ റെഡി ആയിട്ടുണ്ട് , രോഗാവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ ഒക്കെ ഇബാദത്തുകൾ നല്ലോണം ചെയ്യാൻ പറ്റാത്തതിലെ വിഷമത്തെ കുറിച്ചാണ് പറഞ്ഞത്.ഹഫ്‌സത്തയുടെ ഈമാനിന്റെ ഒരു പങ്കെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ !

അതിനുശേഷം പെരുന്നാളിനു നാട്ടിൽ വന്നു, അന്നാണ് ഹഫ്‌സത്തയെ അവസാനം കാണുന്നത്.പള്ളിയിൽ ഉസ്താദിന്റെ ചുറ്റുമുണ്ടാകുന്ന പോലെ, ഒരു കൂട്ടം എപ്പോഴും ഹഫ്‌സത്തയുടെ ചുറ്റുമുണ്ടാകും. ഈദ്‌ഗാഹിന് ആണെങ്കിൽ പറയേണ്ട കാര്യം ഇല്ല; പെൺകുട്ടികളുടെ ഭാഗത്ത് ഒരു ചെറിയ ക്യൂ ഉണ്ടാകും.ഹഫ്‌സത്തനെ ആശ്ലേഷിക്കാനുള്ള തിരക്കാണ്; ഇടയിൽ ഞാൻ കെട്ടിപ്പിടിച്ചു. എന്നെ കണ്ടപ്പോ ഹഫ്‌സത്ത ഒന്നു സർപ്രൈസ് ആയി. പെരുന്നാളിന് വരുമെന്നു ആർക്കും സൂചനയുണ്ടായിരുന്നില്ല. അപ്പോള്‍ ആ സന്തോഷത്തിൽ അവിടെ വെച്ച് ഒരു സെൽഫി എടുത്തു , എന്നോട് ഫോട്ടോ ചോദിച്ച് വാങ്ങി — അടുത്ത ദിവസം തന്നെ WhatsApp സ്റ്റാറ്റസായി വച്ചതൊക്കെ ഓർക്കുന്നു.

ഇന്ന് ആ ഫോട്ടോയിൽ നോക്കുമ്പോൾ മനസിന് വലിയ ഭാരം ,  താങ്ങാൻ പറ്റുന്നില്ല ഹഫ്‌സത്തയ്ക്ക് എല്ലായ്പ്പോഴും വയ്യായ്‌ക ഉള്ളതു കൊണ്ടു മാറിവരും എന്ന് കരുതി, ഇനി നമുക്ക് ഒരിക്കൽ പോലും അതുപോലൊരു ഹഗ് കിട്ടില്ല, മെസേജോ കോളോ ഉണ്ടാകില്ല; ഇത് പാടൂരിലെ പെണ്ണുങ്ങള്‍ക്കെല്ലാവർക്കും ഉണ്ടാകുന്ന പ്രയാസം ചെറിയതല്ല  ഈ ശൂന്യത ഒന്നും കൊണ്ടും നികത്താൻ പറ്റില്ല.

പക്ഷേ ഹഫ്‌സത്ത പടച്ചോന്‌ പ്രിയപ്പെട്ടവൾ ആകുമെന്ന വിശ്വാസം ഉണ്ട്, അതുതന്നെയാണ് നമ്മുടെ എല്ലാ പ്രാർത്ഥനയും. എല്ലാത്തിനും മുമ്പ് നടന്നവരാണ്, റബ്ബിന്റെ സ്വർഗത്തിലും അങ്ങനെ ആവട്ടെ...

നൗഷബ

================

*സ്‌മരണിക*

ഹഫ്‌സ

സഹോദരന്‍

------------

എൻ്റെ കുഞ്ഞുപെങ്ങൾ

വി.എസ്.സലീം

=============

2

അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിരൂപം

ലബീബ. എ പാനായിക്കുളം

---------------

പ്രിയപ്പെട്ട കുഞ്ഞിത്ത

നുസൈബ വി.എ

--------------

നന്മ നിലാവ് 

ഡോ. മുബാറക് പാടൂർ

--------

നിഷ്‌കളങ്കയായ മഹതി

സീനത്ത് എറിയാട്

---------

എനിക്ക് കിട്ടിയ ഭാഗ്യം

ഡോ.സുമയ്യ റഹ്‌മാന്‍

----------

സ്‌നേഹ നിധിയായ ഉമ്മ

ഷബീര്‍ ബഷീര്‍

-------

വിനയത്തിന്റെ പര്യായം

ഹിബ മഞ്ഞിയില്‍

=========

3

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പാടൂരിലെ തുടക്കം

ജമീല പാടൂര്‍

--------------

ദൗത്യം നിർവ്വഹിച്ചു, ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു

ആർ പി സിദ്ധീഖ്

-------------

സഹപ്രവർത്തകരുടെ മഹതിയായ വഴികാട്ടി 

റസീന അലി

------------

നന്മയുടെ നാൾവഴിയിലൂടെ...

