നന്ദിയാരോടു ഞാൻ ചൊല്ലേണ്ടു..
--------------
പ്രിയപ്പെട്ടവരേ,
മര്‍ഹൂം ഹഫ്സ സാഹിബയെ കുറിച്ച് ഒരു ഗ്രാമം പറയുന്ന നൊമ്പരക്കുറിപ്പുകള്‍ 'ഒഴുകും ദാനം പോലൊരാള്‍' വെളിച്ചം കാണുകയാണ്.ഈ ഓര്മത്താളുകളുടെ പ്രകാശനച്ചടങ്ങിന് ഏറെ പ്രത്യേകതകളുണ്ട്.ഒരു മനുഷ്യ ജീവിതത്തിന്റെ സുകൃതങ്ങളും നന്മ നിറഞ്ഞ ഇടപെടലുകളും സാമൂഹിക പ്രതിബദ്ധതയും ഓർത്തെടുക്കാനും അവയെ വരും തലമുറകൾക്കായി അക്ഷരങ്ങളിലൂടെ ജീവിപ്പിക്കുക എന്ന സവിശേഷമായ കര്മത്തിനുമാണ് നാം സാക്ഷികളാകുന്നത്.
ജീവിതം കൊണ്ട് പാഠങ്ങള്‍ പകര്‍ന്ന് വിടപറഞ്ഞ ഹഫ്സ സാഹിബയുടെ ഓർമകൾക്ക് അക്ഷരരൂപം നൽകാനുള്ള എളിയ ശ്രമമാണ് ഈ പുസ്തകത്തിലൂടെ പൂവണിയുന്നത്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ എഴുത്തുകാരാണ്. ഇവരിൽ നല്ലൊരു ശതമാനം പേരും എഴുത്തിന്റെ ലോകത്ത് പരിചയസമ്പന്നരല്ല. സാഹിത്യകാരന്മാരോ എഴുത്തുകാരോ അല്ല. പക്ഷേ, അവർക്ക് പറയാൻ ഒരുപാട് അനുഭവങ്ങളുണ്ട്. അവർ കണ്ടറിഞ്ഞ ഒരു ജീവിതമുണ്ട്. നേരിട്ടനുഭവിച്ച സ്നേഹവും കരുതലുമുണ്ട്. ആ ജീവിതത്തിന്റെ സാമൂഹിക ഇടപെടലുകൾക്ക് സാക്ഷികളായ ഓർമകളുണ്ട്.
അവർ എഴുതിയത് സാഹിത്യഭംഗി പ്രകടിപ്പിക്കാനല്ല; മനസ്സിലുള്ളത് തുറന്നുപറയാനാണ്. ഭാഷയുടെ ചമൽക്കാരങ്ങളേക്കാൾ ഹൃദയത്തിന്റെ സത്യസന്ധതയ്ക്കാണ് അവരുടെ രചനകളിൽ പ്രാധാന്യം.
ഓര്‍മക്കുറിപ്പുകള്‍ സമാഹരിച്ച വ്യക്തി എന്ന നിലയിൽ ഇതിനെ പ്രസിദ്ധീകരണത്തിന് ഒരുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെയായിരുന്നു.
ഓരോരുത്തരും അവരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണ്. ചിലതിൽ ആവർത്തനങ്ങളുണ്ടായിരുന്നു. ചിലതിൽ ആശയങ്ങളുടെ ക്രമീകരണക്കുറവുണ്ടായിരുന്നു. ഭാഷാപരമായ പരിമിതികളുമുണ്ടായിരുന്നു. അവയെല്ലാം പരിഗണിച്ച് പുസ്തകത്തിന്റെ മൊത്തത്തിലുള്ള ഏകീകൃത സ്വഭാവം നിലനിർത്തുക എന്നത് വലിയൊരു സാഹസിക ദൗത്യമായിരുന്നു.
എന്നാൽ, എഡിറ്റിങ്ങിന്റെ പേരിൽ ഒരാളുടെയും ഹൃദയത്തിൽനിന്നുവന്ന വാക്കുകളുടെ ആത്മാവിനെ മുറിവേൽപ്പിക്കരുതെന്ന നിർബന്ധമുണ്ടായിരുന്നു. അവരുടെ ഭാഷയെ തിരുത്തുന്നതിനേക്കാൾ അവരുടെ അനുഭവങ്ങളുടെ ആത്മാർത്ഥത സംരക്ഷിക്കാനാണ് കൂടുതലും ശ്രമിച്ചത്.
കാരണം, ഇത് സാഹിത്യകാരന്മാർ എഴുതിയ ഒരു അനുസ്മരണ ഗ്രന്ഥമല്ല. ഒരു സാധാരണ മനുഷ്യജീവിതം അസാധാരണമായ രീതിയിൽ തങ്ങളുടെ ജീവിതത്തെ സ്പർശിച്ചുവെന്ന് അനുഭവിച്ചറിഞ്ഞ മനുഷ്യർ ഹൃദയംകൊണ്ട് എഴുതിയ ഓർമപ്പുസ്തകമാണ്.
ഈ പുസ്തകത്തിലെ ഓരോ കുറിപ്പും ഓരോരുത്തരുടെ ജീവിതത്തിൽ അവർ അവശേഷിപ്പിച്ച സ്നേഹത്തിന്റെയും സ്വാധീനത്തിന്റെയും സാക്ഷ്യപത്രങ്ങളാണ്.
ഒരു മനുഷ്യൻ മരിക്കുമ്പോൾ അയാളുടെ ജീവിതം അവസാനിച്ചേക്കാം. പക്ഷേ, അയാൾ മറ്റുള്ളവരിൽ അവശേഷിപ്പിച്ച നന്മകൾക്ക് മരണമില്ല. ആ നന്മകളുടെ ഓർമകൾ നിലനിൽക്കുന്നിടത്തോളം കാലം ആ വ്യക്തിയും ജീവിച്ചുകൊണ്ടേയിരിക്കും.ഈ പുസ്തകം അത്തരമൊരു നിലനിൽപ്പിന്റെ അടയാളമായി മാറട്ടെ.
ഈ സംരംഭം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ അനുവദിച്ചനുഗ്രഹിച്ച സര്‍വ ശക്തനായ നാഥന് നന്ദി.ഒഴുകും ദാനം പോലൊരാള്‍ എന്ന ഈ ഓര്മത്താളുകളുടെ പ്രസാധനം ഏറ്റെടുത്ത കൂര ബുക്സിനും അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും അതിലുപരി ഈ ഓർമകൾ പങ്കുവെച്ച എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
നമ്മുടെ ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല.ഈ ഓർമകളെല്ലാം ചേർത്തുവെച്ച് ഒരു നല്ല മനുഷ്യജീവിതത്തിന്റെ സാമൂഹിക സാക്ഷ്യം വരുംതലമുറയ്ക്ക് കൈമാറാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യത്തോടെയാണ് ഈ പുസ്തകത്തെ മലയാള ഭാഷക്ക് - പൊതു സമൂഹത്തിന് സമർപ്പിക്കുന്നത്.
നന്ദി.
അബ്ദുല്‍ അസീസ് മഞ്ഞിയില്‍
==========





