ആകാശം കീഴടക്കിയ വര്‍ണ്ണക്കിളി
ഷമീറ നാസര്‍
വൈകുന്നേരങ്ങളിലെ വിശ്രമ സമയത്ത് പ്രിയപ്പെട്ടവര്‍ ചോദിച്ച ചോദ്യം ഓര്‍മയിലെത്തി.ഹഫ്‌സത്തയെ കുറിച്ച് എന്തെങ്കിലും എഴിതിയോ..? എന്നായിരുന്നു അവര്‍ ആരാഞ്ഞിരുന്നത്.
അവരെ കുറിച്ച് എന്തെഴുതാന്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് മുന്നോട്ട് പോകാനും പ്രകാശമാന്മായ പച്ചതുരുത്ത് കണ്ടെത്താനുമുള്ള മനോധൈര്യമുള്ള മഹതി.ഒന്നും ഒന്നിന്റെയും അവസാനമല്ല എന്ന പോസിറ്റീവ് വൈബുള്ള വ്യതിയായിരുന്നു അവര്‍.തകര്‍ന്നു പോകുമെന്ന് കരുതുന്ന ഘട്ടങ്ങളില്‍ പോലും ആത്മധൈര്യത്തോടെ നേരിടാന്‍ ഈമാനികമായ കരുത്തുള്ള വിശ്വാസിനി.
കൂട്ടു കൂടുന്നവരെയൊക്കെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്താന്‍ കെല്‍പുള്ള സ്വഭാവമഹിമയുള്ളവള്‍.ചെറിയവരോടും വലിയവരോടും ജാതിമതഭേദമന്യേ ഹൃദയബന്ധം കാത്തു സൂക്ഷിച്ചവള്‍.വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും സദ്‌ഫലങ്ങള്‍ മാത്രം നല്‍കുന്ന ഉത്തമ വൃക്ഷമായിരുന്നു അവര്‍.ഓര്‍മകളില്‍ നിന്നും പെട്ടെന്നു ഞെട്ടി ഉണര്‍ന്നപോലെ.എന്നാണ് അവരെ ആദ്യമായി കണ്ടത്.
വിവാഹ ജീവിതത്തിന്റെ ആദ്യകാലത്ത്,പെരുന്നാളിന് തറവാട് വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോള്‍ അവരുടെ ശബ്‌ദം 'പെരുന്നാളായിട്ട് വീട്ടില്‍ പോകുന്നില്ലേ..?ശബ്‌ദം കേട്ടു എന്നാല്‍ ആളെകണ്ടില്ല.ഉപ്പ ഉമ്മയോടായി പറഞ്ഞു.കേലാണ്ടത്ത് അബ്‌ദു റഹ്‌മാന്റെ ഭാര്യ ഹഫ്‌സയാണ്.ലഖുലേഖകളിലൂടെ സുപരിചിതനായ കേലാണ്ടത്ത് അബ്‌ദു റഹ്‌മാന്‍ എന്ന് മനസ്സ് പറഞ്ഞു.സ്‌നേഹാദ്രമായ അന്വേഷണത്തിന്റെ ശബ്‌ദം കാതില്‍ തങ്ങി നിന്നു.
പിന്നെയും കുറെ കഴിഞ്ഞിട്ടാണ് നേരില്‍ അവരെ കണ്ടത്.നല്ല മഴക്കാറുള്ള ഒരു ദിവസം കുത്തിയൊഴുകുന്ന പുഴയിലൂടെ ഭയടോടെ ചങ്ങാടത്തില്‍ മകനുമായി പോകുമ്പോള്‍,പതുക്കെ സലാം ചൊല്ലി അടുത്ത് വന്നു നിന്നു സ്വയം പരിജയപ്പെടുത്തി അവര്‍ ചേര്‍ന്നു നിന്നു.മഴപെയ്യില്ലെന്ന ആശ്വാസവാക്കും.മാന്യമായ വേഷവിതാനവും സൗമ്യമായ പെരുമാറ്റവും വിനയവും എല്ലാം നല്ലമതിപ്പ് തോന്നി.
മറ്റൊരിക്കല്‍ ഹഫ്‌സത്തയും പ്രിയതമനും വീട്ടില്‍ വന്നു.ഉപ്പാക്കും ഉമ്മാക്കും അവരെ പെരുത്ത് ഇഷ്‌ടമായിരുന്നു.തിരിച്ചും അങ്ങിനെ തന്നെ,നന്മയുടേയും നേരിന്റെയും സന്തത സഹചാരികള്‍.ഹഫ്‌സത്താടെ വലിയ പ്രത്യേകത ആരുമായും ഇടപഴകുമ്പോള്‍ ഓരോരുത്തരും മനസ്സിലാക്കുന്നത് അവരോട് പ്രത്യേക സ്‌നേഹമാണെന്നായിരിക്കും.സത്യത്തില്‍ എല്ലാവരും അവരുടെ പ്രിയപ്പെട്ടവരായിരുന്നു എന്നതത്രെ.
ദീനി പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ പ്രസരിപ്പിച്ച പ്രകാശിപ്പിച്ച വഴിയും വെട്ടവും മാതൃകാപരമായിരുന്നു.ബാല്യകാല മദ്രസ്സാ പഠനങ്ങളിലൊന്നും കിട്ടാതെ പോയ ഒട്ടേറെ അറിവുകളുടെ നുറുങ്ങുകള്‍ അവരില്‍ നിന്നാണ് പകര്‍ന്നു കിട്ടിയത്.വിശുദ്ധ ഗ്രന്ഥത്തിന്റെ അംനോഹരമായ പാരായണവും ആഴത്തിലുള്ള സാരാംശങ്ങളും ദൈനം ദിന പ്രാര്‍ഥനകളും എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ ഓര്‍മയില്‍ തെളിഞ്ഞു വരുന്നു.അവര്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ യഥാ സമയം അനുവര്‍ത്തിക്കുമ്പോള്‍ അവരുടെ മുഖം കണ്ണാടിയിലെന്നപോലെ തെളിഞ്ഞു വരും.ത്വിലാവത്തിന്റെ സുജൂദില്‍ വീഴുമ്പോള്‍ ഈ മഹതിയെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ പ്രാര്‍ഥനകള്‍ക്കായി കൈകളുയര്‍ത്തുമ്പോള്‍ എങ്ങിനെ ഓര്‍ക്കാതിരിക്കും ഈ മഹതിയെ.
എല്ലാം ഓര്‍ത്ത് കണ്ണടച്ച് പച്ച തുരുത്ത് തിരയുമ്പോള്‍ സ്വപ്‌നത്തില്‍ നിന്നെന്നപോലെ പിടഞ്ഞെഴുന്നേല്‍ക്കുന്നു.മുറ്റത്ത് പറന്നിറങ്ങുന്ന പൈങ്കിളികളുടെ ചിറകടി ശബ്‌ദം.അകലെ ആരാമങ്ങളില്‍ നിന്നും വിവരണാതിതമായ സുഗന്ധിപ്പൂവിന്റെ തൂമണം.പഞ്ചവര്‍ണ്ണക്കിളികളുടെ കിലുകിലെ ശബ്‌ദം.കസ്‌തുരിഗന്ധം പരത്തുന്ന ഇളം തെന്നല്‍.ഇക്കിളികള്‍ക്കിടയില്‍ അന്തമായ മാനത്ത് ഹഫ്‌സത്ത.
ഷമീറ നാസര്‍