സഫിയ ഹംസ വാസ്‌മ

------------

പകരം വെക്കാനില്ലാത്ത ബന്ധം

 റഹിയ ലത്തീഫ്

-----------

ഹഫ്‌സത്തായെ കുറിച്ച് പറയുമ്പോൾ

ജുമാനത്ത് അബ്‌‌ദുല്‍ അസീസ്

-----------

ഹഫ്‌സ ടീച്ചറെ ഓർക്കുമ്പോൾ -

പി സുമയ്യ ഗുരുവായൂർ. 

-------------

എന്റെ ഉമ്മച്ചികുട്ടി

സുമയ്യ. പി.എം വാടാനപ്പള്ളി

----------

പ്രകാശം പരത്തി കടന്നു പോയവൾ

ആയിഷ ഭായി

---------------

ഹഫ്‌സത്ത് പാടൂരിന്റെ സ്നേഹം

എ.ഷറഫുദീൻ

--------------

ഹഫ്‌സത്ത യാത്രപറഞ്ഞു

അസീസ് മഞ്ഞിയില്‍

=========

4

പഠിച്ചത് പകർത്തിയ മാതൃകാ ജീവിതം

എ.വി ഹം‌സ

-------------

ഫിർദൗസിനെ കൊതിച്ചവൾ

മില്ലത്ത് ഇഖ്ബാൽ

-----------

നിറകുടമായിരുന്നു നിങ്ങൾ 

ബുഷ്റ ഖലീൽ

--------

അല്ലാഹുവുമായുള്ള കരാർ പാലിച്ച സഹോദരി

കെ.അബ്‌ദുല്‍ വാഹിദ് - പാടൂർ

-----------

എന്റെ ഓർമ്മയിലെ നിലാവ്

മിസ്‌‌രിയ - പെരുമ്പിലാവ്

---------

ഹഫ്‌സത്ത് ബിൻത് സെയ്‌ദ്‌ മുഹമ്മദിന്റെ ഓർമ്മകൾ--

സെനിയ ഖമറുദ്ദീന്‍

-----------

മാഞ്ഞു പോകാത്ത താരകം

ഷരീഫ യൂസുഫ്

-----------

മാതൃകാപ്രവര്‍‌ത്തക 

ഹുദാ ബിൻത് ഇബ്രാഹിം 

------------

വിളക്കായിരുന്നു

റഷീദ് ആര്‍.പി

------------

സ്വര്‍‌ഗത്തിലേക്കുള്ള പിടിവള്ളി

ജമീല എന്‍.പി

-------------

പ്രിയപ്പെട്ട ഹഫ്‌സത്ത

ഷമീല ഹുസ്സൈന്‍

------------

സഹോദരി ഹഫ്‌സ

ഐ.മുഹമ്മദലി

------------

ഹഫ്‌സത്ത - നിശബ്ദ ജനസേവനത്തിലെ നിറ സാന്നിധ്യം 

ഇർഷാദ് അബ്ദുള്ള, ഹസീന ഇർഷാദ്.

===========

5

പ്രിയപ്പെട്ട ഉമ്മ

നിവ്യ സത്യൻ

-------------

ദൈവ ഭക്തയായ ഹഫ്‌സ

ഡോ.ജയന്തി

------------

ചിറകുള്ള മാലാഖയായിരുന്നു.

ഷരീഫ് ബാബു.

------------

മാതൃകാ വനിത

ഹാഫി മുഹമ്മദ് 

----------

നിയോഗം പൂര്‍‌ത്തിയാക്കിയ മഹതി

ഷരീഫ് ത്വാഹ പാടൂര്‍

-------------

പ്രാർത്ഥനാ നിർഭരമായ ഒരനുസ്‌മരണം 

അശ്‌‌റഫ് ശ്രമദാനി

----------

സേവനസന്നദ്ധയായ ഹഫ്‌സത്ത

അബ്‌‌ദുല്‍‌ ലത്തീഫ്, വാക്കയിൽ.

--------------

മരിക്കാത്ത ഓര്‍‌മകള്‍

ഉസ്‌മാന്‍ തറയിൽ (അലെെന്‍)

----------

നിഷ്‌കളങ്കയായ മഹതി

നൂര്‍‌ജഹാന്‍ റഷീദ്

---------

ഓര്‍‌മകളിലൂടെ

സുബൈദ യൂസുഫ് 

-----------

ഓര്‍‌മകളിലെ നോവ്

സുബൈദ അഷ്റഫ്

---------

സ്‌നേഹനിധി

ലബിത ബാസിത്

--------------

ഹഫ്‌സത്ത മരിച്ചിട്ടില്ല

സുലോജന

-------------

ആകാശം കീഴടക്കിയ വര്‍‌ണ്ണക്കിളി

ഷമീറ നാസര്‍

------------

പറയാതെ പറന്നു പോയവള്‍

ദൗലത്ത് തിരുവനന്തപുരം

---------------

മനസ്സുകളില്‍ ഇടം പിടിച്ച ഹഫ്‌സ

മൈമൂന അബ്‌ദുല്‍ വാഹിദ്

----------

സുക്കൂൻ്റെ ഹഫ്‌സത്ത

ഷീബ നബീൽ  

-------------

ഓർമ്മകൾക്ക് മരണമില്ലാതെ...

നഹല സുഹൈല്‍

-----------

പ്രിയപ്പെട്ട ഹഫ്‌സത്ത

സഫ്‌ന അമീർ

------------

സ്‌നേഹ സാന്നിധ്യം

അഫീന റഷീദ്

----------

നന്മയിലേക്ക് നിമിത്തമായ ഇത്ത

സുല്‍‌ഫത്ത് അബ്‌ദുസ്സലാം

-----------

മറക്കാനാകാത്ത മഹതി

ഫാറൂക്ക് കാട്ടെപറമ്പിൽ

----------

മാതൃകാ വ്യക്തിത്വം

ആര്‍.വി അബ്‌ദുല്‍ ഹമീദ്

-----------

പകരം വെക്കാനില്ലാത്തവള്‍

സൈഫുന്നിസ അബ്‌ദുല്‍ ഹമീദ്

---------

സ്‌പന്ദിക്കുന്ന വിരാമങ്ങള്‍

നാസറുദ്ദീന്‍ തങ്ങള്‍ എ.എസ്

---------

വല്ലിത്തയും കുഞ്ഞുമ്മയുമായ ഹഫ്‌സത്ത

അൻവർ ഷാ, പാടൂർ

-----------

ഞാനറിഞ്ഞ ഹഫ്‌സത്ത.... 

പി എം മുഹ്‌സിന്‍ മാസ്റ്റർ

പാടൂർ.

-----------

നല്ല അയല്‍‌ക്കാരി

നൂർജഹാൻഉമ്മർ

-------------

കണ്ണീര്‍ മഴയത്ത്

ആഷിഫ ഷാഫി

-------------

ദീനി പ്രവർത്തനത്തിന്റെ പ്രോജ്ജ്വലതാരകം

ബി.എം മുസ്തഫ, പാടൂർ.

------------

പ്രിയപ്പെട്ട ഹഫ്‌സ

ഷംസുദ്ദീൻ മാഷ്, റാബിയ ടീച്ചർ

---------------

മിഖ്‌‌ദാദിന്റെ ഉമ്മ.. സഹജീവികളുടെയും

തയ്‌സീർ പുത്തൻപുരയിൽ

-------------

പ്രാര്‍‌ഥനയോടെ..

നസീമ അശ്റഫ് പുളിക്കൽ

--------------

ഉത്തമയായ ഹഫ്‌സ

സാറ ഷംസുദ്ദീൻ

--------

ഉത്തമ വഴികാട്ടി

ഫൗസിയ നാസർ 

------------

നല്ല അധ്യാപിക

റഹ്‌മത്ത് സഈദ്

--------------

പാടൂർ അമ്മായി

തസ്‌നീം വി.എസ്

----------------

ഗ്രാമത്തിലെ മാലാഖ

തസ്‌നി നബീല്‍

----------------

ഹഫ്‌സത്ത് - ഞങ്ങളുടെ ഹബീബത്ത്

രഘു & ലത, മണലൂർ.

----------------

കർമ വീഥിയിൽ നിറഞ്ഞുനിന്നൊരാൾ

സക്കീര്‍ ഹുസ്സൈന്‍

---------------

മിന്നലൊളി പോലെ

അബ്‌ദു റഹ്‌മാന്‍ മാഷ്
പാടൂര്‍

==========

മുമ്പേ നടന്നവള്‍

നൗഷബ

==============

സ്‌മരണിക ടീം

-------

അസീസ് മഞ്ഞിയിൽ

വിഎസ് സലീം

c റഹ്‌‌മാന്‍ കേലാണ്ടത്ത്

യാസ്സിര്‍

സിദ്ദീഖ് ആര്‍.പി

അബ്‌‌ദുൽ വാഹിദ്

റഷീദ് ആര്‍.പി

ജിഷാർ എൻ പി

ബുഷ്‌റ ഖലീല്‍

നൗഷബ ലിം‌സീര്‍

നഹല സുഹൈല്‍

റസീന അലി

ഷരീഫ യൂസുഫ്

സുബൈദ അഷ്റഫ്

അബ്‌ദു റഹ്‌മാന്‍ മാഷ്

ഫൈസല്‍ തറയില്‍

ഫസീഹ് ഫൈസല്‍

ഇര്‍‌ഷാദ് അബ്‌ദുല്ല

നാസര്‍ അബ്‌ദുല്ല

റഷീദ് ഉസ്‌താദ്

=============